അഭിനന്ദന്‍ വര്‍ധമാനെ വിട്ടയച്ചതോടെ ഇന്ത്യാ- പാക് സംഘര്‍ഷത്തിന് അയവു വന്നെങ്കിലും നിയന്ത്രണ രേഖയില്‍ പാക് സൈന്യം നടത്തുന്ന ആക്രമണത്തില്‍ നിരവധി ഗ്രാമീണരാണ് ദിനംപ്രതി കൊല്ലപ്പെടുന്നത്. ഒന്നുമറിയാതെ വീടുകളില്‍ കിടന്നുറങ്ങുന്ന കുട്ടികളും സ്ത്രീകളുമുള്‍പ്പെടെയുള്ള ആബാലവൃദ്ധം അര്‍ധരാത്രിയിലും മറ്റും നടക്കുന്ന മിസൈല്‍ ആക്രമണത്തിലും പീരങ്കിയുണ്ടകള്‍ പതിച്ചും ചിന്നിച്ചിതറിപ്പോകുന്ന കരളലിയിപ്പിക്കുന്ന വാര്‍ത്തകളാണ് കഴിഞ്ഞ ദിവസങ്ങളിലായി കശ്മീരില്‍ നിന്ന് പുറത്തുവരുന്നത്. ജമ്മുകശ്മീരിലെ രജൗരി, പൂഞ്ച് ജില്ലകളിലാണ് പാക് സൈന്യം ഷെല്ലാക്രമണം നടത്തിയത്. വെള്ളിയാഴ്ച്ച പൂഞ്ച് ജില്ലയിലെ സലോത്രി വില്ലേജിലുണ്ടായ ഷെല്ലാക്രമണത്തില്‍ ഒമ്പത് മാസം മാത്രം പ്രായമുള്ള ശബ്‌നം എന്ന പിഞ്ചുകുഞ്ഞും അഞ്ചു വയസുള്ള ഫസാനും ഇരുപത്തിനാല് വയസുള്ള ഇവരുടെ ഉമ്മ റുബാനയും വീട്ടില്‍ ഉറങ്ങിക്കിടക്കുന്നതിനിടെ പാക് ആക്രമണത്തില്‍ കൊല്ലപ്പെടുകയുണ്ടായി. ആ കുടുംബത്തില്‍ ആകെ ബാക്കിയായ പിതാവ് മുഹമ്മദ് യൂനിസ് ഗുരുതര പരിക്കുകളോടെ ആസ്പത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച്ച ഉച്ചക്ക് 12.30നാണ് രജൗരി ജില്ലയിലെ നൗഷേറ സെക്ടറില്‍ സിവിലിയന്‍ കേന്ദ്രങ്ങള്‍ ഉന്നം വെച്ച് പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ രണ്ട് സൈനികര്‍ക്കും ഏതാനും സിവിലിയന്മാര്‍ക്കും പരിക്കേറ്റിരുന്നു.
നിയന്ത്രണ രേഖക്ക് സമീപമുള്ള ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് പീരങ്കികളും മോര്‍ട്ടറുകളും ഉപയോഗിച്ചാണ് പാക്കിസ്ഥാന്‍ ശക്തമായ ആക്രമണം അഴിച്ചുവിടുന്നത്. മനുഷ്യത്വ രഹിതമായ ഈ ആക്രമണം കാരണം നിയന്ത്രണ രേഖക്ക് അഞ്ചു കിലോമീറ്റര്‍ പരിധിയിലുള്ള സ്‌കൂളുകള്‍ അഞ്ചു ദിവസത്തോളമായി അടച്ചിട്ടിരിക്കുകയാണ്. ആക്രമണം ഭയന്ന് നാട്ടുകാരില്‍ ഏതാനും പേര്‍ ഒഴിഞ്ഞു പോഴിട്ടുണ്ടെങ്കിലും അധികപേരും പ്രദേശത്ത് തുടരുകയാണ്. തങ്ങളുടെ ഉപജീവനമാര്‍ഗമായ കാലികളേയും കൃഷിപരിപാലനവുമെല്ലാം ഇട്ടെറിഞ്ഞ് പോകാന്‍ പലരും സന്നദ്ധരാവുന്നില്ല. സ്ത്രീകളേയും കുട്ടികളെയുമെല്ലാം സുരക്ഷിത മേഖലകളിലേക്ക് മാറ്റി പല ഗൃഹനാഥന്‍മാരും പ്രദേശത്ത് തന്നെ താമസിക്കുകയാണ്. കനത്ത ഷെല്ലാക്രമണം നടക്കുന്നതിനാല്‍ ജീവന്‍ പണയം വെച്ചാണ് ഇവര്‍ കഴിഞ്ഞുകൂടുന്നത്. രാത്രിയില്‍ ഉറങ്ങാനോ മനസമാധനത്തോടെ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനോ ഇവര്‍ക്ക് സാധിക്കുന്നില്ല.ഭീകരവാദികളെ മുന്നില്‍ വെച്ച് പാക്കിസ്ഥാന്‍ നടത്തുന്ന നിഴല്‍ യുദ്ധത്തിന് ശക്തമായ തിരിച്ചടി നല്‍കാന്‍ ഇന്ത്യക്ക് സാധിച്ചുവെന്നത് ഏറെ അഭിമാനകരമാണ്. അപ്പോഴും നിരാലംഭരായ നമ്മുടെ പൗരന്‍മാരുടെ നിലവിളികള്‍ കേള്‍ക്കാതിരുന്നുകൂടാ. രാജ്യത്തില്‍ വിശ്വാസമര്‍പ്പിച്ച് ശത്രുക്കള്‍ക്കെതിരെ നിലകൊള്ളുകയും ഭീകരപ്രവര്‍ത്തനങ്ങളെ ജീവിതം കൊണ്ട് പ്രതിരോധിക്കുകയും ചെയ്യുന്ന രാജ്യത്തിന്റെ സ്വന്തം പൗരന്‍മാരാണ് കശ്മീരിലെ പാവപ്പെട്ട സാധാരണക്കാര്‍. അവരെ വിശ്വാസത്തിലെടുക്കാതെയും അവര്‍ക്ക് സംരക്ഷണം നല്‍കാതെയും മുന്നോട്ട് പോകാന്‍ ഇന്ത്യക്ക് സാധ്യമല്ല.
പീരങ്കികള്‍ ഉള്‍പ്പെടെ ചെറുതും വലുതുമായ ആയുധങ്ങള്‍ ഉപയോഗിച്ച് പാക് സൈന്യം നടത്തിക്കൊണ്ടിരിക്കുന്നവ്യാപകമായ ആക്രമണത്തില്‍ പൂഞ്ച് ജില്ലയിലെ കൃഷ്ണാഘാട്ടി, ബാലകോട്ടെ, ഖരികര്‍മാര, മന്‍കോട്ടെ, തര്‍കുണ്ടി എന്നീ മേഖലകളിലും രജൗറി ജില്ലയിലെ കലാല്‍, കല്‍സിയാന്‍, ലാം, ജന്‍ഗാര്‍ എന്നീ മേഖലകളുമാണ് ഏറ്റവും രൂക്ഷമായ ആക്രമണം നേരിടുന്നത്. ഒരാഴ്ച്ചക്കിടെ പാക് വെടിവെപ്പില്‍ എഴുപത് പേര്‍ക്കാണ് പരിക്കേറ്റത്. മൂന്ന് ദിവസങ്ങള്‍ക്കിടെ മുപ്പത്തിയഞ്ച് തവണയാണ് പാക് പട്ടാളം വെടിനിര്‍ത്തല്‍ ലംഘിച്ചിരിക്കുന്നത്. ലോകരാഷ്ട്രങ്ങളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി കമാന്റര്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയക്കേണ്ടി വന്നതിന്റെ ജാള്യത മറക്കാനാണ് പാക്കിസ്ഥാന്‍ നിയന്ത്രണ രേഖയില്‍ ആക്രമണം അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ സൈന്യത്തോട് നേരിട്ട് ഏറ്റുമുട്ടുന്നതിന് പകരം സിവിലിയന്‍മാര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് രാജ്യത്തെ പ്രതിരോധത്തില്‍ നിര്‍ത്തുക എന്ന ഹീന തന്ത്രമാണ് അവര്‍ പയറ്റാന്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. ഭീകര സംഘങ്ങള്‍ക്ക് സുരക്ഷിത താവളമൊരുക്കുക വഴി ലോകത്തിന്റെ മുമ്പില്‍ മറുപടി പറയാന്‍ പ്രയാസപ്പെടുന്ന പാക്കിസ്ഥാനെ സംബന്ധിച്ചടുത്തോളം രാഷ്ട്രാന്തരീയ മര്യാദകള്‍ മുഴുവന്‍ കാറ്റില്‍ പറത്തി നടത്തുന്ന പുതിയ ആക്രമണം കൂടുതല്‍ ഒറ്റപ്പെടലിന് വഴിവെക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
അതേസമയം എഫ് 16 പോര്‍വിമാനങ്ങളുടെ വില്‍പന ഉടമ്പടി ലംഘിച്ചിട്ടുണ്ടോ എന്നറിയാന്‍ അമേരിക്ക വിശദീകരണം തേടിയതും പാക്കിസ്ഥാനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. ഇന്ത്യ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അമേരിക്ക വിശദീകരണം തേടിയിരിക്കുന്നത്. അമേരിക്കന്‍ നിര്‍മിത എഫ് 16 വിമാനങ്ങളില്‍ നിന്ന് മാത്രം തൊടുത്ത് വിടാന്‍ സാധിക്കുന്ന മിസൈല്‍ പാകിസ്ഥാന്‍ പ്രയോഗിച്ചതിന്റെ തെളിവുകള്‍ ഇന്ത്യ നേരത്തെ പുറത്ത് വിട്ടിരുന്നു. ഭീകരാക്രമണങ്ങള്‍ക്കെതിരെ പ്രയോഗിക്കാനാണ് എഫ് 16 വിമാനങ്ങള്‍ അമേരിക്കക്ക് കൈമാറിയതെന്നും യുദ്ധ ലക്ഷ്യങ്ങള്‍ക്കുവേണ്ടിയോ അയല്‍ രാജ്യങ്ങല്‍ക്കെതിരെയോ അത് പ്രയോഗിക്കരുതെന്നുമാണ് കരാറില്‍ വ്യവസ്ഥയിലുള്ളത്. അമേരിക്ക എഫ് 16 വിമാനങ്ങള്‍ പാക്കിസ്ഥാന് കൈമാറുന്ന സമയത്ത് തന്നെ ഇന്ത്യ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് കര്‍ശന വ്യവസ്ഥകളോടെയാണ് പാക്കിസ്ഥാന്‍ വിമാനം കൈമാറാന്‍ അമേരിക്ക സന്നദ്ധമായത്. പുതിയ സാഹചര്യത്തില്‍ പാക്കിസ്ഥാന്റെ കരാര്‍ ലംഘനം തെളിവ് സഹിതം ഇന്ത്യ പുറത്തുവിട്ടതിനാല്‍ വിഷയത്തില്‍ അമേരിക്കക്ക് ഗൗരവതരമായ ഇടപെടലില്‍ നിന്ന് മാറി നില്‍ക്കാനാവില്ലെന്ന കാര്യം ഉറപ്പാണ്.
കശ്മീരിലെ യുദ്ധസമാനമായ സാഹചര്യത്തെ രാഷ്ട്രീയ വല്‍ക്കരിക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങളും അപലപനീയമാണ്. നരേന്ദ്രമോദിയും ബി.ജെ.പി നേതാക്കളുമെല്ലാം ജനങ്ങളുടെ വൈകാരികതയെ വോട്ടാക്കിമാറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു എന്നാണ് പലപ്രസ്താവനകളിലും പ്രകടമാക്കുന്നത്. കര്‍ണാടക ബി.ജെ.പി പ്രസിഡന്റ് ബി.എസ് യെദ്യൂരപ്പ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന ഇതിന്റെ മികച്ച ഉദാഹരണമാണ്. താന്‍ ആരോപണ വിധേയനായ റഫാല്‍ ഇടപാടിനെ നിലവിലെ സാഹചര്യത്തിലേക്ക് വലിച്ചിഴച്ച് സങ്കീര്‍ണമായ ഈ സാഹചര്യം വഴി അഗ്നിശുദ്ധി വരുത്താനുള്ള പാഴ്ശ്രമം നരേന്ദ്ര മോദിയുടെ തന്നെ ഭാഗത്തുനിന്നുണ്ടായി എന്നതും ഖേദകരമാണ്. റഫാല്‍ ഉണ്ടായിരുന്നെങ്കില്‍ പാക്കിസ്ഥാനെതിരായ ആക്രമണം കൂടുതല്‍ കടുപ്പിക്കാമായിരുന്നു എന്നാണ് അദ്ദേഹം പ്രസ്താവിച്ചത്. എന്നാല്‍ റഫാല്‍ വൈകാന്‍ കാരണം താങ്കള്‍ സ്വന്തക്കാര്‍ക്ക് നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചത് കാരണമാണെന്ന് രാഹുല്‍ ഗാന്ധി തിരിച്ചടിച്ചതോടെ അദ്ദേഹത്തിന് പത്തിമടക്കേണ്ടി വന്നിരിക്കുന്നു. രാജ്യം യുദ്ധമുഖത്ത് നില്‍ക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച നിരുത്തരവാദ സമീപനം രാജ്യത്തെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. മുന്‍ സര്‍ക്കാറുകളുടെ കാലത്ത് അതിര്‍ത്തിയില്‍ വെടിയൊച്ച മുഴങ്ങിയപ്പോയെല്ലം ഭരണാധികാരികളുടെ കഴിവുകേടായി അതിനെ വിമര്‍ശിച്ച നരേന്ദ്ര മോദി അദ്ദേഹത്തിന്റെ കാലത്ത് അതി ഭീകരമായി വിധത്തില്‍ സുരക്ഷാ വീഴ്ച്ചയുണ്ടായപ്പോള്‍ മൗനിയായിപ്പോയതിലൂടെ തന്റെ കഴിവ് കേട് രാജ്യത്തിന് ബോധ്യപ്പെടുത്തിയിരിക്കുകയാണ്.
- 6 years ago
ചന്ദ്രിക വെബ് ഡെസ്‌ക്
Categories:
Video Stories