X
    Categories: Video Stories

റഫാല്‍ കള്ളന്‍ കപ്പലില്‍തന്നെ

ഇന്ത്യന്‍ വ്യോമസേനക്കുവേണ്ടി ഫ്രഞ്ച് സര്‍ക്കാരുമായി ചേര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഒപ്പുവെച്ച റഫാല്‍ യുദ്ധ വിമാനകരാറുമായി ബന്ധപ്പെട്ട് കുത്തക വ്യവസായി അനില്‍ അംബാനിയുമായി രാജ്യത്തിന്റെ പ്രധാനമന്ത്രിതന്നെ ഒത്തുകളിച്ചുവെന്നത് ഗുരുതര ആരോപണങ്ങളിലൊന്നാണ്. റഫാല്‍ കരാറില്‍ ഇടനിലക്കാരായി (ഓഫ്‌സെറ്റ്) അനിലിന്റെ റിലയന്‍സിനൊക്കൊണ്ട് പ്രത്യേക കമ്പനിയുണ്ടാക്കിക്കുകയും യു.പി.എ കാലത്തേതില്‍നിന്ന് 40 ശതമാനത്തിലധികം വിമാന വില ഉയര്‍ത്തുകയും പൊളിഞ്ഞുപാളീസായിരുന്ന അനിലിന് നാല്‍പതിനായിരംകോടിയുടെ വരുമാനം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്‌തെന്ന ആരോപണങ്ങള്‍ കത്തിനില്‍ക്കവെയാണ് ചൊവ്വാഴ്ച അതിലും ഗുരുതരമായ ആരോപണംകൂടി പ്രധാനമന്ത്രിക്കെതിരെ ഉയര്‍ന്നുവന്നിരിക്കുന്നത്.
2015 ഏപ്രില്‍ പത്തിന് നരേന്ദ്രമോദി ഫ്രാന്‍സില്‍ചെന്ന് റഫാല്‍ കരാറിലേര്‍പ്പെടുന്നതിന് പത്തുദിവസം മുമ്പ് ഒരു ഫ്രഞ്ച് ഉദ്യോഗസ്ഥന്‍ മൂന്നു ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍, മോദിയും താനും കരാറൊപ്പിടുന്നതിനെക്കുറിച്ച് അനില്‍ അംബാനി ഉറപ്പുനല്‍കിയതായാണ് വെളിച്ചത്തായിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കഴിഞ്ഞദിവസം പുറത്തുവിട്ട വിവരം ശരിയെങ്കില്‍ രാജ്യത്തിന്റെ ഒരു പ്രധാനമന്ത്രിയും ചെയ്യാത്തതും ചെയ്യരുതാത്തതും സങ്കല്‍പത്തില്‍പോലും നിനക്കാത്തതുമായ അതീവ ഹീനമായ പ്രവൃത്തിയാണ് നരേന്ദ്രമോദി രാഷ്ട്രത്തോട് കാട്ടിയിരിക്കുന്നത്. കുത്തക മുതലാളിക്ക് പ്രധാനമന്ത്രി മുന്‍കൂട്ടി വിവരം ധരിപ്പിച്ചുവെന്നാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്. എന്തിനുവേണ്ടിയാണിത്. അഴിമതിയും കെടുകാര്യസ്ഥതയും കള്ളത്തരവും അനിലിന്റെ സുഹൃത്താണെന്നതുമൊക്കെ നരേന്ദ്രമോദിയെക്കുറിച്ച് മുമ്പ് കേട്ടിട്ടുണ്ടെങ്കിലും ഇന്ത്യാരാജ്യത്തെ മുതലാളിമാര്‍ക്ക് വില്‍ക്കുന്ന നീചമായ പണിയാണ് നമ്മുടെ പ്രധാനമന്ത്രി നടത്തിയിരിക്കുന്നത്. 2015 മാര്‍ച്ച് 28നാണ് ഫ്രഞ്ച് കമ്പനിയായ എയര്‍വെയ്‌സിന്റെ ഉദ്യോഗസ്ഥന്‍ നിക്കോളാസ് കമൂസി ‘അംബാനി’ എന്ന സൂചികയോടെ ഇമെയില്‍ സന്ദേശം അയച്ചിരിക്കുന്നത്. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍പോലും അറിയാതിരിക്കെ, ഇരുരാജ്യങ്ങള്‍ തമ്മില്‍ നടക്കാനിരിക്കുന്ന ഒരു കരാര്‍ സംബന്ധിച്ച് പ്രധാനമന്ത്രിയല്ലാതെ ഔദ്യോഗിക സംവിധാനത്തിന് പുറത്തുള്ളൊരാള്‍ വിവരം അറിയാനിടയായി എന്നത് അതീവ ഗുരുതരമായ തെറ്റുതന്നെയാണ്. തന്റെ പദവിയില്‍ പാലിക്കേണ്ട ഔദ്യോഗിക രഹസ്യനിയമം ലംഘിച്ച പ്രധാനമന്ത്രി അഴിക്കുള്ളില്‍ അകപ്പെടേണ്ട ആളാണെന്നാണ് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടുന്നത്. മോദിയെ ‘ചാരന്‍’ എന്നുകൂടി അഭിസംബോധന ചെയ്യാനും അദ്ദേഹം സന്നദ്ധനായിരിക്കുന്നു.
പ്രതിരോധവകുപ്പുമായി ബന്ധപ്പെട്ട കരാറായതിനാല്‍ വിമാനം വാങ്ങുന്നതിനുമുമ്പ് അതിന്റെ സാങ്കേതികത്വം, പ്രവര്‍ത്തനക്ഷമത, വില നിര്‍ണയം അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് ആ വകുപ്പിലെ വിദഗ്ധരായിരിക്കണം. അതുതന്നെയാണ് രാജ്യത്തിന്റെ നിയമവും. എന്നാല്‍ പ്രതിരോധ വകുപ്പിനുകീഴിലെ ഡിഫന്‍സ് പ്രൊക്യുര്‍മെന്റ് സമിതിയുടെ അഭിപ്രായങ്ങള്‍ കണക്കിലെടുക്കാതെ പ്രധാനമന്ത്രിയുടെ ഓഫീസ് അഥവാ പ്രധാനമന്ത്രിതന്നെ നേരിട്ട് അനില്‍ അംബാനിയുമായി ചേര്‍ന്നാണ് റഫാല്‍ ഇടപാട് നടത്തിയതെന്നാണ് രേഖകള്‍ സഹിതം ‘ദി ഹിന്ദു’ അടക്കമുള്ള മാധ്യമങ്ങള്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെ കാര്യാലയത്തിന്റെ ബദല്‍ ചര്‍ച്ചക്കെതിരെ മുന്‍പ്രതിരോധ സെക്രട്ടറി ജി. മോഹന്‍കുമാര്‍ തന്നെ കുറിപ്പെഴുതി നല്‍കിയെന്ന വിവരവും ഞെട്ടലോടെയാണ് രാജ്യം കേട്ടത്. ഇന്ത്യന്‍ നെഗോഷ്യേഷന്‍ ടീം (ഐ.എന്‍.ടി) എന്നു വിളിക്കപ്പെടുന്ന വിദഗ്ധ സംഘത്തിലെ മൂന്നു പേര്‍ യു.പി.എ കാലത്തേതില്‍നിന്ന് വ്യത്യസ്ഥമായി ഉണ്ടാക്കാന്‍ പോകുന്ന കരാര്‍ രാജ്യതാല്‍പര്യത്തിന് നിരക്കുന്നതല്ലെന്നും രേഖകള്‍സഹിതം ഇന്നലെ വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. പ്രതിരോധ മന്ത്രിക്കുപോലും ലോക്‌സഭയില്‍ പല ഘട്ടത്തിലും തന്റെ വാദങ്ങള്‍ക്ക് മതിയായ സാധൂകരണം നല്‍കാതെ ഒളിച്ചോടേണ്ട അവസ്ഥയുണ്ടായി. പ്രധാനമന്ത്രിയാകട്ടെ ആരോപണങ്ങള്‍ക്ക് തെളിവുകള്‍ സഹിതമുള്ള മറുപടി ജനങ്ങള്‍ക്കുമുമ്പാകെ വെക്കുന്നതിനുപകരം കോണ്‍ഗ്രസിന്റെ കുടുംബ ഭരണത്തെയും പാരമ്പര്യത്തെയും കുറ്റപ്പെടുത്തി രക്ഷപ്പെടാനാണ് പരിശ്രമിക്കുന്നത്. ഇത് ഒരു പ്രധാനമന്ത്രിയെയും ആ വിലപ്പെട്ട ഭരണഘടനാപദവിയെതന്നെയും സ്വയം ഇകഴ്ത്തുന്നതിന് സമാനമാണ്. ഈ സംഭവങ്ങളിലെല്ലാം മോദിയുടെയും കേന്ദ്ര സര്‍ക്കാരിലെ മോദി തല്‍പരരുടെയും സാമ്പത്തിക ലക്ഷ്യം വെച്ചുള്ള ഗൂഢ നീക്കമാണ് പകല്‍പോലെ വെളിച്ചത്തായിരിക്കുന്നതെന്നിരിക്കെ കഴിഞ്ഞദിവസം പാര്‍ലമെന്റില്‍വെച്ച സി.എ.ജി റിപ്പോര്‍ട്ടിലെ ചില വാചകങ്ങളില്‍ കടിച്ചുതൂങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് മോദിയും കൂട്ടരും. 2.8 ശതമാനം കുറവാണ് റഫാല്‍ യുദ്ധ വിമാന ഇടപാടില്‍ രാജ്യത്തിന് സംഭവിച്ചതെന്നാണ് സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നതെങ്കിലും അതുതന്നെ അവ്യക്തത നിറഞ്ഞതാണ്. അന്തിമ വിലയെപ്പറ്റി റിപ്പോര്‍ട്ടിലൊരിടത്തും പരാമര്‍ശമില്ല എന്നതുതന്നെ മോദിയെ രക്ഷപ്പെടുത്താന്‍ തട്ടിക്കൂട്ടിയുണ്ടാക്കിയ റിപ്പോര്‍ട്ടാണതെന്നതിന് ഇത് തെളിവായി. രാജ്യത്തിന്റെ മഹത്തായ ഭരണഘടനാപദവികളെയും സ്ഥാപനങ്ങളെയുമൊക്കെ പരസ്യമായി തള്ളിപ്പറയുകയും ഇകഴ്ത്തുകയും ചെയ്യുന്ന മോദി ഭരണകൂടത്തിന് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ പദവിയും കള്ളനാണയമായതില്‍ അത്ഭുതത്തിനവകാശമില്ലല്ലോ. രാജ്യസഭാസമ്മേളനം തീരാനിരിക്കെ ഇന്നലെ പൊടുന്നനെ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്തുവെച്ചത് അതിന്മേല്‍ പ്രതികരിക്കേണ്ട അംഗങ്ങളുടെ ജനാധിപത്യാവകാശത്തെ തിരസ്‌കരിക്കുന്നതിനുവേണ്ടിയാണ്. എല്ലാത്തിനും പിന്നില്‍ മോദി വീമ്പുപറയുന്ന ചൗക്കിദാര്‍ (കാവല്‍ക്കാരന്‍) അല്ല, രാഹുല്‍ഗാന്ധി പറയുന്ന കള്ളനാണെന്നതാണ് ജനങ്ങള്‍ക്ക് ബോധ്യമായിരിക്കുന്നത്.
രണ്ടു വര്‍ഷംകൊണ്ട് രാജ്യത്തെ കുത്തകകള്‍ക്ക് തീറെഴുതിയതായാണ് 73 ശതമാനം സമ്പത്ത് വെറും ഒരു ശതമാനം പൗരന്മാരിലേക്ക് കേന്ദ്രീകരിക്കപ്പെട്ടുവെന്ന വസ്തുത. തൊഴിലില്ലായ്മ 40 വര്‍ഷം മുമ്പത്തെ അവസ്ഥയിലേക്ക് വളര്‍ന്നുവെന്നതും പല ഔദ്യോഗിക വിവരങ്ങളും വൈകുകയോ വെളിച്ചം കാണാതാക്കപ്പെടുകയോ ചെയ്തതും ഞെട്ടിപ്പിക്കുന്നു. പ്രതിമാനിര്‍മാണത്തിനും സ്വന്തം വിദേശയാത്രക്കുമായി ലക്ഷം കോടിയോളം രൂപ ചെലവിട്ട മോദി മറിച്ച് കര്‍ഷകനെയും തൊഴിലാളിയെയും തെരുവിലും കയറിലും അഭയം പ്രാപിക്കാനാണ് തന്റെ ഭരണകാലം ചെലവിട്ടത്. ചരിത്രത്തിലാദ്യമായി ബജറ്റിനുമുന്നോടിയായുള്ള സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പാര്‍ലമെന്റ് കണ്ടില്ല. തിരഞ്ഞെടുപ്പിനുമുമ്പുള്ള വോട്ട്ഓണ്‍ അക്കൗണ്ടിന് പകരം വരുന്ന പത്തുവര്‍ഷത്തെ നയരേഖ അവതരിപ്പിക്കുകവഴി ജനങ്ങളെയാകെ പരിഹസിക്കുകയാണ് മോദി ചെയ്തത്. റഫാല്‍ ഇടപാടിനെക്കുറിച്ചന്വേഷിക്കാനാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍നിന്ന് നിര്‍ണായക രേഖകളെല്ലാം സുപ്രീംകോടതിയില്‍നിന്ന് മറച്ചുവെച്ച് അനുകൂലവിധി സമ്പാദിച്ചതും ചിന്തനീയം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: