X
    Categories: Video Stories

വിളവു തിന്നുന്ന സി.ബി.ഐ

കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്നു കേട്ടിട്ടേയുള്ളൂ. രാജ്യത്തിന്റെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സിയായ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ അവസ്ഥയാണിന്നിത്. സി.ബി.ഐയുടെ തലപ്പത്തെ രണ്ടാമനു നേരെ അതേഏജന്‍സിയുടെ ഡയറക്ടര്‍ അനില്‍ശര്‍മ അഴിമതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നുവെന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ രാജ്യം എങ്ങോട്ടാണ് പോകുന്നതെന്ന് അന്തംവിട്ടിരിക്കുകയാണ് ജനത. മോദി സര്‍ക്കാരിന്കീഴില്‍ പ്രധാനമന്ത്രിക്കും ഭരിക്കുന്ന പാര്‍ട്ടിയുടെ ഉന്നതനും നേര്‍ക്ക് നിരവധിയായ അഴിമതികളും കൊലപാതകമടക്കമുള്ള പരാതികളും ഉയര്‍ന്നുവന്നിട്ടും അനങ്ങാത്ത സര്‍ക്കാരിന് എന്തുകൊണ്ടും യോജിച്ച അന്വേഷണ ഏജന്‍സിയാണ് സി.ബി.ഐ എന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.
ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാംസ കയറ്റുമതി സ്ഥാപന ഉടമക്കും മറ്റുമെതിരായ കേസ് അട്ടിമറിക്കാന്‍ സി.ബി.ഐ സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താന വന്‍തുക കൈക്കൂലി വാങ്ങിയതായാണ് പുറത്തുവന്നിരിക്കുന്ന പരാതി. സി.ബി.ഐ ഡയറക്ടര്‍ നേരിട്ട് നടത്തിയ അന്വേഷണത്തിലാണ് അസ്താനക്കും മറ്റ് മൂന്നു പേര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പ്രധാനന്ത്രിയുടെയും ബി.ജെ.പി പ്രസിഡന്റ് അമിത്ഷായുടെയും വിശ്വസ്തനാണ് ഗുജറാത്ത് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരിലൊരാളും ഗോധ്ര ട്രെയിന്‍ തീവെപ്പുകേസന്വേഷിച്ചയാളുമായ രാകേഷ് അസ്താന. 2016 ഏപ്രിലില്‍ സി.ബി.ഐ അഡീഷണല്‍ ഡയറക്ടറായി നിയമിതനായ അസ്താനക്കെതിരെ ഗുജറാത്ത് കലാപത്തില്‍ മോദിയെ സഹായിച്ചുവെന്ന ആരോപണങ്ങളും ഉയര്‍ന്നുവന്നിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ഇദ്ദേഹത്തിന് സ്‌പെഷല്‍ ഡയറക്ടറായി മോദി സര്‍ക്കാര്‍ സ്ഥാനക്കയറ്റം നല്‍കിയത്. ആരോപണങ്ങളെതുടര്‍ന്ന് കേന്ദ്ര വിജിലന്‍സ് കമ്മീഷനില്‍ ഈ ഉദ്യോഗസ്ഥന്‍ ഹാജരാകുന്നതില്‍നിന്ന് അദ്ദേഹത്തെ ഡയറക്ടര്‍ വിലക്കിയിരുന്നു. ഇതിനിടെയാണ് അസ്താനക്കെതിരെ സി.ബി.ഐ കണ്ടതില്‍ വെച്ചേറ്റവും ഗുരുതരമായ അഴിമതിയാരോപണം ഉയര്‍ന്നുവന്നിരിക്കുന്നത്. അഴിമതി തടയുകയും അവരെ കയ്യാമം വെക്കേണ്ടവരുമായ ഏജന്‍സിയുടെ തലപ്പത്തുതന്നെ ഇത്തരം കാട്ടുകള്ളന്മാര്‍ വിലസുന്നുവെന്നത് ജനങ്ങളില്‍ ആ ഏജന്‍സിയെക്കുറിച്ചും ഭരിക്കുന്ന സര്‍ക്കാരിനെക്കുറിച്ചും രാജ്യത്തെ നിയമ വ്യവസ്ഥിതിയെക്കുറിച്ചുമുള്ള വലിയ ഉല്‍കണ്ഠകളാണ് ഉരുവപ്പെടുത്തിയിരിക്കുന്നത്.
മോയിന്‍ ഖുറേഷി ഉള്‍പ്പെടെ ഏതാനും പേര്‍ക്കെതിരായ കേസില്‍ മൂന്നു കോടി രൂപ കോഴ നല്‍കിയെന്നാണ് രാകേഷിനെതിരായ കേസ്. സി.ബി.ഐ ഡിവൈ.എസ്.പി ദേവേന്ദ്രകുമാര്‍, ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പണമിടപാടുകാരന്‍ മനോജ് പ്രസാദ്, അയാളുടെ സഹോദരന്‍ സോമേഷ് പ്രസാദ് എന്നിവരാണ് മറ്റു പ്രതികള്‍. മനോജിനെ ഇതിനകം സി.ബി.ഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. മനോജും സോമേഷും ചേര്‍ന്ന് രാകേഷ് അസ്താനയുടെ കള്ളപ്പണം വിദേശത്ത് സൂക്ഷിക്കുകയായിരുന്നുവെന്നാണ് ഇതിനകം വെളിച്ചത്തുവന്നിട്ടുള്ള ഞെട്ടിപ്പിക്കുന്ന സത്യം. ഇത് ശരിയെങ്കില്‍ രാജ്യത്തിനകത്തെ അഴിമതിക്കാരുടെ കാര്യത്തില്‍ എന്തു വിശ്വാസ്യമായ നടപടികളാണ് സി.ബി.ഐ എടുക്കാന്‍ പോകുന്നതെന്നത് ചോദ്യചിഹ്നമായിരിക്കുകയാണ്. അത് നീളുന്നത് രാജ്യഭരണാധികാരികളുടെ നേര്‍ക്കുകൂടിയാണ്.
മോയിന്‍ ഖുറേഷിയുടെയും മറ്റും കേസന്വേഷിക്കുന്ന ഡിവൈ.എസ്.പി ദേവേന്ദ്രകുമാര്‍ കഴിഞ്ഞവര്‍ഷം ഹൈദരാബാദിലെ ബിസിനസുകാരനായ സതീശ് സന ബാബു എന്നയാളെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. ഒക്ടോബര്‍ നാലിനും ഇരുപതിനുമായി ഇയാളുടെ രഹസ്യമൊഴി 164 വകുപ്പ് പ്രകാരം മജിസ്‌ട്രേറ്റിനു മുന്നില്‍ രേഖപ്പെടുത്തി. ഇതിനുശേഷം 2017 ഡിസംബറിനും ഈ മാസത്തിനുമിടയില്‍ നാലു തവണയായി മൂന്നു കോടി രൂപ ഇയാളില്‍നിന്ന് ഉദ്യോഗസ്ഥന്‍ വാങ്ങിയെടുത്തുവെന്നാണ് കേസ്. സനബാബു തന്നെയാണ് പരാതിക്കാരന്‍. ദുബൈയിലും ലണ്ടനിലുമായാണ് രാകേഷ് അസ്താനയുടെ കള്ളപ്പണം മനോജും സഹോദരനും സൂക്ഷിച്ചിരുന്നതത്രെ. യു.പിയിലെ വഡോദരയില്‍ അസ്താനയുടെ മകളുടെ വിവാഹ സല്‍ക്കാരത്തിന് ഇടനിലക്കാര്‍വഴി കോടികള്‍ കൈമറിഞ്ഞതായും സി.ബി.ഐക്ക് വിവരം ലഭിച്ചിട്ടുണ്ട്. സി.ബി.ഐയുടെ കേസുകള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ വിദേശത്ത് ഇടനിലക്കാരെ താമസിപ്പിച്ച് അവര്‍ മുഖേന കോഴ കൈപ്പറ്റിവരികയും കേസില്‍നിന്ന് ഊരിക്കൊടുക്കുകയുമാണെന്നാണ് അസ്താന സംഭവം ബോധ്യപ്പെടുത്തുന്നത്. വേലി തന്നെ വിളവുതിന്നുന്നു എന്ന് ചുരുക്കം.
സി.ബി.ഐ ജോ.ഡയറക്ടറും ഗുജറാത്ത് കേഡര്‍ ഓഫീസറുമായിരുന്ന അരുണ്‍കുമാര്‍ ശര്‍മയെ ഗുജറാത്ത് പൊലീസില്‍നിന്ന് മാറ്റി നിയമിച്ചത് കഴിഞ്ഞ ഏപ്രിലിലായിരുന്നു. പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം സി.ബി.ഐയിലെ പല നിര്‍ണായക കേസുകളും കൈകാര്യം ചെയ്യാന്‍ ശര്‍മയെ ഏല്‍പിക്കാന്‍ ഏജന്‍സി നിര്‍ബന്ധമായതായി നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. ഡയറക്ടര്‍ അനില്‍ശര്‍മ ഇതിന് വഴങ്ങാതിരുന്നതിനാല്‍ മോദി സര്‍ക്കാരില്‍നിന്ന് കടുത്ത സമ്മര്‍ദം നേരിട്ടുവരികയാണ്. ബാങ്ക് തട്ടിപ്പുകേസ് പ്രതിയും ബി.ജെ.പി എം.പിയുമായിരുന്ന വിജയ്മല്യയെ ലണ്ടനിലേക്ക് നാടുവിടുന്നതിന ്‌സഹായിച്ച സി.ബി.ഐ ഓഫീസര്‍മാരില്‍ മുമ്പന്‍ മോദിയുടെ വിശ്വസ്തനായ അരുണ്‍കുമാര്‍ ശര്‍മയാണെന്നതു സംബന്ധിച്ച് നേരത്തെ സ്ഥിരീകരണമുണ്ടായിരുന്നു. നാടുവിടുമ്പോള്‍ മല്യക്കെതിരായ കുറ്റം ലളിതമാക്കിക്കൊടുത്തുവെന്നാണ് ശര്‍മക്കെതിരായ പരാതി. കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ജെയ്റ്റ്‌ലിയെ നേരില്‍കണ്ട ശേഷമാണ് മല്യ നാടുവിട്ടതെന്ന് അടുത്തിടെ മല്യതന്നെ വെളിപ്പെടുത്തിയിരുന്നതും സി.ബി.ഐ ജോ. ഡയറക്ടര്‍ ശര്‍മ വാര്‍ത്താകുറിപ്പിറക്കിയതും കൂട്ടിവായിക്കുമ്പോള്‍ സി.ബി.ഐ ‘കൂട്ടിലടക്കപ്പെട്ട തത്ത’ ആണെന്ന സുപ്രീംകോടതിയുടെ ആരോപണം അഴിമതിയെ ലളിതവല്‍കരിക്കുകയാണെന്ന് തോന്നാം. തത്തയെ കൂട്ടിലടച്ചിരിക്കുകയല്ല, അന്യരുടെ വിള കൊത്തിക്കൊണ്ടുവരാന്‍ വിട്ടിരിക്കുകയാണ് മോദി സര്‍ക്കാര്‍ എന്നതാണ് സത്യം. ഇതേ ശര്‍മയാണ് മുംബൈ കോളജ് വിദ്യാര്‍ത്ഥി ഇസ്രത് ജഹാനെയും കൂട്ടുകാരനെയും പട്ടാപ്പകല്‍ ഗുജറാത്തില്‍ വെടിവെച്ച് കൊന്ന് ഏറ്റുമുട്ടലാക്കാന്‍ ശ്രമിച്ചത്. അപ്പോള്‍ രാകേഷ് അസ്താനയുടെ കൈകളിലെ കറയും ഭരണകൂടവുമായി ബന്ധപ്പെടുന്നുണ്ടോ എന്ന് സംശയിച്ചാല്‍ തെറ്റില്ല. അഴിമതിക്കാരും കുറ്റവാളികളുമായ ഓഫീസര്‍മാരെ സഹായിക്കുന്നുവെന്നാണ് അഴിമതിക്കാര്‍ക്കെതിരെ സന്ധിയില്ലാനടപടി സ്വീകരിക്കുന്ന സി.ബി.ഐ ഡയറക്ടര്‍ക്കെതിരായ മോദി സര്‍ക്കാരിന്റെ വൈരനിര്യാതന നടപടികള്‍ ചൂണ്ടിക്കാട്ടുന്നത്. ഭരണഘടനാ പദവികളുള്ള കേന്ദ്ര തെരഞ്ഞെടുപ്പുകമ്മീഷന്‍ മുതല്‍ വിജിലന്‍സ്, വിവരാവകാശ, മനുഷ്യാവകാശ, ന്യൂനപക്ഷ, വനിതാകമ്മീഷനുകളെയൊക്കെ നോക്കുകുത്തികളാക്കിയ മോദിക്ക് സി.ബി.ഐയും എന്‍.ഐ.എയും തങ്ങളുടെ ഇംഗിതം ഏറ്റുപറയുന്ന തത്തകളായതില്‍ അല്‍ഭുതമില്ല.

ചന്ദ്രിക വെബ് ഡെസ്‌ക്‌: