കേരളം വീണ്ടും ‘നിപാ’ ഭീതിയില്‍ ഞെരിഞ്ഞമര്‍ന്നു കഴിയുകയാണ്. കാലവര്‍ഷം കനത്തു തുടങ്ങിയാല്‍ മാരക രോഗങ്ങളുടെ വ്യാപനത്താല്‍ വീര്‍പ്പുട്ടുന്ന നമ്മുടെ സംസ്ഥാനം മെച്ചപ്പെട്ട മുന്‍കരുതലുകള്‍ക്കായി കാതോര്‍ക്കുകയാണ്. എന്നാല്‍ ആരോഗ്യ മന്ത്രിയുടെ ‘വണ്‍മാന്‍ഷോ’യും വകുപ്പിന്റെ ഒറ്റപ്പെട്ട പ്രവര്‍ത്തനവും എന്ന പതിവു പല്ലവിയില്‍ നിന്നു മാറ്റമൊന്നും കാണുന്നില്ല എന്നതാണ് ഖേദകരം. അവതാളത്തിലായി കുത്തഴിഞ്ഞുകിടക്കുന്ന ആരോഗ്യ വകുപ്പിനെ പ്രസ്താവനകളിലൂടെ മാത്രം ആലങ്കാരികമാക്കി നിലനിര്‍ത്താന്‍ ശ്രമിക്കുന്ന മന്ത്രിയില്‍നിന്നും പ്രായോഗികമായി ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിച്ചുകൂടാ. കഴിഞ്ഞ ഇതേ കാലയളവില്‍ ഏറെ ഭീതി പരത്തിയ നിപാ വൈറസിനെ നാട് ഒന്നടങ്കം ഒരുമിച്ച്‌നിന്ന് പ്രതിരോധിച്ചത് കൊണ്ടാണ് പടിക്കുപുറത്തുനിര്‍ത്താന്‍ കഴിഞ്ഞത്. ജീവന്‍ പണയപ്പെടുത്തി രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ ഇന്നും സമരപ്പന്തലില്‍ കിടന്ന് അവകാശങ്ങള്‍ക്കായി നിലവിളിക്കുമ്പോള്‍ സ്വയം രക്ഷക വേഷംകെട്ടി മേനി നടിച്ച മന്ത്രി നാടിനു തന്നെ നാണക്കേടായിരിക്കുകയാണ്. കഴിഞ്ഞദിവസം എറണാകുളത്തും തൃശൂരിലും നിപാ വൈറസ് ബാധ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ തീരെ അവധാനതയില്ലാതെ എടുത്തുചാടി അഭിപ്രായം പറഞ്ഞ മന്ത്രിയെ തിരുത്തുന്നതായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്. പരിശോധനാഫലം പുറത്തുവന്നപ്പോള്‍ ഉരുണ്ടുകളിച്ച മന്ത്രി ആശങ്കപ്പെടേണ്ടതില്ല എന്ന് ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും പൊതുജനത്തിന് മന്ത്രിയില്‍ വിശ്വാസ്യത നഷ്ടപ്പെട്ടുകഴിഞ്ഞു. നാഥനില്ലാകളരിയായി മാറിയ ആരോഗ്യവകുപ്പിനെ ഇനിയും കുറ്റമറ്റതാക്കിയില്ലെങ്കില്‍ ഈ കാലവര്‍ഷക്കാലത്തും കേരളം മാരകമായ രോഗങ്ങളുടെ പിടിയിലമരുമെന്ന കാര്യം തീര്‍ച്ച.
മെഡിക്കല്‍ കോളജ് മുതല്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വരെയുള്ള സര്‍ക്കാര്‍ ആരോഗ്യ സംവിധാനങ്ങളെല്ലാം താളം തെറ്റിക്കിടക്കുകയാണ്. അവയവം മാറി ഓപറേഷന്‍ നടത്തിയതിന്റെ വേദന വിട്ടുമാറും മുമ്പാണ് അര്‍ബുദമില്ലാത്ത യുവതിയെ കീമോ തെറാപ്പിക്കു വിധേയമാക്കിയ ഞെട്ടിക്കുന്ന വാര്‍ത്ത കേരളം കേട്ടത്. സ്വകാര്യ ലബോറട്ടറി നല്‍കിയ പരിശോധനാഫലത്തെ പഴിചാരി കയ്യൊഴിയുകയാണ് കോട്ടയം മെഡിക്കല്‍ കോളജ് ആസ്പത്രി. എത്ര ദയനീയമാണ് സംസ്ഥാനത്തെ ആരോഗ്യമേഖല എന്നതിന് ഇതില്‍ കൂടുതല്‍ എന്തു തെളിവാണ് വേണ്ടത്. സംസ്ഥാനത്തെ മുഴുവന്‍ മെഡിക്കല്‍ കോളജുകളുടെയും സ്ഥിതി ഇതു തന്നെയാണ്. വിദഗ്ധ ഡോക്ടര്‍മാരുടെ ഡിപ്പാര്‍ട്ടുമെന്റുകള്‍ പലതും പൂട്ടിക്കിടക്കുന്നു. ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിനാല്‍ ദിവസവും ആയിരക്കണക്കിന് രോഗികള്‍ക്ക് അര്‍ഹമായ ചികിത്സ നിഷേധിക്കപ്പെടുന്നു. സംസ്ഥാനത്തെ 48 താലൂക്ക് ആസ്പത്രികളില്‍ കുട്ടികളുടെയും സ്ത്രീകളുടെയും ചികിത്സാവിഭാഗം നിശ്ചലമായി കിടന്നിട്ട് നാളുകളേറെയായി. ഡോക്ടര്‍മാരുടെ നിയമന വിഷയത്തില്‍ സര്‍ക്കാര്‍ തുടരുന്ന അലംഭാവം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലപ്പെടുത്തുന്നതായി ആരോഗ്യ വകുപ്പ് ഡയരക്ടറേറ്റ് സര്‍ക്കാറിനെ അറിയിച്ചതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ സത്വര നടപടികള്‍ സ്വീകരിക്കാന്‍ ഇതുവരെയും സര്‍ക്കാറിന് സാധിച്ചിട്ടില്ല. മൂന്നു വര്‍ഷത്തെ വീഴ്ചകളില്‍ നിന്ന് പാഠം പഠിക്കുമെന്ന് കരുതിയെങ്കിലും ആരോഗ്യ വകുപ്പിന്റെ കെടുകാര്യസ്ഥതക്ക് ഒരു കുറവുമില്ലെന്ന് കഴിഞ്ഞ ദിവസത്തെ സംഭവങ്ങള്‍ തെളിയിക്കുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇവ ഫലപ്രദമായി തടയാന്‍ നിലവിലെ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിനെ കൊണ്ട് ഒറ്റയ്ക്ക് സാധിക്കില്ല. സര്‍ക്കാര്‍ ആസ്പത്രികളിലെ ഒഴിവുകള്‍ അടിയന്തിരമായി നികത്താനുള്ള നടപടികളാണ് ആദ്യം സ്വീകരിക്കേണ്ടത്. ആരോഗ്യ വകുപ്പില്‍ 1200ഓളം ഡോക്ടര്‍മാരുടെ ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മെഡിക്കല്‍ കോളജുകളില്‍ മാത്രം 542 ഡോക്ടര്‍മാരുടെ ഒഴുവുണ്ട്. ജില്ലാ ആസ്പത്രികളില്‍ 282 ഡോക്ടര്‍മാരുടെയും താലൂക്ക് ആസ്പത്രികളില്‍ 316 ഡോക്ടര്‍മാരുടെയും പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ 128 ഡോക്ടര്‍മാരുടെയും തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, ആലപ്പുഴ, തൃശൂര്‍ മെഡിക്കല്‍ കോളജുകളില്‍ പ്രധാന വിഭാഗങ്ങളില്‍ പോലും ഡോക്ടര്‍മാരില്ല. ആരോഗ്യ വകുപ്പ് മന്ത്രിയായി കെ.കെ ശൈലജ ചുമതലയേറ്റ ശേഷം, ഒഴിവുകള്‍ നികത്തുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും വഞ്ചി ഇപ്പോഴും തിരുനക്കര തന്നെയാണ്. സംസ്ഥാനത്ത് മലബാര്‍ മേഖലയിലാണ് ഒഴിവുകള്‍ ഏറെയുമെന്നുള്ളത് സര്‍ക്കാറിന്റെ നോട്ടക്കുറവാണ് വ്യക്തമാക്കുന്നത്.
അഭിമാനത്തോടും പൊങ്ങച്ചത്തോടും നാം പറയാറുള്ള നമ്മുടെ ആരോഗ്യപരിപാലന പ്രവര്‍ത്തനങ്ങള്‍ ഇന്ന് ചോദ്യംചെയ്യപ്പെടുകയാണ്. നാം നിര്‍മാര്‍ജ്ജനം ചെയ്തു എന്ന് ആവര്‍ത്തിച്ച് വീമ്പ് പറയുന്ന കോളറ, മലമ്പനി, ഡിഫ്ത്തീരിയ, ക്ഷയം എന്നീ രോഗങ്ങള്‍ വ്യാപകമായി പ്രത്യക്ഷപ്പെടുകയും ജനങ്ങളില്‍ ഭീതി വിതച്ചുകൊണ്ടിരിക്കുകയുമാണിപ്പോള്‍. കേരളം വീണ്ടും പകര്‍ച്ചപ്പനിയുടെയും മഹാമാരികളുടെയും നാടായി മാറിക്കൊണ്ടിരിക്കുന്നു എന്നര്‍ത്ഥം. കഴിഞ്ഞ മൂന്നു വര്‍ഷത്തെ മാത്രം കണക്കെടുത്താല്‍ ലക്ഷക്കണക്കിന് ജനങ്ങളാണ് പകര്‍ച്ചപ്പനി ബാധിച്ച് വിവിധ ആസ്പത്രികളില്‍ ചികിത്സ തേടിയെത്തിയത്. ഈ വര്‍ഷവും സ്ഥിതി വ്യത്യസ്തമല്ല. ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി, ചെള്ള് പനി, മഞ്ഞപ്പിത്തം എന്നിങ്ങനെ തക്കസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ ജീവഹാനി സംഭവിക്കുന്ന മാരക സ്വഭാവമുള്ള പകര്‍ച്ചവ്യാധികളാണ് മിക്കവയും. അനുഭവങ്ങളുടെ വെളിച്ചത്തില്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നതിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും രോഗികള്‍ക്ക് ആവശ്യം വേണ്ട ചികിത്സ ഉറപ്പാക്കുന്നതിലും ആരോഗ്യവകുപ്പ് തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്. മിക്ക ആസ്പത്രികളിലും മരുന്നും അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ ജനങ്ങള്‍ വലയുകയാണ്. പ്രത്യേക സാഹചര്യത്തില്‍ മതിയായ ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ ജീവനക്കാരെയും നിയമിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെടുന്നു. വകുപ്പ് മന്ത്രിതന്നെ പലപ്പോഴും പരിഭവങ്ങള്‍ പങ്കുവെക്കാന്‍ മാധ്യമങ്ങളെ അഭിമുഖീകരിക്കുകയാണ്. ഇതുകൊണ്ടൊന്നും ആരോഗ്യമേഖല രക്ഷപ്പെടില്ലെന്ന സാമാന്യജ്ഞാനമാണ് മന്ത്രിക്കു വേണ്ടത്. ഇനിയെങ്കിലും കാര്യങ്ങളെ ഗൗരവമായി കാണാനും ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളാനുമുള്ള വിവേകം മന്ത്രി കാണിക്കണം. മറ്റൊരു മഴക്കാലംകൂടി ആര്‍ത്തിരമ്പി വരും മുമ്പ് സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലക്കു മേല്‍ വന്നുപതിച്ച ഭീതിയുടെ കരിമേഘങ്ങളെ അകറ്റിമാറ്റാന്‍ കഴിയണം. ഇനിയുമൊരു മഹാമാരിയുടെ മരണക്കയത്തിലേക്ക് കേരളത്തെ വലിച്ചെറിയരുതെന്ന് വിനയത്തോടെ മന്ത്രിയെ ഓര്‍മപ്പെടുത്തട്ടെ…
- 6 years ago
chandrika
Categories:
Video Stories
കെടുതിക്കു മുമ്പേ കരുതലൊരുക്കുക
Tags: nipah virus