രാജ്യത്തെ നടുക്കിയ പ്രമാദമായ മുസ്്‌ലിം കൂട്ടക്കൊലക്കേസുകളിലെ പ്രതികളെ ദിവസങ്ങളുടെ ഇടവേളയില്‍ നിയമത്തിലെ നൂല്‍പഴുതുകള്‍ ഉപയോഗിച്ച് നീതിപീഠങ്ങള്‍ സ്വാതന്ത്ര്യത്തിന്റെ സൈ്വര്യവിഹായസ്സുകളിലേക്ക് തുറന്നുവിട്ടിരിക്കുകയാണ്. ഏപ്രില്‍ പതിനാറിന് തിങ്കളാഴ്ച 2005ലെ ഹൈദരാബാദ് മക്കമസ്ജിദ് സ്‌ഫോടനക്കേസിലെ പ്രതിയും കൊടുംഭീകരനുമായ അസീമാനനന്ദയടക്കം അഞ്ചുപേരെ വെറുതെവിട്ടു. ഉന്നതനീതിപീഠത്തിന്റെ മറ്റൊരുവിധി ഒരു ജഡ്ജിയുടെ ദുരൂഹമരണവുമായ ബന്ധപ്പെട്ട പരാതിയില്‍ പ്രതികള്‍ക്കെതിരെ അന്വേഷണം നടത്തേണ്ടതില്ല എന്നായിരുന്നു. ഇന്നലെയും പ്രമാദമായ മറ്റൊരുകേസില്‍ മറ്റൊരു കുപ്രസിദ്ധകുറ്റവാളി മുന്‍ ഗുജറാത്ത്മന്ത്രി മായാകോട്‌നാനിക്ക് ശിക്ഷ ഒഴിവാക്കിക്കൊടുത്ത് യഥേഷ്ടം പുറത്തിറങ്ങി നടക്കാന്‍ അനുവദിച്ചിരിക്കുകയാണ്. ഗുജറാത്തിലെ കുപ്രസിദ്ധമായ വംശഹത്യാപരമ്പരയിലെ സുപ്രധാനമായൊരു കേസിലാണ് മായാകോട്‌നാനിയെ വെറുതെ വിട്ടുകൊണ്ട് അഹമ്മദാബാദ് ഹൈക്കോടതി ഇന്നലെ വിധി പുറപ്പെടുവിച്ചത്. വിചാരണകോടതി 24 വര്‍ഷത്തേക്ക് ശിക്ഷിച്ച പ്രതിയാണ് ഇയാളെന്നിരിക്കെ നൂറോളംപേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തില്‍ മുഖ്യപ്രതിയെ വെറുതെവിട്ടത് രാജ്യത്തിന്റെ നീതിന്യായവ്യവസ്ഥിതിയില്‍ പൂപ്പല്‍ പടര്‍ന്നിരിക്കുന്നുവോ എന്ന് വീണ്ടും സംശയിക്കാനിട നല്‍കിയിരിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിയായ ഗുജറാത്ത് ഭരണകാലത്താണ് 2002ല്‍ സ്വതന്ത്രഇന്ത്യയെ നടുക്കിയ രണ്ടായിരത്തോളം മുസ്്‌ലിംകളുടെ കിരാതമായ കൂട്ടക്കൊല അരങ്ങേറിയത്. ഗോധ്രയില്‍ തീവണ്ടിക്ക് മുസ്്‌ലിംകള്‍ തീവെച്ചുവെന്ന് പറഞ്ഞായിരുന്നു ആസൂത്രിതമായ വംശീയഉന്മൂലനം. 2002 ഫെബ്രുവരി 28ന് ഗോധ്ര തീവെപ്പിന് പിറ്റേന്നായിരുന്നു മായാകോട്‌നാനിയുടെ നേതൃത്വത്തില്‍ ഒരുകൂട്ടം ആര്‍.എസ്.എസ്സുകാര്‍ നരോദപാട്യ ഗ്രാമത്തിലെ പാവപ്പെട്ട ഗ്രാമീണരെ വെട്ടിയും തീവെച്ചും കൂട്ടക്കശാപ്പ് നടത്തിയത്. മുസ്്‌ലിംസമുദായാംഗങ്ങളായ 97 പേരുടെ, മുഖ്യമായും സ്ത്രീകളും കുട്ടികളും, ദാരുണമരണത്തിനും ഒട്ടേറെപേരുടെ നരകയാതനകള്‍ക്കും ഇടയാക്കിയ സംഭവത്തില്‍ വിചാരണക്കോടതി നല്‍കിയത് 37 വര്‍ഷത്തെ ശിക്ഷയായിരുന്നു. എന്നാല്‍ ജാമ്യത്തിലിറങ്ങി നടന്ന പ്രതികളെ തെളിവുകള്‍ വളച്ചൊടിച്ചും നശിപ്പിച്ചും രക്ഷപ്പെടുത്തിയെടുക്കാനായിരുന്നു ഇത:പര്യന്തമുള്ള ബി.ജെ.പി സര്‍ക്കാരുകളുടെ ശ്രമം. ഇതിന് പ്രധാനമന്ത്രിയുടെയും പാര്‍ട്ടിഅധ്യക്ഷന്‍ അമിത്ഷായുടെയും മൗനാനുവാദമുണ്ടായിരുന്നുവെന്നത് തര്‍ക്കമറ്റ സംഗതിയാണ്. ഇന്നലെ വിധി പുറപ്പെടുവിച്ച ഹൈക്കോടതി കോട്‌നാനിക്കുമേല്‍ സംശയത്തിന്റെ ആനുകൂല്യമാണ് നല്‍കിയിയിരിക്കുന്നത്. കൂട്ടുപ്രതിയും ബജ്‌റംഗ്ദള്‍ നേതാവുമായ ബാബുബജ്്‌രംഗിയടക്കം 21 പേരുടെ ശിക്ഷ ശരിവെച്ചത് മാത്രമാണ് ഏകആശ്വാസം. 24 വര്‍ഷത്തെ തടവാണ് കോട്‌നാനി എന്ന കൊടുംവര്‍ഗീയവാദിക്ക് ഒറ്റയടിക്ക് ഒഴിവാക്കിക്കിട്ടിയിരിക്കുന്നത്. ബി.ജെ.പി ഭരിക്കുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ക്ക് നീതിലഭിക്കുന്നത് ഇങ്ങനെയാണ് എന്നതില്‍ അല്‍ഭുതത്തിനവകാശമില്ല. എന്നാലത് നീതിന്യായസംവിധാനത്തില്‍ നിന്നാകുമ്പോള്‍ അക്ഷന്തവ്യമായേ അനുഭവപ്പെടുന്നുള്ളൂ.
കോടതികള്‍ക്കുമുന്നില്‍ എത്തുന്ന തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ മാത്രമാണ് അവ നിഗമനങ്ങളില്‍ എത്തിച്ചേരുന്നതും വിധി പുറപ്പെടുവിക്കുന്നതും എന്നത് ശരിതന്നെ. എന്നാല്‍തന്നെയും പരാതിനല്‍കിയവരുടെ വിശ്വാസ്യതയെ സംശയിക്കുന്ന ന്യായാധിപന്മാര്‍ക്ക് എന്തുകൊണ്ട് പ്രതികളുടെ പങ്കില്‍ സംശയം ഉയരുന്നില്ല. മഹാരാഷ്ട്ര സി.ബി.ഐ പ്രത്യേകകോടതി ജഡ്ജി ബ്രിജ്‌ഗോപാല്‍ ലോയയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ഉന്നതനീതിപീഠം പുറപ്പെടുവിച്ച വ്യാഴാഴ്ചത്തെ വിധിയില്‍ ഇനിയൊരന്വേഷണവും വേണ്ടെന്നും പരാതിക്കാര്‍ കോടതിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമിച്ചുവെന്നും കോടതിയലക്ഷ്യത്തിന് കേസെടുക്കാതെ വിടുകയാണെന്നും പറഞ്ഞിരിക്കുന്നത് വലിയ ചോദ്യശരങ്ങളാണ് ജനമനസ്സുകളില്‍ ആ സംവിധാനത്തിനെതിരെ ഉയര്‍ത്തിവിട്ടിരിക്കുന്നതെന്നത് കാണാതെ പോകരുത്. ലോയയുടെ മരണത്തില്‍ പരാതിക്കാരും അഭിഭാഷകരും ആരെയെങ്കിലും ശിക്ഷിക്കണമെന്നല്ല, ജനാധിപത്യത്തിലെ ജനങ്ങളുടെ അന്ത്യാശ്രയകേന്ദ്രമായ സുപ്രീംകോടതിയോട് അപേക്ഷിച്ചത്. സ്വതന്ത്രമായൊരു അന്വേഷണത്തിന് ഉത്തരവിടാന്‍ കനിവുണ്ടാകണമെന്ന് മാത്രമായിരുന്നു. മരണത്തില്‍ സംശയിക്കാനുള്ള ഒട്ടനവധി ഘടകങ്ങള്‍ ഇതിനകം ‘കാരവന്‍’ അടക്കമുള്ള മാധ്യമങ്ങളും അഭിഭാഷകരും പുറത്തുകൊണ്ടുവന്നിട്ടുണ്ട്. പുകവലിക്കാത്ത, മദ്യപിക്കാത്ത നാല്‍പത്തെട്ടുകാരന് വന്ന ഹൃദയാഘാതം, ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ചയാളുടെ വസ്ത്രത്തില്‍ കണ്ട രക്തം, നൂറുകോടിരൂപ വാഗ്ദാനം ചെയ്തിരുന്നുവെന്നത്, മൂന്നു ജഡ്ജിമാര്‍ മറ്റുമുറികളുണ്ടായിരുന്നിട്ടും നാഗ്പൂരില്‍ ലോയയുടെ മുറിയില്‍ താമസിച്ചത്, സര്‍വോപരി രാജ്യത്തെ മുഖ്യഭരണകക്ഷിയുടെ തലപ്പത്തുള്ളയാളെ വിചാരണക്ക് വിളിപ്പിച്ചത്, മുന്‍ജഡ്ജിയെ അമിത്ഷായെ വിളിപ്പിച്ചതിന്റെ തലേന്ന് സ്ഥലംമാറ്റിയത് .ഇതിന്റെയൊക്കെ നിജസ്ഥിതി ബോധിപ്പിച്ചുകൊടുക്കാന്‍ ഉന്നതനീതിപീഠത്തിന് കഴിഞ്ഞോ?
കോട്‌നാനിയുടെ സഹമന്ത്രിയായിരുന്ന അമിത്ഷാ പ്രതിയായ സൊഹ്‌റാബുദ്ദീന്‍ വ്യാജഏറ്റുമുട്ടല്‍ കേസുപോലെ ഇസ്്‌ലാംമതം സ്വീകരിച്ച് വ്യാജഏറ്റുമുട്ടലിലൂടെ കൊല്ലപ്പെട്ട മലയാളിയായ പ്രാണേഷ്‌കുമാറിന്റെ വയോധികനായ പിതാവ് ഗോപിനാഥപിള്ള ലോറിയിടിച്ച് കൊല്ലപ്പെട്ടത് കഴിഞ്ഞദിവസമാണ്. ഇതിനകം മോദിക്കും അമിത്ഷാക്കുമെതിരെ തെളിവുകൊടുത്ത പതിനാറോളം പേര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍പിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന വിവരം ഞെട്ടിപ്പിക്കുന്നതാണ്. കുറ്റകൃത്യം ചെയ്യുന്നവരെ ശിക്ഷിക്കാനും രാജ്യത്തിനകത്ത് സമാധാനപൂര്‍ണമായ ജനജീവിതം സാധ്യമാക്കുന്നതിനുമാണ് നീതിവ്യവസ്ഥിതിയും സര്‍ക്കാരുകളും ശ്രമിക്കേണ്ടത്. അതിന് പകരം കള്ളനൊപ്പം കൂട്ടുപോകുന്ന കാവല്‍ക്കാരന്റെ അവസ്ഥയിലേക്ക് ഇന്ത്യയിലെ നീതിനിയമസംവിധാനങ്ങള്‍ അപകടത്തില്‍പെട്ടുപോകുകയാണോ എന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല. ആരെയും ശിക്ഷിച്ചില്ലെങ്കിലും ജസ്റ്റിസ് ലോയയുടെ കാര്യത്തില്‍ അന്വേഷണം നടക്കട്ടെ എന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചിരുന്നുവെങ്കില്‍ ഉണ്ടാകുമായിരുന്ന കോടതിയുടെ വിശ്വാസ്യതയെക്കുറിച്ച് വിധിപുറപ്പെടുവിച്ച മൂന്നുന്യായാധിപന്മാര്‍ ഓര്‍ത്തുനോക്കുമോ. പട്ടികജാതി വര്‍ഗ പീഡനനിരോധനനിയമത്തില്‍ വെള്ളം ചേര്‍ത്തിയ വിധിയും ഉദാഹരണം. നാലു ഉന്നതജഡ്ജിമാരും വിരമിച്ച ജസ്റ്റിസ് കര്‍ണനും പറഞ്ഞതൊക്കെ ശരിയായി വരികയാണോ ? ഇതിനകം ദുര്‍ബലമാക്കിയ രാജ്യത്തിന്റെ ഭരണഘടനാസ്ഥാപനങ്ങള്‍ക്കുപുറമെ ജുഡീഷ്യറിയുടെ മേലുള്ള ജനവിശ്വാസവും തകര്‍ക്കാനിട വരുത്തുമെന്ന് അവരുടെ ചെലവിലും സംരക്ഷണയിലുംകഴിയുന്ന ന്യായാധിപന്മാര്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.
കേവലമായ വികാരങ്ങള്‍ക്കുപുറത്ത് എഴുതിത്തീര്‍ക്കാനുള്ളതല്ല രാജ്യത്തെ ഉന്നതമായ ഭരണഘടനയും സിവില്‍-ക്രിമിനല്‍ നടപടിക്രമങ്ങളും നിയമങ്ങളുമൊക്കെ. അതിന്റെ ഏഴുപതിറ്റാണ്ടായുള്ള വിശ്വാസ്യതക്ക് കോട്ടംതട്ടിയാല്‍ പുന:സ്ഥാപിക്കല്‍ പലരും വിചാരിക്കുന്നത്ര ക്ഷിപ്രസാധ്യമാവില്ല. അതിലുമേറെ അപകടരമാണ് കൊടുംകുറ്റവാളികളുടെ ആത്മവിശ്വാസവും പുറത്തിറങ്ങി വീണ്ടും ഇത്തരം ക്രൂരകൃത്യങ്ങള്‍ ചെയ്യുന്നതും.
രാജ്യത്ത് ജനിച്ചുജീവിച്ചു എന്ന ഒറ്റക്കാരണത്താല്‍ കൊലചെയ്യപ്പെട്ട പാവപ്പെട്ട മനുഷ്യരുടെ ആത്മാക്കള്‍ക്കും ബന്ധുക്കള്‍ക്കും ഇനിയുള്ളവര്‍ക്കും നീതി ലഭ്യമാകണമെങ്കില്‍ ജുഡീഷ്യറി അതിന്റെ വിലപ്പെട്ടതും ഭാരിച്ചതുമായ ദൗത്യം സംശയങ്ങള്‍ക്കിട നല്‍കാത്തവിധം നിര്‍വഹിക്കണം. ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്ന ആപ്തവാക്യം മുഖവിലക്കെടുക്കുമ്പോഴും ഇരകളുടെ നീതിയെക്കുറിച്ചും നീതിപീഠങ്ങള്‍ ജാഗരൂകരാകേണ്ടതുണ്ട്. അതിലുണ്ടാകുന്ന ഓരോ ചെറിയവീഴ്ചയും നമ്മുടെ മഹത്തായ രാജ്യത്തിന്റെ നിലനില്‍പിനെതന്നെയാകും ബാധിക്കുക.