X

വര്‍ഗീയ ഭ്രാന്തന്മാരെ ചങ്ങലക്കിടണം

 

രൗദ്രഭാവം പൂണ്ടുനില്‍ക്കുന്ന സംഘ്പരിവാര്‍ രാഷ്ട്രീയം രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിക്കു മേല്‍ സംഹാരതാണ്ഡവം തുടരുകയാണ്. സനാതന സങ്കല്‍പങ്ങളുടെ സകല സീമകളും ലംഘിച്ച് സങ്കുചിത രാഷ്ട്രം സ്ഥാപിക്കാനുള്ള വര്‍ഗീയ ഭ്രാന്തിനെ ചങ്ങലക്കിടേണ്ട സമയമാണിത്. ജനാധിപത്യ ശ്രീകോവിന്റെ പരിസരത്തു അഴിഞ്ഞാട്ടത്തിനു അങ്കിയണിഞ്ഞെത്താന്‍ സംഘ്പരിവാര്‍ പ്രഭൃതികള്‍ക്ക് പ്രചേദനമേകുന്ന ഭരണകൂട പ്രവണതകള്‍ക്കെതിരെ മതേതര പ്രസ്ഥാനങ്ങളുടെ കൂട്ടായ പ്രതിഷേധം ശക്തമാവേണ്ടതുണ്ട്. പ്രത്യയശാസ്ത്ര പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടുന്നവരെ കയ്യേറ്റം ചെയ്യാന്‍ മാത്രം വര്‍ഗീയ ശക്തികള്‍ വളര്‍ന്നുകൂടാ. തെരുവുകളെ അക്രമസാക്തമാക്കി അധികാരത്തെ അരക്കിട്ടുറപ്പിച്ച അഡോള്‍ഫ് ഹിറ്റ്‌ലറുടെ ‘സ്‌റ്റോം ട്രൂപ്പേഴ്‌സി’നെ പോലെ ‘സേന’കളെ കൊണ്ട് മതേതരത്വ പൈതൃകത്തെ കുഴിച്ചമൂടാമെന്ന വ്യാമോഹമാണോ പ്രധാനമന്ത്രിക്കെന്ന് സ്വാഭാവികമായും സംശയിക്കേണ്ടിയിരിക്കുന്നു. പ്രതിപക്ഷ പാര്‍ട്ടിയുടെ പ്രധാന നേതാവിനെ പാര്‍ട്ടി ആസ്ഥാനത്തുവച്ചു കയ്യേറ്റം ചെയ്തതില്‍ ലജ്ജിച്ചു തലകുനിക്കേണ്ടി വന്ന രാജ്യത്ത് ഭരണാധികാരി മൗനിയായി നില്‍ക്കുന്നത് ഭൂഷണമല്ല. ചെറിയ ഇലയനക്കങ്ങള്‍ളില്‍ പോലും വലിയ വര്‍ത്തമാനങ്ങള്‍ പറയുന്ന പ്രധാനമന്ത്രി ഇത്തരം അപരാധങ്ങള്‍ക്കെതിരെ ആര്‍ജവത്തോടെ പ്രതികരിക്കാത്ത നിലപാട് തുടരുന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. ഫാസിസ്റ്റു ദുര്‍ഭൂതങ്ങള്‍ക്ക് രാപ്പാര്‍ക്കാനുള്ള ഇടമായി ജനാധിപത്യ സംവിധാനങ്ങളെ പരുവപ്പെടുത്തുന്ന ആപത്കരമായ അവസ്ഥക്കെതിരെയാണ് പൊതുബോധം ഊര്‍ജസ്വലതയോടെ ഉണര്‍ന്നു ചിന്തിക്കേണ്ടത്.
മതത്തിന്റെ പേരില്‍ ഇത്തരം ‘സേന’കള്‍ അഴിച്ചുവിടുന്ന അക്രമങ്ങളെ യാദൃച്ഛികമായി കാണാനാവില്ല. മൗലികാവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടമായി കണക്കാക്കാനുമാവില്ല. മറിച്ച്, രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കുന്നതിനുള്ള ആസൂത്രിതമായ അക്രമങ്ങളായി വേണം മനസിലാക്കാന്‍. തങ്ങളുടെ തത്വസംഹിതകളെ തള്ളിപ്പറയുന്നവരുടെ തലയറുക്കുമെന്നു തുറന്നുപറയാന്‍ മാത്രം ധൈര്യമുള്ളിടത്താണ് സംഘ്പരിവാര്‍ അക്രമാസക്തമാകുന്നത്. നരേന്ദ്ര ധഭോത്കറും ഗോവിന്ദ് പന്‍സാരെയും എം.എം കല്‍ബുര്‍ഗിയും മുഹമ്മദ് അഖ്‌ലാഖുമെല്ലാം ഇതിന്റെ സമീപകാല സാക്ഷ്യങ്ങളാണ്. മുഹമ്മദ് അഖ്‌ലാഖിനെ തല്ലിക്കൊന്ന ശേഷം, ഗോവധം നടത്തുന്നവര്‍ക്ക് വധശിക്ഷ വിധിക്കുന്ന നിയം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് റോഡ് ഉപരോധത്തില്‍ വിഷം ചീറ്റിയ സേനാ നേതാക്കളെ ആരും മറന്നുകാണില്ല. സംഘ്പരിവാന്റെ അപ്രഖ്യാപിത ഗുണ്ടാ വിഭാഗമായ ഹിന്ദുസേനയെ കൊണ്ട് ബി.ജെ.പി ഏറെ രാഷ്ട്രീയ മുതലെടുപ്പ് നടത്തിയിട്ടുണ്ട്. വിഷയങ്ങള്‍ വിവാദമാകുമ്പോള്‍ സേനയുടെ തലയില്‍കെട്ടി ഒഴിഞ്ഞുമാറുന്ന പതിവ് കഴിഞ്ഞ ദിവസത്തെ സംഭവത്തിലും ബി.ജെ.പി ആവര്‍ത്തിക്കുന്നുവെന്നു മാത്രം. കടുത്ത മുസ്്‌ലിം വിരോധവും തീവ്രഹിന്ദു നിലപാടുകളുമായി വിധ്വംസക പ്രവര്‍ത്തനങ്ങള്‍ പ്രയോഗവത്കരിക്കുന്ന കര്‍മസേനയാണിത്. സൈന്യാധിപനോ സര്‍വായുധങ്ങളോ ഇല്ലാത്ത സൈന്യംപോലെയാണ് ഇവരെന്ന് ആരും കരുതുന്നില്ല. രാജ്യത്തിന്റെ മുക്കുമൂലകളില്‍ നടക്കുന്ന നീക്കങ്ങള്‍ കൃത്യമായി നിരീക്ഷിച്ച് നേതൃത്വത്തെ അറിയിക്കാനുള്ള സംവിധാനങ്ങള്‍ ഇവര്‍ക്കുണ്ട്. പാകിസ്താന്‍ വിഷയത്തിലെ നിലപാടും ബീഫ് നിരോധത്തിനെതിരെയുള്ള പ്രതിരോധവും ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമവുമാണ് സി.പി.എം സെക്രട്ടറിക്കു നേരെയുള്ള കയ്യേറ്റത്തിന്റെ കാരണമായി ഹിന്ദുസേന അവകാശപ്പെടുന്നത്. കാലേക്കൂട്ടി ആസൂത്രണം ചെയ്ത പദ്ധതി നടപ്പാക്കുന്നതിന്റെ സംഘടനാ വൈഭവമാണ് കനത്ത പൊലീസ് സംരക്ഷണത്തിലും ഹിന്ദുസേന നടപ്പാക്കിയത്. ബി.ജെ.പി സര്‍ക്കാര്‍ ഭരണത്തിലേറിയതിനു ഇതിനു മുമ്പും രാജ്യതലസ്ഥാനത്ത് ഹിന്ദുസേന ഉഗ്രരൂപം പൂണ്ട് അഴിഞ്ഞാടിയിട്ടുണ്ട്. ഡല്‍ഹിയിലെ കേരള ഹൗസില്‍ പശുവിറച്ചി വിളമ്പുന്നുവെന്ന് പൊലീസില്‍ പരാതി നല്‍കി വര്‍ഗീയ പ്രശ്‌നങ്ങള്‍ക്ക് വിത്തുപാകാന്‍ ശ്രമം നടത്തിയതും ഇക്കൂട്ടരായിരുന്നു. പൊലീസ് അന്വേഷണത്തില്‍ പരാതി വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. ബീഫ് പാര്‍ട്ടി നടത്തിനു അക്രമിക്കപ്പെട്ട കശ്മീര്‍ നിയമസഭയിലെ സ്വതന്ത്ര എം.എല്‍.എ അബ്ദുല്‍ റഷീദിനു നേരെ ഡല്‍ഹിയില്‍ വച്ചു കരി ഓയില്‍ ഒഴിച്ചതും ഹിന്ദുസേനാ പ്രവര്‍ത്തകരായിരുന്നു. പശുക്കളെ കടത്തി എന്നാരോപിച്ച് കശ്മീരില്‍ ട്രക്ക് ഡ്രൈവറെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചിതാണ് അബ്ദുല്‍ റഷീദിനെതിരെ അന്ന് കരി ഓയില്‍ പ്രയോഗമുണ്ടായത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പിറന്നാള്‍ ദിനത്തില്‍ ജന്തര്‍മന്ദറില്‍ വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ച ഹിന്ദുസേനാ പ്രവര്‍ത്തകരുടെ വികാരം കടുത്ത ന്യൂനപക്ഷ വിരുദ്ധതയായിരുന്നു.
രാജ്യത്തിന്റെ സ്വാസ്ഥ്യം കെടുത്തും വിധത്തില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി നേട്ടം കൊയ്യാനുള്ള നീക്കങ്ങളായി ഇത്തരം സംഭവങ്ങളെ കാണണം. തനിക്കാക്കി വെടക്കാക്കാനുള്ള സംഘ്പരിവാര്‍ അജണ്ട വ്യാപിപ്പിക്കാന്‍ രാജ്യത്തിന്റെ അധികാരകേന്ദ്രം അനസ്യൂതം തന്ത്രങ്ങള്‍ മെനയുന്നത് ഇനിയും കാണാതിരുന്നുകൂടാ. മെല്ലെ മെല്ലെ രാജ്യത്തിന്റെ മതേതര മണ്ണ് ഇളക്കിമറിച്ച് വിഷവിത്തുകള്‍ മുളപ്പിക്കുകയാണ് വര്‍ഗീയ ശക്തികളുടെ ലക്ഷ്യം. ഇന്നു അപരന്റെ സ്വീകരണ മുറിയിലെത്തി കലഹിക്കുന്ന ഫാസിസം നാളെ അവനവന്റെ കിടിപ്പുമുറിയില്‍ കഠാരയുയര്‍ത്തുന്ന കാലം വിദൂരമല്ല. ഇതു തിരിച്ചറിഞ്ഞ ജനാധിപത്യ ഇന്ത്യയുടെ ഭാവി സംരക്ഷിക്കാന്‍ മതേതര ശക്തികള്‍ ഒന്നിച്ചു നില്‍ക്കുകയാണ് കരണീയം.

chandrika: