X
    Categories: Views

മധ്യപ്രദേശിലെ മറ്റൊരു ‘യോഗി’

മധ്യപ്രദേശില്‍ അഞ്ച് തീവ്ര ഹിന്ദു സന്യാസിമാരെ സഹമന്ത്രിക്ക് തുല്യമായ പദവി നല്‍കി അധികാരക്കസേരകളില്‍ പ്രതിഷ്ഠിച്ചിരിക്കുകയാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. നിലവിലെ മന്ത്രിസഭക്ക് ആള്‍ബലക്കുറവ് കാരണമോ പ്രാദേശികത്വ, ജാതി സമവാക്യങ്ങളുടെ പരിഗണനയുടെ പേരിലോ അല്ല അഞ്ച് ‘പരമ പുണ്യാത്മാക്കളെ’ അധികാരത്തിന്റെ ശീതളമയിലേക്ക് ആനയിച്ചിരിക്കുന്നത്. ഈ വര്‍ഷാവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തീവ്ര ഹൈന്ദവ പ്രീണനത്തിന്റെ ‘യോഗി’ സ്റ്റൈല്‍ പരീക്ഷിക്കുകയാണ് ശിവരാജ് സിങ്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശങ്ങളെ മുന്നില്‍ കണ്ട് കടലാസ് കമ്മിറ്റികളില്‍ തിരുകിക്കയറ്റിയാണ് ഈ കാഷായ ഭിക്ഷുക്കള്‍ക്ക് സഹമന്ത്രിപദം ഒപ്പിച്ചുകൊടുത്തത്. ജലസംരക്ഷണം, നര്‍മദ തീരത്തെ വനവത്കരണം, നദീ ശുചീകരണം എന്നീ വിഷയങ്ങളിലെ പ്രത്യേക കമ്മിറ്റികളില്‍ അംഗങ്ങളാക്കിയായിരുന്നു ആദ്യ നിയമനം. സഹമന്ത്രിമാര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്ന തരത്തിലാണ് ഇവരെ സര്‍ക്കാര്‍ ഭാഗമാക്കിയത്. ബാബാ നര്‍മാനന്ദ് മഹാരാജ്, ഹരിഹരാനന്ദ് മഹാരാജ്, ഭയ്യൂജി മഹാരാജ്, പണ്ഡിറ്റ് യോഗേന്ദ്ര മഹന്ദ്, കമ്പ്യൂട്ടര്‍ ബാബ എന്നീ സന്യാസിമാരാണ് ഇനി മധ്യപ്രദേശില്‍ സഹമന്ത്രിമാരായി വിലസുക.

കമ്പ്യൂട്ടറിന് തുല്യമായ ബുദ്ധിയെന്ന് സ്വയം വിശേഷിപ്പിക്കുന്നയാളാണ് സ്വാമി നാംദേവ് ത്യാഗിയെന്ന കമ്പ്യൂട്ടര്‍ ബാബ. പല പ്രസ്താവനകളിലൂടെയും അവകാശവാദങ്ങളിലൂടെയും ഇയാള്‍ മധ്യപ്രദേശിലെ വിവാദ നായകനാണ്. കമ്പ്യൂട്ടറിനെ വെല്ലുന്ന ബുദ്ധിയും ഓര്‍മശക്തിയും തനിക്കുണ്ടെന്ന് അവകാശപ്പെട്ടതിനാലാണ് ‘കമ്പ്യൂട്ടര്‍ ബാബ’യായി അറിയപ്പെട്ടത്. എന്നാല്‍ അദ്ദേഹത്തിന്റെ ബുദ്ധിയും ഓര്‍മശക്തിയുമല്ല, കമ്പ്യൂട്ടറും ലാപ്‌ടോപ്പും ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ ‘ഗാഡ്ജറ്റ്’ പ്രിയമാണ് ഈ പേരിന് പിന്നിലെന്നതാണ് വാസ്തവം. എല്ലാ ആധുനിക സാങ്കേതിക വിദ്യകളുമായും കൂടുതല്‍ അടുത്തിടപഴകുന്ന സന്യാസിയാണ് കമ്പ്യൂട്ടര്‍ ബാബ.

ഏത് സമയവും അത്യാധുനിക മൊബൈല്‍ ഫോണും ലാപ്‌ടോപ്പും ബാബയുടെ കൈകളിലുണ്ടാകും. കുംഭമേളയ്ക്കിടെ ഹെലികോപ്റ്ററില്‍ നര്‍മദ നദിയില്‍ വന്നിറങ്ങാന്‍ തന്നെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് 2013ല്‍ ഈ ഹൈടെക് സന്യാസി വാര്‍ത്തകളില്‍ ഇടം നേടിയത്. ഏപ്രില്‍ ഒന്നു മുതല്‍ നര്‍മദ ഘൊട്ടാല രഥയാത്രയ്ക്ക് ആഹ്വാനം ചെയ്ത ബാബയെ പേടിച്ചാണ് സഹമന്ത്രിപദം വച്ചുനീട്ടിയതെന്നാണ് വിലയിരുത്തല്‍. യോഗേന്ദ്ര മഹന്ദുമായി ചേര്‍ന്ന് ഏപ്രില്‍ ഒന്നു മുതല്‍ മെയ് 15 വരെ മധ്യപ്രദേശിലെ എല്ലാ ജില്ലകളിലും രഥയാത്ര നടത്തുമെന്നായിരുന്നു ബാബയുടെ പ്രഖ്യാപനം. നര്‍മദ നദിയിലെ അനധികൃത മണല്‍ ഖനനത്തിന് എതിരെയും വൃക്ഷത്തൈ നടീലിലെ അഴിമതിക്കെതിരെയുമായിരുന്നു രഥയാത്ര പ്രഖ്യാപിച്ചിരുന്നത്. ഇതിന് സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരണവും ലഭിച്ചു. മധ്യപ്രദേശിലെ യുവാക്കളടക്കം ബാബയെ പിന്തുണച്ച് രംഗത്തെത്തി. ഈ സാഹചര്യത്തിലാണ് നര്‍മദ നദീ സംരക്ഷണ കമ്മിറ്റിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇയാളെ ഉള്‍പ്പെടുത്തിയത്. ഇതിനു പിന്നാലെ ബാബയടക്കമുള്ള അഞ്ച് മത നേതാക്കള്‍ക്ക് സഹമന്ത്രി പദവി പ്രഖ്യാപിക്കുകയും ചെയ്തു. രഥയാത്ര പിന്‍വലിച്ച് ബാബ ബി.ജെ.പിയെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റുകയും ചെയ്തു. നര്‍മദ നദീ സംരക്ഷണത്തിന് സര്‍ക്കാര്‍ കമ്മിറ്റി രൂപീകരിച്ചെന്നും ആവശ്യങ്ങള്‍ അംഗീകരിച്ചെന്നും വ്യക്തമാക്കിയാണ് രഥയാത്ര പിന്‍വലിച്ചത്. ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ പിന്നെന്തിന് രഥയാത്ര? എന്നതായിരുന്നു ബാബയുടെ ചോദ്യം. സര്‍ക്കാറിനെതിരെയുള്ള പ്രക്ഷോഭം മയപ്പെടുത്താന്‍ വേണ്ടിയാണ് ബി.ജെ.പി അഞ്ച് സന്യാസിമാര്‍ക്കും മന്ത്രിപദവി നല്‍കിയിരിക്കുന്നതെന്ന് വ്യക്തം.

അത്യാധുനിക വാഹനങ്ങളില്‍ അനുയായികള്‍ക്കൊപ്പം യാത്ര ചെയ്ത് റിസോര്‍ട്ടുകളില്‍ സമയം ചെലവിടുന്ന ‘ലക്ഷ്വറി’ സ്വാമിയാണ് ഭയ്യൂജി മഹാരാജ്. ഉദയ്‌സിങ് ദേശ്മുഖ് എന്ന പേരില്‍ ‘മോഡല്‍’ ആയി വേഷം കെട്ടിയിരുന്നു ഭയ്യൂജി. മറ്റുള്ളവരും ഇതുപോലെ ഒന്നിനൊന്ന് ‘മികച്ച’ സസ്യാസിമാരാണ്. ലൗകിക സുഖസൗകര്യങ്ങളില്‍ അഭിരമിക്കാതെ ആത്മീയാനുഭൂതിയില്‍ ആറാടുന്ന അത്യുന്നത സന്യാസികളല്ലെന്നര്‍ത്ഥം. നര്‍മദാ നദീ തീരത്തെ മരം നടീല്‍ അഴിമതിയുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിനു മുമ്പില്‍ ധര്‍ണ നടത്തുമെന്ന സന്യാസിമാരുടെ നീക്കത്തിന് തടയിടാനാണ് സര്‍ക്കാര്‍ സഹമന്ത്രി പദവി നല്‍കിയതെങ്കിലും കൃത്യമായ രാഷ്ട്രീയ ലക്ഷ്യം ഇതിനു പിന്നിലുണ്ടെന്ന് വ്യക്തമാണ്.
ബി.ജെ.പിയും ആര്‍. എസ്.എസും സന്യാസികളെ നിക്ഷിപ്ത താത്പര്യത്തിന് ഉപയോഗിച്ച് ചൂഷണം ചെയ്യുകയാണെന്ന് 2015ല്‍ കമ്പ്യൂട്ടര്‍ ബാബ നടത്തിയ പ്രസ്താവന ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്. ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ ഗിമ്മിക്കാണ് ഇതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചത് ഇതിന്റെ അടിസ്ഥാനത്തിലാണ്. ബാബമാരെ മുതലെടുപ്പ് രാഷ്ട്രീയത്തിന്റെ കളിപ്പാവകളാക്കുകയാണ് ബി.ജെ.പി സര്‍ക്കാര്‍. ഇവര്‍ക്കുമേല്‍ കളങ്കമായി നില്‍ക്കുന്ന കള്ളങ്ങളും കുറ്റങ്ങളും കഴുകിക്കളയാനുള്ള മുഖ്യമന്ത്രിയുടെ കൗശലമാണിത്. നര്‍മദാ സംരക്ഷണമല്ല ഇപ്പോള്‍ ശിവരാജ് സിങ് ചൗഹാന് മുന്നിലെ പ്രധാന ലക്ഷ്യം. ഒരു വര്‍ഷംകൂടി ഭീഷണിയില്ലാതെ മന്ത്രിസഭയെ മുന്നോട്ടു കൊണ്ടുപോവുകയും ഹിന്ദുത്വ പ്രീണനത്തിന്റെ ബ്രാന്റ് അംബാസിഡര്‍മാരായി ഈ അഞ്ച് സന്യാസിമാരെ അടുത്ത തെരഞ്ഞെടുപ്പില്‍ ആനയിക്കുകയും ചെയ്യുകയാണ് ശിവരാജ് സിങ്ങിന്റെ തന്ത്രം. നാലാമതും മുഖ്യമന്ത്രി കസേരക്ക് ഭീഷണിയില്ലാത്ത വിധം തന്റെ രാഷ്ട്രീയ ഭാവിയെ സുരക്ഷിതമാക്കുകയും ചെയ്യാം.

ഉത്തര്‍ പ്രദേശില്‍ സ്വാമിമാരെയും സന്യാസിമാരെയും പ്രധാന ചുമതലകളില്‍ കുടിയിരുത്തി വര്‍ഗീയ കുടില തന്ത്രം പ്രയോഗവത്കരിക്കുന്ന യോഗിക്ക് പഠിക്കുകയാണ് മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന്‍. ഈ അപകടം തിരിച്ചറിയാന്‍ അവിടത്തെ മതേതര ബോധത്തിന് സാധ്യമായിട്ടില്ലെങ്കില്‍ ജനാധിപത്യത്തിന്റെ മധ്യക്കല്ല് മുറിഞ്ഞു വീഴുമെന്നുറപ്പ്.

chandrika: