രാജ്യത്തെ ഇരുപതു ലക്ഷത്തിലധികം ആദിവാസി കുടുംബങ്ങളെ അവര്‍ കാലങ്ങളായി വസിച്ചുവന്നിരുന്ന വന പ്രദേശങ്ങളില്‍നിന്ന് ഒഴിപ്പിക്കണമെന്ന കോടതി വിധി വലിയ ആശങ്കയാണ് ആ സമൂഹത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്. ഫെബ്രുവരി 20ന് പുറപ്പെടുവിച്ച സുപ്രീംകോടതി വിധിപ്രകാരം 2006ലെ വനാവകാശ നിയമപ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്ക് ഇവര്‍ അര്‍ഹരല്ലെന്ന കാരണം പറഞ്ഞാണ് ഇത്രയുംപേരെ വരുന്ന അഞ്ചു മാസത്തിനകം ഒഴിപ്പിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരുകളുടെയും കേരളമുള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാരുകളുടെയും വീഴ്ചയിലാണ് ഈ അത്യാഹിതം സംഭവിക്കാന്‍ പോകുന്നതെന്നതാണ് ഖേദകരം. ആദിവാസികളുടെ ആവാസ കേന്ദ്രവും ജീവിത വ്യവസ്ഥയും നിലനിര്‍ത്തുന്നതിന് നാളിതുവരെ പരിഷ്‌കൃത സമൂഹം പറഞ്ഞുകൊണ്ടിരിക്കുന്ന വാദമുഖങ്ങളുടെയെല്ലാം മുഖത്തേറ്റ കനത്ത പ്രഹരമായേ വിധിയെ കാണാനാകൂ. വനസമ്പത്ത് സംരക്ഷിക്കുന്നതിന്റെ പേരില്‍ ഇത്തരമൊരു വിധി വരുത്തിവെച്ചതിനുത്തരവാദികളായവര്‍തന്നെ അതിനെ നിയമപരമായി മറികടക്കുന്നതിനുള്ള ഫലപ്രദമായ നടപടികള്‍ ഉടന്‍ സ്വീകരിച്ചേ മതിയാകൂ. യു.പി.എ സര്‍ക്കാര്‍ പാസാക്കിയ പുരോഗമനാത്മകമായ വനാവകാശനിയമത്തിന്റെ എല്ലാ ആനുകൂല്യവും ആദിവാസികള്‍ക്ക് ഉറപ്പുവരുത്തുകതന്നെ വേണം. അട്ടപ്പാടിയില്‍ കടുത്തവിശപ്പ് സഹിക്കാതെ ഒരുനേരത്തെ അന്നം മോഷ്ടിക്കേണ്ടിവന്ന ഹതഭാഗ്യനായ യുവാവിനെ കല്ലെറിഞ്ഞുകൊന്നവര്‍ക്കിടയിലാണ് ഒരു ജനാധിപത്യനിയമം കാട്ടാളരൂപം പ്രാപിച്ചിരിക്കുന്നതെന്നത് നമ്മെയാകെ ഉത്കണ്ഠപ്പെടുത്തേണ്ടതാണ്. രാജ്യത്തെ ജൈവ വ്യവസ്ഥ നിലനില്‍ക്കേണ്ടത് എല്ലാവരുടെയും ആവശ്യവും കടമയുമാണെന്നിരിക്കെ എല്ലാവിധ ജൈവ സമ്പത്തിനെയും നാട്ടിലെ പരിഷ്‌കൃതരെന്നഭിമാനിക്കുന്ന ജനത പരമാവധി ചൂഷണം ചെയ്യുകയും, മറുഭാഗത്ത് ആ ജൈവ വ്യവസ്ഥയെ അത്രയൊന്നും ബാധിക്കാതെ വനവിഭവങ്ങളെ ആശ്രയിച്ചുമാത്രം ജീവിച്ചുവരുന്ന ആദിവാസികളെ പ്രതിക്കൂട്ടിലാക്കുകയും ചെയ്യുന്ന ദു:സ്ഥിതി ഒരുനിലക്കും സമ്മതിക്കപ്പെട്ടുകൂടാത്തതാണ്.
42.17 ലക്ഷം ആദിവാസികളാണ് തങ്ങളുടെ നിലവിലെ താമസസ്ഥലങ്ങളില്‍തന്നെ ജീവിക്കാനുള്ള തുടരാവകാശം ലഭിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. അതില്‍ 18.89 ലക്ഷം ആദിവാസി കുടുംബങ്ങളുടെ അപേക്ഷ മാത്രമേ സ്വീകരിച്ചിരുന്നുള്ളൂവെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആദിവാസി അവകാശ സംരക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. 2005 കാലാവധി നിശ്ചയിച്ചുകൊണ്ടാണ് ആദിവാസികളെ വനത്തില്‍നിന്ന് കുടിയൊഴിപ്പിക്കുന്നതിനുള്ള നിയമം കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയിരുന്നത്. ഇതുവഴി വനസംരക്ഷണവും ജൈവവൈവിധ്യവും സാധ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടതെങ്കിലും ജീവിക്കാനുള്ള സാധാരണക്കാരും പാവപ്പെട്ടവരുമായ പൗരന്മാരുടെ മൗലികാവകാശത്തിന്മേലാണ് ഈ നടപടി കത്തിവെച്ചിരിക്കുന്നതെന്ന് പറയാതെ വയ്യ. ആദിവാസികള്‍ യാതൊരുവിധ ചൂഷണോപാധികളുമില്ലാതെയാണ് കാലങ്ങളായി ഇത്തരം പ്രദേശങ്ങളില്‍ താമസിച്ചുവന്നിരുന്നത്. നിയമപ്രകാരം ഗ്രാമസഭകളിലും അപ്പീല്‍ അതോറിറ്റികളിലും തങ്ങളുടെ കുടിയവകാശം സ്ഥാപിക്കുന്നതില്‍ വരുത്തിയ വീഴ്ചയാണ് ഇതിന് കാരണമായിരിക്കുന്നത്. വരുന്ന ജൂലൈ 12നകം 17 സംസ്ഥാനങ്ങളിലെ 21 ലക്ഷം പേരെയാണ് സര്‍ക്കാരുകള്‍ കുടിയൊഴിപ്പിച്ച് ജൈവാവാസവ്യവസ്ഥയുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടതെന്നാണ് കോടതിയുടെ കല്‍പന. കോടതികളെ സംബന്ധിച്ചിടത്തോളം നിലവിലുള്ള നിയമങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുക മാത്രമേ പോംവഴിയുള്ളൂവെന്ന നിലക്ക് അവരെയല്ല ഇതിന് കുറ്റപ്പെടുത്തേണ്ടത്. മറിച്ച് പൗരന്മാരുടെ ജനിച്ച സ്ഥലത്ത് ജീവിക്കാനുള്ള അവകാശം സ്ഥാപിച്ചുകൊടുക്കാനുത്തരവാദിത്തപ്പെട്ട ജനാധിപത്യസര്‍ക്കാരുകളെതന്നെയാണ്. ഇതിനുപിന്നില്‍ വന്‍കിട കുത്തക ഖനിമാഫിയകളുടെ പങ്കുള്ളതായി ഉയര്‍ന്നിരിക്കുന്ന വിമര്‍ശനത്തെ പൂര്‍ണമായും തള്ളിക്കളയാന്‍ കഴിയാത്ത അവസ്ഥയാണ്. അത്രകണ്ട് വനങ്ങളെയും അതിലെ സമ്പത്തിനെയും ചൂഷണംചെയ്യുന്ന സാമ്പത്തിക ശക്തികള്‍ രാജ്യത്തുണ്ടെന്നുള്ളതിന് എത്രയോ ദൃഷ്ടാന്തങ്ങള്‍ ഇതിനകം കല്‍ക്കരി ഖനനത്തിലും മറ്റും നാം കണ്ടറിഞ്ഞതാണ്.കേസിന്റെ അന്തിമ വാദത്തിലടക്കം കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകര്‍ തുടര്‍ച്ചയായി സുപ്രീംകോടതിയില്‍ ഹാജരാകാതിരുന്നതിനെ എന്ത് പറഞ്ഞാണ് മോദി സര്‍ക്കാര്‍ ന്യായീകരിക്കുക. അക്ഷന്തവ്യമായ അപരാധമെന്ന് മാത്രമല്ല, കുറ്റകരവും മന:പൂര്‍വവുമായ അനാസ്ഥയാണെന്നേ ഇതിനെ വിശേഷിപ്പിക്കാനാകൂ. പരിസ്ഥിതി സംഘടനകളുടെ പേരില്‍ കോര്‍പറേറ്റ് മാഫിയയാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചതും അതിന് കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ ഒത്താശ ചെയ്തതും. അധികാരത്തിലേറിയതുമുതല്‍ കോര്‍പറേറ്റുകള്‍ക്കുവേണ്ടി നാടിന്റെ ജൈവ സമ്പത്തിനെയും ഖജനാവിനെയും നിയമങ്ങളെയും ഭരണഘടനാസ്ഥാപനങ്ങളെയും ധനകാര്യ മാനേജ്‌മെന്റിനെയുമൊക്കെ തീറെഴുതിക്കൊടുത്ത നരേന്ദ്രമോദി സര്‍ക്കാര്‍ ആദിവാസികളുടെ കാര്യത്തില്‍ അങ്ങനെ പ്രവര്‍ത്തിച്ചതില്‍ അല്‍ഭുതത്തിന് അവകാശമില്ലെങ്കിലും ഇക്കാര്യത്തില്‍ സമൂഹത്തിലെ ഏറ്റവും പാര്‍ശ്വവല്‍കൃത സമൂഹത്തിന് നീതി വാങ്ങികൊടുക്കേണ്ട ഉത്തരവാദിത്തം പൊതുസമൂഹത്തിനും ജനകീയസംഘടനകള്‍ക്കും ജനാധിപത്യ സമൂഹത്തിനുമുണ്ടെന്ന കാര്യം മറക്കരുത്. ഇത്തരം നിയമങ്ങളും നിയമത്തിനതീതമായ ചൂഷണസംവിധാനങ്ങളുമാണ് വനങ്ങളില്‍ ആദിവാസികളുടെ പേരുപറഞ്ഞ് സര്‍ക്കാരുകള്‍ക്കെതിരെ ആയുധമെടുക്കാന്‍ തീവ്രവാദികളെ പ്രോല്‍സാഹിപ്പിക്കുന്നതെന്ന വസ്തുതയും മറന്നുകൂടാത്തതാണ്.
കേരളത്തില്‍ 900 ത്തോളം കുടുംബങ്ങളാണ് സുപ്രീംകോടതി വിധിയിലൂടെ കുടിയൊഴിപ്പിക്കേണ്ടത്. വയനാട്, തൃശൂര്‍, ഇടുക്കി ജില്ലകളിലെ ആദിവാസി കുടുംബങ്ങള്‍ക്കാണ് വിധിയിലൂടെ കൂടുതല്‍ ഇരയാകേണ്ടിവരുന്നത് എന്നാണ് കണക്ക്. നിലവില്‍തന്നെ ആദിവാസികളുടെ ഭൂമി പലവിധേന അന്യരുടെ കൈകളില്‍ എത്തിപ്പെട്ട് പട്ടിണിക്ക് വിധേയരാകേണ്ട അവസ്ഥയുള്ള കേരളത്തിലെ ആദിവാസി മേഖലയില്‍നിന്ന് ശേഷിക്കുന്നവരെകൂടി ഒഴിപ്പിക്കുന്നത് ആരെയാണ് സഹായിക്കുക എന്ന് പരിശോധിക്കപ്പെടണം. ആദിവാസികളുടെ പരാധീനതകളെ ചൂഷണം ചെയ്ത് സായുധവിപ്ലവം സ്വപ്‌നം കണ്ടിരിക്കുന്ന അല്‍പബുദ്ധികളുള്ള നാട്ടില്‍ പുതിയ പരിതസ്ഥിതി തിരിച്ചറിഞ്ഞ് പ്രതിരോധിക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയണം. ജൈവവ്യവസ്ഥക്ക് കോട്ടംതട്ടുന്ന രീതിയില്‍ വല്ല പ്രദേശത്തും ആദിവാസികളുടെ വാസം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കില്‍ ആയത് പരിശോധിച്ച് സ്ഥാപിതതാല്‍പര്യങ്ങള്‍ക്കിടം കൊടുക്കുന്നില്ലെന്ന് ഉറപ്പുവരുത്തി സമാധാനപരമായ രീതിയില്‍ അത്തരം കുടുംബങ്ങളെ പുരവധിവസിപ്പിക്കാവുന്നതാണ്. അക്കാര്യത്തില്‍ നിലവിലെതന്നെ വന്യജീവി സങ്കേത സംരക്ഷണ നിയമങ്ങള്‍ വിജയകരമായി നടപ്പാക്കപ്പെട്ടതാണ്. കാലങ്ങളായി താമസിച്ചുവരുന്ന ആദിവാസികളെ പറമ്പിക്കുളത്തും കര്‍ണാടകയിലെ നാഗര്‍ഹോളയിലും സമാനമായി പുനരധിവസിപ്പിച്ചത് ഉദാഹരണം. കോടതിവിധി നടപ്പാക്കാന്‍ അഞ്ചു മാസത്തോളം ബാക്കിനില്‍ക്കെ ഇതിനെതിരെ അപ്പീലിലൂടെ വീണ്ടും നീതിപീഠത്തെ സമീപിച്ച് വസ്തുതകള്‍ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരുകള്‍ താല്‍പര്യം കാട്ടുകയാണ് വേണ്ടത്. അതുകഴിഞ്ഞ് മതി പുനരധിവാസം ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് പര്യാലോചിക്കാന്‍.
- 6 years ago
ചന്ദ്രിക വെബ് ഡെസ്‌ക്
Categories:
Video Stories