കേരള നിയമസഭയില്‍ കഴിഞ്ഞ നാലു ദിവസമായി ഭരണപക്ഷത്തിന്റെ സ്വേച്ഛാധിപത്യത്തിന് പാദസേവ നടത്തുകയാണ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. സംസ്ഥാനം അഭിമുഖീകരിക്കുന്ന ഗുരുതര പ്രശ്‌നങ്ങളിലേക്ക് സര്‍ക്കാറിന്റെ ശ്രദ്ധ ക്ഷണിക്കുന്നതിന് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള സാമാജികരുടെ വാക്കുകള്‍ കേള്‍ക്കാന്‍ പോലും സഹിഷ്ണുത കാണിക്കുന്നില്ല സ്പീക്കര്‍. നിയമസഭയുടെ ചരിത്രത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഭരണപക്ഷ വിധേയത്വമാണ് സ്പീക്കര്‍ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ പ്രസംഗം ഭരണപക്ഷത്തിനു വേണ്ടി സ്പീക്കര്‍ തടസപ്പെടുത്തും വിധം ഇടക്കിടെ ഇടപെട്ടതിനെ തുടര്‍ന്ന് സഭാസമ്മേളനത്തിന്റെ മൂന്നാംദിനം രമേശ് ചെന്നിത്തലക്ക് പ്രസംഗം പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നു. ‘ താന്‍ പ്രസംഗിക്കുമ്പോള്‍ താങ്കള്‍ എന്തിനാണ് ഇത്രയേറെ അസഹിഷ്ണുത പ്രകടിപ്പിക്കുന്നതെന്നും ഇങ്ങനെയാണെങ്കില്‍ താനിനി പ്രസംഗിക്കുന്നില്ലെന്നും’ സ്പീക്കറുടെ മുഖത്തുനോക്കി പ്രതിപക്ഷ നേതാവിന് സംസാരിക്കേണ്ടി വന്നതില്‍ നിന്നു തന്നെ സഭാതലവന്റെ പക്ഷപാതിത്വം എത്രമേല്‍ അതിരുവിട്ടുവെന്ന് മനസിലാക്കാം. ഭരണകൂടത്തിന്റെ നയനിലപാടുകള്‍ക്ക് ‘എസ്’ പറയല്‍ മാത്രമല്ല സ്പീക്കറുടെ കടമ. പ്രതിപക്ഷ അംഗങ്ങളും ജനപ്രതിനിധികളാണെന്ന സാമാന്യ പരിഗണന നല്‍കി അവര്‍ക്കുകൂടി പറയാനുള്ള സൗകര്യമൊരുക്കേണ്ട ധാര്‍മിക ഉത്തരവാദിത്തം സ്പീക്കര്‍ക്കുണ്ട്. ചട്ടങ്ങളിലും നടപടികളിലും അധികാരസ്ഥാനം സ്പീക്കറായിരിക്കെ സഭയില്‍ തരംതാണ രാഷ്ട്രീയക്കാരന്റെ വേഷംകെട്ടുന്നത് ആ പദവിക്ക് യോജിച്ചതല്ലെന്നു പറയാതെ വയ്യ. ആര്‍. ശങ്കരനാരായണനും സീതിസാഹിബും സി.എച്ചും ദാമോദരന്‍ പോറ്റിയും എ.പി കുര്യനും ചാക്കീരിയും വക്കം പുരുഷോത്തമനും ജി. കാര്‍ത്തികേയനും ഉള്‍പ്പെടെയുള്ള രാഷ്ട്രീയാധികായന്മാര്‍ നിഷ്പക്ഷതയുടെ നേതൃമികവോടെ അലങ്കാരംചാര്‍ത്തിയ പദവിയെ രാഷ്ട്രീയാലയത്തില്‍ ബന്ധിപ്പിക്കുന്ന നടപടി അങ്ങേയറ്റം അല്‍പ്പത്തമാണ്.
പതിനാലാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന്റെ ആദ്യദിനം തന്നെ സ്പീക്കറുടെ കടുംപിടുത്തം കാരണം സഭാ സമ്മേളനം നേരത്തെ നിര്‍ത്തിവെക്കേണ്ടി വന്നു. പ്രണയ വിവാഹത്തിന്റെ വൈരാഗ്യത്താല്‍ കോട്ടയത്ത് കെവിന്‍ കൊല്ലപ്പെട്ട കേസില്‍ അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ശൂന്യവേളയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കാന്‍ തുനിഞ്ഞതാണ് സ്പീക്കറെ ചൊടിപ്പിച്ചത്. നാടിനെ ഞെട്ടിച്ച കൊലപാതകത്തിന്റെ ചുരുളഴിക്കുന്നതും മുഴുവന്‍ പ്രതികളെയും പിടികൂടുന്നതും പ്രതിപക്ഷത്തിന്റെ മാത്രം ആവശ്യമല്ല; സംസ്ഥാനത്തിന്റെ പൊതുവായ ആവശ്യമാണ്. പൊലീസുകാരുടെ ക്രിമിനല്‍ മുഖവും ആഭ്യന്തര വകുപ്പിന്റെ ഗുരുതര വീഴ്ചയും പുറത്തുവരുമെന്ന ആധി കടുത്തതാണ് കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കുന്നതില്‍ സ്പീക്കര്‍ക്ക് കുശുമ്പിനു കാരണം. ഇതേതുടര്‍ന്നാണ് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കുള്ള അനുമതി നിഷേധിച്ചത്. ഇത് നെറികെട്ട രാഷ്ട്രീയ ദാസ്യവേലയായി മാത്രമേ കാണാനാവൂ.
സഭാ സമ്മേളനത്തിന്റെ നാലാം ദിവസവും ഇതിന്റെ തനിയാവര്‍ത്തനമുണ്ടായി എന്നതാണ് ഖേദകരം. വരാപ്പുഴയിലെ ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചാണ് ആദ്യദിനത്തിലെ അസഹിഷ്ണുത താത്കാലികമല്ലെന്ന് സഭാധ്യക്ഷന്‍ തെളിയിച്ചത്. കോടതിയുടെ പരിഗണനയിലുള്ള കേസെന്ന് ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ച സ്പീക്കര്‍ ഇതിനു മുമ്പ് കോടതിക്കു മുമ്പിലുള്ള കേസുകളില്‍ അടിയന്തര പ്രമയേങ്ങളവതരിപ്പിച്ച തന്റെ പാരമ്പര്യം പോലും സൗകര്യപൂര്‍വം മറന്നുകളയുകയായിരുന്നു. ഭരണകൂടത്തിന്റെ വലയില്‍ കുരുങ്ങിക്കിടക്കുന്ന മഞ്ഞീലാണ് സത്യത്തില്‍ സഖാവ് ശ്രീരാമകൃഷ്ണന്‍. അതുകൊണ്ടാണ് അടിയന്തര പ്രമേയത്തിന് ആദ്യം അനുമതി നല്‍കിയ അദ്ദേഹം പിന്നീട് തലമാറ്റി വാലാട്ടിയത്. വിഷയത്തില്‍ ഒതുങ്ങി നിന്ന് സംസാരിക്കണമെന്നും 15 മിനുട്ടിനകം പ്രമേയം അവതരിപ്പിച്ച് പൂര്‍ത്തിയാക്കണമെന്നും ആദ്യം നിര്‍ദേശം നല്‍കിയ സ്പീക്കര്‍ പിന്നീട് മുഖ്യമന്ത്രിക്കു വേണ്ടി നിലപാടില്‍ നിന്ന് കരണം മറിഞ്ഞത് മാന്യതക്കേടായി. മാത്രമല്ല, ആ പദവിയിലുുള്ള വിശ്വാസ്യതയ്ക്ക് കോട്ടംതട്ടുന്ന നടപടിയുമായിരുന്നു അത്. അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാമെന്നായിരുന്നു പ്രതിപക്ഷത്തോട് സ്പീക്കറുടെ ആദ്യം സമ്മതം. പിന്നീട് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം അനുമതി നിഷേധിക്കുകയാണുണ്ടായത്. മുഖ്യമന്ത്രി പറയുന്നതനുസരിച്ച് പ്രവര്‍ത്തിക്കുന്ന ബൊമ്മയായി അധ:പതിച്ച സ്പീക്കറെയാണ് സഭയില്‍ കാണാന്‍ കഴിഞ്ഞത്.
സഭാ സമ്മേളനത്തിന്റെ ആദ്യ ദിനം രാവിലെ എട്ടര മണിക്ക് വി.ഡി സതീശന്‍ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കറുടെ ഓഫീസിന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രമേയത്തിന്റെ സമയവും ചര്‍ച്ചയുടെ കാതലും സ്പീക്കര്‍ പ്രതിപക്ഷത്തോട് നിര്‍ദേശിച്ചത്. എന്നാല്‍ അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കുന്ന ഒമ്പതര മണിയോടെ ഇതിനു കടകവിരുദ്ധമായ നിലപാടിലേക്ക് സ്പീക്കര്‍ മലക്കം മറിഞ്ഞത് അദ്ദേഹത്തിന്റെ കഴിവുകേടുകൂടിയാണ്.
വാരാപ്പുഴ കസ്റ്റഡി മരണത്തിന് ഉത്തരവാദികളായ എസ്.പി ഉള്‍പ്പെടെയുള്ളവരെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി തലത്തില്‍ നിന്നും ഇടപെടലുണ്ടായി എന്ന പ്രതിപക്ഷ ആരോപണം സാധൂകരിക്കുന്നതാണ് സര്‍ക്കാറിനെപ്പോലെ സഭാതലവന്റെയും പേടി സൂചിപ്പിക്കുന്നത്. ഈ വിഷയത്തില്‍ സര്‍ക്കാറിലെ ഉത്തരവാദപ്പെട്ട മന്ത്രിക്കു സഭയില്‍ പ്രതികരിക്കാമെങ്കില്‍ എന്തിനാണ് സ്പീക്കര്‍ പ്രതിപക്ഷത്തിന്റെ വായമൂടിക്കെട്ടുന്നത്? ആരെ സംരക്ഷിക്കാനാണ് ഈ ഏഴാംകൂലി രാഷ്ട്രീയക്കാരന്റെ എഴുന്നള്ളത്ത്?. എല്ലാം സുതാര്യവും സുവ്യക്തവുമാണ്. ഏറെ പ്രമാദമായ കെവിന്‍ കൊലപാതകത്തിന്റെയും ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിന്റെയുമെല്ലാം അറ്റം എത്തിനില്‍ക്കുന്നത് ആഭ്യന്തര വകുപ്പിന്റെ ഗുരുതരമായ പിഴവിലാണ്. ഇതിന് മറുപടി പറയാന്‍ ബാധ്യസ്ഥനായ മുഖ്യമന്ത്രിക്ക് രക്ഷാകവചമാകുകയാണ് സ്പീക്കര്‍. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോയെന്ന കാര്യം സ്പീക്കര്‍ തിരിച്ചറിയാന്‍ വൈകിയിരിക്കുന്നു. കൊലപാതകങ്ങളിലൂടെ രൂക്ഷമായ സുരക്ഷിതത്വക്കുറവു മാത്രമല്ല, ഇന്നലെ സി.എ.ജി റിപ്പോര്‍ട്ടില്‍ പുറത്തുവന്ന സാമ്പത്തികത്തകര്‍ച്ചയും മുഖ്യമന്ത്രിയുടെ തലയ്ക്കു മീതെ ഡമോക്ലസിന്റെ വാള്‍ പോലെ തൂങ്ങിക്കിടക്കുന്നുണ്ട്. ഇതിനു മീതെ കവചമൊരുക്കാനുള്ള സ്പീക്കറുടെ വൃഥാവേല സ്വയം ചാവേറാകാനുള്ള പുറപ്പാടാണെന്ന് ഓര്‍മിക്കുന്നത് നന്ന്.
- 7 years ago
ചന്ദ്രിക വെബ് ഡെസ്‌ക്
Categories:
Video Stories
സഭാതലവന് സഹിഷ്ണുത വേണം
Tags: editorial