രാജ്യത്തൊരിടത്ത് തീവണ്ടി അപകടത്തില്‍ പൗരന്മാര്‍ മരിച്ചതിനെതുടര്‍ന്ന് റെയില്‍വേമന്ത്രി രാജിവെച്ച ഇന്ത്യയില്‍ തന്നെയാണ് പൊലീസിന് തുടര്‍ച്ചയായ വീഴ്ചകള്‍ ഉണ്ടായിട്ടും അതിന്റെ ഫലമായി ചെറുപ്പക്കാര്‍ നിരവധിപേര്‍ കൊല ചെയ്യപ്പെട്ടിട്ടും ആഭ്യന്തരം കൈകാര്യം ചെയ്യുന്ന തന്നെ ആരും വിമര്‍ശിക്കുക പോലും അരുതെന്ന് പിണറായി വിജയന്‍ പറയുന്നത്. വഴിയില്‍ കിടക്കുന്ന ചെണ്ടയല്ല ഞാന്‍, ഇരിക്കുന്ന സീറ്റ് ഇതല്ലായിരുന്നെങ്കില്‍ കണക്കിന് പറയുമായിരുന്നുവെന്നുംകൂടി കേരള രാഷ്ട്രീയത്തില്‍ അര നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ മുഖ്യമന്ത്രി പറയുകയാണ്.
അതല്ലല്ലോ അദ്ദേഹം തന്നെ കേരള ജനതക്ക് മുമ്പില്‍ ഇക്കാലമത്രയും അവതരിപ്പിച്ചത്. ഏത് മുഖ്യമന്ത്രിയെയാണ്, നേതാവിനെയാണ്, മതാധ്യക്ഷനെയാണ് മുഖ്യമന്ത്രി പദമേറുന്നതുവരെയുള്ള കാലത്ത് പിണറായി വെറുതെവിട്ടത്? പൊലീസിന് വീഴ്ച വന്നാല്‍ സര്‍ക്കാറിനെയും ആഭ്യന്തര മന്ത്രിയെയും വിമര്‍ശിക്കരുതെന്നാവില്ല അദ്ദേഹം ഉദ്ദേശിച്ചത്. കാരണം പെരുമ്പാവൂരിലെ ജിഷ കൊലപാതകത്തില്‍ മാധ്യമങ്ങള്‍ അഴിച്ചുവിട്ട പ്രചാരണത്തിന്റെ അലയിലാണ് ഇടതുപക്ഷം 2016ലെ നിയമസഭാ തെരഞ്ഞെടുപ്പു തന്നെ ജയിച്ചത്. ആ കൊലപാതകത്തില്‍ പൊലീസിന് കേസ് തേച്ചുമായ്ച്ചു കളയുകയായിരുന്നു പ്രധാന ജോലിയെന്നും മൃതദേഹം എളുപ്പം സംസ്‌കരിച്ചുവെന്നും പോസ്റ്റ്‌മോര്‍ട്ടം മര്യാദക്ക് നടത്തിയില്ലെന്നും കൊല നടന്ന സ്ഥലത്ത് ഒരു തെളിവും വെക്കാതെ പൊലീസ് വൃത്തിയാക്കിയെന്നുമൊക്കെയുള്ള പ്രചാരണം അന്ന് ഇതേ ചാനല്‍ മുറികളില്‍ നിന്നും പത്രത്താളുകളില്‍നിന്നും പുറത്തുവന്നതാണല്ലോ. (ആ കേസിന് പിന്നെ എന്ത് സംഭവിച്ചുവെന്നും കണ്ടു) ഇതെല്ലാം ഏറ്റുപിടിച്ച് കേരളത്തില്‍ സ്ത്രീകള്‍ക്ക് രക്ഷയില്ലെന്ന് മാത്രമല്ല ആഭ്യന്തരം ശരിയല്ലെന്ന് കൂടി എത്ര ഉച്ചത്തില്‍ വിളിച്ചുപറഞ്ഞവരാണ് താനും തനിക്ക് ചുറ്റുമിരിക്കുന്നവരെന്നും ഓര്‍ക്കാലോ. അതൊന്നും മറന്നിട്ടില്ലാലോ നമ്മള്‍. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള താന്‍ വഴിയിലെ ചെണ്ടയല്ല എന്ന് പറഞ്ഞ അതേ ശ്വാസത്തില്‍ എസ്.ഐ മുതല്‍ ജില്ലാ സൂപ്രണ്ട് വരെയുള്ള തന്റെ ഉദ്യോഗസ്ഥര്‍ക്ക് അസാധാരണമായ പിഴവുകള്‍ പറ്റിയെന്ന് സമ്മതിക്കുന്നുണ്ടദ്ദേഹം. ഒരു പെണ്‍കുട്ടിയും ഒരു പിതാവും പരാതിയുമായി സമീപിച്ചിട്ടും താന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാഡ്യൂട്ടിയിലാണെന്ന് പറഞ്ഞ് അവഗണിച്ചതുകൊണ്ടാണ് ആ യുവാവ് മരിച്ചതെന്ന്കൂടി ചൂണ്ടിക്കാട്ടിയപ്പോള്‍ ആദ്യം എസ്.ഐക്ക് സുരക്ഷാ ഡ്യൂട്ടിയില്ലെന്ന് പറഞ്ഞു, പിന്നെ ഉണ്ടായിരുന്നെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ അത് ഏര്‍പ്പാടാക്കിയവരോട് ചോദിക്കണമെന്ന് പറഞ്ഞു. ആരാണ് അദ്ദേഹത്തിന് വേണ്ടി ഇതൊക്കെ ചെയ്യുന്നത്? ഇത്രയൊക്കെ സംഭവിച്ചിട്ടും ഇതിന്റെ ഉത്തരവാദിത്വത്തെക്കുറിച്ച് തന്നെ ചോദ്യം ചെയ്യരുതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഏതോ ടീച്ചര്‍ പച്ച ബ്ലൗസിട്ടതിനും പച്ച ബോര്‍ഡ് സ്ഥാപിച്ചതിനും മന്ത്രിയുടെ രാജി ചോദിച്ച് മാര്‍ച്ച് നടത്തിയവര്‍ക്ക് ഇത് രേഖപ്പെടുത്തിവെക്കാവുന്നതാണ്.
1998 മുതല്‍ 2005 വരെ- കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം സി.പി.എം സംസ്ഥാന സെക്രട്ടറി പദത്തിലിരുന്നത് പിണറായി വിജയനാണ്. ഇക്കാലയളവില്‍ പിണറായിയുടെ നാവിന്റെ ചൂടറിയാത്തവര്‍ ചുരുങ്ങും. ക്രിസ്തീയ സഭാധ്യക്ഷന്‍ പോള്‍ ചിറ്റിലപ്പള്ളിയെ നികൃഷ്ട ജീവിയെന്നും എന്‍.കെ പ്രേമചന്ദ്രനെ പരനാറിയെന്നും വിശേഷിപ്പിച്ച പിണറായി മാതൃഭൂമി പത്രാധിപര്‍ ഗോപാലാകൃഷ്ണനെ എടോ ചേര്‍ത്തുവിളിച്ചുവെച്ച് അരിശം കാട്ടിയപ്പോള്‍ ചിന്തകനായ പ്രൊഫ.എം.എന്‍ വിജയന്‍ മരിച്ചപ്പോള്‍ കോളജ് ‘അധ്യാപകന്‍’ എന്ന് തിരിച്ചറിയാനുള്ള ‘മാന്യത’ കാട്ടി. ആര്‍.എസ്.എസുകാരുടെ കൊലക്കത്തികള്‍ക്കിടയിലൂടെ ബ്രണ്ണന്‍ കോളജില്‍ പിണറായി നടക്കുമ്പോള്‍ അവിടെ അധ്യാപകനായിരുന്നല്ലോ വിജയന്‍മാഷ്. കെ.എസ്.എഫിലും പിന്നീട് എസ്.എഫ്.ഐയിലും പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമല്ല, 1964ല്‍ പിണറായി പാര്‍ട്ടി അംഗമാകുമ്പോഴും വിജയന്‍മാഷ് ബ്രണ്ണനിലുണ്ട്. ജയകൃഷ്ണന്‍ മാഷെ സ്‌കൂള്‍ ക്ലാസിലിട്ട് വെട്ടിയപ്പോള്‍ അതിനെ ന്യായീകരിക്കാനും വിജയന്‍മാഷുണ്ടായി. പക്ഷേ ടി.പി ചന്ദ്രശേഖരന്റെ കൊലയിലെത്തിയപ്പോഴേക്കും മാഷ് പോയിരുന്നു.
1996 മുതല്‍ ഇ.കെ നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായിരുന്ന കാലത്തെ ലാവ്‌ലിന്‍ കേസാണ് മുഖ്യമന്ത്രി പദം തന്നില്‍നിന്ന് ഇത്രയും കാലം അകറ്റിനിര്‍ത്തിയതെന്ന് അദ്ദേഹം വിശ്വസിക്കുന്നുണ്ടാകാം. 375 കോടി രൂപ സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കിയ അന്താരാഷ്ട്ര കരാര്‍ അന്നത്തെ മന്ത്രിയറിയാതെയെന്ന് സമ്മതിക്കാന്‍ ആര്‍ക്കും പറ്റിയെന്ന് വരില്ല. 2016ലെ തെരഞ്ഞെടുപ്പിലും വി.എസിനെ മുന്നില്‍ നിര്‍ത്തേണ്ടിവന്നതും ഇതിനാല്‍. ലാവ്‌ലിന്റെ പേരില്‍ തന്നെ വെയിലത്തുനിര്‍ത്തിയതില്‍ പ്രധാനം മാധ്യമങ്ങളാണെന്നതു കൊണ്ടാവാം മുഖ്യമന്ത്രിയായി ആദ്യ തീരുമാനങ്ങളിലൊന്ന് മന്ത്രിസഭായോഗ ശേഷമുള്ള മാധ്യമ സമ്മേളനം ഉപേക്ഷിച്ചതാണ്. വിവാദം തലയില്‍ കത്തിനിന്നപ്പോള്‍ പോലും മുന്‍ മുഖ്യന്മാര്‍ വാര മാധ്യമ സമ്മേളനം ഒഴിവാക്കിയിട്ടില്ല. നാലു കൊല്ലമായിട്ടും മോദി ഒരു മാധ്യമ സമ്മേളനം പോലും നടത്തിയിട്ടില്ലല്ലോ എന്ന് ഇതിന് ന്യായീകരണമുണ്ടായേക്കും.
ഇ.എം.എസിന്റെയും നായനാരുടെയും വി.എസിന്റെയും കാലത്തെല്ലാം ശക്തനായ പാര്‍ട്ടി സെക്രട്ടറി ഉണ്ടായിരുന്നുവെങ്കില്‍ ഇന്ന് എല്ലാം മുഖ്യമന്ത്രിയാണ്. വി.എസിന്റെ കാലത്ത് എല്ലാ മന്ത്രിമാരും മുഖ്യമന്ത്രിമാരായിരുന്നുവല്ലോ. ചെങ്ങന്നൂരിലെ വിജയം തീര്‍ച്ചയായും പിണറായിക്ക് പിടിവള്ളി തന്നെയാണ്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മേല്‍വിലാസം ഉണ്ടാക്കിക്കൊടുക്കേണ്ടത് കേരളമാണ്, അഥവാ പിണറായിയാണ്. ഈ ഭരണം തുടര്‍ന്നാല്‍ പി.എസ്‌സി പിരിച്ചുവിടേണ്ടിവരും. നിയമനം മുഴുവന്‍ പൊലീസ് അതിക്രമത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കായി നീക്കിവെക്കേണ്ടിവരും.
- 7 years ago
ചന്ദ്രിക വെബ് ഡെസ്‌ക്
Categories:
Video Stories
ഒന്നും മറന്നിട്ടില്ലാലോ നമ്മള്‍
Tags: pinarayai vijayan