മനുഷ്യന് അവസരത്തിനൊത്ത് വ്യത്യസ്ത ഭാവങ്ങളുണ്ടാകാമെങ്കിലും അവയെല്ലാം പ്രകടിപ്പിക്കുന്നത് ഒരേയൊരു മുഖത്തിലൂടെയാണ്. ഇതുപോലെ ഓരോ പ്രത്യയശാസ്ത്രമാണ് ഓരോ സംഘടനയുടെയും മുഖമുദ്ര. അതങ്ങനെതന്നെ ആയിരിക്കുകയുംവേണം. നാഴികയൊന്നിന് നാല്‍പത് നിലപാടുകള്‍ സ്വീകരിക്കുന്ന രാഷ്ട്രീയകക്ഷി അവരുള്‍ക്കൊള്ളുന്ന സമൂഹത്തിനും നാടിനും ശാപമാണ്. അത്തരമൊരു കക്ഷി ഏതെന്ന് ചോദിച്ചാല്‍ ഇന്ത്യയിലിന്ന് സി.പി.എം അല്ലാതെ മറ്റൊന്നിന്റെ പേരു പറയാനുണ്ടാകില്ല. അധികാരത്തിലിരിക്കാനായി സ്വന്തം കമ്യൂണിസ്റ്റ്-കേന്ദ്രീകൃത പ്രത്യയശാസ്ത്രത്തെപോലും ഉപേക്ഷിച്ചവരാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റുപാര്‍ട്ടികള്‍. അവയില്‍ മുഖ്യം 1964ല്‍ രൂപം കൊണ്ട സി.പി.എം തന്നെ. അന്നുതൊട്ട് ഇന്നുവരെയും ഈ പാര്‍ട്ടിയുടെ നിലപാട് വോട്ടിനനുസരിച്ച് തരാതരം പോലെയും ഒന്നിനൊന്ന് പ്രതിലോമകരവുമാണ്. അഞ്ച് സംസ്ഥാനങ്ങളില്‍ വേരോട്ടമുണ്ടായിരുന്ന കക്ഷി കേരളത്തിന്റെ ഇട്ടാവട്ടത്തില്‍ മാത്രമായി അവശേഷിച്ചതിന്റെ കാരണവും മറ്റൊന്ന് തിരയേണ്ടതില്ല. കേരളത്തിലെ അഞ്ചു നിയമസഭാസീറ്റുകളിലേക്ക് ഒക്ടോബര്‍ 21ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പാണ് ഇപ്പോള്‍ സി.പി.എമ്മിന്റെ വിവിധ തരത്തിലുള്ള ഈ മുഖംമൂടികളെ അഴിച്ചുവീഴ്ത്തിയിരിക്കുന്നത്. ജനങ്ങളുടെ പുരോഗതിക്ക് അടിസ്ഥാനം അവരുടെ ഭൗതിക ജീവിതമാണെന്ന് പറയുന്ന കമ്യൂണിസ്റ്റുകള്‍ അവരുടെ വിശ്വാസപരമായ കാര്യത്തില്‍ എടുത്തിരിക്കുന്ന ഇരട്ടത്താപ്പാണ് ഇപ്പോള്‍ വലിയ ചര്‍ച്ചാവിഷയമായിരിക്കുന്നത്. സാമുദായികമായി മികച്ച സൗഹാര്‍ദത്തില്‍ കഴിയുന്ന കേരള ജനതയെ വടക്കേ ഇന്ത്യയിലേതിന് തുല്യമായ ജാതി മത കേന്ദ്രീകൃത രാഷ്ട്രീയത്തിലേക്ക് ചുരുക്കിക്കെട്ടാനാണ് സി.പി.എം ഇപ്പോള്‍ പരിശ്രമിക്കുന്നത്. അത്യന്തം അപകടകരമായ ഈ പ്രവണതയാകട്ടെ തങ്ങളുടെ അവസാന തുരുത്തും അധികാരവും നിലനിര്‍ത്തുക എന്ന കേവല അജണ്ടയ്ക്കുവേണ്ടിയാണെന്ന് വരുന്നത് ഒരു മതേതര പാര്‍ട്ടിയെയും മലയാളിയെ സംബന്ധിച്ചിടത്തോളവും ലജ്ജാകരമാണെന്ന ്പറയാതെ വയ്യ.
കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പിലൂടെ ഒഴിവുവന്ന മഞ്ചേശ്വരം, എറണാകുളം, അരൂര്‍, കോന്നി, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് സി.പി.എം അതിന്റെ നെറികെട്ട സാമുദായിക രാഷ്ട്രീയം പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. ഹൈന്ദവ സമുദായത്തിലെ വിശ്വാസി സമൂഹത്തെയാകെ ഭീതിയുടെ മുള്‍മുനയിലിട്ടുകൊണ്ട് ഒരുവര്‍ഷത്തിലധികമായി സി.പി.എമ്മും സംസ്ഥാന സര്‍ക്കാരും നടത്തിക്കൊണ്ടിരിക്കുന്ന തീക്കളിയുടെ മറ്റൊരു മുഖമാണ് ഇവിടെ അനാവൃതമായിരിക്കുന്നത്. 2018 സെപ്തംബര്‍ 28ന് ശബരിമല ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ പത്തിനും അമ്പതിനുമിടയില്‍ പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതി വിധിയാണ് സി.പി.എമ്മിന്റെ യഥാര്‍ത്ഥമുഖം വ്യക്തമാക്കിയത്. ക്ഷേത്രത്തിലേക്ക് വിശ്വാസികളല്ലാത്ത ആക്ടിവിസ്റ്റ് വനിതകളെ പൊലീസിന്റെ സുരക്ഷയിലും സര്‍ക്കാരിന്റെ ചെല്ലും ചെലവിലും കയറ്റിവിട്ട് വിശ്വാസത്തെ വ്രണപ്പെടുത്തിയ സര്‍ക്കാരും സി.പി.എമ്മും അത് തിരിച്ചടിയായെന്ന് കണ്ടെത്തിയതോടെ വിശ്വാസികളെ കയ്യിലെടുക്കാനുള്ള തത്രപ്പാടാണ് ഇപ്പോള്‍ നടത്തുന്നത്. ലോക്‌സഭാതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 20ല്‍ 19 മണ്ഡലത്തിലും തോറ്റു തുന്നംപാടിയ ഇടതുപക്ഷം തെറ്റ് ഏറ്റുപറഞ്ഞെങ്കിലും, മുഖ്യമന്ത്രി പിണറായി വിജയന്‍ സി.പി.എം സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങളുടെ ദിവസങ്ങളോളം ചര്‍ച്ച ചെയ്‌തെടുത്ത പുതിയ നിലപാട് സ്വീകരിക്കാന്‍ കഴിയില്ലെന്നും തന്റെ നിലപാടില്‍നിന്ന് തെല്ലും പിന്നോട്ടുപോകില്ലെന്നും പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു. അഹന്തക്ക് കൈയും കാലും വെച്ചതുപോലെയായിരുന്നു ഇത്. പക്ഷേ തെരഞ്ഞെടുപ്പ് വീണ്ടും അടുത്തഘട്ടത്തില്‍ അതേ മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും വിശ്വാസ സംരക്ഷണ നിലപാടുമായി മുന്നോട്ടുവന്നിരിക്കുന്നുവെന്നത് ഓന്തിനെപോലും തോല്‍പിക്കുന്നതായിരിക്കുന്നു. ഹിന്ദുക്കളുടെ അട്ടിപ്പേറ് മറ്റാരും ഏറ്റെടുക്കേണ്ടെന്നാണ് പിണറായിയുടെ പരിഹാസ്യമായ പ്രസ്താവന. മഞ്ചേശ്വരത്തെ ഇടതു സ്ഥാനാര്‍ത്ഥിയെയാണ് ഇതിനായി അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്. താന്‍ വിശ്വാസിയാണെന്നും ശബരിമലയില്‍ സ്ത്രീകള്‍ കയറുന്നതിനോട് യോജിപ്പില്ലെന്നും പരസ്യമായി ഇടതു സ്ഥാനാര്‍ത്ഥിയെക്കൊണ്ട് പറയിപ്പിച്ചതിലെ കുരുട്ടുബുദ്ധി ആര്‍ക്കും പിടികിട്ടും. വോട്ടര്‍മാരുടെ ഓര്‍മശക്തിയെയും ബുദ്ധിശേഷിയെയും പരിഹസിക്കലാണിത്. സമുദായങ്ങളെ തരാതരംപോലെ കയ്യിലെടുക്കുന്ന സി.പി.എം എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുന്‍നിര്‍ത്തി ജാതി രാഷ്ട്രീയം കളിക്കുകയാണ് സി.പി.എമ്മും മുഖ്യമന്ത്രിയും ചെയ്യുന്നത്. വെള്ളാപ്പള്ളിയുടെ പുത്രന്‍ തുഷാറിനെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ബി.ജെ.പി മുന്നണിയിലെ ബി.ഡി.ജെ.എസ്സിനെയും വെടക്കാക്കി തനിക്കാക്കാനാണ് മുഖ്യമന്ത്രി കിണഞ്ഞ് പരിശ്രമിക്കുന്നത്. അരൂരില്‍ ബി.ജെ.പി വെച്ചുനീട്ടിയ സീറ്റ് സ്വീകരിക്കാതെ ഇടതുമുന്നണിയുമായി ഒത്തുകളിക്കുന്നതെന്തിനാണ്? ബി.ജെ.പിയുടെ പിന്തുണയും നേടലാണ് ഇതിനുപിന്നില്‍. കോന്നിയില്‍ ബി.ജെ.പിക്ക് വോട്ട് മറിച്ചുനല്‍കുകയും പകരം വട്ടിയൂര്‍ക്കാവില്‍ സി.പി.എം സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനുമാണത്രെ സി.പി.എം-ബി.ജെ.പി പദ്ധതി. ഇതിനായാണ് ബി.ജെ.പിയുടെ കേരളത്തിലെ തലമുതിര്‍ന്ന നേതാവും മുന്‍ഗവര്‍ണറുമായ കുമ്മനം രാജശേഖരനെ തഴഞ്ഞ് അപ്രധാനമായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ബി.ജെ.പി നേതൃത്വത്തെ പ്രേരിപ്പിച്ചത്. ബി.ജെ.പി എക്കാലത്തും സ്വീകരിച്ചുവരുന്ന ന്യൂനപക്ഷ വിരുദ്ധ നിലപാടിന് ഓശാന പാടുകയാണ് സി.പി.എം ഇതിലൂടെ. ഈ നെറികെട്ട കളി ജനം തിരിച്ചറിഞ്ഞതിന് തെളിവാണ് സമദൂരത്തില്‍നിന്ന് ‘ശരിദൂരം’ നിലപാടിലേക്കുള്ള എന്‍.എസ്.എസ്സിന്റെ ചുവടുമാറ്റം. മഹിതമായ കേരളത്തിന്റെ മതേതര പാരമ്പര്യത്തെ നാലുവോട്ടിനും അധികാരത്തിനുംവേണ്ടി ഒറ്റുകൊടുക്കുന്നത് സി.പി.എം ഗതികേടിന്റെ മകുടോദാഹരണമാണ്. അന്ധമായ കോണ്‍ഗ്രസ് വിരോധത്തിന്റെ പേരില്‍ ബി.ജെ.പിയുടെ പൂര്‍വ രൂപമായ ജനസംഘവുമായി ചേര്‍ന്ന് വോട്ടുപിടിച്ച 1977 മുതലുള്ള മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും പാരമ്പര്യമാണ് ഇവിടെ ആവര്‍ത്തിക്കപ്പെടുന്നത്. മൂന്നര വര്‍ഷത്തെ ഭരണംകൊണ്ട് അഴിമതിയും വിലക്കയറ്റവും ജനവിരുദ്ധതയുമല്ലാതെ എടുത്തുപറയാന്‍ യാതൊന്നും ഇല്ലാതെയാണ് ദിനേനയുള്ള കൊലപാതകക്കേസുകളുടെ അന്വേഷണത്തെക്കുറിച്ച് വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കേണ്ടിവരുന്നത്. കേരളത്തിലെ പ്രബുദ്ധ ജനതയും അഞ്ച് മണ്ഡലങ്ങളിലെ വോട്ടര്‍മാരും ഈ കൊടും ചതി തിരിച്ചറിയാതെ പോകില്ല, തീര്‍ച്ച.
- 5 years ago
ചന്ദ്രിക വെബ് ഡെസ്‌ക്
Categories:
Video Stories
സി.പി.എം കളിക്കുന്ന നെറികെട്ട രാഷ്ട്രീയം
Tags: editorial
Related Post