ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ പോര് മോദിയും രാഹുലും തമ്മിലായെങ്കില്‍ കര്‍ണാടകയിലെ പോര് മോദിയും സിദ്ധരാമയ്യയും തമ്മിലായി. രണ്ടേ രണ്ടു വര്‍ഷം മുമ്പ് ബി.ജെ.പിയില്‍ തിരിച്ചെത്തി സംസ്ഥാന പ്രസിഡന്റ് പദം ഏറ്റ മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ കാഴ്ചപ്പാടില്‍ സിദ്ധരാമയ്യയെ കോണ്‍ഗ്രസ് ഉടന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുമെന്നായിരുന്നു. യഥാര്‍ത്ഥ കോണ്‍ഗ്രസുകാരനെ മുഖ്യമന്ത്രിയാക്കുമെന്നും എന്നാല്‍ ബി.ജെ.പിക്ക് നല്ലത് സിദ്ധരാമയ്യ തുടരുന്നതാണെന്നും ആയിരുന്നു യെദ്യൂരപ്പ വശം. ദള്‍ വിട്ട് കോണ്‍ഗ്രസിലെത്തിയ സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി പുതിയ ആളെ നിയോഗിക്കുമെന്ന് കോണ്‍ഗ്രസുകാരും പ്രതീക്ഷിച്ചു. ഒരു വേള സ്ഥാനത്യാഗത്തെ പറ്റി മുഖ്യമന്ത്രിയും കണക്കുകൂട്ടിയെന്നൊക്കെയായിരുന്നു ബംഗളൂരുവില്‍ നിന്നുള്ള വര്‍ത്തമാനങ്ങളെങ്കില്‍ പോളിങ് ബൂത്തിലേക്ക് പോകുമ്പോള്‍ ചിത്രം അതല്ല. സ്വന്തം പ്രയത്‌നം കൊണ്ട് വലിയ ലോകം വെട്ടിപ്പിടിക്കാന്‍ പ്രാപ്തിയുള്ള സിദ്ധരാമയ്യക്ക് മുമ്പില്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം പോലും അല്‍പം ചെറുതാകുകയാണ്. ഗുജറാത്തിന് ശേഷം ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന ഈ തെരഞ്ഞെടുപ്പില്‍ രാഹുല്‍ താര പ്രചാരകന്‍ തന്നെയെങ്കിലും സിദ്ധരാമയ്യ തന്നെ നായകന്‍. ഈ തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിനും ബി.ജെ.പിക്കും പിന്നെ സിദ്ധരാമയ്യക്കും നിര്‍ണായകമാണ്. കോണ്‍ഗ്രസ് ജയിച്ചാല്‍ അത് മധ്യപ്രദേശിലും രാജസ്ഥാനിലും ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കാം. 2019ലെ പൊതു തെരഞ്ഞെടുപ്പിലേക്കുള്ള ഊര്‍ജവുമായി. ജയം ബി.ജെ.പിക്കാണെങ്കില്‍ ആത്മവിശ്വാസം വര്‍ധിക്കും.
സ്വയം നിര്‍മിത നേതാവാണ് സിദ്ധരാമയ്യ. മൈസൂരിനടുത്ത സിദ്ധരാമനഹുണ്ടിയില്‍ കര്‍ഷക കുടുംബത്തില്‍ ജനിച്ച സിദ്ധരാമയ്യക്ക് ഔപചാരിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനായിരുന്നില്ല. അദ്ദേഹം സ്വന്തം പ്രയത്‌നം കൈമുതലാക്കി ശാസ്ത്രത്തിലും നിയമനത്തിലും ബിരുദം നേടി. കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു നീങ്ങവെയാണ് 1983ല്‍ മൈസൂരിലെ ചാമുണ്‌ഡേശ്വരി മണ്ഡലത്തില്‍ ഭാരതീയ ലോക്ദള്‍ സ്ഥാനാര്‍ഥിയാക്കുന്നത്. വിജയം പലരെയും ഞെട്ടിച്ചു. കന്നഡ കാവല്‍ സമിതിയുടെ നേതാവായ സിദ്ധരാമയ്യ കന്നഡ ഭാഷയെ ഔദ്യോഗിക ഭാഷയാക്കുന്നതിന് യത്‌നിച്ചു. ജനതാപാര്‍ട്ടിയുടെ ഭാഗമായ അദ്ദേഹം ജനതാദള്‍ പിളര്‍ന്നപ്പോള്‍ ദേവഗൗഡയുടെ ജനതാദള്‍ സെക്കുലറിലായി. അതിന്റെ കര്‍ണാടക പ്രസിഡന്റായി. ദേവഗൗഡ മുഖ്യമന്ത്രിയായപ്പോള്‍ ഉപമുഖ്യമന്ത്രിയായി. കോണ്‍ഗ്രസ് – ദള്‍ ധാരണയില്‍ മന്ത്രിസഭ വന്നപ്പോള്‍ ധരംസിംഗ് മന്ത്രിസഭയിലും ഉപമുഖ്യമന്ത്രി പദത്തിലുണ്ടായി. 2005ല്‍ സിദ്ധരാമയ്യയെ ജനതാദള്‍ എസ് പുറത്താക്കി. ന്യൂനപക്ഷ ദലിത് പിന്നാക്ക വിഭാഗങ്ങള്‍ക്കായി അഹിന്ദ എന്ന കൂട്ടായ്മക്ക് നേതൃത്വം നല്‍കിയ അദ്ദേഹം ദീര്‍ഘകാലം മുഖ്യ ശത്രുവായിക്കണ്ട കോണ്‍ഗ്രസില്‍ ചേര്‍ന്നു. സോണിയാഗാന്ധി പങ്കെടുത്ത വലിയ റാലി ബംഗളൂരുവില്‍ സംഘടിപ്പിച്ചാണ് സിദ്ധരാമയ്യ പാര്‍ട്ടിയില്‍ ചേര്‍ന്നത്. 2009ല്‍ ചാമുണ്‌ഡേശ്വരി ഉപതെരഞ്ഞെടുപ്പില്‍ സിദ്ധരാമയ്യക്കെതിരെ മുഖ്യമന്ത്രി കുമാരസ്വാമിയും ഉപമുഖ്യമന്ത്രി യെദ്യൂരപ്പയും തമ്പടിച്ച് പ്രചാരണം നടത്തിയിട്ടും 257 വോട്ടിന് ജയിച്ചു ജനപിന്തുണ തെളിയിച്ചു സിദ്ധരാമയ്യ. നിയമസഭയില്‍ പ്രതിപക്ഷ നേതാവുമായി. യെദ്യൂരപ്പ സര്‍ക്കാറിന്റെ അഴിമതികളെ കുറിച്ച് നിയമസഭയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ താന്‍ കര്‍ണാടക മുഖ്യമന്ത്രിയാവുമെന്നും ആര്‍ക്കും അത് തടയാനാവില്ലെന്നും പറഞ്ഞത് ഒരു വേള അമ്പരപ്പുളവാക്കിയിരുന്നു. കാരണം തലയെടുപ്പുള്ള നേതാക്കള്‍ക്ക് കോണ്‍ഗ്രസിന് ക്ഷാമമില്ലാത്ത സംസ്ഥാനമാണ് കര്‍ണാടക. 2013ലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ നിലവിലെ ലോക്‌സഭാ കക്ഷി നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ അടക്കമുള്ളവരെ മറികടന്ന് നിയമസഭാ കക്ഷിനേതാവും മുഖ്യമന്ത്രിയുമായി. മുഖ്യമന്ത്രിയെ മാറ്റി പരീക്ഷിച്ച് പതിവുള്ള കോണ്‍ഗ്രസ് സിദ്ധരാമയ്യക്ക് അഞ്ചു വര്‍ഷം അനുവദിക്കുക മാത്രമല്ല, അദ്ദേഹത്തിന്റെ തോളില്‍ കയറി ജയസാധ്യത തേടുകയുമാണ്.
മകന്‍ രാകേഷിന്റെ അപ്രതീക്ഷിത മരണമാണ് മുഖ്യമന്ത്രി പദത്തില്‍ രണ്ടാമതൊരൂഴം വേണമെന്ന തീരുമാനത്തിലേക്ക് സിദ്ധരാമയ്യയെ നയിച്ചത്. അന്നുവരെ സാമൂഹ്യ മാധ്യമങ്ങളില്‍ ഒന്നുമല്ലാതിരുന്ന സിദ്ധരാമയ്യ എഴുപതിലേക്ക് കടക്കുമ്പോള്‍ കര്‍ണാടക തെരഞ്ഞെടുപ്പില്‍ ഏറ്റവും സമര്‍ഥമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ തിളങ്ങിയ വ്യക്തിയെന്ന ഖ്യാതി കരസ്ഥമാക്കിയിരിക്കുന്നു. ലക്ഷക്കണക്കിന് അനുയായികള്‍ ട്വിറ്ററിലുള്ള മോദിയും അമിത്ഷായും സിദ്ധരാമയ്യക്ക് മുമ്പില്‍ നിഷ്പ്രഭരായി. എന്നും തെരഞ്ഞെടുപ്പിലെ അജണ്ട നിശ്ചയിച്ചത് ബി.ജെ.പിയായിരുന്നെങ്കില്‍ കര്‍ണാടകയില്‍ സിദ്ധരാമയ്യയാണ് അത് ചെയ്തത്. വസ്തുതകള്‍ അദ്ദേഹത്തിന് പിടിയുണ്ട്. യെദ്യൂരപ്പയുടെ പാര്‍ട്ടിയും ബി.ജെ.പിയും പോരടിച്ച തെരഞ്ഞെടുപ്പിലാണ് 2013ല്‍ ജയിച്ചതെന്ന് അദ്ദേഹത്തിന് അറിയാം. യെദ്യൂരപ്പ ബി.ജെ.പിയില്‍ തിരിച്ചെത്തിയിരിക്കുന്നുവെന്ന് മാത്രമല്ല, 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ബി.ജെ.പിക്കായിരുന്നു. ക്ഷീണം പറ്റിയെങ്കിലും ജനതാദള്‍ എസിന്റെ പ്രകടനം കോണ്‍ഗ്രസിനെ ബാധിക്കും.
ഈ സാഹചര്യം മറി കടക്കാന്‍ സിദ്ധരാമയ്യക്ക് മുമ്പില്‍ ചാണക്യ സൂത്രങ്ങള്‍. ലിംഗായത്തുകാര്‍ക്ക് പ്രത്യേക പദവി നല്‍കണമെന്ന നിര്‍ദേശം സ്വീകരിച്ച് അംഗീകാരത്തിനായി അയച്ചുകൊടുത്തു. ബി.ജെ.പിക്കൊപ്പം നിന്ന ലിംഗായത്തുകാരില്‍ ഒരു വിഭാഗം കോണ്‍ഗ്രസിലേക്ക് വന്നു. കന്നഡ ഭാഷക്ക് പ്രാധാന്യം നല്‍കിയ സിദ്ധരാമയ്യ കന്നഡിക പ്രാദേശിക വാദത്തെയും പിന്തുണച്ചു. സംസ്ഥാനത്തിന് സ്വന്തം കൊടിയും നിര്‍മിച്ചു. സ്വയം നിരീശ്വരവാദിയായി പ്രഖ്യാപിച്ച സിദ്ധരാമയ്യ അഹിന്ദുവാണെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ പറഞ്ഞപ്പോള്‍ ആദ്യം അമിത് ഷായുടെ മതം ഏതെന്നായി സിദ്ധരാമയ്യ.
- 6 years ago
ചന്ദ്രിക വെബ് ഡെസ്‌ക്
Categories:
Video Stories
സിദ്ധരാമയ്യയാണ് താരം
Tags: karnadaka election