X
    Categories: Video Stories

എം പാനലുകാരുടെ കണ്ണ് തുടയ്ക്കണം

കെ.എസ്.ആര്‍.ടിസിയിലെ എംപാനല്‍ഡ് (താല്‍കാലിക) കണ്ടക്ടര്‍മാരെ ഒറ്റയടിക്ക് കൂട്ടത്തോടെ പിരിച്ചുവിട്ടിട്ട് മാസം രണ്ടാകുമ്പോഴും അവരുടെ വരുമാനത്തെയും കുടുംബത്തെയും ജീവിതത്തെയുംകുറിച്ച് ലവലേശം ഉത്തരവാദിത്തമില്ലെന്നുവരുന്നത് സാംസ്‌കാരിക കേരളം തീര്‍ത്തും ലജ്ജിക്കേണ്ട വിഷയമാണ്. തങ്ങളുടേതല്ലാത്ത കുറ്റത്തിന് ശിക്ഷ ഏറ്റുവാങ്ങേണ്ടിവന്ന ഒരുപറ്റം പച്ച മനുഷ്യരുടെ ഭാവിയെക്കുറിച്ച് തീര്‍ച്ചയായും കേരളം ഉണര്‍ന്നുചിന്തിച്ചേ മതിയാകൂ. ഒരു സര്‍ക്കാരിനെ അമിതമായി വിശ്വസിച്ചുവെന്ന തെറ്റു മാത്രമാണ് അവര്‍ ചെയ്തത്. തൊഴിലാളി വര്‍ഗ പാര്‍ട്ടികള്‍ ഭരിക്കുന്നുവെന്ന് അവകാശപ്പെടുന്ന പുരോഗമനകേരളത്തില്‍ എംപാനല്‍ഡ് കണ്ടക്ടര്‍മാര്‍, അവരില്‍ കുടുംബിനികളും പെടും, തങ്ങളുടെ വരുമാനം തിരിച്ചുതരണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനുചുറ്റും വഴിയോരത്തും പാതയിലുമായി രാപ്പകലില്ലാതെ കിടന്നും ഉരുണ്ടും നടത്തിവരുന്ന പ്രതിഷേധം കേരളം അടുത്തകാലത്തൊന്നും കണ്ടിട്ടില്ലാത്ത സങ്കടകാഴ്ചയാണ്. സ്വകാര്യ ആസ്പത്രികളിലെ നഴ്‌സുമാരാണ് സമാനമായ രീതിയില്‍ ഇതിനുമുമ്പ് തെരുവിലിറങ്ങിയത്. അത് സ്വകാര്യ മേഖലയാണെങ്കില്‍ ഇത് സര്‍ക്കാരിന്റെ നേരിട്ടുള്ള ഉത്തരവാദിത്തമാണ്. സമരത്തിന്റെ രൂക്ഷതയേക്കാള്‍ നമ്മുടെ സഹോദരങ്ങളുടെയും അവരുടെ പിഞ്ചുകുട്ടികളടങ്ങുന്ന കുടുംബങ്ങളുടെയും ജീവിതത്തെയും ജീവനെയും കരുതി കെ.എസ്. ആര്‍.ടി.സിയും സര്‍ക്കാരും വിഷയത്തില്‍ അടിയന്തിരമായി തീരുമാനമെടുക്കുകയാണ് വേണ്ടത്.
ഒഴിവുകള്‍ പ്രസിദ്ധപ്പെടുത്തി പി.എസ്.സി നടത്തിയ എഴുത്തുപരീക്ഷയില്‍ വിജയിച്ച ഉദ്യോഗാര്‍ത്ഥികളെ നിയമാനുസൃതം നിയമിക്കേണ്ട ബാധ്യത ഉണ്ടായിരുന്ന കെ.എസ്.ആര്‍.ടി.സി അധികൃതര്‍ സമയത്ത് അത് നിര്‍വഹിക്കാതെ കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ നടത്തിയ കള്ളക്കളിയാണ് ഇത്തരമൊരു ദുരവസ്ഥയിലേക്ക് വഴിവെച്ചത്. ഹൈക്കോടതിയില്‍ ഉദ്യോഗാര്‍ത്ഥികള്‍ കേസുമായി ചെന്നപ്പോള്‍ നിയമവശങ്ങള്‍ പരിശോധിച്ച കോടതി സ്വാഭാവികമായും ഉപദേശ അറിയിപ്പ് ലഭിച്ച ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതനുസരിച്ച് കോടതി ഉത്തരവ് പാലിക്കാന്‍ തയ്യാറാകാതെ തങ്ങളുടെ പരാധീനതകള്‍ വിളമ്പുകയായിരുന്നു കെ.എസ്.ആര്‍.ടി.സി അധികൃതര്‍. ഉദ്യോഗാര്‍ത്ഥികളെ നിയമിച്ചാല്‍ ശമ്പളം കൊടുക്കാന്‍ കാശില്ലെന്നായിരുന്നു അധികൃതരുടെ തൊടുന്യായം. എന്നാല്‍ എംപാനലുകാരെ പിരിച്ചുവിട്ട ശേഷം പി.എസ്.സി റാങ്ക് പട്ടികയിലുള്ളവരെ നിയമിക്കൂവെന്ന് കോടതി പകരം ഉത്തരവിട്ടു. ഇതനുസരിച്ചാണ് കെ.എസ്.ആര്‍.ടി.സി നില്‍ക്കക്കള്ളിയില്ലാതെ ഉത്തരവ് നടപ്പാക്കാന്‍ തയ്യാറായത്.
എന്നാല്‍ പത്തു വര്‍ഷവും അതില്‍ കൂടുതലുമായി കണ്ടക്ടര്‍ സേവനമനുഷ്ഠിച്ചുവന്നിരുന്ന എംപാനല്‍ഡുകാരുടെ വിഷമം നിവര്‍ത്തിക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. പകരം കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയറക്ടറെ പരസ്യമായി കുറ്റംപറഞ്ഞും വെല്ലുവിളിച്ചും ജനങ്ങളെയും എംപാനലുകാരെയും പറ്റിക്കാനാണ് സര്‍ക്കാര്‍ സമയം കണ്ടെത്തിയത്. ഇതിനായി ട്രേഡ് യൂണിയന്‍ നേതാക്കളെ കയറൂരി വിടാനും സി.പി.എം തയ്യാറായി. ഗതാഗതവകുപ്പ് ഭരിക്കുന്നത് എന്‍.സി.പിയാണെന്ന തക്കത്തിലായിരുന്നു ഇതെല്ലാം. എം.ഡി ടോമിന്‍ തച്ചങ്കരിയെ വെച്ചതും ഒടുവില്‍ കെടുകാര്യസ്ഥത പറഞ്ഞ് മാറ്റിയതും ഇതേ സര്‍ക്കാരാണ് എന്നത് സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വത്തെയും പിടിപ്പുകേടിനെയുമാണ് തുറന്നുകാട്ടിയത്. ഈ ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് റെക്കോര്‍ഡ് ലാഭമുണ്ടാക്കിയ എം.ഡിയെ ആ റിപ്പോര്‍ട്ടെഴുതി രായ്ക്കുരാമാനം തട്ടിത്തെറിപ്പിച്ചത് പിണറായി സര്‍ക്കാരിന്റെ ഭരണ പരാജയമാണ് സത്യത്തില്‍ തുറന്നുകാട്ടിയത്. ഇപ്പോള്‍ ഫലത്തില്‍ സംഭവിച്ചിരിക്കുന്നത് കെ.എസ്.ആര്‍.ടി.സിയിലെ പഴയകാല ട്രേഡ് യൂണിയന്‍ ഭരണമാണ്. ഇവരാണ് ഈ സ്ഥാപനത്തെ ഇപ്പരുവത്തിലെത്തിച്ചത് എന്നത് ജനങ്ങള്‍ മറക്കാനിടയില്ല.
2018 ഡിസംബര്‍ ആറിലെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവനുസരിച്ച് ആദ്യം പാലിക്കാതിരുന്ന അധികൃതര്‍ കര്‍ശന താക്കീതിനെതുടര്‍ന്നാണ് ഡിസംബര്‍ 17ന് 3861 എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടുന്നത്. ടിക്കറ്റ് റാക്കും കാഷ് ബാഗും തിരിച്ചേല്‍പിച്ച് നീലക്കുപ്പായവുമായി മടങ്ങുമ്പോള്‍ അവരില്‍ പലരുടെയും കണ്ണില്‍ കട്ടപിടിച്ച ഇരുട്ടായിരുന്നു. പകരം നിയമിച്ചത് നാലായിരത്തിലധികം സ്ഥിരം കണ്ടക്ടര്‍മാരെയും. എന്നിട്ടും പല യാത്രാസര്‍വീസുകളും വെട്ടിക്കുറക്കുകയാണ്. സ്ഥിരം ജോലിക്കാരെക്കാള്‍ കൂടുതല്‍ സമയവും വേതനവും നോക്കാതെ ജോലിയെടുത്തവരായിരുന്നു എംപാനലുകാരെന്നതാണ് കാരണം. പത്തു വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസുള്ള എംപാനലുകാരെ തിരിച്ചെടുക്കണമെന്ന ന്യായമായ ആവശ്യമാണ് സമരക്കാര്‍ ഉന്നയിക്കുന്നത്. ജീവിത യൗവനകാലത്തിന്റെ നല്ലൊരുപങ്കും കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടി ചെലഴിച്ച ഇവര്‍ക്ക് മറ്റൊരു ജോലി കണ്ടെത്താന്‍ ഇനി കഴിയില്ലെന്നിരിക്കെ താല്‍ക്കാലികാടിസ്ഥാനത്തില്‍ കൂടുതല്‍ സേവനം ഉള്ളവരെയെങ്കിലും തിരിച്ചെടുക്കണമെന്ന ഇവരുടെ ആവശ്യം തികച്ചും ന്യായയുക്തമാണ്. കുട്ടികളുമായി സ്ത്രീകളടക്കം രാപ്പകലെന്യേ തെരുവില്‍ സമരത്തിനിറങ്ങാന്‍ നിര്‍ബന്ധിതമായിരിക്കുന്നത് തങ്ങളുടെ ഗതികേടുകൊണ്ടല്ലാതെയാവാന്‍ തരമില്ല. പലരുടെയും കണ്ണീര്‍തുള്ളികള്‍ ഇവരുടെ മീറ്ററുകള്‍ക്കപ്പുറത്ത് ശീതീകൃത മുറികളില്‍ ജനങ്ങളുടെ അധ്വാനഫലം ഉണ്ടുറങ്ങുന്ന അധികാരികള്‍ തിരിച്ചറിഞ്ഞേ തീരൂ. അല്ലെങ്കില്‍ കേരളത്തിലെ പുരോഗമന ജനത ഈ ചതിക്ക് മാപ്പുനല്‍കില്ല. നേതാക്കളില്‍ പലരും സംസാരിക്കുന്നത് ആത്മഹത്യയെക്കുറിച്ചാലോചിക്കുന്ന എംപാനലുകാരുടെ കുടുംബങ്ങളെക്കുറിച്ചാണ്. ഇടുക്കിയില്‍ ഒന്നര മാസത്തിനിടെ അഞ്ചു കര്‍ഷകര്‍ സ്വയം മരണത്തെ പുല്‍കിയിട്ടും അരയിഞ്ച് അനങ്ങാത്തവര്‍ തങ്ങളുടെ മൂക്കിനുമുമ്പിലെ രോദനം കേള്‍ക്കാനുള്ള കേള്‍വിശേഷിയെങ്കിലും പ്രകടിപ്പിക്കണം. പ്രശ്‌നം കോടതിയുടെ തലയില്‍വെച്ച് ഒളിച്ചോടാതെ സമരക്കാരുമായി ചര്‍ച്ച നടത്തി എത്രയും പെട്ടെന്ന് നിയമവശംതേടി ഈ പരാധീനരെ സഹായിക്കുകയാണ് ജനകീയ സര്‍ക്കാരിന്റെ സാമാന്യമായ ഉത്തരവാദിത്തം. വിശപ്പ് സംഘടിതതൊഴിലാളിയുടെമാത്രം വികാരമല്ലെന്ന് കമ്യൂണിസ്റ്റുകാര്‍ തിരിച്ചറിയണം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: