X
    Categories: Views

ഹാരിസണ്‍ കേസില്‍സര്‍ക്കാര്‍ ഒത്തുകളി

ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ കൈവശമുള്ള എസ്റ്റേറ്റ് ഭൂമി ഏറ്റെടുത്ത നടപടി ഹൈകോടതി റദ്ദ് ചെയ്തത് സംസ്ഥാന സര്‍ക്കാറിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. സര്‍ക്കാര്‍ പിടിപ്പുകേട് കാരണമാണ് കോടതി വിധി പ്രതികൂലമായിരിക്കുന്നത് എന്നു പറയുന്നതിനേക്കാള്‍ ഹാരിസണ്‍ കമ്പനിയുമായി സര്‍ക്കാര്‍ ഒത്തുകളിച്ചു എന്നു വിശ്വസിക്കും വിധത്തിലാണ് കോടതിയില്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞത്. ഭൂമി തിരിച്ചുപിടിക്കാന്‍ സ്‌പെഷല്‍ ഓഫീസര്‍ എം.ജി രാജമാണിക്യം നല്‍കിയ ഉത്തരവുകള്‍ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞ കോടതിയുടെ മുമ്പില്‍ സര്‍ക്കാര്‍ നാണംകെട്ടതിലെ ദുരൂഹതകള്‍ വരുംനാളുകളില്‍ പുറത്തുവരുമെന്ന കാര്യം തീര്‍ച്ച. ഏറെ അവധാനതയോടെ കൈകാര്യം ചെയ്യേണ്ടിയിരുന്ന കേസില്‍ അജ്ഞതയും ആത്മാര്‍ത്ഥതക്കുറവുമാണ് സര്‍ക്കാറിനെ മുട്ടുകുത്തിച്ചതെന്നു വ്യക്തം. ഇതിനു പിന്നില്‍ ഇടതു മുന്നണിക്കുള്ളിലെ വിഴുപ്പലക്കലാണെങ്കിലും ഭൂ മാഫിയകളെ സഹായിക്കുന്ന ഇത്തരം നെറികെട്ട പ്രവണതകള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍ ഭൂമി കൈവശം വെച്ച് കീശ വീര്‍പ്പിക്കുന്നവരുടെ കര്‍ണപുടങ്ങള്‍ക്ക് ആനന്ദം പകരുന്ന കോടതി വിധി ഒപ്പിച്ചുകൊടുത്ത പിണറായി വിജയന്റെ സര്‍ക്കാറിന് പകല്‍ക്കൊള്ളക്കാര്‍ എന്ന വിശേഷണമാണ് കൂടുതല്‍ ചേരുക. വിധിയിലും ഡിവിഷന്‍ ബഞ്ചിന്റെ പരിഹാസങ്ങളിലും പാഠമുള്‍ക്കൊണ്ട് സര്‍ക്കാര്‍ ഭൂമി വസൂലാക്കാനുള്ള സത്യസന്ധമായ നടപടികളെടുക്കാന്‍ സര്‍ക്കാറിന് ആര്‍ജവമുണ്ടോ എന്നാണ് ഇനി അറിയേണ്ടത്. അല്ലെങ്കില്‍ അപ്പീല്‍ പോകാനുള്ള ആധിരകാരികതയില്‍ വിശ്വാസ്യത തെളിയിച്ച് കേസ് ജയിച്ചുവരാന്‍ കെല്‍പ്പുണ്ടോയെന്ന് കണ്ടറിയണം. രണ്ടായാലും സര്‍ക്കാറിന് മുമ്പില്‍ വിഷയം സങ്കീര്‍ണമാണെന്നാണ് ഹൈക്കോടതി വിധി വ്യക്തമാക്കുന്നത്.

ഇടതു സര്‍ക്കാറുകള്‍ അധികാരത്തില്‍ വരുമ്പോഴെല്ലാം ഹാരിസണ്‍ മലയാളം കമ്പനി അനധികൃതമായി കൈവശം വെച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കുന്നതിനുള്ള നിയമനടപടികള്‍ അട്ടിമറിക്കപ്പെടുന്ന പതിവു തന്നെയാണ് കഴിഞ്ഞ ദിവസം കോടതി വിധിയിലൂടെ ആവര്‍ത്തിച്ചിരിക്കുന്നത്. ഹാരിസണ്‍ കമ്പനി കൈവശംവെച്ച ഭൂമി തിരിച്ചുപിടിക്കുന്നതിന് കേരള ഭൂസംരക്ഷണ നിയമപ്രകാരം ഡോ. എം.ജി രാജമാണിക്യത്തെ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറാണ് നിയമിച്ചത്. സുപ്രീംകോടതിയിലടക്കം തങ്ങള്‍ ഉടമസ്ഥാവകാശം ഉന്നയിക്കുന്ന ഭൂമി സംരക്ഷിക്കുന്നതിന് ഹാരിസണ്‍ കമ്പനി സര്‍വ തന്ത്രങ്ങളും പയറ്റിയെങ്കിലും യു.ഡി.എഫ് സര്‍ക്കാറും സ്‌പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യവും ഹൈക്കോടതിയിലെ റവന്യൂ സ്‌പെഷ്യല്‍ പ്ലീഡര്‍ സുശീല ആര്‍ ഭട്ടും ശക്തമായ നിലപാടുകള്‍ സ്വീകരിക്കുകയായിരുന്നു. അതിനാല്‍ പണം വാരിവലിച്ചെറിഞ്ഞ് കേസ് പെട്ടെന്ന് അവസാനിപ്പിക്കാമെന്ന ഹാരിസണ്‍ കമ്പനിയുടെ വ്യാമോഹം നടക്കാതെ പോകുകയാണുണ്ടായത്. എന്നാല്‍ യു.ഡി.എഫ് സര്‍ക്കാറിന്റെ ധീരോദാത്തമായ നിലപാടിന്റെ നാലയലത്തുപോലും എത്താത്ത ദുര്‍ബലമായ നിലപാടിലൂടെ ഇടതു സര്‍ക്കാര്‍ കേസ് അട്ടിമറിക്കുകയാണ്. ഇതുകാരണം സര്‍ക്കാര്‍ ഭൂമിയില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന നിരവധി ഭൂരഹിതരുടെ സ്വപ്‌നങ്ങളാണ് പിണറായി വിജയന്‍ ഊതിക്കെടുത്തുന്നതെന്ന് ഓര്‍ക്കുന്നത് നന്ന്.

കേരള ഭൂസംരക്ഷണ നിയമപ്രകാരം നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന് ഭൂമിയുടെ ഉടമസ്ഥാവകാശം നിര്‍ണയിക്കാന്‍ അധികാരമില്ലെന്നും സിവില്‍ കോടതി നടപടികളിലൂടെയാണ് ഇക്കാര്യം നിര്‍ണയിക്കേണ്ടതെന്നുമാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പറഞ്ഞത്. ഹാരിസണ്‍ മലയാളം കമ്പനി ലിമിറ്റഡും ഇവരുടെ പക്കല്‍ നിന്ന് ഭൂമി വാങ്ങിയവരും നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഹാരിസണിന്റെ കൈവശമുള്ള ഭൂമിയും ഇവര്‍ ഗോസ്പാല്‍ ഫോര്‍ ഏഷ്യ, ബോയ്‌സ് എസ്‌റ്റേറ്റ്, റിയാ റിസോര്‍ട്ട്‌സ്, ട്രാവന്‍കൂര്‍ റബര്‍ ആന്റ് ടീ കമ്പനി തുടങ്ങിയവര്‍ക്ക് കൈമാറിയ ഭൂമിയും സര്‍ക്കാറിന്റേതാണെന്നു സമര്‍ത്ഥിക്കാനും ഇക്കാരണത്താലാണ് സ്‌പെഷ്യല്‍ ഓഫീസര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ നടപടികള്‍ സ്വീകരിച്ചതെന്നും കോടതിയെ ബോധ്യപ്പെടുത്താനും സര്‍ക്കാറിന് കഴിഞ്ഞില്ല എന്നത് ഗൗരവമായ വീഴ്ചയാണ്. ഹാരിസണ്‍ കമ്പനിയുമായി ഒത്തുകളിച്ച് സര്‍ക്കാര്‍ കേസ് തോറ്റുകൊടുക്കുന്നുവെന്നതിന്റെ പ്രകടമായ തെളിവാണ് കോടതിയില്‍ കണ്ടത്.
സ്വാതന്ത്ര്യാനന്തരം ബ്രിട്ടീഷുകാരുടെ കൈവശമുണ്ടായിരുന്ന ഭൂസ്വത്തുക്കളെല്ലാം നിയമപ്രകാരം സംസ്ഥാന സര്‍ക്കാറിനു വന്നുചേരേണ്ടതാണെന്നും അതിന്റെ ഉടമസ്ഥത സര്‍ക്കാറിനാണ് എന്നതിനാല്‍ ഹാരിസണ്‍ കമ്പനി ലിമിറ്റഡ് കൈവശംവെച്ച ഭൂമി സര്‍ക്കാറിന് ഏറ്റെടുക്കാമെന്നുമായിരുന്നു സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. എം.ജി രാജമാണിക്യം സര്‍ക്കാറിനു നല്‍കിയ റിപ്പോര്‍ട്ട്. എന്നാല്‍ ഈ കണ്ടെത്തലുകള്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിനെ ഫലപ്രദമായി ബോധ്യപ്പെടുത്താന്‍ സര്‍ക്കാറിന് കഴിയാതിരുന്നതാണ് കേസില്‍ മൂക്കുകുത്തി വീഴാന്‍ കാരണമായത്. റവന്യൂ വകുപ്പ് ഭരിക്കുന്ന സി.പി.ഐക്ക് രാജമാണിക്യം റിപ്പോര്‍ട്ടിനോടുള്ള താത്പര്യക്കുറവ് സര്‍ക്കാര്‍ വാദത്തെ സ്വാധീനിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. നേരത്തെ ഹൈക്കോടതിയില്‍ ഇവ്വിഷയത്തില്‍ ശക്തമായി നിലകൊണ്ടിരുന്ന സ്‌പെഷ്യല്‍ പ്ലീഡര്‍ സുശീലാ ഭട്ടിനെ ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെ പിന്‍വലിച്ചതും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്. ഹാരിസണ്‍ കമ്പനി കൈവശം വച്ചിരിക്കുന്ന ഭൂമിയുടെ രേഖകള്‍ വ്യാജമാണെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിന് എങ്ങനെ വിലയില്ലാതായി എന്ന ചോദ്യത്തിനും മറുപടി പറയാന്‍ സര്‍ക്കാറിന് ധാര്‍മികമായ ബാധ്യതയുണ്ട്. വിജിലന്‍സ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ സ്‌പെഷ്യല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന് കൂടുതല്‍ ബലം നല്‍കുന്നതായിരുന്നില്ലേ? എന്തുകൊണ്ട് ഇവ കോടതിയ ബോധ്യപ്പെടുത്താന്‍ സര്‍ക്കാറിന് സാധ്യമായില്ല?

ഇവിടെ കാര്യങ്ങള്‍ സുതരാം വ്യക്തമാണ്. സര്‍ക്കാര്‍ പൊതുവെയും റവന്യൂ, നിയമ വകുപ്പുകള്‍ പ്രത്യേകമായും ഒത്തുകളി നടത്തിയാണ് ഹാരിസണ്‍ കേസ് ഹൈക്കോടതിയില്‍ തോറ്റുകൊടുത്തിട്ടുള്ളത്. ഹൈക്കോടതിയുടെ നേരത്തെയുള്ള വിധിയുടെ അടിസ്ഥാനത്തില്‍ രാജമാണിക്യം സ്വീകരിച്ച നടപടികള്‍ ഭരണഘടനാ വിരുദ്ധമാണെന്നും ഇതുപ്രകാരം ഭൂമി ഏറ്റെടുക്കാനാവില്ലെന്നുമുള്ള ഇടതു സര്‍ക്കാറിന്റെ നിയമവകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് തിരുത്താതെ കോടതിയില്‍ കേസിനു പോയതിലെ ദുരൂഹത അന്നം കഴിക്കുന്ന മലയാളിക്കറിയാം. അതിനാല്‍ പുറമെ ഭൂ മാഫിയകള്‍ക്കെതിരെ വീരവാദം മുഴക്കി അധികാരത്തിന്റെ അകത്തളങ്ങളില്‍ അവരെ വാരിപ്പുണരുന്ന ഇടതുസര്‍ക്കാറിനെ പൊതുജനം പുച്ഛിച്ചുതള്ളുക തന്നെ ചെയ്യും.

chandrika: