ഏഴുസംവല്‍സരങ്ങളായി തുടരുന്ന മനുഷ്യകൂട്ടക്കുരുതിയുടെ അത്യുന്നതിയിലാണിന്ന് ഭൂമിയിലെ സിറിയ എന്ന നാട്. മൂന്നുലക്ഷത്തിലധികം മനുഷ്യര്‍, വിശേഷിച്ചും സ്ത്രീകളും കുട്ടികളും ഇഞ്ചിഞ്ചായി പ്രാണവായുപോലും ലഭിക്കാതെ രക്തപ്പാടുകളുമായി മരിച്ചുവീണുകൊണ്ടിരിക്കുന്ന ദൃശ്യങ്ങള്‍ ഏതുശിലാഹൃദയരുടെയും കരളലിയിപ്പിക്കുന്നതായിരിക്കുന്നു. ആഭ്യന്തരയുദ്ധത്തിനിടെ പലായനമധ്യേ മാതാപിതാക്കളുടെ കയ്യില്‍നിന്ന് വേര്‍പെട്ട് കടല്‍കരക്കടിഞ്ഞ അലന്‍കുര്‍ദിയുടെ മൃതശരീരത്തിന്റെയും റോക്കറ്റാക്രമണങ്ങളില്‍ തകര്‍ക്കപ്പെട്ട കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് രക്ഷപ്പെടുത്തപ്പെട്ട കുരുന്നുകളുടെയും മനംമരവിക്കുന്ന കാഴ്ചകള്‍ ഒരിക്കലും ലോകസമൂഹത്തിന് മറക്കാനാവുന്നില്ല.
ഇതിനിടെ ഞായറാഴ്ച സിറിയന്‍സൈന്യം ഗ്വാട്ടാപ്രവിശ്യയില്‍ സ്വന്തം പൗരന്മാര്‍ക്കെതിരെ നടത്തിയ അതിഭീകരമായ രാസായുധപ്രയോഗം ലോക മന:സാക്ഷിയെ ഞെട്ടിപ്പിക്കാന്‍ പോന്നതാണ്. നൂറോളം കുട്ടികള്‍ ശ്വാസംകിട്ടാതെ കാലയവനികക്കുള്ളില്‍ മറഞ്ഞപ്പോള്‍ അതിലുമെത്രയോ അധികംപേര്‍ ജീവന്‍ നിലനിര്‍ത്താന്‍ പെടാപ്പാടുപെടുകയാണ്. ലോകത്തിന്റെ കണ്ണീര്‍തുള്ളിയാണിന്ന് സിറിയ. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന്റെ തൊട്ടുപിറ്റേന്നാണ് സൈന്യം അതിക്രൂരമായ ആക്രമണം അഴിച്ചുവിട്ടത്.
ലോകവന്‍ശക്തികളായ അമേരിക്കയും റഷ്യയും ഇരുഭാഗത്തായി നിലയുറപ്പിച്ചിരിക്കുന്ന സിറിയയില്‍ വിമതര്‍ക്കെതിരെ ബഷര്‍ അല്‍ അസദിന്റെ സൈന്യം നടത്തുന്ന തീക്കാറ്റുവിതറലിന് ചരിത്രത്തില്‍ സമാനതകളില്ല. ഇതിനകം ആയിരക്കണക്കിന് പേര്‍ പലായനം ചെയ്യുകയും നിരവധി പേര്‍ അതിന് തയ്യാറെടുക്കുകയും ചെയ്യുന്നു. റഷ്യയുടെ പിന്തുണ അസദിനാണെങ്കില്‍ വിമതരുടെ കാവലാളുകള്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളുമാണ്. നിരായുധരും നിരപരാധികളുമായ ജനങ്ങള്‍ക്കെതിരെ കണ്ണടച്ചുള്ള ആക്രമണത്തിന് അസദ് സൈന്യത്തിനുള്ള ന്യായീകരണം വിമതരുടെ ശക്തികേന്ദ്രങ്ങളാണ് അവയെന്നതാണ്.
തകര്‍ക്കപ്പെട്ട കൂറ്റന്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കിടയില്‍ അന്ത്യശ്വാസം വലിച്ചവരും ഒരിറ്റ് വായുവിന് വേണ്ടി കേഴുന്നവരും ജീവനുള്ള ഒരു മനുഷ്യനും കണ്ടുനില്‍ക്കാവുന്നതല്ല, പ്രകൃതിദുരന്തങ്ങളെപോലും കവച്ചുവെക്കുന്ന തരത്തിലുള്ള കൂട്ടഹത്യക്ക് മനുഷ്യകരങ്ങള്‍തന്നെ കാരണമായിരിക്കുന്നുവെന്നത് വലിയ ഞെട്ടലുളവാക്കുന്നു.യുദ്ധാരംഭം മുതല്‍ വിമതരുടെ കൈവശമിരിക്കുന്ന ഗ്വാട്ടയെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ നടക്കുന്ന വ്യോമാക്രമണങ്ങള്‍. റോക്കറ്റുകള്‍ നിപതിക്കുന്ന കെട്ടിടങ്ങളില്‍ മനുഷ്യജീവനുകളുണ്ടെന്നത് അക്രമികള്‍ക്ക് പ്രശ്‌നമേയല്ല. അവിടെ ഒരു വിമതസൈനികനെങ്കിലും മരിച്ചുവീണോ എന്ന കണ്ണില്‍ചോരയില്ലാത്ത ചിന്ത മാത്രമാണ് സൈന്യത്തിനുള്ളത്.അധികാരത്തിന്റെ പേരില്‍ ഇത്രകൊടിയ ക്രൂരതകള്‍ കാട്ടാന്‍ മനുഷ്യര്‍ക്കെങ്ങനെ മനസ്സുവരുന്നൂ.
ചരിത്രത്തില്‍ നിരവധി മറക്കാനാവാത്ത സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള പ്രദേശമാണ് സൂരി എന്ന് അറബികള്‍ വിളിക്കുന്ന പഴയ അസ്സീറിയ. ജനാധിപത്യവും പൗരസ്വാതന്ത്ര്യവും എന്തെന്നറിയാതെ സ്വേച്ഛാധിപത്യഭരണക്രമങ്ങളില്‍ നൂറ്റാണ്ടുകളായി ശ്വാസം മുട്ടിക്കഴിയുകയാണിന്ന ് ജനത. വലിയതോതിലുള്ള അഴിമതിയും തൊഴിലില്ലായ്മയുമാണ് ആഭ്യന്തരപ്രക്ഷോഭത്തിന് വഴിവെച്ചത്. ബഷറിന്റെ പിതാവ് ഹാഫിസില്‍നിന്ന് 2000ത്തിലാണ് ബഷര്‍ അധികാരമേറ്റെടുത്തത്. ആദ്യപത്തുവര്‍ഷത്തിലധികം കാലം ഉണ്ടാകാത്ത പ്രതിഷേധാഗ്നി സിറിയയില്‍ തിളച്ചതിന് കാരണം പൊതുവെ അറേബ്യയില്‍ വീശിയടിച്ച സ്വാതന്ത്ര്യവാഞ്ചയായിരുന്നു. അതിമാരകമായതും ദൂരവ്യാപകമായതുമായ ബാരല്‍ബോംബുകളാണ് സൈന്യം വിമതര്‍ക്കെതിരെ എന്ന പേരില്‍ സാധുക്കളുടെ ജനവാസപ്രദേശങ്ങളില്‍ വര്‍ഷിക്കുന്നതെന്നാണ് വിവിധ മനുഷ്യാവകാശസംഘടനകളും ഐക്യരാഷ്ട്രസംഘടനയും പറയുന്നത്.കുരുന്നുകളുടെ രോദനം ചങ്കുപൊട്ടിക്കുന്ന അവസ്ഥയിലാണുള്ളത്.വേണ്ടിവന്നാല്‍ യുദ്ധത്തില്‍ പങ്കുചേരുമെന്ന് ബ്രിട്ടന്‍ കഴിഞ്ഞദിവസം വ്യക്തമാക്കുകയുണ്ടായി. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ഇഷ്ടഭാജനമായ റഷ്യയുടെ പ്രസിഡന്റ് പുട്ടിനുമായി ആലോചിച്ച് സിറിയയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെട്ടതെങ്കിലും സിറിയന്‍ വിഷയത്തില്‍ കീഴ്‌മേല്‍ മറിഞ്ഞിരിക്കുകയാണ് ട്രംപ്. ഏഴുമുസ്്‌ലിം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അമേരിക്കയിലേക്കുള്ള പ്രവേശനം നിഷേധിച്ച ട്രംപില്‍നിന്ന് മനുഷ്യത്വം പ്രതീക്ഷിച്ചവരാണ് സത്യത്തില്‍ അപമാനിതരായത്.
ഗുട്ടയിലേക്ക് വൈദ്യസഹായവും ഭക്ഷണവും എത്തിക്കുമെന്ന് റഷ്യയും ഫ്രാന്‍സും അറിയിച്ചിട്ടുണ്ട്. മേഖലയില്‍ ഇതിനകം 568 പേര്‍ കൊല്ലപ്പെട്ടതില്‍ കൂടുതലും കുട്ടികളാണ്. ശ്വാസകോശത്തില്‍ ക്ലോറിന്‍വാതകം ചെന്നാലത് ഹൈഡ്രോക്ലോറിക് ആസിഡായി മാറും. ഇത് ശ്വാസതടസ്സത്തിന് ഇടയാക്കും. ഇക്കാര്യത്തില്‍ 1997 മുതല്‍ നിരോധനമുണ്ടെങ്കിലും സൈന്യം അതൊന്നും പാലിക്കുന്നില്ല. മാത്രമല്ല ഞെട്ടിപ്പിക്കുന്ന ഒരു വിവരവും കൂടി ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു. വടക്കന്‍ കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ സിറിയന്‍ സൈന്യത്തിന് രാസായുധങ്ങള്‍ എത്തിച്ചുവെന്നാണത്. ഐക്യരാഷ്ട്രസഭാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് ആണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. അതിലും ഭീകരമായ ഒരു റിപ്പോര്‍ട്ട് മറ്റൊരു പാശ്ചാത്യമാധ്യമമായ ബി.ബി.സിയും പുറത്തുവിട്ടു.
സന്നദ്ധസംഘടനകളുടെ പേരില്‍ സിറിയയില്‍ സഹായമെത്തിക്കുന്നവരില്‍ പലരും അവിടുത്തെ വിധവകളെയും പെണ്‍കുട്ടികളെയും ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്നതാണ് ആ വാര്‍ത്ത. ഇത് ശരിയാണെന്ന് പോപ്പുലര്‍ ഫണ്ട് എന്ന സംഘടനയും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മുമ്പ് ഇന്ത്യന്‍ സൈന്യം ശ്രീലങ്കയിലെ തമിഴ് വംശജരെ രക്ഷിക്കാന്‍ ചെന്ന് ശേഷം അവിടുത്തെ തമിഴ് സ്ത്രീകളോട് കാട്ടിയ ക്രൂരതയെ അനുസ്മരിപ്പിക്കുന്നതാണ് ഈ നീചസംഭവം. മനുഷ്യത്വം മരവിക്കുന്ന വാര്‍ത്തകള്‍ അനുദിനം കേട്ടുകൊണ്ടിരിക്കുമ്പോഴും ലോകസമൂഹത്തിന്റെ ഭാഗത്തുനിന്ന് കാര്യമായ അനക്കമൊന്നുമില്ലാതിരിക്കുന്നത് അല്‍ഭുതമുളവാക്കുന്നു. റഷ്യ പത്തുദിവസത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യപിച്ചെങ്കിലും അതൊന്നും ഇവിടെ പ്രാവര്‍ത്തികമാകുന്നില്ലെന്നതാണ് അനുഭവം.
പശ്ചിമേഷ്യയിലെ മറ്റൊരു രാജ്യമായ യെമനില്‍നിന്ന് വരുന്ന വാര്‍ത്തകളും മനുഷ്യത്വഹീനമായവയാണ്. ഹൂത്തിവിമതരും സഊദി സൈന്യവും തമ്മിലുള്ള പോരാട്ടത്തില്‍ അവിടെയും സ്ത്രീകളും കുഞ്ഞുങ്ങളുമാണ് ഇരകള്‍. പട്ടിണിയും ആസ്പത്രികളില്‍ പോലും ബേംബിടുന്നതും എന്തിന്റെ പേരിലായാലും ന്യായീകരിക്കാനാകില്ലതന്നെ. ഇസ്്‌ലാമികമെന്ന് അഭിമാനിക്കുന്നവര്‍ തന്നെ നടത്തുന്ന ഈ കൂട്ടക്കൊലകളെ ഇവര്‍ക്കെങ്ങനെയാണ് ന്യായീകരിക്കാന്‍ കഴിയുക. ഒരു നിരപരാധിയെ കൊന്നാല്‍ ലോകസമൂഹത്തെ മുഴുവന്‍ കൊലപ്പെടുത്തുകയാണെന്ന് പഠിപ്പിച്ച ഇസ്്‌ലാമിന്റെ വക്താക്കള്‍ ചോരച്ചൊരിച്ചില്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കുകയാണ് ചെയ്യേണ്ടത്. അതിന് ഒരു വിധ ഈഗോയുടെയും തടസ്സമുണ്ടായിക്കൂടാ. സിറിയയിലെയും യെമനിലെയും അന്തമായി നീളുന്ന ശാന്തിക്ക് തടസ്സം വന്‍ശക്തി ഇടപെടലാണെന്ന് സ്ഥിരീകരിക്കപ്പെട്ട നിലക്ക് അവര്‍ കൂട്ടായി എത്രയുംവേഗം ഒരു മേശക്കുചുറ്റുമിരിക്കട്ടെ.