X
    Categories: Views

ഹജ്ജ് സബ്‌സിഡി റദ്ദാക്കിയതിലെ മുന്നറിയിപ്പ്

 

ആറു പതിറ്റാണ്ടിലധികമായി ഇന്ത്യയിലെ മുസ്‌ലിംകള്‍ അനുഭവിച്ചുകൊണ്ടിരുന്ന ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള സബ്‌സിഡി നിര്‍ത്തലാക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മുസ്‌ലിംകളെ ശാക്തീകരിക്കാനാണ് സബ്‌സിഡി നിര്‍ത്തലാക്കുന്നതെന്നും അവരെ വോട്ടു ബാങ്കാക്കി പ്രീണിപ്പിക്കുന്ന ഇതരകക്ഷികള്‍ക്കെതിരെയുള്ള നയപ്രഖ്യാപനമാണെന്നുമൊക്കെയാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. കേന്ദ്ര ന്യൂനപക്ഷ കാര്യ വകുപ്പുമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയാണ് വാര്‍ത്ത സ്ഥിരീകരിച്ചത്.

കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിന്റെ പ്രഖ്യാപിത നയ നിലപാടാണ് ഇതെന്നതിനാല്‍ ഇക്കാര്യത്തില്‍ അല്‍ഭുതത്തിന് അവകാശമില്ല. എന്നാല്‍ അതിന് തെരഞ്ഞെടുത്ത സമയവും ന്യായവും ഏറെ സന്ദേഹം ഉയര്‍ത്തുന്നതാണ്. ഹജ്ജ് സബ്‌സിഡി നിര്‍ത്തുന്നതിനുള്ള തീരുമാനത്തെക്കുറിച്ച് പരിശോധിക്കാന്‍ 2012ല്‍ സുപ്രീംകോടതി ഉത്തരവിട്ടതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനമെന്നാണ് കേന്ദ്രത്തിന്റെയും ബി.ജെ.പിയും പക്ഷം. അതേസമയം അതേ വിധിയില്‍ തന്നെ സബ്‌സിഡി 2022നുള്ളില്‍ നിര്‍ത്തിവെക്കണമെന്ന ഭാഗത്തെ ഇക്കൂട്ടര്‍ തീരെ കാര്യമാക്കിയതേയില്ല. ന്യൂനപക്ഷ പ്രീണനത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവര്‍ അഞ്ചുവര്‍ഷം മുമ്പേതന്നെ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ തീരുമാനിച്ചതിന്റെ രാഷ്ട്രീയത്തെക്കുറിച്ച് ബി. ജെ.പിയെ അറിയുന്നവര്‍ക്കാര്‍ക്കും സംശയം ഉണ്ടാകാന്‍ വഴിയില്ല.

ഇനിയും അഞ്ചുവര്‍ഷം ബാക്കിയിരിക്കെ ഇത്ര ധൃതിപിടിച്ച് തീരുമാനം ഒറ്റയടിക്ക് നടപ്പാക്കിയതിനു പിന്നിലെ ചേതോവികാരം അറിയേണ്ടതുണ്ട്. ഒരു മുസ്്‌ലിമിന്റെ ചിരകാല സ്വപ്‌നമാണ് ഇസ്്‌ലാമിലെ പഞ്ചഅനുഷ്ഠാന സ്തംഭങ്ങളിലൊന്നായ ഹജ്ജ്. പരിശുദ്ധ ഹജ്ജ് കര്‍മത്തിന് സര്‍ക്കാരോ മറ്റാരെങ്കിലുമോ സാമ്പത്തികമായ ഔദാര്യം തരണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. അങ്ങനെ അവര്‍ ആഗ്രഹിക്കുന്നുമില്ല. വളരെ മുമ്പുമുതല്‍ നിലവിലിരുന്ന ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള കപ്പല്‍യാത്ര നിര്‍ത്തലാക്കിയതോടെ വന്നുഭവിച്ച ഭാരിച്ച വിമാനയാത്രാ ചെലവാണ് ഹജ്ജ് സബ്‌സിഡി എന്ന ആശയത്തിലേക്ക് 1954ല്‍ പണ്ഡിറ്റ് നെഹ്‌റുവിനെ പോലുള്ള ഭരണാധികാരികളെ നയിച്ചത്. മുംബൈയിലാണ് ആദ്യാനുകൂല്യം നല്‍കിയത്. പിന്നീടത് വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. ഹജ്ജാജികളുടെ ഭാരിച്ച യാത്രാചെലവ് മുന്നില്‍ കണ്ടുകൊണ്ട് ദീര്‍ഘദൃക്കുകളായ നേതാക്കള്‍ വിഭാവനം ചെയ്ത് നടപ്പാക്കിയ ഒന്നാണ് ഇതെന്നര്‍ത്ഥം. ഇക്കാര്യത്തില്‍ ഒരു ഹര്‍ജിയുടെ പേരില്‍ ഉന്നത കോടതി പുറപ്പെടുവിച്ച ഉത്തരവിനെ മാനിച്ചുകൊണ്ടാണ് മുസ്‌ലിംകള്‍ക്കിടയില്‍ നിന്നുള്ള പ്രതികരണങ്ങള്‍. വിധിയില്‍ അപ്പീലിന് പോകുന്നതില്‍ പോലും ഇതു പ്രകടമാണ്. എന്നാല്‍ ഇപ്പോഴത്തെ തീരുമാനം കോടതി വിധിയുടെ അന്തസ്സത്തക്ക് എതിരാണ്.

പടിപടിയായി കുറച്ചതുമൂലം നൂറുകോടി രൂപയാണ് പ്രതിവര്‍ഷം ഹജ്ജ് സബ്‌സിഡിയായി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം അനുവദിച്ചത്. ഇന്ത്യയിലെ വിവിധ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ക്ക് സര്‍ക്കാര്‍ഖജനാവില്‍ നിന്ന് ചെലവഴിക്കുന്ന പണത്തിന്റെ എത്രയോ ചെറുതാണിതെന്നോര്‍ക്കണം. പൊടുന്നനെ നിര്‍ത്തലാക്കുമ്പോള്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ ഹജ്ജിന് പോകുന്നവരുടെ യാത്രയെയാണ് താല്‍കാലികമായെങ്കിലും പ്രതികൂലമായി ബാധിക്കുക. ഈ വര്‍ഷം ഹജ്ജ്തീര്‍ത്ഥാടനത്തിനുള്ള പട്ടികയും യാത്രാ ഷെഡ്യൂളുകളും വരെ തയ്യാറായിരിക്കെ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന സബ്‌സിഡി നിരോധനം കുറെപേരെ ആശങ്കയുടെ മുള്‍മുനയിലാക്കും. സബ്‌സിഡി കൊണ്ട് ഒരു ഹജ്ജ് തീര്‍ത്ഥാടകന് ലഭിക്കുന്ന ആനുകൂല്യം യാത്രാ ചെലവിലുള്ള ഇളവാണ്. ഇത് കേരളത്തില്‍ ശരാശരി ഇരുപതിനായിരം രൂപയോളമേ വരൂ. ഭാരിച്ച യാത്രാനിരക്കാണ് പൊതുവെ ഇത്തരത്തിലുള്ള ചെലവിന് കാരണമാകുന്നതെന്നിരിക്കെ അക്കാര്യത്തില്‍ സര്‍ക്കാര്‍ എന്തുചെയ്യാന്‍ പോകുന്നുവെന്ന് ഉത്തരവില്‍ പറയുന്നില്ല. മുസ്്‌ലിംകളുടെ പഠനച്ചെലവിലേക്ക് പണം മാറ്റിവെക്കുന്നെങ്കിലത് നല്ല കാര്യം തന്നെ. എന്നാലത് പൊടുന്നനെ ഇത്രയും തീര്‍ത്ഥാടകരെ പതിനൊന്നാം മണിക്കൂറില്‍ മുള്‍മുനയില്‍ നിര്‍ത്തി വേണ്ടതില്ലായിരുന്നു. സഊദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെയും ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെയും വിമാനങ്ങളിലാണ് സര്‍ക്കാര്‍ ക്വാട്ടയിലെ ഹാജിമാര്‍ ഹജ്ജിന് പോകുന്നത്. അവരുടെ ഈ സീസണിലെ നിരക്ക് അമ്പതിനായിരം രൂപയോളമാണ്. പൂരക്കച്ചവടം പോലെയാണ് വിമാനക്കമ്പനികള്‍ ഹജ്ജ് സീസണില്‍ നിരക്ക് ഈടാക്കുന്നത്. ഹജ്ജ് യാത്രികര്‍ക്കായി ആഗോള ടെണ്ടര്‍ വിളിച്ച് താങ്ങാവുന്ന നിരക്കില്‍ യാത്രാസൗകര്യം ഏര്‍പ്പെടുത്തുകയാണ് ജനങ്ങളോടും ഭരണഘടന അനുശാസിക്കുന്ന മതന്യൂനപക്ഷ താല്‍പര്യത്തോടും പ്രതിബദ്ധതയുളളവര്‍ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ആഗോള ടെണ്ടര്‍ എന്ന നിരന്തര ആവശ്യത്തെക്കുറിച്ച് കേന്ദ്രം മിണ്ടാതിരിക്കുന്നതിന് പിന്നിലെന്താണ് ?

മുസ്്‌ലിംകളുടെ സര്‍വതോന്മുഖമായ പുരോഗതിക്ക് വിവിധ കേന്ദ്രസര്‍ക്കാര്‍ സമിതികള്‍ നല്‍കിയിട്ടുള്ള ശുപാര്‍ശകളുടെയും നിര്‍ദേശങ്ങളുടെയും കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിലെ ബി.ജെ.പി മന്ത്രിമാര്‍ക്ക് ഇന്നും ഞഞ്ഞാപിഞ്ഞ നയമാണുള്ളത്. രാജ്യത്തെ മുസ്്‌ലിംകളുടെ അവസ്ഥ പൊതുവില്‍ പട്ടികവിഭാഗങ്ങള്‍ക്ക് തുല്യമാണൈന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സച്ചാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ പഠനവിവരം. മദ്രസ നവീകരണ സംവിധാനം, മൗലാനാ ആസാദ് ഫൗണ്ടേഷന്‍ സംബന്ധിച്ച ആനുകൂല്യങ്ങള്‍, വിവിധ സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങിയവയുടെ കാര്യങ്ങളിലൊന്നിലും കേന്ദ്രസര്‍ക്കാരിന് ഒരുവിധ മനശ്ചാഞ്ചല്യവുമില്ലാതിരിക്കെ പൊടുന്നനെ സര്‍ക്കാര്‍ സബ്‌സിഡി നിര്‍ത്തിക്കളഞ്ഞുവെന്ന് പ്രഖ്യാപിക്കുന്നത് തികച്ചും രാഷ്ട്രീയ-വര്‍ഗീയ പ്രേരിതമായേ നിഷ്പക്ഷമതികള്‍ക്ക് കാണാന്‍ കഴിയൂ. രാജ്യത്തെ 21 വിവിധ ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങള്‍ ഒന്‍പതായി ചുരുക്കാനുള്ള തീരുമാനവും മോദിയുടെ പെട്ടിയിലാണ്. ഏതായാലും ഇസ്രാഈല്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശന ദിവസം തന്നെ മുസ്്‌ലിം വിരുദ്ധമായൊരു തീരുമാനം പ്രഖ്യാപിക്കപ്പെട്ടത് കൗതുകമായി തോന്നുന്നു.

ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവന്നയുടന്‍ ബി.ജെ.പിയുമായി ബന്ധപ്പെട്ട നേതാക്കളുടെ ട്വിറ്ററില്‍ പറയുന്നത് തീരുമാനം വളരെ സ്വാഗതാര്‍ഹമാണെന്നാണ്. പല മുസ്‌ലിം സംഘടനകളും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന്റെ മെറിറ്റിനെ കുറ്റപ്പെടുത്തുന്നില്ല. എന്നാല്‍ മറ്റു ചിലര്‍ ഇതിലും വര്‍ഗീയത കലര്‍ത്തി വിമാനത്താവളങ്ങളിലെ ഹജ്ജ് കാലത്തെ താല്‍കാലിക പള്ളികള്‍ പോലും പൊളിച്ചുമാറ്റണമെന്ന് രേഖപ്പെടുത്തിക്കാണുന്നു. സബ്‌സിഡി റദ്ദാക്കിയതിനേക്കാള്‍ രാജ്യത്തെ മുസ്‌ലിംകളെ ഭീതിപ്പെടുത്തുന്നത് ഈ മതവിദ്വേഷത്തിന്റെ രാഷ്ട്രീയകാഴ്ചപ്പാടാണ്. ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിന് പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ തീര്‍ത്തും ദരിദ്രമായ സംസ്ഥാനങ്ങളുടെ പിന്നാക്ക മേഖലകളില്‍ അത് നടപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആര്‍ജവം കാട്ടണം. ജീവനും ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും കഴിഞ്ഞിട്ടേ വിദ്യാഭ്യാസം വരുന്നുള്ളൂ. പാവപ്പെട്ട മുസ്‌ലിം ഗ്രാമീണര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് കൊടുക്കാനുള്ള പണമാകട്ടെ ഹജ്ജ് സബ്‌സിഡിയില്‍ നിന്നു റദ്ദാക്കിയ ആ നൂറുകോടി. പശുവിന്റെയും മറ്റും പേരില്‍ മുസ്‌ലിംകളുടെ ജീവന്‍ ഏതുസമയവും കവര്‍ന്നെടുക്കപ്പെടുന്ന അതിഭീതിതമായ വടക്കേ ഇന്ത്യന്‍ അന്തരീക്ഷത്തില്‍ ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കലിനു പിറകെ അവരെ തുറിച്ചുനോക്കുന്ന വിഷയങ്ങളാണ് ഇനിയും മോദി സര്‍ക്കാരില്‍ നിന്ന ്‌വരാനിരിക്കുന്ന മുസ്‌ലിം, ന്യൂനപക്ഷ ദലിത് വിരുദ്ധ തീരുമാനങ്ങള്‍.

chandrika: