X
    Categories: Views

ആവര്‍ത്തിക്കപ്പെടുന്ന പരീക്ഷാ ചോര്‍ച്ചകള്‍

വിദ്യാലയ പരീക്ഷകള്‍ ഒരിക്കല്‍ നടത്തുകയും ചോദ്യങ്ങള്‍ ചോര്‍ന്നെന്നു പറഞ്ഞ് അവ വീണ്ടും നടത്തുകയും ചെയ്യുന്നത് സര്‍ക്കാരുകളുടെ ഫാഷനായി മാറുകയാണോ. മാര്‍ച്ച് അഞ്ചിനാരംഭിച്ച് ഏപ്രില്‍ നാലിനും പന്ത്രണ്ടിനുമായി അവസാനിക്കുന്ന സി.ബി.എസ്.ഇയുടെ പത്താം ക്ലാസിന്റെയും പന്ത്രണ്ടാം ക്ലാസിന്റെയും ഓരോ വിഷയങ്ങളുടെ ചോദ്യങ്ങള്‍ ചോര്‍ന്നുവെന്നു വ്യക്തമാക്കി വീണ്ടും പരീക്ഷ നടത്താന്‍ ഉത്തരവിട്ടിരിക്കുകയാണ് കേന്ദ്ര സെക്കണ്ടറി വിദ്യാഭ്യാസ ബോര്‍ഡ് അഥവാ സി.ബി.എസ്.ഇ.

28 ലക്ഷത്തോളം കുട്ടികള്‍ എഴുതിയ പരീക്ഷകളാണ് വീണ്ടും നടത്താന്‍ സി.ബി.എസ്.ഇ തീരുമാനിച്ചിരിക്കുന്നത്. പത്താം ക്ലാസിലെ കണക്ക്, പന്ത്രണ്ടിലെ സാമ്പത്തിക ശാസ്ത്രം പരീക്ഷകളുടെ ചോദ്യപേപ്പറുകളാണ് ചോര്‍ന്നതായി സി.ബി.എസ്.ഇ തന്നെ സമ്മതിച്ചിരിക്കുന്നത്. വളരെയധികം കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷയെഴുതിയ കുട്ടികളെ വീണ്ടും പരീക്ഷഎഴുതിക്കുക എന്നത് ചിന്തിക്കുന്നതുപോലും വലിയ പരിക്ഷീണമായിരിക്കവെ, ഇത്തരമൊരു സ്ഥിതിവിശേഷത്തിന് കാരണക്കാരായവരുടെ പേരില്‍ എന്തു ശിക്ഷാനടപടിയാണ് അധികൃതര്‍ സ്വീകരിക്കാന്‍ പോകുന്നതെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല.

ബോര്‍ഡിന്റെ പവിത്രതയും വിശ്വാസ്യതയും സംരക്ഷിക്കുന്നതിനാണ് പരീക്ഷകള്‍ വീണ്ടും നടത്തുന്നതെന്നാണ് വിശദീകരണത്തില്‍ പറയുന്നത്. എങ്കില്‍ കഴിഞ്ഞ പരീക്ഷകളില്‍ ഇല്ലാത്ത എന്തു സംവിധാനമാണ് വരാനിരിക്കുന്ന പരീക്ഷകളില്‍ ഏര്‍പെടുത്തുക എന്നുകൂടി അറിഞ്ഞാല്‍ കൊള്ളാം. 16.38 ലക്ഷം കുട്ടികള്‍ പത്താം ക്ലാസിലും 11.86 ലക്ഷം കുട്ടികള്‍ പന്ത്രണ്ടാം ക്ലാസിലുമായാണ് സി.ബി.എസ്.ഇ പരീക്ഷയെഴുതുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് പത്താംക്ലാസ് കണക്ക് പരീക്ഷ നടന്നത്. മാര്‍ച്ച് 26നായിരുന്നു പന്ത്രണ്ടാംക്ലാസിലെ സാമ്പത്തിക ശാസ്ത്രപരീക്ഷ. ഈ പരീക്ഷകള്‍ക്ക് മുമ്പ് ചോദ്യപേപ്പറിന്റെ കൈപ്പടയിലെഴുതിയ പകര്‍പ്പ് വാട്‌സ് ആപ്പില്‍ പ്രചരിച്ചു. കാല്‍ഭാഗം ചോദ്യങ്ങളും ചോദ്യപേപ്പറിലേതുപോലെ സമാനമായിരുന്നു. ഒരാഴ്ചക്കകം പുതിയ പരീക്ഷാതീയതി പ്രഖ്യാപിക്കുമെന്നാണ് സി.ബി.എസ്.ഇ അറിയിച്ചിട്ടുള്ളത്. പരീക്ഷ തീര്‍ന്ന് ഉപരിപഠനത്തിനും വിശ്രമത്തിനുമായി നീക്കിവെക്കണമെന്ന് കരുതിയിരുന്ന കുട്ടികളുടെ ഹൃദയത്തിനേറ്റ കനത്ത വേദനയാണ് ഈ വര്‍ത്തമാനം.

കേരളത്തിലും കഴിഞ്ഞയാഴ്ച നടന്ന ഹയര്‍സെക്കണ്ടറി ഫിസിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി പരാതിയുയര്‍ന്നിരുന്നു. അതില്‍ ഇതുവരെയും വ്യക്തമായ നിലപാടോ വിവരമോ വെളിപ്പെടുത്താതെ ഒളിച്ചുകളി നടത്തുകയാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പും സര്‍ക്കാരും. ചോദ്യങ്ങള്‍ ചോര്‍ന്നെന്ന് നിയമസഭയില്‍ പോലും സമ്മതിക്കാന്‍ മന്ത്രി തയ്യാറായിട്ടില്ല. വിഷയം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പൊലീസ് ചോദ്യങ്ങള്‍ ചോര്‍ന്നെന്ന് സമ്മതിക്കുമ്പോള്‍ തന്നെ, അത് എവിടെ നിന്നാണെന്ന് വ്യക്തമല്ലെന്നാണ് പറയുന്നത്. പരീക്ഷക്ക് വരാനുള്ള ചോദ്യങ്ങള്‍ കുട്ടികള്‍ സ്വയം തയ്യാറാക്കി വാട്‌സ്ആപ്പ് വഴി പ്രചരിപ്പിച്ചതാണെന്ന് പറയുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ സ്വന്തം ജില്ലയില്‍ തന്നെ ഒരു പെണ്‍കുട്ടിയുടെ കൈപ്പടയിലാണ് വാട്‌സ് ആപ്പിലൂടെ ചോദ്യങ്ങള്‍ പ്രചരിച്ചത്. പരീക്ഷക്ക് രണ്ടു ദിവസം മുമ്പായിരുന്നു സംഭവം. അധ്യാപകര്‍ക്കും കുട്ടികള്‍ക്കുമൊക്കെ ഇത് അയച്ചുകിട്ടി. ഇതേക്കുറിച്ച് പൊലീസും സര്‍ക്കാരും പറയുന്നത് വിശ്വസിക്കാമെങ്കില്‍, പരീക്ഷ വീണ്ടും നടത്തേണ്ടതില്ല. എന്നാല്‍ ചോദ്യങ്ങള്‍ എങ്ങനെ ചോരുന്നുവെന്നതിന് വ്യക്തമായ വിശദീകരണമോ പരിഹാരമോ നിര്‍ദേശിക്കാന്‍ ഇവര്‍ക്കാര്‍ക്കുമാകുന്നുമില്ല.

കഴിഞ്ഞവര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയുടെ കണക്ക് ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ചരിത്രത്തിലാദ്യമായി വീണ്ടും പരീക്ഷ നടത്തേണ്ടിവന്നത് വലിയ വിവാദ വിചാരങ്ങള്‍ക്ക് വഴിവെക്കുകയുണ്ടായി. കൊട്ടിഘോഷിച്ച് ഇടതുമുന്നണി സര്‍ക്കാര്‍ നടപ്പാക്കിയ വിദ്യാഭ്യാസ രീതിയുടെ പരിഹാസ്യതയായാണ് വീണ്ടും പരീക്ഷ നടത്തേണ്ടിവന്നതിലൂടെ കേരളം കണ്ടത്. പ്ലസ്ടുവിന് കോളജ് അധ്യാപകരാണ് ചോദ്യപേപ്പര്‍ തയ്യാറാക്കി നല്‍കുന്നതത്രെ. അവിടെനിന്നാകാം ചോദ്യങ്ങള്‍ ചോര്‍ന്നിരിക്കുക. അടുത്തപടിയായി നാലംഗ സമിതി പരിശോധിക്കുന്ന ചോദ്യങ്ങള്‍ അവിടെനിന്നും ചോരാനുള്ള സാധ്യതയുണ്ട്. ഇതൊന്നും ഗൗരവത്തിലെടുക്കാതെ പ്രതിച്ഛായ നിലനില്‍ക്കണമെന്ന് കരുതി മിണ്ടാതിരിക്കുന്ന മന്ത്രിക്കും സര്‍ക്കാരിനും വിദ്യാര്‍ത്ഥികളുടെ ഭാവിയില്‍ ഒരു താല്‍പര്യവുമില്ലെന്നാണ് വ്യക്തമാകുന്നത്. സി.ബി.എസ്.ഇയുടെ കാര്യത്തിലേതുപോലെ കുറ്റംകണ്ടെത്തിയാലുടന്‍ പരീക്ഷ വീണ്ടും നടത്താനുള്ള ആത്മാര്‍ത്ഥതയും സത്യസന്ധതയുമാണ് സംസ്ഥാന സര്‍ക്കാര്‍ കാണിക്കേണ്ടത്. അതിന് അന്വേഷണം പൂര്‍ണമായി പൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കുകയല്ല വേണ്ടത്.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പത്താം ക്ലാസിലെ ഏതാനും കുട്ടികളുടെ മാര്‍ക്കുകള്‍ അധ്യാപകര്‍ കൂട്ടിയെഴുതിയതില്‍ വന്ന തെറ്റിന് സര്‍ക്കാരിനെതിരെ കാടടച്ച് വെടിവെക്കുന്ന പണിയാണ് അന്നത്തെ പ്രതിപക്ഷമായ ഇടതുപക്ഷം കാട്ടിയത് എന്നത് ജനങ്ങള്‍ മറന്നിട്ടുണ്ടാകില്ല. വിദ്യാഭ്യാസ വകുപ്പുമന്ത്രി പി.കെ അബ്ദുറബ്ബിന്റെ പാര്‍ട്ടിയും മതവും വരെ ചികഞ്ഞുനോക്കി കണ്ടതിനൊക്കെ വിമര്‍ശനവുമായി ഓടിനടന്ന രാഷ്ട്രീയമാടമ്പിമാരുടെ ഇപ്പോഴത്തെ അവസ്ഥ ദയനീയമായിരിക്കുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ചയെ വിമര്‍ശിച്ച് പത്രപ്രസ്താവന ഇറക്കാന്‍ പോലും വയ്യാത്ത അവസ്ഥയിലാണ് ഇടതുപക്ഷത്തിന്റെ അധ്യാപക സംഘടനാനേതാക്കള്‍ ഇപ്പോള്‍.

കൊടുംചൂടു കാലത്ത് സി.ബി.എസ്.ഇയുടെ തന്നെ മെഡിക്കല്‍ മുതലായവക്കുള്ള എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കേണ്ട സമയം ആവര്‍ത്തന പരീക്ഷകള്‍ കുട്ടികളുടെ കഴിവിനെയും മാനസിക നിലയെയും വലിയൊരളവുവരെ പ്രതികൂലമായി ബാധിക്കും. ക്രിമിനലുകള്‍ക്ക് ഇടംനല്‍കാത്ത വിധത്തില്‍ യന്ത്രസമാനമായ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പെടുത്തുകയാണ് ചോദ്യപേപ്പറുകളുടെ കാര്യത്തില്‍ ചെയ്യേണ്ടത്. ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ അതിന് മുന്‍കയ്യെടുക്കുകയും ചില മാനസിക വൈകൃതക്കാരുടെ ചെയ്തികളുടെ പേരില്‍ ബഹുഭൂരിപക്ഷം ഭാവിപൗരന്മാരുടെ ഭാവി പന്താടപ്പെടുകയും ചെയ്യുന്നത് ക്രൂരമാണ്. ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനും വലിയ പങ്ക് നിര്‍വഹിക്കാനുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലേക്കുള്ള തൊഴില്‍ അന്വേഷകര്‍ക്കുവേണ്ടിയുള്ള സ്റ്റാഫ്‌സെലക്ഷന്‍ കമ്മീഷന്‍ പരീക്ഷയുടെ ചോദ്യങ്ങള്‍ ചോര്‍ന്നെന്നുകാട്ടി വീണ്ടും പരീക്ഷ നടത്തണമെന്ന ആവശ്യവുമായി ഡല്‍ഹിയില്‍ സമരം നടത്തുകയാണ് ഒരുപറ്റം ഉദ്യോഗാര്‍ത്ഥികള്‍. വിവര സാങ്കേതിക വിദ്യ പരമകോടിയിലെത്തി നില്‍ക്കുന്ന ഇക്കാലത്ത് സുരക്ഷിതത്വവും രഹസ്യവും കാണാക്കഥകളായി മാറിയിരിക്കുകയാണ്. ഒരുനിമിഷം ഉണ്ടെങ്കില്‍ ഏതുവിവരവും പകര്‍ത്തി നെറ്റ് ഫോണ്‍വഴി ലോകത്തെ ഏതൊരാളുടെയും പക്കല്‍ എത്തിക്കാന്‍ കഴിയും. ഇതിന് പരിഹാരമായി വ്യക്തവും സുശക്തവുമായ സുരക്ഷാസൂക്ഷിപ്പ് സംവിധാനങ്ങള്‍ സംവിധാനിച്ച് നടപ്പാക്കാന്‍ എന്തുകൊണ്ട് സര്‍ക്കാരുകള്‍ക്ക് കഴിയുന്നില്ല. ഏത് പുത്തന്‍ സാങ്കേതികവിദ്യയും മനുഷ്യന്റെ കഷ്ടപ്പാടിന് അറുതിവരുത്തുകയും പുരോഗതിക്ക് ഉതകുന്നതുമാകണം. അത്തരത്തിലുള്ള അച്ചട്ടായ സംവിധാനങ്ങള്‍ കൊണ്ടേ ചോദ്യപേപ്പര്‍ ചോര്‍ച്ച ഫലപ്രദമായി തടയാന്‍ കഴിയൂ.

chandrika: