X
    Categories: Views

മുഖ്യമന്ത്രി സ്വയം ചെളി തെറിപ്പിക്കരുത്

‘എന്തടിസ്ഥാനത്തിലാണ് (മനുഷ്യാവകാശ) കമ്മീഷന്‍ ആ നിലപാടെടുത്തതെന്നറിയില്ല. കമ്മീഷന്റെ ചുമതല വഹിക്കുന്നയാള്‍ക്ക് ആ ചുമതലയാണ് വഹിക്കുന്നതെന്ന ഓര്‍മ വേണം. നേരത്തെയുള്ള രാഷ്ട്രീയനിലപാടിന്റെ ഭാഗമായി കാര്യങ്ങള്‍ പറയുകയല്ല വേണ്ടത്. അങ്ങനെയാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുള്ള പല പ്രസ്താവനകളും..കമ്മീഷന്‍ ചെയര്‍മാന്‍ സ്വന്തം പണിയെടുത്താല്‍ മതി.’ കൊച്ചി വരാപ്പുഴയില്‍ ശ്രീജിത് എന്ന ഇരുപത്താറുകാരന്‍ പൊലീസ് കസ്റ്റഡിയിലെടുക്കപ്പെട്ട ശേഷം ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയമായി മരിച്ച സംഭവത്തിലാണ് സംസഥാനത്തെ ഉന്നതഭരണാധികാരിയുടെ മേല്‍പ്രസ്താവന. ശ്രീജിത്തിന്റെ മരണം പൊലീസിന്റെ മര്‍ദനത്താലാണെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുകയും എസ്.പിയെ സ്ഥലം മാറ്റുകയും എസ്.ഐ അടക്കം നാലു പൊലീസുകാരെ കൊലക്കുറ്റത്തിന് ജയിലിലാക്കുകയും ചെയ്തിരിക്കവെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വയംഅവമതിപ്പുളവാക്കുന്ന ആത്മപ്രതിരോധം. ഭരണാധികാരികളുടെ പ്രശംസയേക്കാള്‍ അവരുടെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്നതിന് സംസ്ഥാന മനുഷ്യാവകാശകമ്മീഷന്‍ അധ്യക്ഷന് തീര്‍ച്ചയായും അഭിമാനിക്കാം. ന്യായത്തിന്റെയും നീതിയുടെയും പക്ഷത്ത്് ശക്തമായും സധൈര്യമായും നിലയുറപ്പിച്ചിരിക്കുന്നതിന് മുഖ്യമന്ത്രിയുടെ പരസ്യവിമര്‍ശനത്തേക്കാള്‍ വലിയ സാക്ഷ്യപത്രം വേണ്ട. സ്വന്തം ചുമതലയെക്കുറിച്ച് മുഖ്യമന്ത്രിക്ക് ബോധ്യമുണ്ടായിരുന്നെങ്കില്‍ ഇത്തരമൊരു പ്രസ്താവന അദ്ദേഹം നടത്തുമായിരുന്നില്ല.

ചോരത്തിളപ്പുള്ള ഒരുയുവാവിനെ പിണറായിവിജയന്റെ പൊലീസ് കൊലപ്പെടുത്താന്‍ കാരണമായത് അവന്‍ കേരളത്തിലെ വരാപ്പുഴയില്‍ ജനിച്ചുവെന്നതുകൊണ്ടുമാത്രമായിരുന്നു. ഏപ്രില്‍ ആറിന് സ്ഥലത്ത് വീടുകയറി ആക്രമിച്ച സംഭവത്തില്‍ വീട്ടുടമസ്ഥന്‍ ആത്മഹത്യചെയ്തതുമായി ബന്ധപ്പെട്ടാണ് പൊലീസ് ഇതിലൊരിടത്തും ഭാഗഭാക്കാകാത്ത ശ്രീജിത്തടക്കമുള്ള ഏതാനുംപേരെ കസ്റ്റഡിയിലെടുക്കുന്നത്. വെള്ളി രാത്രി പതിനൊന്നോടെ പൊലീസ് പിടിച്ചുകൊണ്ടുപോയ യുവാവിന്റെ മൃതശരീരമാണ് തിങ്കളാഴ്ച കൊച്ചിയിലെ ആസ്പത്രിയില്‍ ബന്ധുക്കള്‍ക്ക് കാണാന്‍കഴിഞ്ഞത്. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ കുറ്റാന്വേഷണത്തിനും തെളിവുശേഖരണത്തിനും ശാസ്ത്രീയമായ നൂറുകൂട്ടം മാര്‍ഗങ്ങള്‍ അവലംബിക്കാമെന്നിരിക്കെയാണ് പൊലീസുദ്യോഗസ്ഥരുടെ അഹന്തക്കും അക്രമത്തിനും പാത്രീഭൂതനായി യുവാവ് കൊലചെയ്യപ്പെടുന്നത്. പതിനാറ് മുറിവുകളടക്കം കടുത്ത മര്‍ദനമുറകളാണ് യുവാവിന്റെ ശരീരത്തില്‍ പൗരന്മാരെ സംരക്ഷിക്കേണ്ട പൊലീസ് അടിച്ചേല്‍പിച്ചത്. നെഞ്ചിലും വാരിയെല്ലിലും തുടയിലും വൃഷണത്തിലുമൊക്കെ ഏറ്റ കനത്ത ആഘാതമാണ് മരണത്തിലെത്തിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

നമ്മുടെ സംസ്ഥാനത്ത് ഭരണഘടനാപരമായി ചുമതലയേറ്റിരിക്കുന്ന മനുഷ്യാവകാശകമ്മീഷന് സ്വാഭാവികമായും പ്രശ്‌നത്തില്‍ ഇടപെടേണ്ടിവന്നു. തിങ്കളാഴ്ച എറണാകുളം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍നിന്ന് ആസ്റ്റര്‍മെഡിസിറ്റിയിലേക്ക് മാറ്റിയപ്പോള്‍ തന്നെ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി. മോഹന്‍ദാസ് അബോധാവസ്ഥയിലായിരുന്ന യുവാവിനെ സന്ദര്‍ശിച്ച് ഐ.സി.യുവിലെയും മറ്റും ഡോക്ടര്‍മാരോട് വിവരം തിരക്കി. കസ്റ്റഡി മരണമാണ് ശ്രീജിത്തിന്റേതെന്ന് സംശയിക്കുന്നതായി മോഹന്‍ദാസ് പറയുകയും ചെയ്തു.ശ്രീജിത്തിന്റെ ഭാര്യയും ചെയര്‍മാനോട് തന്റെ ഭര്‍ത്താവിനേറ്റ കൊടുംമര്‍ദനത്തെക്കുറിച്ച് പറയുകയും പൊലീസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍ വയറുവേദനയെക്കുറിച്ചും വെള്ളം ചോദിച്ച് കൊടുക്കാതിരുന്നതിനെക്കുറിച്ചും വ്യക്തമാക്കുകയുമുണ്ടായി. അവര്‍ സ്വമേധയാ കേസെടുത്തു. വരാപ്പുഴ പൊലീസ് സ്റ്റേഷന്‍ സബ്ഇന്‍സ്‌പെക്ടര്‍ ജി.എസ് ദീപക്കിനെ 23ന് മൊഴിയെടുക്കലിന് ഹാജരാകാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു. എസ്.പി തലത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ പിറ്റേന്നുതന്നെ ഉത്തരവ് നല്‍കി. പൊലീസടക്കമുള്ളവരുടെ മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ കമ്മീഷന്‍ എത്രയും പെട്ടെന്നുതന്നെ വിഷയത്തില്‍ നടപടിയെടുത്തത് പ്രശംസിക്കപ്പെടേണ്ടതാണ്. സംസ്ഥാന സര്‍ക്കാരാകട്ടെ ക്രൂരമര്‍ദനംനടത്തിയ എസ്.ഐയെ ആദ്യം രക്ഷിക്കുന്നതിനാണ് പരിശ്രമിച്ചത്. പകരംയുവാവിനെ ആദ്യം കസ്റ്റഡിയിലെടുത്ത റാപ്പിഡ് ടൈഗര്‍ ഫോഴ്‌സിലെ മൂന്ന് പൊലീസുകാരെ പ്രതിയാക്കുകയാണ് ചെയ്തത്. ശ്രീജിത്തിന്റെ കുടുംബാംഗങ്ങളും കേരളമൊട്ടാകെയും കനത്ത പ്രതിഷേധവുമായി രംഗത്തുവന്നതോടെയായിരുന്നു ദീപക്കിന്റെ പ്രതിചേര്‍ക്കല്‍. ആര്‍.ടി.എഫിനെ നിയോഗിച്ച ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജിനെ അക്കാരണത്താലാണ് പൊലീസ് അക്കാദമിയിലേക്ക് സ്ഥലംമാറ്റിയത്. മറിച്ച് അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥനായ എറണാകുളം റെയ്ഞ്ച് ഐ.ജിയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു ആഭ്യന്തരവകുപ്പിന്റേത്.

പ്രശ്‌നത്തില്‍ സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് തിരിച്ചറിഞ്ഞതാണ് മനുഷ്യാവകാശകമ്മീഷനെതിരെ തുറന്ന വിമര്‍ശനവുമായി രംഗത്തുവരാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചതെന്ന് വ്യക്തം. ഇതുവരെയെടുത്ത നടപടിയുടെ വിശ്വാസ്യത തകര്‍ത്ത്, സ്വയം ചെളിതെറിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്തിരിക്കുന്നത്. ഇത്തരമൊരു അവസരത്തില്‍ പൊലീസില്‍നിന്നും സര്‍ക്കാരില്‍നിന്നും നീതി ലഭിക്കില്ലെന്ന് ശ്രീജിത്തിന്റെ ബന്ധുക്കളും കമ്മീഷനും സംശയിച്ചതില്‍ തെറ്റ് കാണാനാവില്ല. കൊച്ചി നഗരത്തില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോയ ആര്‍ജവവമുള്ള പൊലീസുദ്യോഗസ്ഥനാണ് ജോര്‍ജ്. കേസ് അട്ടിമറിക്കാനുള്ള സാധ്യതയും ഇതിനുപിന്നില്‍ സംശയിക്കണം. സ്വാഭാവികമായും എസ്.പിയുടെ സ്ഥലംമാറ്റത്തെ വിമര്‍ശിക്കാന്‍ മനുഷ്യാവകാശകമ്മീഷനും തയ്യാറായി. കമ്മീഷനെ സംബന്ധിച്ച് മനുഷ്യാവകാശലംഘനം സംസ്ഥാനഭൂപരിധിക്കുള്ളില്‍ എവിടെ നടന്നാലും അതിലിടപെട്ട് ഭരണഘടനാപരമായിതന്നെ ഇരകള്‍ക്ക് നീതി വാങ്ങിച്ചുകൊടുക്കേണ്ട ബാധ്യതയുണ്ട്. പൗരന് മനുഷ്യാവകാശം നിഷേധിക്കപ്പെടുമ്പോള്‍ കയ്യും കെട്ടി നോക്കിയിരിക്കലല്ലല്ലോ ഖജനാവില്‍നിന്ന് ചെല്ലും ചെലവും കൊടുത്ത് നിയമിച്ചിരിക്കുന്ന കമ്മീഷനുകളുടെ ജോലി. എന്തിനും റാന്‍ മൂളുന്ന രാഷ്ട്രീയാധികാരം വെച്ചുനീട്ടുന്ന യുവജനകമ്മീഷനല്ല മനുഷ്യാവകാശകമ്മീഷനെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണം.

കമ്മീഷന് അനുകൂലമായി ശ്രീജിത്തിന്റെ കുടുംബവും രംഗത്തുവന്നത് സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണ്. തുടക്കം മുതല്‍ കമ്മീഷന്റെ ജാഗ്രത ഉണ്ടായതുകൊണ്ടാണ് ഇത്രയും മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായതെന്ന ശ്രീജിത്തിന്റെ മാതാവിന്റെ വാക്കുകള്‍ പിണറായിവിജയനും കോടിയേരി ബാലകൃഷ്ണനും കാതുതുറന്നുകേള്‍ക്കണം. താന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പ്രതികരിച്ചതെന്നും സര്‍ക്കാര്‍ കമ്മീഷന്റെ പ്രവര്‍ത്തനത്തിന് സഹായം നല്‍കുന്നില്ലെന്നും മോഹന്‍ദാസ് പറയുമ്പോള്‍ അത് യാഥാര്‍ത്ഥ്യം മാത്രമേ ആകുന്നുള്ളൂ. സി.പി.എമ്മുകാര്‍ക്ക് മരണത്തില്‍ പങ്കുള്ളതുകൊണ്ടാണ് ആ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളാരും ഇത്രയായിട്ടും ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാത്തതെന്ന ആരോപണം ശരിവെക്കുന്നതാണ് കോടിയേരിയുടെയും പ്രസ്താവന. ഭരണവും പൊലീസും മര്‍ദനോപാധികളാണെന്ന സ്വന്തംനേതാവ് കാള്‍ മാര്‍ക്‌സിന്റെ ആശയമെങ്കിലും ഒരുതവണ വായിച്ചിട്ടുണ്ടെങ്കില്‍ സ്വന്തം പ്രജ കടുത്ത പീഡനമേറ്റുവാങ്ങി മരണത്തിന് കീഴടങ്ങേണ്ടിവന്ന സംഭവത്തില്‍ ഇത്രയും വാദകോലാഹലങ്ങള്‍ക്ക് നില്‍ക്കാതിരിക്കലായിരുന്നു ഒരു കമ്യൂണിസ്റ്റ് ഭരണാധികാരിയുടെ ബുദ്ധി.

chandrika: