വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കടുവാസമ്പത്തില്‍ ബംഗാള്‍ കടുവക്ക് സവിശേഷ സ്ഥാനമാണുള്ളത്. ലോക കമ്യൂണിസ്റ്റ് ഇരുമ്പുമറയെ തച്ചുടച്ചതുപോലെ, മൂന്നര പതിറ്റാണ്ടിന്റെ ബംഗാള്‍ ഇടതുഭരണത്തെ കടിച്ചുവിഴുങ്ങിയ ഒരു കടുവ പശ്ചിമ ബംഗാളിലുണ്ട്. രക്തമാണ് ബംഗാള്‍ ദേവതയായ കാളിയുടെ ഇഷ്ടാര്‍ച്ചന. ആ ചുടുചോര യഥേഷ്ടം ഇനിയും ഈ അറുപത്തിനാലുകാരിയിലുണ്ട്. ആവശ്യത്തിനും അനാവശ്യത്തിനും അത് പുറത്തെടുത്തെന്നിരിക്കും. മുഖ്യമന്ത്രിക്കസേരയില്‍നിന്നിറങ്ങി തെരുവിലും. മക്കളുടെയും പേരക്കുട്ടികളുടെയും മേദസ്സില്ലാത്തതിനാല്‍ നാടേ ശരണം. ടാഗോറിന്റെയും സുഭാഷ്‌ബോസിന്റെയും ബംഗാള്‍ ഇന്ന് ആരുടേതാണെന്ന് ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേ ഉള്ളൂ- ദീദിയുടെ. അഥവാ തീപ്പൊരി നേതാവ് മുഖ്യമന്ത്രി മമതാബാനര്‍ജിയുടെ. കമ്യൂണിസ്റ്റുകളോടാവാമെങ്കില്‍ വെറും അഞ്ചു കൊല്ലത്തെ നരേന്ദ്ര മോദി ഭരണത്തെ പിടിച്ചുകെട്ടലോ. ഹേയ്, ബലേബേഷു!
രാഷ്ട്രീയം സേവനത്തിന്റെ മാത്രമല്ല, അവസരങ്ങളുടെയും കലയാണ്. ഫെബ്രുവരി മൂന്നിന് വൈകീട്ട് ആറു മണിക്കാണ് കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ്കുമാറിന്റെ വസതിയിലേക്ക് നാല്‍പതോളം സി.ബി.ഐ ഉദ്യോഗസ്ഥര്‍ ഇരച്ചുകയറിവന്നത്. ചോറ്റുകള്ളനെ പിടിക്കാനനെന്നപോലെ വിവരമറിയിക്കാതെയായിരുന്നു വരവ്. കളി മമതയുടെ മൂക്കിന്‍ തുമ്പത്ത്. തെറ്റുപറ്റീ മോദീ. രാജ്യം കണ്ടത് ജനാധിപത്യത്തിനും ഫെഡറലിസത്തിനും നേരെയുള്ള മണിക്കൂറുകള്‍ നീണ്ട രാഷ്ട്രീയം. ശാരദാചിട്ടി, റോസ്‌വാലി തുടങ്ങിയ കേസുകള്‍ അന്വേഷിക്കുന്ന സി.ബി.ഐക്ക് കഴിഞ്ഞ നാലേമുക്കാല്‍ കൊല്ലവും തോന്നാത്ത ചൊരുക്ക് ഇപ്പോള്‍ തോന്നിയതിന്റെ ഗുട്ടന്‍സ് ആ ഇരുട്ടിലും വ്യക്തം. മമതയുടെ ഉന്നതതല പൊലീസ് സംഘം സി.ബി.ഐ ഉദ്യോഗസ്ഥരെ മല്‍പിടിത്തത്തിലൂടെ പിടിച്ച് വണ്ടിയിലിടുന്നു. അര മണിക്കൂറിനകം മുഖ്യമന്ത്രി കമ്മീഷണറുടെ വസതിയിലെത്തുന്നു. പ്രധാനമന്ത്രിക്കെതിരെ നീണ്ട പ്രസംഗവും രാത്രി അവിടെത്തന്നെ അനിശ്ചിതകാല ധര്‍ണയും. കമ്മീഷണറെ അറസ്റ്റുചെയ്യുന്നത് നീതിയുടെ ലംഘനമാണെന്നും രാജീവ് ലോകം കണ്ട കറപുരളാത്ത ഓഫീസറാണെന്നും മമത. വെള്ള സാരിയില്‍ ആടയാഭരണങ്ങളില്ലാത്ത ആ അഞ്ചടി ശരീരത്തില്‍നിന്ന് ഉയര്‍ന്ന വാക്കുകള്‍ എട്ടു കൊല്ലം മുമ്പ് സിംഗൂരിലും നന്ദിഗ്രാമിലും കേട്ട ദീദിയുടെ സ്വരമായിരുന്നു. സി.ബി.ഐ ഡയറക്ടറെ മാറ്റിയ പ്രധാനമന്ത്രിയില്‍നിന്ന് ഈ റെയ്ഡിലും അറസ്റ്റിലും മറ്റൊന്നും പ്രതീക്ഷിക്കേണ്ടല്ലോ. പക്ഷേ പിറ്റേന്ന് സുപ്രീംകോടതികൂടി അറസ്റ്റുവേണ്ടെന്ന് കല്‍പിച്ചതോടെ ദീദി വിജയിച്ചു.
മരുന്നുവാങ്ങാന്‍ കാശില്ലാതെയാണ് വളര്‍ന്നത്. ചെറുപ്രായത്തില്‍തന്നെ പിതാവ് മരിച്ചത്. അന്നുതുടങ്ങിയ പോരാട്ടം. ശാരദ അല്ല ഏത് അഴിമതിച്ചീട്ട് മോദിയിറക്കിയാലും ഓടിനടന്നും വായടിച്ചും കരിച്ചുകളയും. പണത്തിനും പൊന്നിനുമൊന്നും ഇടമില്ല. പക്ഷേ 1.8 കോടി രൂപക്ക് താന്‍ വരച്ച പെയിന്റിങ് ശാരദ ചിട്ടി മുതലാളിക്ക് വിറ്റെന്ന വാര്‍ത്ത പ്രൊഫൈലില്‍ കിടപ്പുണ്ട്. അത് കലയല്ലേ എന്നാകും. വരയ്ക്കുപുറമെ രണ്ട് പുസ്തകങ്ങളുടെയും കര്‍ത്താവാണ്. ജീവചരിത്രത്തിനും നല്ല വായനക്കാരുണ്ട്. തന്റെ മന്ത്രിമാരായിരുന്നവരും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും ചിട്ടി കേസില്‍ പണമുണ്ടാക്കിയെന്നത് സമ്മതിക്കുന്നുണ്ട് വലംകൈയായ മുകുള്‍റോയിയെ സി.ബി.ഐക്ക് പിടിക്കാന്‍ സമ്മതിച്ചതിലൂടെ മമത. അഴിമതിയോട് ഒട്ടും മമതയില്ല. സി.പി.എം സര്‍ക്കാര്‍ കര്‍ഷക ഭൂമി പിടിച്ചെടുത്ത് റാറ്റക്ക് നല്‍കിയപ്പോള്‍ മമത കാട്ടിയ വീറിലൂടെ സംസ്ഥാനത്തെ ആദ്യ വനിതാമുഖ്യമന്ത്രിയായി. അതിനുമുമ്പ് നരസിംഹറാവു, എ.ബി. വാജ്‌പേയി കേന്ദ്രമന്ത്രിസഭകളില്‍ റെയില്‍വെ, കായികം വകുപ്പുകള്‍ ഭരിച്ചു. ബി.ജെ.പിയോടും കോണ്‍ഗ്രസിനോടും തക്കംപോലെ സഖ്യംകൂടി. 1998ന് മുമ്പുള്ള കോണ്‍ഗ്രസുകാരിയില്‍ ഇന്നും ദേശീയരക്തം ശേഷിക്കുന്നതിന് തെളിവാണ് കറ പുരളാത്ത മതേതരത്വ ബോധവും പാര്‍ട്ടിയുടെ പേരിലെ കോണ്‍ഗ്രസും പതാകയിലെയും സാരിയിലെയും ത്രിവര്‍ണവും. അമിത്ഷാക്കും യോഗി നാഥിനുമൊക്കെ സംസ്ഥാനത്ത് ഹെലികോപ്റ്ററിറങ്ങാന്‍ പറ്റാതാക്കിയതും ആ ചരിത്രബോധം.
ദക്ഷിണ കൊല്‍ക്കത്തയിലെ ചെറിയ കുടിലില്‍ ദാരിദ്ര്യം ഭക്ഷിച്ചാണ് വളര്‍ന്നതെങ്കിലും ഇസ്‌ലാമിക ചരിത്രത്തിലടക്കം ബിരുദ ബിരുദാന്തര ബിരുദങ്ങള്‍ നേടി. നിയമ ബിരുദവുമെടുത്തു. ഓണററി ഡോക്ടറുമായി. പക്ഷേ അതിലൊക്കെ വലുതാണ് നൂറ് വനിതകളിലൊരാളായി ലോക പട്ടികയിലിടം കിട്ടിയത്. ഇടതുപക്ഷത്തെയും ബി.ജെ.പിയെയും നേരിട്ട് 40 സീറ്റില്‍ നിലവിലെ മുപ്പത്തിനാലെങ്കിലും നേടണം. കോണ്‍ഗ്രസുമായും നായിഡുവുമായും ചന്ദ്രശേഖരറാവുവുമായും കെജ്‌രിവാളുമൊക്കെയായി ചര്‍ച്ചനടക്കുന്നു. നിര്‍ബന്ധിച്ചാല്‍ ആ മോഹവും നടക്കും. പക്ഷേ തലവര സ്വയം വരക്കാന്‍ പറ്റില്ലല്ലോ !
- 6 years ago
ചന്ദ്രിക വെബ് ഡെസ്‌ക്
Categories:
Video Stories
പെണ്‍കടുവ
Tags: mamata banerjee
Related Post