‘ശുഹൈബ് വധക്കേസില്‍ ആവശ്യപ്പെടുകയാണെങ്കില്‍ ഏതുതരം അന്വേഷണവും നടത്താന്‍ ഗവണ്‍മെന്റ് തയ്യാറാണ്. ജില്ലയില്‍ സമാധാനം നിലനിര്‍ത്തുന്നതിനായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സഹകരണം അഭ്യര്‍ഥിക്കുന്നു.’ ഫെബ്രുവരി 12ന് രാത്രി കണ്ണൂരിലെ എടയന്നൂരില്‍ അതിക്രൂരമായി കൊല ചെയ്യപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പി.എസ് ശുഹൈബിന്റെ വധം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ ്‌നേതാവ് കെ.സുധാകരന്‍ നടത്തിയ സത്യഗ്രഹത്തിനിടെ ജില്ലാ കലക്ടറേറ്റില്‍ മന്ത്രി എ.കെ ബാലന്റെ നേതൃത്വത്തില്‍ 21ന് ചേര്‍ന്ന സര്‍വകക്ഷി സമാധാന യോഗമാണ് ഇത്തരമൊരു പ്രസ്താവന പുറപ്പെടുവിച്ചത്. യു.ഡി.എഫ് ഈ യോഗം ബഹിഷ്‌കരിച്ചെങ്കിലും, പ്രതിപക്ഷം ആവശ്യപ്പെടുകയാണെങ്കില്‍ സി.ബി.ഐ അന്വേഷണത്തിന് തയ്യാറാണെന്ന് മന്ത്രി ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയതുമാണ്.
എന്നാല്‍ മന്ത്രിയുടെതന്നെ ഈ നിലപാടിനെ പൂര്‍ണമായും തള്ളിക്കളഞ്ഞുകൊണ്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രി നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ആവശ്യത്തെ നിസ്സാരവല്‍കരിച്ചത്. കേസന്വേഷണം ശരിയായി മുന്നോട്ടുപോകുന്നുണ്ടെന്നും സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു ഇന്നലെ രാവിലെയും മുഖ്യമന്ത്രിയുടെ നിലപാട്. ഇത് അദ്ദേഹത്തിന്റെ സര്‍ക്കാര്‍ പ്രതിനിധി ഹൈക്കോടതിയിലും ആവര്‍ത്തിച്ച് വ്യക്തമാക്കുകയുണ്ടായി.
കേസില്‍ പ്രത്യേകാന്വേഷണ സംഘം സി.പി.എമ്മുകാരും അനുഭാവികളുമായ പതിനൊന്നുപേരെ അറസ്റ്റുചെയ്ത് റിമാന്‍ഡില്‍ വിട്ടിരിക്കുന്നു. അതിനിടെയാണ് ഇന്നലെ പ്രതീക്ഷിച്ചപോലെ കേസന്വേഷണം സി.ബി.ഐയെ ഏല്‍പിച്ചുകൊണ്ട് ഹൈക്കോടതിയുടെ സിംഗിള്‍ബെഞ്ച് ഉത്തരവിറക്കിയിരിക്കുന്നത്. ഇതുസംബന്ധിച്ച ഹര്‍ജിയില്‍ തീര്‍പ്പുകല്‍പിക്കവെ ജഡ്ജി ജസ്റ്റിസ് കമാല്‍പാഷ ഉന്നയിച്ച ചോദ്യങ്ങള്‍ക്കെല്ലാം എതിരഭിപ്രായം പറഞ്ഞ സര്‍ക്കാര്‍ അഭിഭാഷകന് കിട്ടിയ അടി യഥാര്‍ത്ഥത്തില്‍ കേരളത്തിലെ ഇടതു സര്‍ക്കാരിന്റെയും വിശിഷ്യാ സി.പി.എമ്മിന്റെയും മുഖത്തേക്കുള്ള കനത്ത പ്രഹരമായിപ്പോയി.
കേസ് സി.ബി. ഐ അന്വേഷിക്കുമെന്ന് മന്ത്രി ബാലന്‍ പറഞ്ഞിട്ടില്ലെന്ന പച്ചക്കള്ളവും മുഖ്യമന്ത്രി ഇന്നലെ തട്ടിവിട്ടു. സി.ബി.ഐയെ കാട്ടി സി.പി. എമ്മിനെ വിരട്ടേണ്ടെന്ന പി.ജയരാജന്റെയും കോടിയേരിയുടെയും പ്രസ്താവന കോടതിക്കു നേരെയുള്ള വിരട്ടലായി കാണണം. ഒരുതവണ ഒന്നുപറയുകയും മറ്റൊരു തവണ അത് മാറ്റിപ്പറയുകയും ചെയ്യുന്നത് പിതൃശൂന്യതയാണെന്നാണ് പറയാറ്. എന്നാല്‍ ഒരു സര്‍ക്കാര്‍ തന്നെ അത്തരമൊരവസ്ഥയിലേക്ക്തരംതാഴുന്നതാണ് മേല്‍ സംബന്ധമായ രേഖകളും മുഖ്യമന്ത്രിയുടെ നിയമസഭാപ്രസംഗങ്ങളും വ്യക്തമാക്കിയിരിക്കുന്നത്. സി.പി.എമ്മിന്റെ പങ്ക് തിരിച്ചറിഞ്ഞുകൊണ്ടുള്ള വിധിയാണ് കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരത്തെ സി.ബി.ഐ യൂണിറ്റിനോടാണ് കേസന്വേഷണം ഏറ്റെടുക്കാന്‍ കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
ലാവ്്‌ലിന്‍ കോഴക്കേസില്‍ ‘പോടാ പുല്ലേ സി.ബി.ഐ’ എന്ന് പറഞ്ഞവരുടെ മുട്ടിടിയായിരുന്നു കഴിഞ്ഞ കുറച്ചുദിവസമായി ശുഹൈബ് വധവുമായി ബന്ധപ്പെട്ട് കേരളം കേട്ടുകൊണ്ടിരുന്നത്. അവര്‍ അന്വേഷണം നടത്തിയാല്‍ മടിയിലുള്ളത് അഴിഞ്ഞുവീഴുമെന്ന ആശങ്കതന്നെയാണ് സി.ബി.ഐയെ വേണ്ടെന്നുപറയാന്‍ സി.പി.എമ്മിനെയും സര്‍ക്കാരിനെയും പ്രേരിപ്പിച്ചതെന്നത് നിസ്സംശയം. എന്താണ് ഇതിന് കാരണം. സി.പി.എം തന്നെയാണ് മുപ്പത്തിനാല് വെട്ടുവെട്ടി ശുഹൈബിന്റെ ജീവനെടുത്തത് എന്നതിനാലാണിത്. കൊല്ലുക, അതിനെ അധികാരം ഉപയോഗിച്ച് തേച്ചുമായ്ച്ചു കളയുക എന്നത് സി.പി.എം കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ പതിവു രീതിയാണ്. അതിലൊന്നായിരിക്കും ശുഹൈബ് വധത്തിലും സംഭവിക്കുകയെന്ന് ഭയപ്പെട്ടിരിക്കവെയാണ് കേസ് സി.ബി.ഐക്കു വിട്ടുകൊണ്ടുള്ള കോടതിവിധി. ഇവിടെ വിജയിച്ചത് നീതിയാണ്; തോറ്റത് ചോരകുടിയന്‍ രാഷ്ട്രീയവും. പ്രതികള്‍ക്കെതിരെ ഭീകര വിരുദ്ധ നിയമമായ യു.എ.പി.എ ചുമത്താന്‍വരെ കോടതി കല്‍പിച്ചിരിക്കുന്നുവെന്നത് കൊലപാതകത്തിന്റെ തീക്ഷ്ണത തിരിച്ചറിഞ്ഞതുകൊണ്ടാവുമല്ലോ.
കോടതിയില്‍ ഹര്‍ജി വന്നതുമുതല്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് നിരവധി സംശയങ്ങള്‍ ജനിപ്പിച്ചിരുന്നു. ഇന്നലെയും പൂര്‍വാധികം ഭംഗിയായിതന്നെ അവരത് അവതരിപ്പിക്കാന്‍ നോക്കി. ശുഹൈബിന്റെ വെട്ടേറ്റു കിടക്കുന്ന ചിത്രം ഉയര്‍ത്തിക്കാട്ടി കഴിഞ്ഞയാഴ്ച കോടതി ചോദിച്ച ‘കണ്ടില്ലേ, ഒരു ചെറുപ്പക്കാരനെ ഇഞ്ചിഞ്ചായി വെട്ടിനുറുക്കിയിരിക്കുന്നത്’ എന്ന ചോദ്യംതന്നെ വിധിയുടെ ഗതി നിര്‍ണയിച്ചിരുന്നു. ഏറ്റവുമൊടുവില്‍ സിംഗിള്‍ ബെഞ്ചിന് സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കാന്‍ അധികാരമില്ലെന്ന തുക്കടാ ന്യായം വരെ എടുത്തുപ്രയോഗിക്കാന്‍ സി.പി.എമ്മിനുവേണ്ടി സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ തയ്യാറായി.
വിധികേട്ട ശുഹൈബിന്റെ കുടുംബം പറഞ്ഞതുപോലെ ദൈവമാണ് കോടതിയുടെ രൂപത്തില്‍ വന്നിരിക്കുന്നത്. ഒരു സര്‍ക്കാരും അതിന്റെ പൊലീസും വിചാരിച്ചാല്‍ ഏത് അന്വേഷണവും അട്ടിമറിക്കാമെന്നിരിക്കെയാണ് ഈ സുപ്രധാനമായ കോടതി വിധി. ഇനി അറിയേണ്ടത് എന്തെല്ലാം തെളിവുകളാണ് നശിപ്പിക്കപ്പെട്ടതെന്നാണ്. കോടതികളുടെ ദാക്ഷിണ്യം കൊണ്ടാണ് കഴിഞ്ഞ പന്ത്രണ്ടു വര്‍ഷത്തിനിടെ കണ്ണൂരില്‍ നടന്ന മൂന്ന് കൊലക്കേസുകളില്‍ സി.ബി.ഐ അന്വേഷണം നടന്നുവരുന്നത്. 2006ല്‍ കൊല്ലപ്പെട്ട ഫസല്‍, 2012ലെ അരിയില്‍ ഷുക്കൂര്‍, 2014ലെ കതിരൂര്‍ മനോജ്, കഴിഞ്ഞകൊല്ലത്തെ പയ്യോളി മനോജ് വധക്കേസുകളിലെല്ലാം സി.പി.എമ്മുകാരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇതില്‍തന്നെ അരിയില്‍ ഷുക്കൂര്‍, കതിരൂര്‍ മനോജ് വധക്കേസുകളില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനാണ് പ്രതികളിലൊരാള്‍. ഇദ്ദേഹം നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് രണ്ട് കൊലപാതകങ്ങളെന്നാണ ്‌സി.ബി.ഐ കണ്ടെത്തിയിട്ടുള്ളത്. ‘ഭീകര പ്രവര്‍ത്തനം’ എന്നാണ് കതിരൂര്‍ മനോജ് വധത്തെ സി.ബി.ഐ വിശേഷിപ്പിച്ചത്.
‘പൊലീസിനും സി.ബി.ഐക്കും അന്വേഷണത്തിന് അതിന്റേതായ രീതിയുണ്ട്. അതിനേക്കാള്‍ വിശ്വാസം പാര്‍ട്ടിയുടെ അന്വേഷണത്തിലാണെന്ന്’ പറഞ്ഞതും പി. ജയരാജനാണ്. വടകര ഒഞ്ചിയത്ത് മുന്‍ സി.പി.എം നേതാവ് ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട കേസിലും സി.പി.എമ്മുകാരായിരുന്നു കൊലപ്പുള്ളികള്‍. വാടകക്കൊലയാളികളെയും ഡമ്മി പ്രതികളെയും വിട്ട് നീതിയെ വെല്ലുവിളിക്കുന്ന സി.പി.എമ്മിന്റെ ചോരക്കൊതിക്ക് ശുഹൈബ് വധക്കേസ് അന്വേഷണത്തിലൂടെയെങ്കിലും അറുതിവരണം. ഷുക്കൂര്‍ വധക്കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്തപ്പോള്‍ നെഞ്ചുവേദന അഭിനയിച്ച് രക്ഷപ്പെട്ട ജയരാജനും ഫസല്‍ കേസില്‍ കോടതി നിബന്ധനകളോടെ ജാമ്യം നല്‍കിയ കാരായിമാര്‍ക്ക് ഭരണഘടനാപദവികള്‍ നീട്ടിക്കൊടുത്തവരും അവഹേളിച്ചുകൊണ്ടിരിക്കുന്നത് രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥിതിയെ തന്നെയാണ്. ഇവരാണ് ത്രിപുരയില്‍ ‘കൊല്ലാക്കൊല ചെയ്യുന്നേ’ എന്ന് നിലവിളിക്കുന്നത്. അധികാര ലബ്ധി ജനസേവനത്തിനപ്പുറം എതിരാശയക്കാരെ പച്ചയ്ക്ക് കൊല്ലുന്നതിനാകുമ്പോള്‍ ഇതിന്റെ ഇടനാഴികകളിലെവിടെയും വെച്ച് ഈ കശാപ്പുവീരന്മാരുടെ കഴുത്തില്‍ കുരുക്ക് വീഴുകതന്നെ ചെയ്യും. അന്നേ കണ്ണൂരിലെ കൊലക്കത്തികള്‍ വിശ്രമിക്കൂ. അതിനുള്ള കാത്തിരിപ്പിലാണ് ജനത.