X

ഭയപ്പെടുത്തുന്ന സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്

 

അച്ഛാദിന്‍ അഥവാ നല്ലദിനം വാഗ്ദാനംചെയ്ത് അധികാരത്തില്‍വന്ന് നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന നരേന്ദ്രമോദിസര്‍ക്കാര്‍ തിങ്കളാഴ്ച ബജറ്റിന് മുന്നോടിയായി പാര്‍ലമെന്റില്‍ വെച്ച സാമ്പത്തികാവലോകനറിപ്പോര്‍ട്ടില്‍ പറഞ്ഞ കാര്യങ്ങള്‍ രാജ്യത്തിന്റെയും നമ്മുടെയും ഭാവിയെസംബന്ധിച്ച് ഏറെ ഗൗരവമുള്ളതായിരിക്കുന്നു. വാര്‍ഷികബജറ്റിന് മുന്നോടിയായി പതിവായി പാര്‍ലമെന്റില്‍ വെക്കാറുള്ള സാമ്പത്തികാവലോകനം രാജ്യത്തിന്റെ കഴിഞ്ഞവര്‍ഷത്തെയും നടപ്പുവര്‍ഷത്തെയും ഭാവിവര്‍ഷങ്ങളിലെയും സാമ്പത്തികനിലയുടെ നേര്‍ചിത്രമായാണ് ഗണിക്കപ്പെടാറുള്ളത്. എന്നാലതിനെ പൊള്ളയായ വിലയിരുത്തകളിലും കണക്കിലെ കളികളിലും അര്‍ത്ഥശൂന്യമായ വാഗ്ദാനങ്ങളിലുമായി ഒതുക്കിയത് നൂറ്റിമുപ്പതുകോടി വരുന്ന ഇന്ത്യന്‍ ജനതയുടെ വിവേകത്തെയും വിജ്ഞാനത്തെയും പരിഹസിക്കുന്നതായിപ്പോയി.

പുതിയ സാമ്പത്തികാവലോകനത്തില്‍ പറയുന്ന കാര്യങ്ങള്‍ അതിലെതന്നെ മറ്റുചില വിലയിരുത്തലുകളെതന്നെ ചോദ്യം ചെയ്യുന്നുണ്ട്. തിങ്കളാഴ്ച പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി രാഷ്ട്രപതി നടത്തിയ സര്‍ക്കാരിനു വേണ്ടിയുള്ള പ്രസംഗത്തിലെ വരികളും സാമ്പത്തികാവലോകന റിപ്പോര്‍ട്ടിന ചോദ്യം ചെയ്യുന്നുവെന്നത് മോദി സര്‍ക്കാരിന്റെ മുഖത്തിന്റെ വൈകൃതഭാവം തുറന്നുകാട്ടുന്നതാണ്. ഉദാഹരണത്തിന് രാജ്യത്തെ കര്‍ഷകരുടെ വരുമാനം 2022 ഓടെ ഇരട്ടിയാക്കുമെന്ന് പ്രഖ്യാപിക്കുന്ന സര്‍ക്കാരിന്റെ സാമ്പത്തികാവലോകന റിപ്പോര്‍ട്ടില്‍ പറയുന്നത് കര്‍ഷകരുടെ വരുമാനത്തില്‍ 20 മുതല്‍ 25 ശതമാനം വരെ കുറവുണ്ടാകുമെന്നാണ്. കഴിഞ്ഞ വര്‍ഷം മൂലധനവളര്‍ച്ച 6.6 ആയിരുന്നത് 6.1 ആയി ഇടിഞ്ഞു. 2050ല്‍ ഇന്ത്യന്‍ ജനതയുടെ പകുതിയിലേറെ നഗരവാസികളായിരിക്കുമെന്നും അന്ന് കാര്‍ഷികമേഖലയിലുള്ളവരുടെ എണ്ണം 58.2ല്‍ നിന്ന് 25.7 ആയി ചുരുങ്ങുമെന്നും പറയുന്നു. അതായത് പറയുന്നതൊന്നും സംഭവിക്കുന്നത് മറ്റൊന്നും. കഴിഞ്ഞ വര്‍ഷം മാത്രം നോട്ടുനിരോധനം കൊണ്ട് കാര്‍ഷികവളര്‍ച്ച കാല്‍ശതമാനം കൂപ്പുകുത്തിയിരുന്നു. കാലാവസ്ഥാവ്യതിയാനമാണ് വരും വര്‍ഷം കാര്‍ഷിക വളര്‍ച്ചാമുരടിപ്പിന് കാരണമായി സര്‍ക്കാര്‍ വിലയിരുത്തിയിരിക്കുന്നത്. അതായത്, ഇപ്പോള്‍ തന്നെ ഇരുട്ടടി നേരിട്ട കാര്‍ഷികമേഖലയെയും കര്‍ഷകരെയും കൂടുതല്‍ ദുരിതപര്‍വത്തിലേക്ക് തള്ളിയിടുന്നതായിരിക്കും വരാനിരിക്കുന്ന മോദിഭരണകാലവും എന്നര്‍ത്ഥം.

ഇതേ റിപ്പോര്‍ട്ടില്‍തന്നെ ചൂണ്ടിക്കാട്ടുന്നത് പുരുഷന്മാര്‍ കൂടുതലായി കാര്‍ഷികമേഖലയെ വിട്ടുപോകുന്നുവെന്നാണ്. എന്താണിതിന് കാരണമെന്ന് പക്ഷേ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. കാര്‍ഷികമേഖലയില്‍ നിന്നുള്ള വരുമാനം കുത്തനെ ഇടിയുകയും മറ്റുമേഖലകളിലേക്ക് വിശേഷിച്ചും നിര്‍മാണമേഖലയിലേക്ക് പുരുഷന്മാര്‍ പ്രത്യേകിച്ചും യുവാക്കള്‍ കടന്നുപോകുന്നു എന്നതിനാലാണിത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ബദല്‍നിര്‍ദേശങ്ങളൊന്നും വെക്കാനില്ല. കാര്‍ഷികമേഖലയെ കുത്തകകള്‍ക്ക് തീറെഴുതാനും കാര്‍ഷികവിള ഇന്‍ഷൂറന്‍സ് പോലുള്ള ആനുകൂല്യങ്ങള്‍ കോടിക്കണക്കിനായി എഴുതിയെടുക്കാനുമാണ് റിലയന്‍സ്‌പോലുള്ള കുത്തകകമ്പനികള്‍ കഴിഞ്ഞവര്‍ഷങ്ങളില്‍ ശ്രമിച്ചതെന്ന് ഇതിനകം വ്യക്തമാക്കപ്പെട്ടതാണ്. ആരോഗ്യമേഖലയിലും രാജ്യം പിന്തള്ളപ്പെടുകയാണെന്ന് സര്‍ക്കാര്‍ തുറന്നുസമ്മതിക്കുന്നുണ്ട്. രാജ്യത്തെ പകുതിയിലധികം കുട്ടികളും സ്ത്രീകളും പോഷകാഹാരക്കുറവ് അനുഭവിക്കുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. സ്ത്രീകളില്‍ 53 ശതമാനവും കുട്ടികളില്‍ 59 ശതമാനവുമാണ് പോഷകാഹാരക്കുറവ് അനുഭവിക്കുന്നത്. പോഷകാഹാരക്കുറവ് കൊണ്ട് രാജ്യത്ത് പലയിടങ്ങളിലും കുഞ്ഞുങ്ങള്‍ മരിച്ചുവീഴുന്നത് നമുക്ക് പുതിയ വാര്‍ത്തയല്ല. രാജ്യത്തെ 2.1 കോടി പെണ്‍കുട്ടികള്‍ മാതാപിതാക്കള്‍ക്ക് വേണ്ടാത്തവരായി ജീവിക്കുന്നുവെന്നാണ് മറ്റൊരു വെളിപ്പെടുത്തല്‍. ആണ്‍കുഞ്ഞുങ്ങളോടുള്ള മനോഭവമാണ് ഇതിനുകാരണം.

2016 നവംബര്‍ എട്ടിലെ നോട്ടുനിരോധന നടപടി വരുത്തിവെച്ചത് രാജ്യത്തിന്റെ മൊത്തആഭ്യന്തര ഉല്‍പാദനത്തിലെ രണ്ടുശതമാനത്തിന്റെ ഇടിവാണ്. ഇത് ശതകോടികള്‍ വരും. ഇത്രയും തുകയുംവരുമാനവും സമൂഹത്തിലെ സാധാരണക്കാരനില്‍ നിന്ന് പിടിച്ചെടുക്കപ്പെടുകയും രാജ്യത്തെ കാര്‍ഷിക-വ്യാപാര-ചെറുകിട വ്യവസായമേഖലയെ ഒന്നാകെ നിശ്ചലമാക്കുകയും ചെയ്തതാണ് ആ മണ്ടത്തരമാര്‍ന്ന നടപടിയെന്ന് ലോകത്തെയും രാജ്യത്തെയും പ്രമുഖരായ എല്ലാ സാമ്പത്തികവിദഗ്ധരും അഭിപ്രായപ്പെട്ടിട്ടുള്ളതാണ്. ഇതൊന്നും വേണ്ടെങ്കിലും ഇന്ത്യയില്‍ ഇന്ന് ജീവിച്ചിരിപ്പുള്ള ഏതൊരു വ്യക്തിക്കും നേരിട്ടനുഭവിച്ചറിയാവുന്നതാണ് താന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തികമായ പ്രയാസങ്ങള്‍. കഴിഞ്ഞ മുപ്പതുവര്‍ഷത്തിലിതാദ്യമായി ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ച താഴേക്ക് കൂപ്പുകുത്തി. 9 ശതമാനമെത്തിയിരുന്ന വാര്‍ഷികവളര്‍ച്ച 5.7 ലേക്ക് താഴ്ന്നു. നോട്ടുനിരോധനം നടപ്പാക്കി ജനങ്ങളുടെ പണത്തെ ഡോ. മന്‍മോഹന്‍സിംഗ് വിശേഷിപ്പിച്ചതുപോലെ കൊള്ളയടിച്ചപ്പോള്‍ തന്നെയാണ്. 28 ലക്ഷം കോടിരൂപ ബാങ്കുകളുടെ കിട്ടാക്കടം എഴുതിത്തള്ളാനായി കേന്ദ്രസര്‍ക്കാര്‍ വിനിയോഗിച്ചത്. ബാങ്കുകളുടെ മൂലധനസ്ഥിരതക്കായി പിന്നെയും ശതകോടികള്‍ അനുവദിച്ചുകൊണ്ടിരിക്കുകയാണ് സര്‍ക്കാര്‍. ഇതെല്ലാം രാജ്യത്തെ പട്ടിണിപ്പാവത്തിന്റെ കീശയില്‍ നിന്നെടുക്കുന്ന നികുതപ്പണത്തിന്റെ ഓഹരിയാണെന്ന് തിരിച്ചറിയാന്‍ പാഴൂര്‍പടിപ്പുര തേടിപ്പോകേണ്ടതില്ല.
സാമ്പത്തികവിദഗ്ധരുടെ മുന്നറിയിപ്പുകള്‍ സ്ഥിരീകരിച്ചുകൊണ്ടാണ് രാജ്യത്തെ 73 ശതമാനം സമ്പത്ത് ഒരു ശതമാനം പേരിലേക്ക് കുമിഞ്ഞുകൂടിയെന്ന് ഓക്‌സ്്ഫാം എന്ന സാമ്പത്തികസ്ഥാപനം കഴിഞ്ഞവര്‍ഷത്തെ ഇന്ത്യയുടെ സാമ്പത്തികസ്ഥിതിയെക്കുറിച്ച് നടത്തിയ സര്‍വേയുടെ ഫലമായി പുറത്തുവിട്ട കണക്ക്. നാം ഓരോ ഇന്ത്യന്‍ പൗരനും ഓരോ നിമിഷവും പെട്രോളിയത്തിനും വാഹന-ജീവന്‍ ഇന്‍ഷൂറന്‍സിനും വിലകകള്‍ക്കുമായൊക്കെ ചെലവഴിക്കുന്ന തുകയുടെ നല്ലൊരു ഭാഗമാണ് മേല്‍പറഞ്ഞ ശതകോടീശ്വരന്മാരിലേക്ക് നീക്കിവെക്കപ്പെടുന്നത്. ഫലത്തില്‍ രാജ്യത്തിന്റെ ഭരണഘടന ഉദ്‌ഘോഷിച്ചുവെച്ചിരിക്കുന്ന സോഷ്യലിസമെന്ന സമത്വസിദ്ധാന്തം ഏട്ടിലൊതുങ്ങുന്ന ഭീതിതാവസ്ഥയാണ്.

ഭരണകൂടം സമൂഹത്തിന്റെ ആത്യന്തികാവശ്യങ്ങള്‍ നേടിത്തരാനാണെന്ന് പറയുന്നില്ലെങ്കിലും അവരുടെ ജീവിതസാഹചര്യങ്ങളെ ദുര്‍ബലപ്പെടുത്താതെ ഇരിക്കണം. പക്ഷേ കഴിഞ്ഞ നാലുകൊല്ലത്തെ മോദിഭരണം ഇന്ത്യയുടെ മുപ്പതുശതമാനത്തോളം വരുന്ന പട്ടിണിക്കാരുടെ ജീവിതം ദുരിതപൂര്‍ണമാക്കിയെന്ന വെളിപ്പെടുത്തലാണ് അവര്‍ തന്നെ തിരഞ്ഞെടുപ്പിന്റെ വൈകിയവേളയില്‍ സമ്മതിച്ചിരിക്കുന്നത്.

ഇതിനെല്ലാം പരിഹാരം രാജ്യത്ത് തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തുന്നതാണെന്ന വിതണ്ഡവാദമാണ് സര്‍ക്കാര്‍ പക്ഷേ മുന്നോട്ടുവെച്ചിരിക്കുന്നത്. തുടര്‍ച്ചയായ തിരഞ്ഞെടുപ്പുകള്‍ രാജ്യത്തിന്റെ പണവും മാനവശേഷിയും ചോര്‍ത്തിക്കളയുന്നുവെന്നാണ് മോദിയുടെ നാവായി രാഷ്ട്രപതി രാംനാഥ്‌കോവിന്ദ് പരിതപിക്കുന്നത്. രാജ്യത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ഒറ്റമൂലിയായാണ് ഒറ്റതിരഞ്ഞെടുപ്പിനെ ഇവര്‍ മുന്നോട്ടുവെക്കുന്നത് എന്നത് വലിയ വിരോധാഭാസമെന്നേ പറയേണ്ടതുള്ളൂ. നോട്ടുനിരോധനവും ചരക്കുസേവനനികുതിയും കൊണ്ട് മുരടിച്ച രാജ്യത്തെ വളര്‍ച്ചാനിരക്ക് അടുത്തവര്‍ഷം 6.7ല്‍ നിന്ന് 7.5 ആയി ഉയരുമെന്ന കണക്കുകൂട്ടലിലെ മിഥ്യാബോധം പോലെതന്നെയാണിതും. കണ്ണില്‍പൊടിയിടുന്ന ബജറ്റവതരണം പോലെ 2019ല പൊതുതിരഞ്ഞെടുപ്പിനുള്ള മുന്‍കൂര്‍ജാമ്യമായി വേണം ഇവയെയൊക്കെ കണക്കാക്കാന്‍.

chandrika: