X
    Categories: Video Stories

ലൈക്മാന്‍

ഇരുമ്പ് ധാരാളം അടങ്ങിയ വാഴപ്പഴക്കുലയെ താങ്ങിനിര്‍ത്തുന്നത് ഞൊടിച്ചാല്‍ ഒടിയുന്ന വാഴപ്പിണ്ടി. കുലയും പിണ്ടിയുമൊന്നുമല്ല, ഒരു ഇരട്ടക്കൊലയും കുറെ വാഴപ്പിണ്ടിയുമത്രെ ഇപ്പോള്‍ കേരളത്തിലെ വാര്‍ത്തയിലെ വസ്തുക്കള്‍. കാസര്‍കോട്ട് പെരിയയില്‍ ഫെബ്രുവരി 17 ന് രാത്രി സി.പി.എമ്മുകാര്‍ രണ്ട് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അരിഞ്ഞുകൊന്നത് വെറും വാഴവെട്ടുന്ന ലാഘവത്തോടെയായിരുന്നു. ഇതിനെതിരെ കമാന്നൊരക്ഷരം ഉരിയാടാത്ത കേരളത്തിലെ സോകാള്‍ഡ് സാംസ്‌കാരിക നായകപരിഷകളെ ഉജ്ജീവിപ്പിക്കാനാണ് യൂത്ത് കോണ്‍ഗ്രസിന്റെ തൃശൂരിലെ ഉശിരന്മാര്‍ കേരള ലളിതകലാ അക്കാദമി ആസ്ഥാനത്തേക്ക് വാഴപ്പിണ്ടി മാര്‍ച്ച് നടത്തിയത്. ഇത് പക്ഷേ സഖാവ് മുഖ്യമന്ത്രിക്ക് പിടിക്കുമോ? മൂപ്പര്‍ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റങ്ങിടീച്ചു. സാമൂഹികവിരുദ്ധ സ്വഭാവമുള്ള സംഘടനയാണ് എന്നുപോലും യൂത്ത് കോണ്‍ഗ്രസിനെ മുഖ്യന്‍ ആക്ഷേപിച്ചുകളഞ്ഞു.
ന്യായീകരണ സഖാക്കള്‍ ഇതിന് തുരുതുരാ ലൈക്കടിച്ചുകൊണ്ടിരിക്കെ അതാ വരുന്നു അതിനു താഴെ വി.ടി ബലറാം എം.എല്‍.എയുടെ കമന്റ്. കഥാകൃത്ത് സക്കറിയയെ കായികമായി നേരിട്ട സി.പി.എമ്മിന്റെ സ്വന്തം മുഖ്യമന്ത്രിക്ക് യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ചതിലുള്ള സങ്കടത്തിന്റെ കാപട്യം തുറന്നുകാട്ടുന്നതാണ് കമന്റ്. എടോ, ഫെയ്‌സ്ബുക്കിന്റെ ചരിത്രത്തിലിന്നുവരെ ഉണ്ടാകാത്തവിധം അതാ വരുന്നു ഇഷ്ടന്റെ പോസ്റ്റിന് മുഖ്യമന്ത്രിയുടെ ഒറിജിനല്‍ പോസ്റ്റിനേക്കാളും ഇരട്ടിയിലധികം ലൈക്കും കമന്റും. 21 ന് ഉച്ചക്ക് 1.34ന് ഇട്ട മുഖ്യന്റെ പോസ്റ്റിന് ഇന്നലെ കിട്ടിയത് 20,000 ലൈക്കും അയ്യായിരത്തോളം കമന്റ്‌സും. അതുക്കുമേലേ ബല്‍റാമിന്റെ കമന്റിനുകീഴെ വന്നത് 39000 ലൈക്കും 82,000ത്തോളം കമന്റ്‌സും. ബലരാമന്‍ എന്ന് ശത്രുക്കള്‍ വിളിക്കുന്ന വി.ടി ബലറാമിന് ഇതില്‍ വല്യ പുതുമയൊന്നുമില്ല. കേരളത്തിലെ ഏതൊരു നേതാവിനെക്കാളും കൂടുതല്‍ ഫെയ്‌സ്ബുക്ക് ലൈക്കും കമന്റും കിട്ടുന്നത് വി.ടിക്ക് തന്നെ എന്ന് ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗ് സമ്മതിക്കും.
ഗോരക്ഷക് ബി.ജെ.പി നേതാവ് കെ .സുരേന്ദ്രന്റെ ബീഫും പൊറോട്ടയും ഭക്ഷിക്കുന്ന ചിത്രം വൈറലായപ്പോള്‍ സുരേന്ദ്രന്‍ പറഞ്ഞത് അതില്‍ ബീഫില്ല, ഉള്ളി മാത്രമാണെന്നായിരുന്നു. ശേഷം സുരേന്ദ്രന് ബല്‍റാമിട്ട പേര് ഉള്ളിസുര. അതുപിന്നെ സൂപ്പര്‍ഹിറ്റായി. 2108ന്റെ തുടക്കത്തില്‍ തൃത്താലയിലെ ഈ രണ്ടാംവട്ട നിയമസഭാ സാമാജികന് നേരെ കരിങ്കൊടിയും കല്ലേറും കിട്ടിയതിനു കാരണം സി.പി.എം. നേതാവ് എ.കെ.ജി.യെക്കുറിച്ച് ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പായിരുന്നു എ.കെ.ജി ഒളിവില്‍ താമസിക്കുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്‌തെന്നായിരുന്നു ബല്‍റാമിന്റെ പോസ്റ്റ്. ബല്‍റാമിന് പ്രവര്‍ത്തകരുടെ കയ്യടി യഥേഷ്ടം കിട്ടി. യുക്തിവാദി, ജാതിരഹിതന്‍. സ്‌കൂളില്‍ മകന്റെ പ്രവേശന ഫോറത്തില്‍ ജാതിക്കോളം പൂരിപ്പിക്കാതെ വിട്ടത് ഈ ആദര്‍ശത്തിന്റെ പേരിലാണ്.
മതന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടനയും പൊതുസമൂഹവും നല്‍കിയിരിക്കുന്ന പ്രത്യേകാവകാശങ്ങള്‍ ആരുടെയും ഔദാര്യമല്ലെന്നും ഏത് സമൂഹത്തിലും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷത്തേക്കാള്‍ അവകാശാനുകൂല്യങ്ങള്‍ അനുവദിക്കേണ്ടതും സംരക്ഷിക്കേണ്ടതും ജനാധിപത്യ സര്‍ക്കാരുകളുടെ ബാധ്യതയാണെന്നും ഉറച്ച അഭിപ്രായക്കാരനാണ് ബല്‍റാം 19 വയസ്സുവരെ സസ്യഭുക്കായ ബല്‍റാം സര്‍ക്കാരുകളുടെ ബീഫ് നിരോധനം അത് കഴിക്കാനാഗ്രഹിക്കുന്ന പൗരന്റെ മൗലികാവകാശത്തെ ഹനിക്കുന്നതാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് മാംസഭുക്കായിത്തീര്‍ന്നത്.
ഫെയ്‌സ്ബുക്ക്ജീവി എന്ന് ആക്ഷേപമുണ്ടെങ്കിലും നാടിന് വേണ്ടതൊക്കെ ചെയ്തിട്ടു തന്നെയാണ് മൊബൈലിലെ ഈ ഇരിപ്പ്. പാലക്കാട് നവോദയ സ്‌കൂളിലും ഗുരുവായൂര്‍ ശ്രീകൃഷ്ണയിലും കാലിക്കറ്റ് സര്‍വകലാശാലയിലും തൃശൂര്‍ ഗവ. ലോ കോളജിലും ത്രിവര്‍ണാശയത്തിലുമായിരുന്നു കളരികള്‍. എഞ്ചിനീയറിംഗ് ബിരുദവും അഭിഭാഷകപട്ടവും നേടി. ഭാര്യ അനുപമയും രണ്ട് മക്കളും.
കുടുംബാംഗങ്ങള്‍ ഡോക്ടര്‍മാരും സാമാന്യം വഹകളുള്ളവരുമാണെങ്കിലും രാഷ്ട്രീയത്തെ പുല്‍കാനായിരുന്നു പഴയ കെ.എസ്.യുക്കാരന്റെ നിയോഗം. തൃത്താല നിയോജക മണ്ഡലത്തിന്റെ കമ്യൂണിസ്റ്റ് പ്രതിപത്തി മാറ്റിമറിച്ചത് നാല്‍പതുകാരന്‍ ബല്‍റാമാണെന്ന് യു.ഡി.എഫുകാര്‍ പറയുന്ന സുപ്രീംകോടതിവിധി മറികടക്കാന്‍ രണ്ട് സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ കുട്ടികളുടെ ഭാവി തുലയ്ക്കരുതെന്നുകരുതി നിയമസഭ ഒറ്റക്കെട്ടായി നിയമം പാസാക്കുമ്പോള്‍ അതില്‍ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ച യുവതുര്‍ക്കി വി.ടിയുടെയും എം.ടിയുടെയും തറവാടുകള്‍ക്ക് വലിയ അകലത്തല്ല ഈ വി.ി.ടിയുടെ വാസം. മുല്ലപ്പൂമ്പൊടി ഏറ്റുകിടക്കും.എന്നല്ലേ. ഈ നട്ടെല്ലും കല്ലുകൊണ്ടുള്ളതന്നെ. ശ്ശി വളയില്ല.

ചന്ദ്രിക വെബ് ഡെസ്‌ക്‌: