X

കര്‍ണാടകയില്‍ നിന്ന് വാര്‍ത്തയുണ്ട്

കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്തേക്ക് ഡോ.ചന്ദ്രശേഖര കമ്പാറയെ 29നെതിരെ 56 വോട്ടുകള്‍ക്ക് തെരഞ്ഞെടുത്തുവെന്നതില്‍ അത്ഭുതത്തിനും ആശ്ചര്യത്തിനും തെല്ലും ഇടമില്ല. കമ്പാറയോളം തലയെടുപ്പുള്ള എഴുത്തുകാര്‍ രാജ്യത്തെ നന്നെ കുറയും. ജ്ഞാനപീഠ
ജേതാവായ കമ്പാറ കൈവെക്കാത്ത സാഹിത്യ മേഖലകളില്ല. കവിതയാണ് അദ്ദേഹത്തിന്റെ തട്ടകം എന്ന് വിചാരിച്ചോണ്ടിരിക്കാന്‍ വയ്യ. അതിലേറെ മികച്ചതാണ് നോവലുകള്‍. നാടകങ്ങളാകട്ടെ അന്താരാഷ്ട്ര പ്രസിദ്ധം. സംവിധാനം ചെയ്ത സിനിമകള്‍ ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ വാരി. നാടോടി വിജ്ഞാനീയത്തിന്റെയും നാടോടി ദൃശ്യകലാപാരമ്പര്യത്തിന്റെയും മേഖലകളില്‍ അവതരിപ്പിച്ച ഗവേഷണ പ്രബന്ധങ്ങള്‍ ഒരു പിടി. രാജ്യം പദ്മശ്രീ നല്‍കി ആദരിച്ച കമ്പാറക്ക് സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്തേക്ക് ഏതാനും എതിര്‍ വോട്ടുകളെ കൂടി കാണേണ്ടിവന്നു. കര്‍ണാടകയില്‍ നിന്നുള്ള മൂന്നാമത്തെ അധ്യക്ഷനാണ് കേന്ദ്ര സാഹിത്യ അക്കാദമിക്ക്. 1983ല്‍ വിനായക കൃഷ്ണ ഗോഖക്, 1993ല്‍ യു.ആര്‍.അനന്തമൂര്‍ത്തി. ഇതില്‍ അനന്തമൂര്‍ത്തിയാണ് ഇതിന് മുമ്പ് മത്സരത്തിലൂടെ ഈ പദവിയിലെത്തിയത്. രാജ്യത്തെ സര്‍വ മേഖലകളിലും ആധിപത്യം പുലര്‍ത്താന്‍ ശ്രമിക്കുന്ന സംഘ് പരിവാര്‍ രാഷ്ട്രീയത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നുവെന്നതാണ് ഇത്തവണത്തെ മത്സരത്തിന് പ്രാധാന്യം നേടിക്കൊടുത്തത്. ഒഡിഷയില്‍ നിന്നുള്ള പ്രതിഭറായ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ചു. ജ്ഞാനപീഠ, പദ്മശ്രീ ജേതാവായ പ്രതിഭറായി ഇടതുപക്ഷക്കാരിയായി അറിയപ്പെട്ടവരാണെന്നിരിക്കിലും സാഹിത്യ അക്കാദമി കൂടി കൈക്കലാക്കാനുള്ള സംഘ് അജണ്ടയുടെ ഭാഗമായിപ്പോയി അവര്‍.

കര്‍ണാടകയില്‍ നിന്ന് കേന്ദ്രസാഹിത്യ അക്കാദമിയിലേക്ക് വന്ന അനന്തമൂര്‍ത്തിയാകട്ടെ, കമ്പറാകട്ടെ, പ്രാദേശിക ഭാഷയ്ക്കും സംസ്‌കാരത്തിനും വലിയ പ്രാധാന്യം കല്പിക്കുന്നവരാണ്.വടക്കന്‍ കര്‍ണാടകയിലെ ബെല്‍ഗാമിന്നടുത്ത ഗോദാഗരി ഗ്രാമത്തില്‍ ജനിച്ച കമ്പാറ ദാരിദ്ര്യം മൂലം സ്‌കൂള്‍ പഠനം ഉപേക്ഷിക്കേണ്ടിവന്നയാളാണ്. ശിവലാഗി മഠത്തിലെ ജഗദ്ഗുരു സിദ്ധരാമസ്വാമിജിയാണ് ഇദ്ദേഹത്തിന്റെ പഠനച്ചെലവുകള്‍ വഹിച്ചത്. ബിരുദാനന്തരബിരുദം നേടിയ കമ്പാറ കര്‍ണാടകയിലെ നാടോടി തിയറ്ററിനെ കുറിച്ച് പഠിച്ചാണ് ഗവേഷക ബിരുദം കരസ്ഥമാക്കിയത്. യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോയിലെ ജോലിക്ക് ശേഷം ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയില്‍ 20 വര്‍ഷം ജോലി നോക്കി. ചെറുപ്പം മുതലുള്ളതാണ് നാടോടി വിജ്ഞാനീയത്തോടുള്ള കമ്പം. മനുഷ്യന്റെ അധ്വാനത്തിന്റെ വിയര്‍പ്പും കൂട്ടായ്മയുടെ ഉപ്പും ചേര്‍ന്നിട്ടുള്ള നാടോടി സംഗീതം, തിയറ്റര്‍ എന്നിവ കമ്പാറയുടെ നോവലിലും കവിതയിലും നാടകത്തിലും സിനിമയിലും അന്തര്‍ധാരയായി നിന്നു.

വിദ്യാഭ്യാസത്തെയും സാഹിത്യത്തെയും സംസ്‌കാരത്തെയും കുറിച്ചുള്ള നിലപാടുകള്‍ കൂടിയാണ് കമ്പാറയെ വ്യത്യസ്തനാക്കിയത്. പത്താം തരം വരെയെങ്കിലും വിദ്യാഭ്യാസം കന്നഡയിലാവണമെന്ന് അദ്ദേഹം വാദിച്ചു. മാതൃഭാഷിയാവുമ്പോഴേ അറിവ് കേവല വിവരത്തില്‍നിന്നപ്പുറമുള്ള അനുഭൂതിയാവൂവെന്ന അദ്ദേഹത്തിന്റെ നിലപാട് യുനെസ്‌കോ കൂടി അംഗീകരിച്ചതാണ്. ഹംപിയില്‍ കന്നട സര്‍വകലാശാല കമ്പാറയുടെ സംഭാവനയാണ്. സര്‍വകലാശാലയുടെ പ്രഥമ വൈസ് ചാന്‍സലറായ അദ്ദേഹം സര്‍വകലാശാല കെട്ടിടങ്ങളുടെ ശില്പമാതൃക മുതല്‍ കോഴ്‌സ് കോംപിനേഷനുകള്‍ വരെ കമ്പാറയുടെ ആശയനിദര്‍ശനങ്ങളായി.
ഏറ്റവും ആധുനികമായ വീക്ഷണം സൂക്ഷിക്കുമ്പോഴും സംസ്‌കാരത്തിന്റെ ഏറ്റവും അടിത്തട്ടില്‍ നിന്ന് ഊര്‍ജം സ്വീകരിക്കുന്ന രീതി കമ്പാറക്കുണ്ട്. അതുവരെ കന്നഡക്കാര്‍ അത്ര പരിചയിച്ചിട്ടില്ലാത്ത ഉത്തര കന്നഡ ഭാഷാഭേദത്തെ സാഹിത്യത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റി. ഈ രീതിക്ക് വൈക്കം മുഹമ്മദ് ബഷീറിനോളം പോരും കമ്പാറ. 2011ലാണ് ഇദ്ദേഹത്തെ തേടി രാജ്യത്തെ ഏറ്റവും ഉന്നത സാഹിത്യ പുരസ്‌കാരമെന്ന് കരുതുന്ന ജ്ഞാനപീഠം എത്തുന്നത്. കേന്ദ്ര സാഹിത്യ അക്കാദമിയുടെയും സംസ്ഥാന അക്കാദമിയുടെയും പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള കമ്പാറയുടെ കാര്യത്തില്‍ ജ്ഞാനപീഠമെത്താന്‍ വൈകിയോ എന്ന ചോദ്യമേ ഉയര്‍ന്നുള്ളൂ. കബീര്‍ സമ്മാന്‍, കാളിദാസ സമ്മാന്‍, പമ്പാ പുരസ്‌കാരം എന്നിവയടക്കം നിരവധി തലത്തില്‍ കമ്പാറ പുരസ്‌കൃതനായി. ആദര സൂചകമായി കര്‍ണാടക ലെഡിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് ഇദ്ദേഹത്തെ നോമിനേറ്റ് ചെയ്യുകയുമുണ്ടായി.

ആര്‍.കെ.നാരായണന്റെ മാല്‍ഗുഡിയെ പോലെ കമ്പാറിന് ശിവപുരി സാങ്കല്പിക കഥാപാത്രങ്ങള്‍ മേയുന്ന ഗ്രാമമാണ്. അദ്ദേഹത്തിന്റെ നോവല്‍ കഥാപാത്രങ്ങള്‍ ഇവിടെ ജനിച്ചു ജീവിച്ചുപോന്നു. 25 നാടകങ്ങള്‍, 11 കാവ്യ സമാഹാരങ്ങള്‍, അഞ്ച് നോവലുകള്‍, 16 ഗവേഷണ പ്രബന്ധങ്ങള്‍. സ്വന്തം ഗ്രാമത്തില്‍ ആഴത്തില്‍ വേരുകളാഴ്ത്തിയ കഥകളാണെങ്കിലും മിക്ക കൃതികളും വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യ്‌പ്പെട്ടു. കുലോത്ത് ചിങ്ങരമ്മ എന്ന കൃതി മലയാളത്തിലേക്ക് സി.രാഘവനാണ് വിവര്‍ത്തനം ചെയ്തത്. കരിമായി , സംഗീത, കാടുകുഡുറെ എന്നീ സിനിമകള്‍ കമ്പാറ സംവിധാനം ചെയ്തു. ഇതില്‍ കാടുകുഡുറെ ദേശീയ പുരസ്‌കാരം നേടിയപ്പോള്‍ സംഗീതക്ക് സംസ്ഥാനത്തെ മികച്ച ചിത്രമാകാന്‍ കഴിഞ്ഞു. ജീകേ മസ്തര, പ്രണയ പ്രസംഗ തുടങ്ങിയവ ടെലി സീരിയലുകളുമായി.

ആവിഷ്‌കാരങ്ങള്‍ ജനതയുടെ ജീവവായുവാണ്. മത ഗോത്ര വ്യത്യാസങ്ങളുടെ പേരില്‍ ആവിഷ്‌കാരങ്ങളെ വെല്ലുവിളിക്കുകയും ഭരണകൂടം ഈ ആക്രോശക്കാരുടെ ഒത്താശക്കാരാകുകയും ചെയ്യുന്ന ഘട്ടത്തില്‍ സാഹിത്യ അക്കാദമി അധ്യക്ഷന് എഴുന്നേറ്റു നില്‍ക്കണ്ടതായി വരും. അപ്പോള്‍ എഴുന്നേല്‍ക്കുകയെന്നതാണ് മുമ്പിലുള്ള ദൈത്യം.

chandrika: