X
    Categories: Video Stories

ജനകീയ കോടതിയുടെ മുന്നില്‍ ഉത്തരം പറയണം

‘ഇത് തുറന്നുവിട്ട് വാര്‍ത്തയെല്ലാമുണ്ടാക്കി നിങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍മാത്രം പോരല്ലോ. കറന്റില്ലാതെ വന്നാ, ഹയ്യോ വൈദ്യുതി കട്ടായി, കുഴപ്പ്വായി എന്ന് പറയേലേ. വൈദ്യുതി വേണോല്ലോ.’നൂറ്റാണ്ടുകണ്ട കൊടിയ ദുരന്തത്തിന് കേരളം ഇരയായതിന്റെ കാരണങ്ങളെക്കുറിച്ചുള്ള ആരോപണ പ്രത്യോരോപണങ്ങള്‍ക്കിടെ ഈ വാക്കുകള്‍ ഒരിക്കല്‍കൂടി ശ്രദ്ധിച്ചുകേള്‍ക്കുന്നത് ഉചിതമാകും. പ്രളയ ദുരന്തത്തിന് കാരണം അണക്കെട്ടുകള്‍ മുന്നറിയിപ്പില്ലാതെയും മതിയായ സുരക്ഷാ ഒരുക്കങ്ങളുമില്ലാതെയുമാണ് തുറന്നതെന്ന ആരോപണം ഒറ്റയടിക്ക് നിഷേധിക്കുന്ന സംസ്ഥാന സര്‍ക്കാരിനു നേര്‍ക്കുതന്നെ കൊഞ്ഞനംകുത്തുകയാണ് വൈദ്യുതി വകുപ്പുമന്ത്രിയുടെ മേല്‍വാക്കുകള്‍. ആഗസ്റ്റ് ഒന്‍പതിന് ഇടുക്കി ചെറുതോണി അണക്കെട്ട് തുറക്കുന്നതിന് തൊട്ടുമുമ്പായിരുന്നു അതേ ജില്ലക്കാരന്‍കൂടിയായ മന്ത്രി എം.എം മണിയുടെ മാധ്യമ പ്രവര്‍ത്തകരുടെ നേര്‍ക്കുള്ള പരിഹാസം. വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ മന്ത്രി മണിയെ സാക്ഷിനിര്‍ത്തി ഇത്രയും കൂടി പറഞ്ഞു: ഇടുക്കി അണക്കെട്ടിലെ വെള്ളം ഡാം നിറയാതെ തുറന്നുവിട്ടാല്‍ മണിക്കൂറൊന്നിന് പത്തു ലക്ഷം രൂപയുടെ വൈദ്യുതി നഷ്ടം ഉണ്ടാകും. ഇതുകേട്ട് അനുസരണയോടെ അടുത്തുനില്‍ക്കുന്ന മന്ത്രിയുടെ ചിത്രവും ദുരന്തത്തെ നിസ്സാരവല്‍കരിക്കാന്‍ പെടാപാടുപെടുന്ന ഭരണകക്ഷിക്കാര്‍ക്ക് ഭൂഷണമായിരിക്കാമെങ്കിലും ദുരിതക്കയത്തില്‍പെട്ട് കിടക്കുന്ന പതിനഞ്ചു ലക്ഷത്തോളം മലയാളികള്‍ക്ക് അത് ചിരിച്ചുതള്ളാവുന്ന ഒന്നല്ല. ചെറുതോണി അണക്കെട്ടും ഇടമലയാറും വയനാട്ടിലെ ബാണാസുരസാഗറും കക്കിയും പമ്പയും മലമ്പുഴയുമെല്ലാം മതിയായ ഒരുക്കങ്ങളില്ലാതെ തുറന്നുവിട്ടതാണ് കേരളത്തെ പ്രളയക്കെടുതിയിലാക്കിയതെന്ന ജനങ്ങളുടെ പരാതിക്ക് ഇതോടെ സാധൂകരണമാകുകയാണ്.
അണക്കെട്ടുകള്‍ തുറക്കുന്നതിന് മുമ്പ് മതിയായ പ്രോട്ടോകോള്‍ പാലിച്ചിരുന്നുവെന്നാണ് മുഖ്യമന്ത്രിയടക്കമുള്ളവര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ന്യായീകരണം. ഓറഞ്ച് അലര്‍ട്ട് , യെല്ലോ അലര്‍ട്ട്, റെഡ് അലര്‍ട്ട് എന്നിവ യഥാസമയം ജനങ്ങള്‍ക്ക് നല്‍കിയിരുന്നുവെന്നാണ് ഇക്കൂട്ടരുടെ ന്യായീകരണം. ചെറുതോണി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ജൂലൈ മുതല്‍ തന്നെ കനത്ത മഴയുണ്ടായിരുന്നതായി വാര്‍ത്തകള്‍ വരികയും ഡാം നിറയാന്‍ തുടങ്ങുകയും അത് സംഭവിച്ചാല്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍ വലുതായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തത് പ്രതിപക്ഷവും മാധ്യമങ്ങളുമായിരുന്നു. അന്ന് സര്‍ക്കാരുദ്യോഗസ്ഥരും മന്ത്രിമാരും പറഞ്ഞുകൊണ്ടിരുന്നത് ഉപഗ്രഹ മാപ്പിംഗ് വഴി ആയിരത്തോളം കുടുംബങ്ങളെ പെരിയാര്‍ തീരത്ത് കണ്ടെത്തിയിട്ടുണ്ടെന്നും അവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നുമായിരുന്നു. ചെറുതോണി അണക്കെട്ട് 2397 അടിയിലെത്തിയാല്‍ തുറന്നുവിടുമെന്നായിരുന്നു സര്‍ക്കാരിന്റെ അനൗദ്യോഗിക അറിയിപ്പ്. എന്നാല്‍ ആഗസ്റ്റ് ഒന്‍പതിന് ഇത് 2398 അടിയായപ്പോഴാണ് ഉച്ചയോടെ പൊടുന്നനെ തുറന്നത്. അപ്പോഴും രാവിലെ അടയ്ക്കാനാകുമെന്നായിരുന്നു കണക്കുകൂട്ടല്‍. വെള്ളം നഷ്ടപ്പെട്ടാല്‍ വൈദ്യുതി ഉല്‍പാദനം മുടങ്ങുമെന്ന ഉത്കണ്ഠയിലായിരുന്നു അപ്പോഴും കെ.എസ്.ഇ.ബി അധികൃതര്‍. എന്നാല്‍ രാവിലെയായപ്പോഴേക്കും മഴയുടെ ശക്തി വര്‍ധിക്കുകയും പിറ്റേന്നുമുതല്‍ സെക്കന്റില്‍ 500 ലക്ഷം എന്നത് പെട്ടെന്ന് 70 ലക്ഷം ലിറ്ററായി കൂട്ടേണ്ടിവരികയുമായിരുന്നു. ആഴ്ചകള്‍ ആലോചിച്ചിട്ടും സര്‍ക്കാരിന് പെരിയാര്‍ തീരത്തുണ്ടായേക്കാവുന്ന ദുരന്തത്തിന്റെ വ്യാപ്തിയെക്കുറിച്ച് ഒരു നിശ്ചയവുമില്ലായിരുന്നുവെന്നാണ് പിന്നീട് ഒരാഴ്ച നീണ്ടുനിന്ന മഴയും പ്രളയവും വ്യക്തമാക്കിയത്. ഇതിനിടെ ഇടമലയാര്‍ ഡാം തുറന്നുവിടേണ്ടിവന്നതും സര്‍ക്കാരിന്റെ ധാരണക്കുറവിന്റെ ഫലമായായിരുന്നു. പെരിയാറിലെ ജലം ചെറുതോണി പട്ടണത്തെയാകെ തകര്‍ത്തെറിഞ്ഞ് ഭൂതത്താന്‍കെട്ടിലൂടെ ആലുവയിലേക്കും അത് പറവൂര്‍, കൊടുങ്ങല്ലൂര്‍ മേഖലകളിലേക്കും കടുത്ത നാശം വിതച്ചെത്തുകയായിരുന്നു. പത്തനംതിട്ടയെയും കുട്ടനാട് മേഖലയെയും മുക്കിക്കളഞ്ഞതും ഈ അനവധാനത തന്നെയാണ്.
വയനാട്ടിലെ ബാണാസുര സാഗര്‍ ഡാം തുറന്നുവിട്ടതും ഇതേരീതിയിലല്ലെങ്കിലും അതിലും കടുത്ത മനുഷ്യത്വവിരുദ്ധ രീതിയിലായിരുന്നു. അവിടെ മുന്നറിയിപ്പ് പോലും നല്‍കിയത് തുറന്നുവിട്ട് എട്ടു മണിക്കൂര്‍ കഴിഞ്ഞാണ്. ജില്ലാഭരണകൂടത്തിന്റെ ഫെയ്‌സ് ബുക്ക്‌പോസ്റ്റില്‍ വെള്ളം തുറന്നുവിട്ടതായും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നുമായിരുന്നു മുന്നറിയിപ്പ്. ഡാം തുറന്നുവിട്ടതില്‍ വീഴ്ചയില്ലെന്ന് പറയുന്ന മുഖ്യമന്ത്രി ബാണാസുരയുടെ കാര്യത്തില്‍ പരിശോധിക്കുമെന്ന് പറയുന്ന മന്ത്രി മണിയുടെയും ചീഫ് സെക്രട്ടറിയുടെയും വാക്കുകളെ വിഴുങ്ങുകയല്ലേ ചെയ്തത്. വെള്ളം തുറന്നുവിടുമെന്ന മുന്നറിയിപ്പ് നല്‍കിയതല്ലാതെ മലമ്പുഴയുടെ കല്‍പാത്തി പുഴയോരങ്ങളില്‍ ജനങ്ങളെ വേണ്ടത്ര ജാഗ്രവത്താക്കുന്നതിനോ ദുരന്തത്തിന്റെ വ്യാപ്തി ബോധ്യപ്പെടുത്തുന്നതിനോ അധികൃതര്‍ക്ക് കഴിഞ്ഞില്ല. വൈദ്യുതി, റവന്യൂ, ജലവിഭവം വകുപ്പുകള്‍ തമ്മില്‍ ഒരുതരത്തിലുള്ള ഏകോപനവും ഇല്ലായിരുന്നുവെന്നതാണ് നേര്. ചെറുതോണിയുടെ കാര്യത്തില്‍ മന്ത്രിമാരായ മണിയും മാത്യു.ടി തോമസും തമ്മില്‍ ഭിന്നതയുണ്ടായതായും വാര്‍ത്തയുണ്ടായിരുന്നു. മണിക്കൂറിലെ പത്തു ലക്ഷത്തിനുവേണ്ടി ആര്‍ത്തികാട്ടിയ ഉന്നതര്‍ക്ക് നഷ്ടപ്പെട്ട കോടികളെക്കുറിച്ചിപ്പോള്‍ മിണ്ടാട്ടം മുട്ടിയോ? ആഗസ്റ്റ് പത്തു മുതലുള്ള ദിവസങ്ങളില്‍ ഒരുവിധ ഏകോപനവുമില്ലാതെയാണ് സേനാവിഭാഗങ്ങള്‍ക്ക് പോലും പ്രയത്‌നിക്കേണ്ടിവന്നത്. ജനങ്ങളുടെ അര്‍പ്പണ മനസ്സ് മാത്രമാണ് സത്യത്തില്‍ കേരളത്തിലെ പതിനായിരങ്ങളെ കരകയറ്റിയത്.ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള ചുമതലയാണ് അടിയന്തിരമായി ഓരോ ഭരണകൂടത്തിനുമേലും അര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ദുരന്തം കഴിഞ്ഞ് ഓടിയെത്തുന്നതും പ്രകൃതിയെയും പ്രതിപക്ഷത്തെയും പഴിച്ച് നല്ലപിള്ള ചമയുന്നതും പാവങ്ങളുടെ നികുതിപ്പണംകൊണ്ട് സുരക്ഷിത കേന്ദ്രങ്ങളിലെ സുഖശീതോഷ്മളതയില്‍ അന്തിയുറങ്ങുന്നതുമല്ല ഭരണം. ചങ്കും കരളുമൊക്കെ ജനങ്ങള്‍ക്കായി അര്‍പ്പിച്ചുവെന്ന ്‌മേനി നടിക്കുന്നവര്‍ ചെയ്യേണ്ട ഭരണഘടനാപരമായതും ധാര്‍മികവുമായ ഉത്തരവാദിത്തം മാത്രമാണ് പൗരന്മാരുടെ ജീവനെങ്കിലും അവര്‍ക്ക് നല്‍കുക എന്നത്. അതിനുകഴിയാതെ വന്നവര്‍ നാനൂറിലധികം നിരപരാധികളുടെ ജീവനും ഇരുപതിനായിരം കോടിയുടെ സ്വത്തുനാശത്തിനും രാജ്യത്തെ നിയമത്തിന്റെയും ജനകീയ കോടതിയുടെയും മുന്നില്‍ കാര്യകാരണം ഉത്തരം പറയേണ്ടതാണ്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: