വലിയ വിമാനങ്ങള്‍ക്ക് വിലക്ക് കല്‍പിച്ചതിന്റെ കിതപ്പ് വിട്ടുമാറാത്ത കരിപ്പൂര്‍ വിമാനത്താവളത്തെ വീണ്ടും നഷ്ടച്ചുഴിയിലേക്ക് തള്ളിവിടുകയാണ് സംസ്ഥാന സര്‍ക്കാര്‍. വിമാന ഇന്ധന നികുതിയില്‍ ഇളവ് നല്‍കാനാവില്ലെന്ന ഇടതു സര്‍ക്കാറിന്റെ ധാര്‍ഷ്ട്യം കാട്ടുനീതിയാണ്. ഇത് കരിപ്പൂര്‍ വിമാനത്താവളത്തെ ഇഞ്ചിഞ്ചായി ഇല്ലാതാക്കുന്നതിനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ്. റണ്‍വേ നവീകരണത്തിന്റെ പേരില്‍ വലിയ വിമാനങ്ങള്‍ക്ക് ഭ്രഷ്ട് കല്‍പിച്ച് കരിപ്പൂരിന്റെ ചിറകരിയാന്‍ ശ്രമിച്ച കേന്ദ്രസര്‍ക്കാറിനെ കണ്ടുപടിക്കുകയാണിപ്പോള്‍ പിണറായി സര്‍ക്കാര്‍. തികച്ചും സ്വകാര്യമേഖലയിലുള്ള കണ്ണൂര്‍ വിമാനത്താവളം ഇന്ധനത്തിന് കേവലം ഒരു ശതമാനം നികുതി നല്‍കേണ്ടിടത്ത് കരിപ്പൂര്‍ വിമാനത്താവളം 28 ശതമാനം നല്‍കണമെന്നതിന് എന്തു ന്യായമാണുള്ളത്? പുതിയ വിമാനത്താവളം എന്ന നിലയിലാണ് കണ്ണൂരിന് പത്ത് വര്‍ഷത്തേക്ക് ഇന്ധന നികുതി ഇളവ് നല്‍കിയത് എന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ ന്യായം. കോഴിക്കോട് വിമാനത്താവളത്തിന് ഈ ഇളവ് നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചിരുന്നു. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് മുമ്പ് എടുത്ത തീരുമാന പ്രകാരമാണ് ഇന്ധന നികുതി ഒരുശതമാനമാക്കിയതെന്ന് സി.പി.എം നേതൃത്വം സര്‍ക്കാറിനെ പിന്തുണച്ച് നിലപാട് അറിയിച്ചിരുന്നു. വിമാനത്താവള കമ്പനിയായ കിയാലിന്റെ ആവശ്യപ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ നികുതി കുറച്ചതെന്നാണ് വാദം. പുതിയ വിമാനത്താവളത്തില്‍ കൂടുതല്‍ വിമാനങ്ങളെ ആകര്‍ഷിക്കാനാണ് ഇന്ധന നികുതി കുറച്ചു തരണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതെന്ന് കിയാലും അവകാശപ്പെടുന്നു. കിയാലിന്റെ ആവശ്യം സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിച്ചതിന്റെ പിന്നില്‍ രാഷ്ട്രീയ താത്പര്യമല്ലാതെ മറ്റൊന്നുമില്ലെന്ന് മനസിലാക്കാന്‍ അതിബുദ്ധി ആവശ്യമില്ല. പുതിയ വിമാനത്താവളങ്ങള്‍ക്ക് നേരത്തെയും ഇതുപോലെ സര്‍ക്കാറുകള്‍ സൗജന്യങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന മുടന്തന്‍ ന്യായം നിരത്തി നിസാരവത്കരിക്കാവുന്നതാണോ സര്‍ക്കാറിന്റെ നടപടി? പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ഏക വിമാനത്താവളമാണ് കരിപ്പൂര്‍. കണ്ണൂര്‍ വിമാനത്താവളത്തിന് ഇന്ധന നികുതി ഇളവ് നല്‍കിയപ്പോള്‍ കരിപ്പൂരിന് ഓരോ ദിവസവും ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിക്കുന്നത്. കണ്ണൂരില്‍ നിന്ന് 125 കിലോമീറ്റര്‍ മാത്രം അകലെയുള്ള കരിപ്പൂര്‍ വിമാനത്താവളത്തിനാണ് ഈ നഷ്ടമുണ്ടാകുന്നതെന്ന് സര്‍ക്കാര്‍ അറിയണം. ഇക്കാര്യത്തിലുള്ള ആശങ്ക പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിരുന്നെങ്കിലും സര്‍ക്കാരില്‍ നിന്ന് അനുകൂലമായ നടപടി ഉണ്ടാകാതിരുന്നത് നീതീകരിക്കാനാവില്ല. റണ്‍വെ വികസനത്തിന്റെ ഭാഗമായി കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത് നിര്‍ത്തലാക്കിയതിന്റെ ആഘാതം ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല. ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ നിന്ന് നെടുമ്പാശേരിയിലേക്ക് പറിച്ചുനട്ടതിന്റെ പശ്ചാത്തലവും ഇതായിരുന്നു. മലബാറില്‍ നിന്നുള്ള ആയിരക്കണക്കിന് ഹജ്ജ് തീര്‍ത്ഥാടകര്‍ ഇതുമൂലം ക്ലേശങ്ങള്‍ അനുഭവിച്ചതിന് കണക്കില്ല. യാതൊരു ദയയുമില്ലാത്ത കേന്ദ്രസര്‍ക്കാറിന്റെ തീരുമാനങ്ങളും സിവില്‍ ഏവിയേഷന്‍ വകുപ്പിന്റെ പരിഷ്‌കാരങ്ങളുമെല്ലാം കരിപ്പൂരിനെ ശ്വാസംമുട്ടിക്കുകയാണ്. ഇതിനിടയിലാണ് ഇന്ധന നികുതി ഇളവിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കരിപ്പൂരിനോട് ക്രൂരമായി പകപോക്കുന്നത്. നാലു വര്‍ഷത്തെ നഷ്ടക്കണക്ക് മറികടക്കാന്‍ വിമാനത്താവള വികസന സമിതിയും മുസ്‌ലിംലീഗും ജനപ്രതിനിധികളും പ്രവാസി സംഘടനകളുമെല്ലാം തീവ്രയജ്ഞം നടത്തിക്കൊണ്ടിരിക്കെയാണ് സംസ്ഥാന സര്‍ക്കാറില്‍ നിന്ന് വലിയ തിരിച്ചടി നേരിടേണ്ടി വന്നത്. വലിയ വിമാനങ്ങള്‍ വീണ്ടും സര്‍വീസ് ആരംഭിച്ചതു മുതല്‍ യാത്രാനിരക്കില്‍ പുരോഗതി പ്രാപിച്ചുവരികയായിരുന്നു. ഇതെല്ലാം തകിടം മറിക്കുന്ന സാഹചര്യമാണ് കടുത്ത നിലപാടിലൂടെ സംസ്ഥാന സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നത്. പ്രതിസന്ധി നേരിടുന്ന കരിപ്പൂര്‍ എയര്‍പോര്‍ട്ടിന്റെ കാര്യത്തില്‍ പ്രത്യേക പരിഗണന വേണമെന്ന് നിയമസഭയില്‍ യു.ഡി.എഫ് എം.എല്‍.എമാര്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും കേട്ടഭാവം നടിക്കാതെയാണ് ഭരണകൂടം കരിപ്പൂരിനെ ഞെരിച്ചുകൊല്ലാന്‍ തുനിഞ്ഞത്. ഈ വിഷയത്തില്‍ അനാവശ്യ ഭീതി പരത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിനെ വ്യാഖ്യാനിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ ഒളിച്ചുകളി പകല്‍പോലെ വ്യക്തമാണ്. മുഖ്യമന്ത്രി ചെയര്‍മാനായ വിമാനത്താവളത്തെ പുഷ്ടിപ്പെടുത്താനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഇതെന്ന് ആര്‍ക്കും മനസ്സിലാകും. കണ്ണൂര്‍ മാത്രമല്ല, സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളും വികസിക്കണം, ലാഭത്തിലാകണം. പക്ഷേ, അത് കരിപ്പൂരിന്റെ നട്ടെല്ലൊടിച്ചു കൊണ്ടാവരുത്.
കഴിഞ്ഞ നവംബറിലെ മന്ത്രിസഭാ യോഗത്തിലെ തീരുമാനപ്രകാരമാണ് ഇന്ധന നികുതിയില്‍ ഇളവ് നല്‍കുന്നതെന്ന് വ്യക്തം. ആഭ്യന്തര സര്‍വീസുകള്‍ക്ക് ഇളവ് നല്‍കിയാണ് കണ്ണൂരിനെ സര്‍ക്കാര്‍ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുന്നത്. അന്നു തന്നെ ഇക്കാര്യം വിവാദമായപ്പോള്‍ സര്‍ക്കാര്‍ വിശദീകരണവുമായി രംഗത്തുവന്നിരിന്നു. പ്രളയാനന്തര കേരളത്തിന്റെ നിര്‍മിതിക്കായി ജി.എസ്.ടിക്കു മേല്‍ സെസ് ചുമത്താന്‍ തയാറെടുക്കുന്ന സര്‍ക്കാറാണ് കണ്ണൂര്‍ വിമാനത്താവളത്തിന് പത്തു വര്‍ഷത്തേക്ക് ഇന്ധന നികുതിയില്‍ ഇളവ് നല്‍കിയത് എന്നത് എത്ര വിരോധാഭാസമാണ്.! വിമാനക്കമ്പനികളില്‍ നിന്ന് തിട്ടൂരം തട്ടാനുള്ള തത്രപ്പാടാണ് മൂന്നു പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യമുള്ള കരിപ്പൂരിനെ തള്ളി കണ്ണൂരിന് ഇളവ് നല്‍കിയതെന്ന കാര്യം തീര്‍ച്ച. കണ്ണൂര്‍ വിമാനത്താവവളത്തില്‍ ഇന്ധന നികുതി ഇരുപത്തിയെട്ടില്‍ നിന്ന് ഒറ്റയടിക്ക് ഒരുശതമാനമായി കുറച്ചതോടെ കരിപ്പൂരിലെ പല ആഭ്യന്തര സര്‍വീസുകളും കൂട്ടത്തോടെ കണ്ണൂരിലേക്ക് മാറ്റാന്‍ വിമാനക്കമ്പനികള്‍ രംഗത്തുവന്നിട്ടുണ്ട്. നിലവില്‍ സ്‌പെയ്‌സ് ജെറ്റ് സര്‍വീസ് കണ്ണൂരിലേക്ക് മാറ്റുകയും ചെയ്തു. ജെറ്റ് എയര്‍വേയ്‌സും ഉടന്‍ കണ്ണൂരിലേക്ക് മാറാനിടയുണ്ട്. സര്‍ക്കാര്‍ ഒരു വിമാനത്താവളത്തെയും തകര്‍ക്കില്ലെന്നും ഇക്കാര്യം പി.കെ കുഞ്ഞാലിക്കുട്ടിക്ക് മനസിലായിക്കാണുമെന്നും വീമ്പു പറഞ്ഞ് ഇ.പി ജയരാജന്‍ നാക്കെടുത്തപ്പോഴേക്കും കരിപ്പൂരിനെ തകര്‍ക്കാനുള്ള നീക്കം തുടങ്ങി. കരിപ്പൂരില്‍ നിലനില്‍ക്കുന്ന സര്‍വ പ്രശ്‌നങ്ങള്‍ക്കും പരിഹാരം തേടി തന്നെ കണ്ട പി.കെ കുഞ്ഞാലിക്കുട്ടി എം.പിക്ക് മുഖ്യമന്ത്രി നല്‍കിയ ഉറപ്പിനു നാലു ദിവസത്തെ ആയുസ് പോലും ഉണ്ടായില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാന ഇന്ധന നികുതി 28 ശതമാനത്തില്‍ നിന്നും ഒരു ശതമാനമായി കുറച്ചതോടെ സംസ്ഥാന സര്‍ക്കാറിനെ കാത്തിരിക്കുന്നത് പ്രതിവര്‍ഷം കോടികളുടെ നഷ്ടമാണ്. നികുതി ഗണ്യമായി കുറച്ചതിലൂടെ കണ്ണൂരില്‍ യാത്രാ നിരക്കും കുത്തനെ കുറയും. ഇതോടെ കരിപ്പൂരിനെ ആശ്രയിച്ചിരുന്ന യാത്രക്കാരില്‍ ഭൂരിഭാഗവും കണ്ണൂരിലെത്തും. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നേരിട്ട് നടത്തുന്ന കേരളത്തിലെ ഏക വിമാനത്താവളമായ കരിപ്പൂരിന്റെ പ്രതാപം മെല്ലെ മങ്ങിത്തുടങ്ങും. ഇതുതന്നെയാണ് സര്‍ക്കാറും തത്പരകക്ഷികളും ആഗ്രഹിക്കുന്നത്. കണ്ണൂരിനേക്കാള്‍ ഇന്ധന നികുതിയില്‍ ഇളവ് ലഭിക്കാന്‍ കൂടുതല്‍ അര്‍ഹത കരിപ്പൂരിനാണ്. ഈ അവകാശം ചോദിച്ചു വാങ്ങാനുള്ള ജനകീയ പോരാട്ടമാണ് പ്രബുദ്ധ ജനത ഏറ്റെടുക്കേണ്ടത്.
- 6 years ago
ചന്ദ്രിക വെബ് ഡെസ്‌ക്
Categories:
Video Stories
കരിപ്പൂരിന് കാട്ടുനീതിയോ?
Tags: karipur airport