പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരമുള്ള വെള്ളം തമിഴ്‌നാട്ടില്‍നിന്ന് ലഭിക്കാത്തതുമൂലം കേരളത്തിന്റെ വലിയൊരു ഭാഗത്തെ നെല്‍കൃഷി മേഖല വന്‍തോതിലുള്ള വിളനാശ-കുടിവെള്ള ഭീഷണി നേരിടുകയാണ്. പാലക്കാട്ടെ കേരളത്തിന്റെ നെല്ലറയുടെ പകുതിയോളം വരുന്ന പ്രദേശത്തെ നെല്ല്, തെങ്ങ്, വാഴ മുതലായ കൃഷിവിളകളെയും വലിയൊരു ജനസഞ്ചയത്തിന്റെ കുടിവെള്ള സ്രോതസ്സുമാണ് ഇതോടെ നിരാശ്രയമായിത്തീര്‍ന്നിരിക്കുന്നത്. കരാര്‍ പാലിക്കപ്പടുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ട ഉദ്യോഗസ്ഥരും അവരെ നിയന്ത്രിക്കുന്ന രാഷ്ട്രീയ ഭരണനേതൃത്വവും ഉറക്കം നടിക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെങ്കിലും ഇനിയും സമയം തീര്‍ന്നിട്ടില്ല എന്നതാണ് അധികാരവൃന്ദത്തെ ഓര്‍മിപ്പിക്കാനുള്ളത്.
പ്രതിവര്‍ഷം 7.25 ടി.എം.സി വെള്ളമാണ് ആളിയാര്‍ വഴി കേരളത്തിലെ ചിറ്റൂര്‍ പുഴയിലേക്ക് തമിഴ്‌നാട് അനുവദിക്കാന്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. പ്രസ്തുത കരാര്‍ ഒപ്പിട്ടിട്ട് വര്‍ഷം അറുപതിനോട് അടുക്കുമ്പോള്‍ കേരളം ഇപ്പോഴും കരാര്‍ പ്രകാരം ലഭിക്കേണ്ട വെള്ളത്തെക്കുറിച്ച് മാത്രമാണ് വേവലാതിപ്പെടുന്നത് എന്നത് വൈപരീത്യമായി തോന്നാം. കരാര്‍ പ്രകാരം വെള്ളംതരുന്നതിന് തമിഴ്‌നാട് ഭരണകൂടങ്ങള്‍ പതിറ്റാണ്ടുകളായി കാട്ടുന്ന അനാസ്ഥക്കെതിരെ ചെറുവിരലനക്കാന്‍ നമുക്കാവുന്നില്ല എന്നതാണ് ഗൗരവതരമായിട്ടുള്ളത്. കരാര്‍ പ്രായോഗികമല്ലാതായിട്ട് മുപ്പത്തൊമ്പത് വര്‍ഷം കഴിഞ്ഞിരിക്കുന്നുവെന്നതാണ് തമിഴ്‌നാട് പറയുന്ന ന്യായം. കേരളത്തിന്റെ സ്വന്തം ഭൂമിക്കകത്ത് പ്രവര്‍ത്തിച്ചുവരുന്ന അണക്കെട്ടുകളാണ് പറമ്പിക്കുളം, ആളിയാര്‍ തുടങ്ങിയ പത്തോളം വരുന്ന അമൂല്യമായ പശ്ചിമഘട്ട മലനിരയുടെ നീര്‍ഖനികള്‍. ഇവയുടെ സംരക്ഷണവും അറ്റകുറ്റപ്പണികളുമാണ് തമിഴ്‌നാടിന് നല്‍കിയിട്ടുള്ളത്. സംസ്ഥാനങ്ങള്‍ ഇരുഭാഗത്തായി വിഭജിക്കപ്പെട്ടപ്പോള്‍ തയ്യാറാക്കപ്പെട്ട കരാര്‍ പ്രകാരമാണ് കേരളത്തിന് ഒരു ജല വര്‍ഷം -ജൂണ്‍ മുതല്‍ ജൂണ്‍ വരെ- നിശ്ചിത അളവില്‍ വെള്ളം വിട്ടുനല്‍കണമെന്ന് കരാര്‍ വ്യവസ്ഥ ചെയ്തതെങ്കിലും കരാര്‍ പുതുക്കുന്നതിന് 1988ല്‍ അന്നത്തെ സര്‍ക്കാര്‍ തയ്യാറാകാതിരുന്നതാണ് പ്രശ്‌നത്തിന്റെയെല്ലാം പുതിയ കാരണം. മൂലത്തറ ഡാമില്‍ ബുധനാഴ്ച ലഭിച്ചത് നൂറ് കുസെക്‌സ് വെള്ളം മാത്രമാണ്. ഇതാകട്ടെ അര്‍ഹതപ്പെട്ടതിന്റെ നാലിലൊന്നു പോലും ആകുന്നില്ല. പാലക്കാട്ട് മലമ്പുഴയില്‍നിന്ന് സമയാസമയം ജലമെത്താതിരുന്നതുമൂലം ഏക്കര്‍കണക്കിന് നെല്‍പാടങ്ങള്‍ കരിഞ്ഞുണങ്ങിയിരിക്കുമ്പോഴാണ് മറ്റൊരു പ്രഹരത്തിന് നാം കയ്യുംകെട്ടി കാത്തിരിക്കുന്നത്. ജനുവരി 19ന് ചേര്‍ന്ന സംയുക്ത ഉദ്യോഗസ്ഥ യോഗത്തിലാണ് ഫെബ്രുവരി 16 വരെ വെള്ളം നല്‍കാമെന്ന് തമിഴ്‌നാട് സമ്മതിച്ചിരുന്നത്. ഇനി പതിനഞ്ചിനാണ് ചെന്നൈയില്‍ ചര്‍ച്ച വെച്ചിരിക്കുന്നത്. അതുവരെ നെല്‍പാടങ്ങള്‍ അധികൃതരുടെ ഔദാര്യവും കാത്തിരിക്കുമെന്ന് കരുതാന്‍ വയ്യ.
ഇതുവരെയും കരാര്‍ പ്രകാരം കേരളത്തിന് തരേണ്ട 7.25 ടി.എം.സി വെള്ളം ലഭിക്കുന്നില്ലെന്ന് മാത്രമല്ല, അഞ്ച് ടി.എം.സിയില്‍ താഴെമാത്രം ലഭിച്ചിരുന്ന വെള്ളം പൊടുന്നനെ നിര്‍ത്തിവെച്ചതായി പ്രഖ്യാപിച്ചിരിക്കുകയുമാണ് തമിഴ്‌നാട് ഇപ്പോള്‍. ബുധനാഴ്ചയാണ് തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ പൊടുന്നനെ ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്. വേനല്‍ തുടങ്ങാനിരിക്കുകയും ഭാരതപ്പുഴയുടെ കൈവഴികളില്‍ വെള്ളം ഇല്ലാതിരിക്കുകയും ചെയ്യുക എന്നത് പാലക്കാട് പ്രത്യേകിച്ചും ചിറ്റൂര്‍ പ്രദേശത്തെ നെല്‍കൃഷിക്കാരെ വറുതിയിലേക്കും കനത്ത നഷ്ടത്തിലേക്കുമാണ് എത്തിക്കുക. ഇരുപത്തയ്യായിരത്തോളംഏക്കര്‍ നെല്‍ കൃഷിയാണ് ചിറ്റൂര്‍ മേഖലയില്‍ വെള്ളം കാത്തുകഴിയുന്നത്. അവയെല്ലാം ഇപ്പോള്‍ നിര്‍ണായകമായ പുട്ടില്‍ പരുവത്തിലുമാണ്. ഇവയുടെ സംരക്ഷണം അടിയന്തിര ആവശ്യമായിരിക്കവെ സംസ്ഥാനത്തെ ഇടതുപക്ഷ സര്‍ക്കാരും കൃഷി, ജലസേചന വകുപ്പുകളും ഇക്കാര്യത്തില്‍ തീര്‍ത്തും നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിച്ചുവരുന്നത്.
രണ്ടാം വിളക്കാലത്ത് പതിവായി ചിറ്റൂര്‍ താലൂക്ക് പോരാട്ടത്തിനായി ഇറങ്ങേണ്ട അവസ്ഥയായിട്ട് കുറച്ചുകാലമായി . സ്ഥലം എം.എല്‍.എ കൂടിയായ ഭരണപക്ഷത്തെ സാമാജികനുപോലും പ്രശ്‌നത്തില്‍ തൃപ്തികരമായ മറുപടി ജനങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്നില്ല. പ്രദേശവാസികളും കര്‍ഷകരും പ്രക്ഷോഭത്തിന്റെ പാതയിലിറങ്ങിയിട്ട് നാളുകളായി. പറമ്പിക്കുളം-ആളിയാര്‍ ജലസംരക്ഷണ സമിതിയും സമരസമിതിയും രണ്ടായി പ്രക്ഷോഭത്തിന്റെ നടുവിലാണ്. മേഖലയില്‍ ഹര്‍ത്താലും നടക്കുകയുണ്ടായി. ഇതെല്ലാം പക്ഷേ സര്‍ക്കാരിന്റെയും ഭരണമുന്നണിയുടെയും ബധിര കര്‍ണങ്ങളില്‍ മിഥ്യാനാദങ്ങളായി തുടരുകയാണിപ്പോഴും.
യഥാര്‍ത്ഥത്തില്‍ പറമ്പിക്കുളത്തുനിന്ന് ആളിയാറിലേക്ക് വെള്ളം വിട്ടുതരുന്നതിന് നമ്മുടെ ഉദ്യോഗസ്ഥര്‍ ഒരിക്കലും ആത്മാര്‍ത്ഥമായ ശ്രമം നടത്തിയിട്ടില്ല. ഇവര്‍ക്കെതിരെ അഴിമതിയുള്‍പ്പെടെയുള്ള ആക്ഷേപങ്ങള്‍ ചിറ്റൂരിലും പാലക്കാട്ടും അങ്ങാടിപ്പാട്ടാണ്. അഴിമതിപ്പണം ഉന്നതങ്ങളിലേക്ക് എത്തുന്നുവെന്നതും പുതിയ ആരോപണമല്ല. ഇതൊക്കെ അറിയാമായിരുന്നിട്ടും കര്‍ഷകരുടെയും അടിസ്ഥാന വര്‍ഗത്തിന്റെയും പാര്‍ട്ടി ഭരിക്കുമ്പോള്‍ കോരന് കഞ്ഞി കുമ്പിളില്‍ തന്നെയാണ്.
ഭാരതപ്പുഴ സംരക്ഷണത്തെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുകയും എണ്ണമറ്റ സെമിനാറുകള്‍ സംഘടിപ്പിക്കുകയും പ്രബന്ധങ്ങളും കവിതകളും രചിക്കുകയും ചെയ്യുന്നവരാണിപ്പോഴും നാം. എന്നാല്‍ കേരളത്തിന്റെ നാല്‍പത്തിനാല് നദികളിലെ രണ്ടാമത്തെ ഏറ്റവും വലിയതും മൂന്നു ജില്ലകളുടെ കുടിവെള്ള-കാര്‍ഷിക സ്രോതസ്സുമായ നിളയുടെ കാര്യത്തില്‍ നാം വെളിച്ചത്ത് ഇനിയും എത്തിയിട്ടില്ല എന്നതിന്റെ തെളിവുകൂടിയാണ് ചിറ്റൂര്‍ പുഴയുടെ കാര്യത്തിലെ അവസ്ഥ. സത്യത്തില്‍ തമിഴ്‌നാട്ടിലെ വാള്‍പാറയില്‍ നിന്ന് ഉല്‍ഭവിക്കുന്ന ഭാരതപ്പുഴയുടെ അടിസ്ഥാന വേരുകളാണ് ചിറ്റൂര്‍ പുഴയും ഗായത്രിപ്പുഴയും മറ്റും. മൂലത്തറ, കമ്പാലത്തറ, മീങ്കര, ചുള്ളിയാര്‍, പോത്തുണ്ടി, മലമ്പുഴ, മംഗലം ഡാം തുടങ്ങി നിരവധി പുഴകളുടെയും അണക്കെട്ടുകളുടെയും അക്ഷയഖനിയാണ് പറമ്പിക്കുളം വനപ്രദേശങ്ങളും അവിടുന്ന് ഒഴുകിയെത്തുന്ന നീല സ്വര്‍ണമെന്ന് വിശേഷിപ്പിക്കപ്പെടുന്ന നീരുറവകളും. ഇതൊന്നും കരാറുകളുടെ പിന്‍ബലത്തോടെ നിവര്‍ത്തിക്കപ്പെടേണ്ടുന്ന ആവശ്യങ്ങളല്ലെന്ന് അറിയാത്തവരല്ല നാമെല്ലാം. എങ്കിലും മുപ്പതുവര്‍ഷം മുമ്പ് നാമാവശേഷമായ കരാര്‍ പുതുക്കുന്നതിനോ കരാര്‍ പ്രകാരം വെള്ളം തരണമെന്നാവശ്യപ്പെട്ട് അന്തര്‍ സംസ്ഥാന സമിതിയെ സമീപിക്കുന്നതിനോ നാം തയ്യാറല്ല. നിയമപ്രകാരം കേരള മുഖ്യമന്ത്രിയാണ് തമിഴ്‌നാട്- കേരള അന്തര്‍ സംസ്ഥാന നദീജലതര്‍ക്ക പരിഹാര സമിതിയുടെ തലവന്‍. മുഖ്യമന്ത്രി കാലാകാലം കര്‍ഷകര്‍ക്ക് നല്‍കുന്ന വൃഥാവാക്കുകള്‍ക്കപ്പുറം ഒന്നും നടക്കുന്നില്ല. വേണ്ടിവന്നാല്‍ ശുരുവാണിയടക്കം നാം ഇപ്പോള്‍ തമിഴ്‌നാടിന് നല്‍കിവരുന്ന വെള്ളം നിര്‍ത്തിവെക്കാന്‍ കഴിയും. അതിന് തക്ക സമ്മര്‍ദം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി മുതിര്‍ന്നില്ലെങ്കില്‍ കേരളത്തിന്റെ നെല്ലറയില്‍ കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരുടേതുപോലുള്ള കഴുമരങ്ങള്‍ ഉയര്‍ന്നുവരുമെന്ന് മറക്കരുത്.
- 7 years ago
chandrika
Categories:
Video Stories
ആളിയാര്‍ വെള്ളം: ഉറക്കം വെടിയണം
Tags: editorial