X
    Categories: Video Stories

കാള പെറാതെ കയറെടുക്കുന്നവര്‍

ഈ വര്‍ഷത്തെ പുതുവസല്‍സരദിനങ്ങളില്‍ കാശ്മീരിലെ എട്ടുവയസ്സുകാരി ആസിഫയുടെ നേര്‍ക്ക് ഹിന്ദുത്വത്തിന്റെ വംശീയവെറിക്കാര്‍ നടത്തിയ അതിനിഷ്ഠൂരമായ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ അണപൊട്ടിയ രോഷം ഇന്ത്യന്‍സമൂഹത്തിന്റെ സാമൂഹികബോധത്തിന്റെ ഉത്തമദൃഷ്ടാന്തങ്ങളിലൊന്നായിരുന്നു. പലകാരണങ്ങള്‍ പറഞ്ഞ് രാജ്യത്തെ മുസ്‌ലിംസമുദായാംഗങ്ങള്‍ അടിക്കടി കൊലചെയ്യപ്പെടുമ്പോള്‍ ആ സമുദായാംഗമായ നാടോടി ബാലികയെ ലൈംഗികമായി പീഡിപ്പിച്ചുകൊന്നതിനെക്കുറിച്ച് കേട്ടവരെല്ലാം ഞെട്ടിത്തരിച്ചുപോയി. രാഷ്ട്രീയബോധം കൂടുതലുള്ള കേരളത്തിലും ഇതിനെതിരെ സാമാന്യേന വലിയ പ്രതികരണമായാണ് പ്രതിഫലിക്കപ്പെട്ടത്. ഹിന്ദു സമുദായത്തില്‍പെട്ട ഒരു മാധ്യപ്രവര്‍ത്തകന്‍ തന്റെ നവജാതകുഞ്ഞിന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേര് നല്‍കിയപ്പോള്‍ അത് കേരളത്തിന്റെയും പൊതുസമൂഹത്തിന്റെയും മാത്രമല്ല, ഇതരസമുദായത്തിന്റെകൂടി ഐക്യദാര്‍ഢ്യ പ്രകടനമായിരുന്നു. സമാനമായ അനുഭവമായിരുന്നു ഫെയ്‌സ്ബുക്കില്‍ ഒരു മലയാളി വീട്ടമ്മ കുറിച്ച ആസിഫക്കു വേണ്ടി വിഷുആഘോഷിക്കുന്നില്ലെന്ന വീഡിയോപോസ്റ്റ്. രാജ്യത്തിന്റെ ചരിത്രത്തില്‍ ഗാന്ധിജിയുടെ വധവും ബാബരി മസ്ജിദ് തകര്‍ച്ച പോലുള്ള സംഭവങ്ങളും നടന്നപ്പോള്‍ അണപൊട്ടിയ സമാനമായ മതേതരമായ പ്രതികരണങ്ങളും കൂട്ടായ്മകളും നിരവധികാണാന്‍ കഴിയും. എന്നാല്‍ കഴിഞ്ഞ 16ന് തിങ്കളാഴ്ച കേരളത്തില്‍ ചില കുബുദ്ധികള്‍ ആസിഫ വിഷയത്തില്‍ നടത്തിയ ഹര്‍ത്താലാഹ്വാനം സംസ്ഥാനത്തിന്റെ മഹിതമായ മതേതര പുരോഗമനബോധത്തെ കൊഞ്ഞനം കുത്തുന്നതായിപ്പോയെന്ന് പറയാതെ വയ്യ. ഈ ഹര്‍ത്താല്‍ സംബന്ധിച്ച് വൈകിയെങ്കിലും പുറത്തുവന്ന വാര്‍ത്തയാണ് കേരളം ഇനിയും പഠിച്ചിട്ടില്ലാത്ത ചില വിലയേറിയ പാഠങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തിത്തന്നത്.

കൊല്ലം സ്വദേശിയായ ഇരുപതുകാരനായ യുവാവാണ് ആസിഫക്കുവേണ്ടിയെന്ന പേരില്‍ ആദ്യമായി കേരളത്തിലെ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയതെന്നാണ് മലപ്പുറം പൊലീസ് പുറത്തുകൊണ്ടുവന്ന വിവരം. ഈ യുവാവടക്കം അഞ്ചുപേരെ സമൂഹമാധ്യമങ്ങളില്‍ അതിനിഗൂഢമായി ഹര്‍ത്താലിനും വര്‍ഗീയകലാപത്തിനും ആഹ്വാനം ചെയ്തതിന് റിമാന്‍ഡ് ചെയ്തിരിക്കുകയാണിപ്പോള്‍. ആര്‍.എസ്.എസ് പ്രവര്‍ത്തകനായ കൊല്ലം ഉഴുകുന്ന് സ്വദേശി അമര്‍നാഥാണ് ഹര്‍ത്താലിന്റെയും അക്രമങ്ങളുടെയും സൂത്രധാരന്‍. ഇയാള്‍ക്കുപുറമെ തിരുവനന്തപുരം സ്വദേശി അഖില്‍, വെണ്ണിയൂര്‍ സ്വദേശി സുധീഷ്, കുന്നപ്പുഴ സ്വദേശി സിറില്‍ എന്നീ യുവാക്കളെയാണ് മലപ്പുറം , പെരിന്തല്‍മണ്ണ ഡിവൈ.എസ്.പിമാരായ മോഹനചന്ദ്രന്‍, ജലീല്‍ തോട്ടത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സൈബര്‍സെല്ലിന്റെ സഹായത്തോടെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. രാജ്യത്തെ തലകുനിപ്പിച്ച അത്യപൂര്‍വമായ സംഭവത്തില്‍ ജനതയൊന്നാകെ വിറങ്ങലിച്ചുനിന്നപ്പോള്‍ മുസ്‌ലിംസമൂഹത്തെയും അവരുടെ വികാരങ്ങളെയും അവഹേളിക്കുകയും താറടിച്ചു കാണിക്കുകയും ചെയ്യാന്‍ ലക്ഷ്യമിട്ടായിരുന്നു അമര്‍നാഥിന്റെയും കൂട്ടരുടെയും ഗൂഢലക്ഷ്യം. ചെറുപ്പക്കാര്‍ക്ക് സംഘപരിവാര്‍ ഉയര്‍ത്തിപ്പിടിക്കുന്ന വര്‍ഗീയതയുടെയും തീവ്രവാദത്തിന്റെയും പശ്ചാത്തലത്തിനപ്പുറം ഒന്നുമില്ല. എല്ലാവരും ഇരുപത്തിമൂന്നു വയസ്സിന് താഴെയുള്ളവരും. ആസിഫയുടെ ക്രൂരമായ വധത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ഹര്‍ത്താല്‍ നടത്തുക എന്നതായിരുന്നു ഇവരുടെ ഫെയ്‌സ്ബുക്ക്, വാട്‌സ് ആപ്പ് പോസ്റ്റുകളുടെ ഉള്ളടക്കം. ജില്ലാതലങ്ങളില്‍ പ്രത്യേകം ഗ്രൂപ്പുകളും ഇതിനായി ഉണ്ടാക്കി. മലബാറിലെ ജില്ലകളില്‍ ഹര്‍ത്താലിന്റെ മറവില്‍ കലാപം നടത്താന്‍ ആഹ്വാനം ചെയ്തതായും ചന്ദ്രിക പോലുള്ള പത്രങ്ങള്‍ പിറ്റേന്നുതന്നെ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഈ ഗൂഢാലോചനക്കും അക്രമപരമ്പരകള്‍ക്കും ഇരയാകുക എന്ന ജോലിയാണ് ചില തീവ്രവാദസംഘടനകള്‍ കേരളത്തില്‍ ഒട്ടാകെ ഏറ്റെടുത്തു നടത്തിയത്. സമൂഹമാധ്യമത്തിലൂടെയുള്ള ജനസഞ്ചയരാഷ്ട്രീയത്തിന്റെ പേരിലാണ് ആസിഫക്കു വേണ്ടിയുള്ള ഹര്‍ത്താല്‍ എന്നായിരുന്നു ഇക്കൂട്ടരുടെ ധാരണയും പ്രചാരണവും. സ്വാഭാവികമായും ചോരത്തിളപ്പുള്ള ചെറുപ്പക്കാരില്‍ പലരും ഈ കെണിയില്‍ വീണുപോയി. പാലക്കാട് തുടങ്ങി മലപ്പുറത്തെ തീരപ്രദേശങ്ങളിലും കണ്ണൂരും വയനാടുമൊക്കെ കടകളടപ്പിച്ചും മറ്റും പതിവ് രീതിയിലുള്ള ഹര്‍ത്താല്‍ അക്രമങ്ങള്‍ നടന്നു. നിരവധി പേര്‍ ലോക്കപ്പിലും ജയിലിലുമായി. പതിവുപോലെ കിട്ടിയ തക്കത്തിന് മുസ്‌ലിംസമൂഹത്തെയാകെ പ്രതിക്കൂട്ടിലാക്കാനാണ് സംഘപരിവാരവും സി.പി.എമ്മും അവര്‍ ഭരിക്കുന്ന പൊലീസ്‌സേനയും പരിശ്രമിച്ചത്. ജനകീയ ഹര്‍ത്താലിനെ പൊലീസ് അടിച്ചൊതുക്കി എന്ന രീതിയിലായിരുന്നു മറ്റൊരു പ്രതികരണം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ തിരുവനന്തപുരത്തും കൊല്ലത്തും ഒരുപക്ഷേ അങ്ങ് ഡല്‍ഹിയിലുമായി ആസൂത്രണം ചെയ്യപ്പെട്ട ഹര്‍ത്താല്‍ ഗൂഢാലോചനയെക്കുറിച്ച് സ്വന്തം പൊലീസുദ്യോഗസ്ഥരുടെ അന്വേഷണത്തെയും നിഗമനത്തെയും ഗൗനിക്കാതെ സംഘപരിവാര്‍ ഗൂഢാലോചനക്ക് അരുനില്‍ക്കുകയാണ് അക്രമബാധിതര്‍ക്ക് സ്വന്തം കയ്യില്‍നിന്ന് സംഭാവന ചെയ്തതിലൂടെ മന്ത്രി കെ.ടി ജലീല്‍ ചെയ്തത്.

ഗള്‍ഫിലെ അരക്ഷിതാവസ്ഥക്ക് ഹേതുവായ മുല്ലപ്പൂ വിപ്ലവകാലത്തും ഇന്ത്യയില്‍ തന്നെ പല സന്ദര്‍ഭങ്ങളിലും സാമൂഹികമാധ്യങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ട വിഷയങ്ങളില്‍ സമൂഹത്തിന്റെയാകെ പ്രതികരണം പൊതുഇടങ്ങളില്‍ പലരീതികളില്‍ പ്രതിഫലിക്കപ്പെടുകയുണ്ടായിട്ടുണ്ട്. ഡല്‍ഹിയിലെ നിര്‍ഭയകേസിലും മഹാരാഷ്ട്രയിലും മറ്റും അടുത്തിടെ നടന്ന കര്‍ഷകപ്രക്ഷോഭത്തിലും കണ്ണൂരിലെ വയല്‍കിളി സമരത്തിലുമൊക്കെ സമാനമായ പൊതുബോധവല്‍കരണം നടന്നിട്ടുണ്ട്. നടക്കുന്നുമുണ്ട്. പക്ഷേ നല്ലൊരു ഉദ്ദേശ്യത്തോടെ ചെയ്യുന്നതും നന്മക്കുവേണ്ടി ഉപയോഗപ്പെടുത്താവുന്നതുമായ സമൂഹൃഡിജിറ്റല്‍ മാധ്യമത്തെ കേരളത്തിലെ വ്യാജഹര്‍ത്താല്‍ പോലെ ഗൂഢാലോചനക്കും സമൂഹത്തില്‍ കാലുഷ്യവും കലാപവും നടത്തുന്നതിനുമായി വിനിയോഗിച്ചതിനെ എന്തുവിലകൊടുത്തും എതിര്‍ക്കുക തന്നെ വേണം. ഇതുസംബന്ധിച്ച് സമൂഹമാകെ ജാഗരൂകരാകേണ്ട സമയമായെന്നാണ് വ്യാജഹര്‍ത്താല്‍ സംഭവവും സംഘപരിവാര്‍ ഗൂഢാലോനയും മുന്നോട്ടുവെക്കുന്ന മുന്നറിയിപ്പ്. സമൂഹത്തില്‍ ഛിദ്രതയും അരക്ഷിതാവസ്ഥയും ഉണ്ടാക്കി രാഷ്ട്രീയമായി മുതലെടുപ്പ് നടത്താന്‍ ഹിന്ദുത്വത്തിന്റെയും ഇസ്‌ലാമിന്റെയും പേരില്‍ നടന്ന ഗൂഢാസൂത്രണങ്ങള്‍ നാം കണ്ടിട്ടുണ്ട്. ലോക്‌സഭാതിരഞ്ഞെടുപ്പ് അടുത്തുവരവെ ഇതിനായി ആരാണ് അധികമായി ജാഗ്രത കാട്ടുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ല. കുളം കലക്കി മീന്‍പിടിക്കുകയാണല്ലോ സംഘപരിവാറിന്റെയും തീവ്രവാദത്തിന്റെയും പ്രയോക്താക്കളുടെ ജോലി. അതിന് നിന്നുകൊടുക്കു സമൂഹത്തിലെ ബുദ്ധിജീവിനാട്യക്കാരുടെ കാര്യമാണ് അതിലുമേറെ നമ്മെ ജാള്യപ്പെടുത്തുന്നത്. കാളപെറ്റാല്‍ കയറെടുക്കുന്ന നേതൃത്വമല്ല സമൂഹത്തിനും സമുദായത്തിനും വേണ്ടതെന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ് ഹര്‍ത്താല്‍ ഗൂഢാലോചന യഥാസമയം തന്നെ തിരിച്ചറിഞ്ഞ് അതിനെതിരെ ശക്തമായി പ്രതികരിക്കുകയും പ്രചാരണം നടത്തുകയും ചെയ്ത മുസ്‌ലിംലീഗും യൂത്ത്‌ലീഗും കോണ്‍ഗ്രസും അടക്കമുള്ള ഉത്തരവാദബോധമുള്ള സംഘടനകള്‍. എന്നാല്‍ കിട്ടിയ അവസരം മുതലെടുക്കാനായിരുന്നു കേരളത്തിലെ മറ്റൊരു കടലാസ് സംഘടനയുടെ ശ്രമം.

സംഘപരിവാരത്തിന്റെ ഗൂഢാലോചന പുറത്തുകൊണ്ടുവന്ന പൊലീസുദ്യോഗസ്ഥര്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. അതോടൊപ്പം അറിയാതെ ഇരയാക്കപ്പെട്ട യുവാക്കളുടെയും മറ്റും കാര്യത്തില്‍ അനാവശ്യമായ നിയമക്കുരുക്കുകളില്‍ നിന്ന് രക്ഷപ്പെടുത്തുകയാണ് പൊലീസും ആഭ്യന്തരവകുപ്പും ചെയ്യേണ്ടത്. പട്ടികജാതി വിഭാഗങ്ങള്‍ക്കെതിരായ പീഡന നിരോധനനിയമത്തിന്റെ വകുപ്പുകള്‍ ഇളവ് ചെയ്ത സുപ്രീകോടതിവിധിക്കെതിരെ ദലിത് സംഘടനകള്‍ ആഹ്വാനംചെയ്ത ഹര്‍ത്താല്‍ വിജയിപ്പിച്ച സമൂഹമാണ് കേരളത്തിലേത്. കലവറകളില്ലാത്ത മതേതരത്വമാണ് അതിന്റെ കൈമുതല്‍. ആസിഫ എസ്. രാജും വിഷുആഘോഷം വേണ്ടെന്നുവെച്ച വീട്ടമ്മയുമൊക്കെയാണ് അതിന്റെ അണയാത്ത കരുത്ത്. ഈ പൊതുബോധത്തില്‍ വിഷം കലക്കാന്‍ പരിശ്രമിക്കുന്നവരെ ഇലക്കുകൂട്ടിപ്പിടിച്ച് ചവറ്റുകൊട്ടയിലെറിയണം. അതിനുള്ള ജാഗ്രത ഒരുതുള്ളി പോലും ചോരാതെ പാലിക്കേണ്ട ബാധ്യത സമൂഹത്തിനാകെ ഉണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: