X
    Categories: MoreViews

ഇ.പി ജയരാജന്‍ മടങ്ങി വരുമ്പോള്‍

ബന്ധുനിയമന വിവാദത്തില്‍ മന്ത്രിസ്ഥാനം നഷ്ടമായ ഇ.പി. ജയരാജനെ മന്ത്രിസഭയിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള സി.പി.എമ്മിന്റെ തിടുക്കം ജനാധിപത്യ കേരളം അല്‍ഭുതത്തോടെയും ആശങ്കയോടെയുമാണ് നോക്കിക്കാണുന്നത്. ആരോപണ വിധേയനായതിനെ തുടര്‍ന്ന് പാര്‍ട്ടിതന്നെ നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് രണ്ടു വര്‍ഷം മുമ്പ് അദ്ദേഹത്തിന് അധികാരത്തില്‍ നിന്ന് പുറത്തുപോകേണ്ടി വന്നത്.

തെറ്റുകാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പാര്‍ട്ടിയുടെ കേന്ദ്രകമ്മറ്റി അംഗത്വത്തില്‍ നിന്നും അദ്ദേഹം മാറ്റി നിര്‍ത്തെപ്പട്ടിരുന്നു. പാര്‍ട്ടി തീരുമാനത്തില്‍ കടുത്ത നിരാശനായിരുന്ന ജയരാജന്‍ പരസ്യമായി തന്നെ അതൃപ്തി പ്രകടിപ്പിക്കുന്ന സാഹചര്യം വരെ സംജാതമാവുകയും ചെയ്തിരുന്നു. എന്നാല്‍ നിലവില്‍ സാഹചര്യം പാടെ മാറിമറഞ്ഞിരിക്കുന്ന കാഴ്ച്ചയാണ് കാണാന്‍ സാധിക്കുന്നത്. ഒരിക്കല്‍ തെറ്റുകാരനെന്ന് പാര്‍ട്ടി തന്നെ വിലയിരുത്തിയ ജയരാജനെ മന്ത്രിസഭയില്‍ തിരികെയെത്തിക്കാന്‍ അത്യദ്ധ്വാനമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ സി.പി.എം പ്രകടമാക്കിയത്.

ജയരാജനെ മന്ത്രിസഭയില്‍ എടുക്കുന്നതില്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന സി.പി.ഐ അടക്കമുള്ള പാര്‍ട്ടികളുമായി ഒന്നിലധികം തവണ ചര്‍ച്ച നടത്താന്‍ പാര്‍ട്ടി തയ്യാറായി എന്നുമാത്രമല്ല ചര്‍ച്ചകള്‍ക്ക് സംസ്ഥാന സെക്രട്ടറി തന്നെ നേരിട്ട് കാര്‍മികത്വം വഹിക്കുകയും ചെയ്തു. ഘടക കക്ഷികളുടെ എതിര്‍പ്പിന് പുല്ലുവില കല്‍പ്പിക്കുന്ന പതിവ് രീതിക്ക് ഭിന്നമായി അവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടു കൂടിയാണ് പുതിയ തീരുമാനം. മന്ത്രിമാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിലുള്ള അസംതൃപ്തിയായിരുന്നു സി.പി.ഐ യുടെ എതിര്‍പ്പിന്റെ ആധാരം. എന്നാല്‍ തങ്ങള്‍ക്ക് ഒരു കാബിനറ്റ് പദവി അധികം ലഭിച്ചതോടെ ആ പാര്‍ട്ടിയുടെ ആദര്‍ശ ധീരത അധികാരത്തിന്റെ മോഹവലയത്തില്‍ മുങ്ങിപ്പോയിരിക്കുകയാണ്.

2016 ഒക്‌ടോബര്‍ 14ന് ബന്ധുനിയമന വിവാദത്തെ തുടര്‍ന്നാണ് ജയരാജന്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താകുന്നത്. ജയരാജന്റെ ഭാര്യാ സഹോദരിയും കേന്ദ്രകമ്മിറ്റി അംഗവുമായ പി.കെ. ശ്രീമതിയുടെ മകന്‍ പി.കെ. സുധീര്‍ നമ്പ്യാരെ വ്യവസായവകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനത്തില്‍ എം.ഡിയായും ജയരാജന്റെ സഹോദരപുത്രന്റെ ഭാര്യ ദീപ്തി നിഷാദിനെ മറ്റൊരു സ്ഥാപനത്തില്‍ ജനറല്‍ മാനേജരായും നിയമിച്ചതടക്കമുള്ള ബന്ധുനിയമന പരമ്പരകളാണ് ജയരാജന്റെ മന്ത്രിക്കസേര തെറിപ്പിച്ചത്. മന്ത്രിയായി 142-ാം ദിവസമായിരുന്നു ഈ രാജി.

തൊട്ടതെല്ലാം പിഴച്ചുപോകുന്ന നിലവിലെ സാഹചര്യത്തില്‍ പിടിച്ചുനില്‍ക്കാനുള്ള കച്ചിത്തുരുമ്പാണ് പാര്‍ട്ടി ജയരാജന്റെ തിരിച്ചുവരവിലൂടെ കാണുന്നത്. ഒന്നിലധികം കാരണങ്ങള്‍ കൊണ്ട് ജയരാജന്റെ മന്ത്രി സഭയിലെ സാന്നിധ്യം സി.പി.എമ്മിന് അനിവാര്യമായിരിക്കുന്നു. മുഖ്യമന്ത്രി വിദേശത്തേക്ക് പോകുമ്പോള്‍ അധികാരം ഏല്‍പ്പിക്കാന്‍ ഒരു വിശ്വസ്തന്‍ അനിവാര്യമാണെന്നതാണ് ഒന്നാമത്തെ കാര്യം. സി.പി.എമ്മിന്റെ അധികാരകേന്ദ്രമായി മാറിയ കണ്ണൂര്‍ ലോബിയുടെ കരങ്ങളില്‍ നിന്ന് പാര്‍ട്ടി സംവിധാനവും പാര്‍ലമെന്ററി സംവിധാനവും കൈവിട്ടുപോകുന്ന ഒരു സാഹചര്യവും നിലവിലെ നേതൃത്വം അനുവദിച്ചുകൊടുക്കില്ല. അതുകൊണ്ടു തന്നെ മന്ത്രി സഭയിലെ രണ്ടാമനായി ഒരു കണ്ണൂര്‍ക്കാരന്‍ അവരോധിക്കപ്പെടേണ്ടതുണ്ട്. അധികാരക്കൈമാറ്റം സുഗമാമാക്കുന്നതിനാണ് ഈ പ്രക്രിയ വേഗത്തില്‍ പൂര്‍ത്തീകരിച്ചത്.

ജനങ്ങള്‍ക്ക് മനസ്സിലാകാത്ത രീതിയില്‍ മന്ത്രിസഭയിലെ കഴിവുകെട്ടവരെ മാറ്റിനിര്‍ത്താനുള്ള അവസരമായും പുതിയ നീക്കത്തെ പാര്‍ട്ടി ഉപയോഗപ്പെടുത്തുന്നു. തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിന്നും കെ.ടി ജലീലിനെ മാറ്റിയതിലൂടെ അദ്ദേഹത്തിന്റെ കഴിവുകേട് പാര്‍ട്ടി തന്നെ തുറന്നു സമ്മതിച്ചിരിക്കുകയാണ്. അഴിമതിയും സ്വജനപക്ഷപാതവുമെല്ലാം വകുപ്പില്‍ അരിയിട്ടു വായിക്കപ്പെടുമ്പോള്‍ മന്ത്രി നോക്കുകുത്തിയായി മാറി എന്നായിരുന്നു പൊതുവെയുള്ള ധാരണ. എന്നാല്‍ ആരോപണങ്ങളുടെ ചൂണ്ടുവിരല്‍ മന്ത്രിക്കു നേരെ തന്നെ തിരിഞ്ഞതോടെ അടുത്ത വിക്കറ്റു വീഴ്ച്ചയും പാര്‍ട്ടി മണക്കുകയാണ്. മന്ത്രിയെ വകുപ്പില്‍ നിന്ന് മാറ്റി കാര്യങ്ങള്‍ കൈവിട്ടുപോകുന്നതിന്റെ മുമ്പ് വരുതിയില്‍ നിര്‍ത്തുന്നതിനും ഈ അഴിച്ചുപണി പാര്‍ട്ടിക്ക് അനിവാര്യമായിരുന്നു.

ഉന്നത വിദ്യാഭ്യാസ രംഗം മന്ത്രി രവീന്ദ്രനാഥില്‍ നിന്ന് എടുത്തുമാറ്റിയതിലൂടെ വിദ്യാഭ്യാസ വകുപ്പിനെതിരെ യു.ഡി.എഫ് ഉന്നയിക്കുന്ന ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് സി.പി.എം തുറന്നു സമ്മതിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ മേഖലയില്‍ സംഘ്പരിപാറിന്റെ കുഴലൂത്ത് നടക്കുമ്പോള്‍ മന്ത്രി കാഴ്ച്ചക്കാരന്റെ റോളിലാണ്. ഇത് പലപ്പോഴും പാര്‍ട്ടിയെയും സര്‍ക്കാറിനെയും പ്രതിരോധത്തില്‍ നിര്‍ത്തിയതുമാണ്. ഇതില്‍ നിന്നും ഒരു മോചനമാണ് ജയരാജന്റെ വരവിലെ മറ്റൊരു ഉദ്ദേശം. എന്നാല്‍ കഴിവുകേടിന്റെ പര്യായങ്ങളായി മാറിയ മന്ത്രിമാരെ വകുപ്പുമാറ്റത്തിലൂടെ സംരക്ഷിക്കുന്നത് തൊലിപ്പുറത്തുള്ള ചികിത്സമാത്രമാണ്. ഈ നീക്കംവഴി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാമെന്നത് വ്യാമോഹം മാത്രമാണ്.

ജയരാജനെ മന്ത്രി സഭയില്‍ തിരിച്ചെടുക്കാന്‍ പാര്‍ട്ടി കണ്ടെത്തിയ ന്യായം കൗതുകകരമാണ്. മന്ത്രി സഭയില്‍ നിന്നും പാര്‍ട്ടി പദവിയില്‍ നിന്നും പുറത്തു നിര്‍ത്തിയ കാലത്ത് അച്ചടക്കലംഘനമൊന്നും കാണിച്ചിട്ടില്ല എന്നതാണത്. പുറത്താക്കപ്പെട്ട മന്ത്രിക്കു തിരിച്ചുവരാനുള്ള യോഗ്യത പാര്‍ട്ടി അച്ചടക്കം പാലിച്ചു എന്നതാണെന്നുള്ള ഈ വിലയിരുത്തല്‍ പൊതു ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണ്. ഇതിനു മുമ്പ് മറ്റൊരു വിവാദത്തിലകപ്പെട്ട് പുറത്തുപോയ എ.കെ ശശീന്ദ്രനെ വെള്ളപൂശി തിരിച്ചെടുത്തതോടെ തന്നെ ഈ സര്‍ക്കാറിന്റെ ധാര്‍മിക ബോധം പൊതു സമൂഹം തിരിച്ചറിഞ്ഞതാണ്. കായല്‍ കൈയ്യേറ്റം വഴി പുറത്തു പോകേണ്ടി വന്ന തോമസ് ചാണ്ടിയെയും കൂടി തിരിച്ചെടുത്താല്‍ പിണറായിയുടെ അഴിമതിക്കെതിരേയുള്ള പോരാട്ടം പൂര്‍ണമാകും.

യു.ഡി.എഫ് മന്ത്രിസഭയില്‍ 21 മന്ത്രിമാരും ഒരു ചീഫ് വിപ്പും ഉണ്ടായപ്പോള്‍ രൂക്ഷവിമര്‍ശനം നടത്തിയ ഇടതുപക്ഷത്തിന്റെ മന്ത്രിസഭയില്‍ ഇപ്പോള്‍ 20 പേരായി. സി.പി.ഐക്കു കാബിനറ്റ് പദവിയുള്ള ചീഫ് വിപ്പിനെ നല്‍കുന്നു. ഇതോടെ കാബിനറ്റ് പദവിയില്‍ വി.എസ് അച്യുതാനന്ദനും ബാലകൃഷ്ണ പിള്ളയും ഉള്‍പ്പെടെ മൂന്നു പേരായി. സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്നും എല്ലാവരും മുണ്ടുമുറുക്കിയുടുക്കണമെന്നും പറയുന്ന മുഖ്യമന്ത്രിക്ക് ഈ ധൂര്‍ത്തിനെക്കുറിച്ച് എന്താണു പറയാനുള്ളതെന്നറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ട്. അധികാരത്തിന്റെ ഒരു തുണ്ട് അപ്പക്കഷണം കിട്ടിയാല്‍ പറഞ്ഞതെല്ലാം തൊണ്ട തൊടാതെ വിഴുങ്ങാന്‍ തങ്ങള്‍ തയ്യാറാണെന്ന് സി.പി.ഐയും ഇതുവഴി തെളിയിച്ചിരിക്കുകയാണ്.

chandrika: