X
    Categories: Video Stories

വയനാട് ഒരു സന്ദേശമാണ്

ഒരാഴ്ച്ച നീണ്ട അനിശ്ചിതത്വത്തിന് വിരമാമിട്ട് എ.ഐ.സി.സി വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതോടെ കേരളം മാത്രമല്ല ദക്ഷിണേന്ത്യ ഒന്നാകെ ആഘോഷത്തിമര്‍പ്പിലേക്ക് നീങ്ങിയിരിക്കുകയാണ്. പടക്കം പൊട്ടിച്ചും മധുര വിതരണം നടത്തിയുമെല്ലാമാണ് കേരളം ഈ തീരുമാനത്തെ വരവേറ്റത്. ദിവസങ്ങളോളം നീണ്ടു നിന്ന കൂടിയാലോചനകള്‍ക്ക് ശേഷം ഇന്നലെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണിയാണ് മുതിര്‍ന്ന നേതാക്കളുടെയെല്ലാം സാനിധ്യത്തില്‍ രാജ്യം കാതോര്‍ത്തിരുന്ന ഈ പ്രഖ്യാപനം നടത്തിയത്. മതേതര ഭാരതത്തിന്റെ രാജകുമാരന്‍ വരുന്നതോടെ അതിന്റെ പ്രതിഫലനം കേരളത്തില്‍ മാത്രമല്ല ദക്ഷിണേന്ത്യയൊട്ടാകെ ആഞ്ഞടിക്കുമെന്ന കാര്യം അവിതര്‍ക്കിതമാണ്. ഈ തീരുമാനത്തോടെ കേരളത്തില്‍ 20ല്‍ 20 സീറ്റും യു.ഡി.എഫിനൊപ്പം നില്‍ക്കുമെന്ന നേതാക്കളുടെ അവകാശ വാദം നിലവിലെ സാഹചര്യത്തില്‍ ഒട്ടും അതിശയോക്തിപരമല്ല. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്നതോടെ തന്നെ സംസ്ഥാനത്തെമ്പാടും പ്രകടമാകുന്ന ആവേശം ഇതിന്റെ വ്യക്തമായ ദര്‍ശനമാണ്.
വയനാടിനെ തെരഞ്ഞെടുത്ത രാഹുലിന്റെ തീരുമാനം രാജ്യത്തിന് നിരവധി സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. അഞ്ച് വര്‍ഷം കൊണ്ട് മോദി സര്‍ക്കാര്‍ സൃഷ്ടിച്ച ഉത്തരേന്ത്യന്‍ ദക്ഷിണേന്ത്യന്‍ വേര്‍തിരിവിന്റെ മതില്‍ തകര്‍ത്തുകളയുക എന്നതാണ് അതില്‍ പ്രധാനം. ബി.ജെ.പിക്ക് കാലുറപ്പിക്കാന്‍ അവസരം നല്‍കാത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോട് രാഷ്ട്രീയമായും വികസനപരമായും കടുത്ത വിവേചനമാണ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ കാലയളവില്‍ കാട്ടിയത്. കേരളത്തെയാകമാനം മുക്കിക്കളഞ്ഞ പ്രളയകാലത്ത് സംസ്ഥാനത്തോട് കാണിച്ച സമീപനം മാത്രം മതി കേന്ദ്രസര്‍ക്കാറിന്റെ വേര്‍തിരിവിന്റെ ആഴം മനസ്സിലാക്കാന്‍. റെയില്‍വേ, റോഡ് തുടങ്ങിയ പശ്ചാത്തല രംഗത്തും ഉന്നത വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സേവന മേഖലകളിലും അല്‍ഭുതപ്പെടുത്തുന്ന അനീതിയാണ് മോദിക്കാലത്ത് ദൃശ്യമായത്. സര്‍ക്കാറിന്റെ ഈ വിഭജനത്തിനെതിരായ ഒരേ ഒരു ഇന്ത്യയെന്ന സന്ദേശമാണ് ഒന്നാമതായി വയനാട്ടിലൂടെ രാഹുല്‍ നല്‍കുന്നത്.
രാജ്യത്തെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന നൂറു ജില്ലകളിലൊന്നാണ് രാഹുല്‍ തെരഞ്ഞെടുത്ത വയനാട്. ആദിവാസി, ദളിത്, പിന്നാക്ക വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശം മതേതര ഭാരതത്തിന്റെ പരിഛേദമാണ്. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി വിടുവേല ചെയ്യുന്നതിനിടയില്‍ ഇത്തരം വിഭാഗങ്ങളെ ദുരിതത്തില്‍ നിന്ന് ദുതിത്തിലേക്ക് തള്ളിവിടുകയായിരുന്നു മോദി സര്‍ക്കാറെങ്കില്‍ അവശ ജനവിഭാഗങ്ങള്‍ക്കൊപ്പം താനുണ്ടെന്ന് രാഹുല്‍ ഉറക്കെ പ്രഖ്യാപിക്കുകയാണ്. കാര്‍ഷിക മേഖലയെന്നതാണ് വയനാടിന്റെ മറ്റൊരു സവിശേഷത. മണ്ഡലത്തിലെ മഹാഭൂരിപക്ഷത്തിന്റെയും ഉപജീവന മാര്‍ഗം കാര്‍ഷിക വൃത്തിയാണ്. മോദി സര്‍ക്കാറിന്റെയും പിണറായി സര്‍ക്കാറിന്റെയും നയങ്ങള്‍ കാരണം കടക്കെണിയിലകപ്പെട്ട് ആത്മഹത്യയുടെ വക്കിലാണ് വയനാട്ടിലെ കര്‍ഷകര്‍. രാജ്യത്തെല്ലായിടത്തും കര്‍ഷകരുടെ അവസ്ഥ സമാനമാണ്. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും അധികാരത്തിലേറിയ ദിവസം തന്നെ മുഖ്യമന്ത്രിമാരെക്കൊണ്ട് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിപ്പിച്ച് കര്‍ഷകരോടുള്ള തന്റെ അനുഭാവം പ്രഖ്യാപിച്ച രാഹുല്‍ വയനാട് വഴി അവര്‍ക്ക് നല്‍കുന്നത് ഒരു സുവര്‍ണ കാലത്തിന്റെ സന്ദേശമാണ്.
തമിഴ്‌നാടും കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമെന്ന നിലയില്‍ വയനാട് ദക്ഷിണേന്ത്യയില്‍ രാഹുല്‍ തരംഗം പ്രവഹിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണ്. അത്‌കൊണ്ട് തന്നെയാണ് കേരളത്തോടൊപ്പം ഈ രണ്ടു സംസ്ഥാനങ്ങളിലേയും പി.സി.സികള്‍ ആവശ്യപ്പെട്ടിട്ടും രാഹുലിനായി വയനാടിനെ തന്നെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായത്.
ഈ പൊളിറ്റിക്കല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് വഴി ഒരേ സമയം ബി.ജെ.പിയേയും സി.പി.എമ്മിനെയും കോണ്‍ഗ്രസ് തീര്‍ത്തും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. രാഹുലിന്റെ വരവ് തങ്ങളുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കുമെന്നുറപ്പുള്ള സി.പി.എം പല വിധത്തിലുള്ള സമ്മര്‍ദങ്ങള്‍ വഴി അദ്ദേഹത്തെ തടയാന്‍ കിണഞ്ഞ് പരിശ്രമിക്കുകയായിരുന്നു. ആ ശ്രമം പരാജയപ്പെട്ടതോടെ അവര്‍ സര്‍വത്ര ആശയക്കുയപ്പത്തിലകപ്പെട്ടിരിക്കുകയാണ്. കേന്ദ്രത്തില്‍ ഒരു മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരാന്‍ തങ്ങള്‍ക്ക് വോട്ടുചെയ്യണമെന്നഭ്യര്‍ത്ഥിക്കുന്ന സി.പി.എം, ആ മതേതര കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്ന വ്യക്തി തന്നെ ഇവിടെ ജനവിധി തേടുമ്പോള്‍ അവരുടെ മുന്നില്‍ രൂപപ്പെടുന്നത് വലിയൊരു ശൂന്യതയാണ്. ഈ അരക്ഷിതാവസ്ഥ നേതാക്കളുടെ പ്രതികരണങ്ങളില്‍ തന്നെ പ്രകടമാണ്. രാഹുലിന്റെ വരവ് അമേഠിയിലെ തോല്‍വി ഭയന്നാണെന്നാണ് കൊടിയേരിയുടെ പ്രസ്താവനയെങ്കില്‍ അക്കാര്യം പിണറായി വിജയന്‍ അംഗീകരിക്കുന്നില്ല. യാഥാര്‍ത്ഥ്യ ബോധ്യം തൊട്ടുതീണ്ടിയിട്ടില്ലാത്ത പ്രസ്താവന വഴി സി.പി.എം സംസ്ഥാന സെക്രട്ടറി ആ പാര്‍ട്ടിയെ തന്നെയാണ് പൊതുസമൂഹത്തില്‍ അപഹാസ്യമാക്കിയിരിക്കുന്നത്. മാത്രവുമല്ല ബി.ജെ.പിയുടെ പ്രതികരണത്തോട് അടുത്തു നില്‍ക്കുകയും ചില അവിശുദ്ധ കൂട്ടുകെട്ടുകള്‍ അതില്‍ ഒളിഞ്ഞിരിക്കുകയും ചെയ്യുന്നുണ്ട്. ബി.ജെ.പി യെ ചൂണ്ടിക്കാട്ടി ന്യൂനപക്ഷങ്ങളെയും വര്‍ഗീയ ധ്രുവീകരണത്തിലൂടെ ഭൂരിപക്ഷങ്ങളേയും തങ്ങളുടെ കെണിയില്‍ ചാടിക്കാമെന്ന് കരുതിയിരുന്ന അവര്‍ പുതിയ സാഹചര്യത്തില്‍ അന്തം വിട്ടു നില്‍ക്കുകയാണ്. ഈ പ്രതിസന്ധിയെ മറികടക്കാനുള്ള ഒരു ആയുധവും സി.പി.എമ്മിന്റെ കൈയ്യില്‍ നിലവിലില്ല എന്നത് അവര്‍ക്ക്‌പോലും ഉത്തമ ബോധ്യമുള്ള കാര്യമാണ്.
ബി.ജെ.പിയാകട്ടെ ഏറ്റവും ബാലിശമായ വാദഗതികളുമായാണ് രാഹുലിന്റെ തേരോട്ടത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്. അമേഠിയില്‍ പരാജയം ഭയന്ന് രാഹുല്‍ വയനാട്ടിലേക്ക് ഒളിച്ചോട്ടം നടത്തുകയാണെന്ന് ആരോപിക്കുന്ന അമിത്ഷാ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മോദി ഗുജറാത്തില്‍ നിന്ന് വരാണസിയിലേക്ക് നടത്തിയത് ഒളിച്ചോട്ടമായിരുന്നോ എന്ന് വ്യക്തമാക്കേണ്ടതുണ്ട്. മാത്രവുമല്ല അമേഠി നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ രാഹുലിന് ഒരു വെല്ലുവളിയുമാകുന്നില്ലെന്ന വസ്തുത അദ്ദേഹം സൗകര്യ പൂര്‍വം മറക്കുകയുമാണ്. മതേതരഭാരതത്തിന്റെ പ്രതീക്ഷയായ രാഹുല്‍ വയാനാടിന്റെ കൂടി പ്രതിനിധിയാകുമ്പോള്‍ ഭാവി ഇന്ത്യയുടെ പ്രധാനമന്ത്രി തങ്ങള്‍ക്ക് പ്രാപ്യനാണെന്ന ആഹ്ലാദത്തിമര്‍പ്പിലാണ് വയനാട്ടിലേയും കേരളത്തിലേയും ദക്ഷിണേന്ത്യയിലേയും ജനങ്ങള്‍.

ചന്ദ്രിക വെബ് ഡെസ്‌ക്‌: