X
    Categories: Video Stories

വോട്ടര്‍മാരോടുള്ള വെല്ലുവിളി

‘കേരളത്തിന്റെ നവോത്ഥാനമൂല്യങ്ങളെ ആര്‍ക്കും തകര്‍ക്കാന്‍ കഴിയില്ല. നവോത്ഥാനത്തിനുള്ള ഊര്‍ജം സംഭരിക്കാനുള്ള സമയമാണ് ഇപ്പോള്‍ കേരളീയര്‍ക്കുമുന്നിലുള്ളത്. ഇതിന്റെ പ്രഖ്യാപനമാണ് ഈ പുതുവര്‍ഷദിനത്തില്‍ വനിതാമതിലിലൂടെ കേരളത്തിലെ വനിതകള്‍ നടത്തിയത്.’ ഫെബ്രുവരി 12ന് കൊച്ചി മറൈന്‍ ഡ്രൈവില്‍ പുസ്തകോല്‍സവ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായിവിജയന്‍ കേരളീയരോട് ഇങ്ങനെ പറഞ്ഞത്. അതുകഴിഞ്ഞ് ഏതാണ്ട് ഒരുമാസം തികയുംമുമ്പ് മുഖ്യമന്ത്രിയുടെ പാര്‍ട്ടിയായ സി.പി.എം നേതൃത്വം നല്‍കുന്ന ഇടതുപക്ഷ മുന്നണി പതിനേഴാം ലോക്‌സഭാതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തുവിട്ടു. ഇതില്‍ പക്ഷേ തെളിയുന്നത് മേല്‍പറഞ്ഞ നവോത്ഥാനത്തിന്റെ വിളംബരമാണോ എന്ന് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കക്ഷിയും ജനങ്ങളോട് അര്‍ത്ഥശങ്കയില്ലാത്തവിധം വിശദീകരിച്ചാല്‍ നന്നായിരിക്കും.
പാര്‍ട്ടിയുടെ ലോക്‌സഭാസ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകൊണ്ട് മാര്‍ച്ച് ഒന്‍പതിന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടത് മികച്ച സ്ഥാനാര്‍ത്ഥികളെയാണ് തന്റെ പാര്‍ട്ടി പുറത്തിറക്കിയിരിക്കുന്നതെന്നാണ്. പൊന്നാനിയില്‍ പി.വി അന്‍വറും വടകരയില്‍ പി. ജയരാജനും അടക്കം 14 പുരുഷന്മാരെയും കണ്ണൂരില്‍ പി.കെ ശ്രീമതിയെയും പത്തനംതിട്ടയില്‍ വീണാജോര്‍ജിനെയുമാണ് അദ്ദേഹം പ്രഖ്യാപിച്ചത്. ഇതില്‍ പി.വി അന്‍വര്‍, വീണാജോര്‍ജ്, ആലപ്പുഴയിലെ എ.എം ആരിഫ്, കോഴിക്കോട്ടെ കെ. പ്രദീപ്കുമാര്‍ എന്നിവര്‍ നിലവിലെ നിയമസഭയില്‍ അംഗങ്ങളും മറ്റുള്ള അഞ്ചു പേര്‍ നിലവില്‍ എം.പിമാരുമാണ്. എറണാകുളത്തെ സ്ഥാനാര്‍ത്ഥി പി. രാജീവും കെ.എന്‍ ബാലഗോപാലും മുമ്പ് രാജ്യസഭാംഗങ്ങളായിരുന്നവരും. സി.പി.എമ്മിന്റെ പാര്‍ട്ടിചട്ടമനുസരിച്ച് രണ്ടില്‍ കൂടുതല്‍ തവണ ഒരു പാര്‍ലമെന്ററി പദവി വഹിക്കരുതെന്നാണെങ്കിലും അതൊന്നും ഇത്തവണ പ്രസക്തമല്ലെന്നാണ് നേതാക്കള്‍ പറയുന്നത്. ജയസാധ്യത മാത്രമാണ് തങ്ങള്‍ കണക്കിലെടുത്തതെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. എങ്കില്‍ ജയരാജനെയും അന്‍വറിനെയും പോലുള്ള ക്രിമിനല്‍, അഴിമതി കേസുകളില്‍ പ്രതിയായവരെ സ്ഥാനാര്‍ത്ഥികളാക്കാനുള്ള തീരുമാനത്തിന് എന്ത് സാംഗത്യമാണ് സി.പി.എം ജനങ്ങള്‍ക്കുമുമ്പാകെ വെക്കുന്നത്.
കണ്ണൂര്‍ ജില്ലയിലെ മൂന്ന് കൊലപാതകക്കേസുകളില്‍ മൂന്നിലും സി.ബി.ഐയുടെ പ്രതിപ്പട്ടികയിലുള്ള വ്യക്തിയാണ് പി. ജയരാജന്‍ എന്നതുപോകട്ടെ, മുന്‍ സി.പി.എം നേതാവായിരുന്ന വടകര ഒഞ്ചിയത്തെ ടി.പി ചന്ദ്രശേഖരന്‍ അടക്കമുള്ളവരുടെ കൊലപാതകത്തില്‍ ആരോപണത്തിന്റെ കുന്തമുനയില്‍ നില്‍ക്കുന്നയാളും. കണ്ണൂരില്‍ സി.പി.എമ്മിനെ വളര്‍ത്തിയെടുക്കുന്നതിലും പിടിച്ചുനിര്‍ത്തുന്നതിലും അക്ഷീണം പ്രയത്‌നിക്കുന്നയാളെന്നതുകാരണമാണ് ജയരാജനെ സി.പി.എം വടകരയില്‍ സ്ഥാനാര്‍ത്ഥിയാക്കിയതെങ്കില്‍ അവിടെ തന്നെയാണ് ടി.പി ചന്ദ്രശേഖരന്‍ എന്ന കമ്യൂണിസ്റ്റ് നേതാവ് കൊലചെയ്യപ്പെട്ടതും. ഇനി അതുതന്നെയാണ് സ്ഥാനാര്‍ത്ഥിത്വത്തിന് കാരണമെന്ന് വാദിച്ചാല്‍ അതിലൂടെ അവിടുത്തെ വോട്ടര്‍മാരെയും ജനങ്ങളെയും വെല്ലുവിളിക്കുകയും പരിഹസിക്കുകയുമല്ലേ സി.പി.എം ചെയ്തിരിക്കുന്നത്. ചന്ദ്രശേഖരന്റെ പത്‌നി കെ.കെ രമയെ ആസ്ഥാനവിധവ എന്നും കേട്ടാലറയ്ക്കുന്ന മറ്റുപലതും വിളിച്ചാക്ഷേപിച്ച പാര്‍ട്ടി സ്വന്തം സഖാക്കളുടെയും അനുഭാവികളുടെയും പിന്തുണയുണ്ടെന്ന ഹുങ്കിലാണ് ഈ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതെങ്കില്‍ അത് ജനങ്ങളുടെ സഹനശേഷിയെയും ഓര്‍മശക്തിയെയും ചോദ്യംചെയ്യുന്ന തികഞ്ഞ ധിക്കാരമാണ്. ആഭ്യന്തര ഭരണം നിയന്ത്രിക്കുന്ന ഒരു പാര്‍ട്ടിയാണ് വടകരയിലെയും സംസ്ഥാനത്തെയാകെയും വോട്ടര്‍മാരോട് ഈ ചതി ചെയ്തിരിക്കുന്നതെന്നതിനെ ഭീകരമെന്നേ വിശേഷിപ്പിക്കേണ്ടൂ. ജയരാജന്റെ സ്ഥാനാര്‍ത്ഥിത്വം അക്രമ രാഷ്ട്രീയത്തിനെതിരെയാണെന്ന കോടിയേരിയുടെ ശനിയാഴ്ചത്തെ പരാമര്‍ശമാണ് ഈ വര്‍ഷത്തെ ഏറ്റവുംവലിയ തമാശയെന്ന് പറയാം.
പൊന്നാനിയിലെ സ്ഥാനാര്‍ത്ഥി ഇത്തവണ നിലമ്പൂരില്‍നിന്ന് ജയിച്ച സി.പി.എം സ്വതന്ത്രന്‍ പി.വി അന്‍വറാണ്. ഇദ്ദേഹത്തിന്റെ പേരില്‍ കേരള സര്‍ക്കാര്‍ തന്നെ നല്‍കിയിട്ടുള്ള റിപ്പോര്‍ട്ടുകളും കോടതിയില്‍ നിലനില്‍ക്കുന്ന ഭൂമി കയ്യേറ്റക്കേസുകളും കണക്കിലെടുക്കുന്നില്ലെന്നുകൂടിയല്ലേ സി.പി.എം വിളംബരം ചെയ്യുന്നത്. സ്വകാര്യ കുത്തകകള്‍ക്കും ഭൂമി കയ്യേറ്റക്കാര്‍ക്കും ഓശാന പാടുന്ന സി.പി.എം ഇത്തരമൊരാളെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ അല്‍ഭുതമില്ലെങ്കിലും ഇതിന് വോട്ടര്‍മാര്‍ മറുപടി പറയുമെന്നേ പറയാനുള്ളൂ. നവോത്ഥാനത്തെക്കുറിച്ച് വായിട്ടടിക്കുന്ന പാര്‍ട്ടിയും മുഖ്യമന്ത്രിയും തിരിച്ചറിയേണ്ട മറ്റൊന്നാണ് വനിതകള്‍ക്ക് നല്‍കിയിരിക്കുന്ന സ്ഥാനാര്‍ത്ഥി അനുപാതം. പാര്‍ലമെന്റിലെ മൂന്നിലൊന്ന് പ്രാതിനിധ്യപ്രകാരം ഇരുപതില്‍ ആറു വനിതകള്‍ വേണമെന്നിരിക്കെയാണ് രണ്ടു പേരുടെ സ്ഥാനാര്‍ത്ഥിത്വം. പാര്‍ലമെന്റില്‍ വനിതാസംവരണ ബില്ലിനുവേണ്ടി പോരാടുന്നുവെന്ന് പറയുന്ന കമ്യൂണിസ്റ്റ് കക്ഷികള്‍ക്ക് ഇതും ഭൂഷണം. എഴുത്തുകാര്‍വരെ ഇതിനെതിരെ പരസ്യമായി രംഗത്തുവന്നപ്പോള്‍ വനിതാമതിലില്‍ അണിനിരന്ന വനിതകളുടെ രോഷം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാനിരിക്കുന്നേയുള്ളൂ. പിണറായി നടേ പറഞ്ഞ നവോത്ഥാനത്തിന്റെ ഊര്‍ജം പി.കെ ശശിയുടെ വിഷയജഢിലമായ കമ്യൂണിസ്റ്റ് ഊര്‍ജമല്ലാതെന്താണ് ?
പി. ജയരാജന് പകരം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എം.വി ജയരാജനെയാണ് പുതിയ സെക്രട്ടറിയായി സി.പി.എം കണ്ണൂര്‍ ജില്ലയില്‍ നിയോഗിക്കുന്നതത്രേ. ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്റെ പേരിലായാലും ഇനീഷ്യല്‍ മാത്രമേ ഈ മാറ്റത്തിലൂടെ മാറുന്നുള്ളൂ. സ്ത്രീയെ അപമാനിച്ചെന്ന കുറ്റത്തിന് പാര്‍ട്ടി പുറത്താക്കിയ നേതാവിനെ വീണ്ടും ജില്ലാകമ്മിറ്റിയിലേക്ക് തിരിച്ചെടുത്തതും പാലക്കാട് ജില്ലാസെക്രട്ടറിയേറ്റംഗത്തെ ആറു മാസത്തേക്ക് പുറത്താക്കിയിട്ടും അദ്ദേഹത്തെകൊണ്ട് പാര്‍ട്ടി പരിപാടികള്‍ നടത്തിക്കുന്നതുമെല്ലാം നവോത്ഥാനത്തിന്റെ ഗണത്തില്‍പെടുത്താമെങ്കില്‍ കടന്ന കൈയാണെന്നേ പറയാനുള്ളൂ. മത ന്യൂനപക്ഷങ്ങളെ അവഹേളിച്ച നേതാക്കളുമായും പാര്‍ട്ടികളുമായും മുന്നണിയുണ്ടാക്കുകയും നാലു വോട്ടിന് വേണ്ടി സകലതും പണയം വെക്കുകയും ചെയ്തിരിക്കുകയാണ് തെരഞ്ഞെടുപ്പില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി. ഇവരാണ് മോദിയുടെയും അമിത്ഷായുടെയും ന്യൂനപക്ഷ വിരുദ്ധതക്കും അഴിമതിക്കുമെതിരെ വോട്ടുതേടുന്നത്. ജനങ്ങളെ അവഹേളിക്കുകയും ആക്രമിക്കുകയും ചെയ്യുന്നവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ജനങ്ങള്‍ തീരുമാനിച്ചുകഴിഞ്ഞിരിക്കുന്നുവെന്ന് ഇനിയും മനസ്സിലായിട്ടില്ലെങ്കില്‍ ‘അറിയാത്ത പുള്ള ചൊറിയുമ്പോള്‍ അറിയും’ എന്നേ ഓര്‍മിപ്പിക്കാനുള്ളൂ.

ചന്ദ്രിക വെബ് ഡെസ്‌ക്‌: