X

ഈമന്ത്രി ഒരുനിമിഷം പോലും തുടരരുത്

ഇന്നേക്ക് കൃത്യം രണ്ടുവര്‍ഷംമുമ്പ് യു.ഡി.എഫ് സര്‍ക്കാരിലെ ധനകാര്യമന്ത്രി കെ.എം മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കിക്കൊണ്ട് അന്നത്തെ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കമാല്‍പാഷ നടത്തിയ പരാമര്‍ശം മാണിയുടെ രാജിയിലേക്ക് വഴിവെക്കുകയുണ്ടായി. വിധി പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയൊരു പ്രസംഗത്തിലെ വാചകം ഇവിടെ ഉദ്ധരിക്കുന്നത് ഇപ്പോള്‍ പ്രസക്തമാകും. ‘ഇത്തരമൊരു ആരോപണം ഉണ്ടായിക്കഴിഞ്ഞാല്‍ തല്‍കാലത്തേക്ക് മാറിനില്‍ക്ക് എന്ന് പറയാനുള്ള സാമാന്യമായ ഉത്തരവാദിത്തമെങ്കിലും മുഖ്യമന്ത്രി കാട്ടേണ്ടതല്ലേ?’ സീസറിന്റെ ഭാര്യ സംശയത്തിനതീതയായിരിക്കണം എന്ന ചൊല്ല് എടുത്തുദ്ധരിച്ചായിരുന്നു കോടതിയുടെ മന്ത്രിക്കെതിരായ പരാമര്‍ശമെങ്കില്‍ ഇന്നലെ അതേ കോടതിയുടെ ഡിവിഷന്‍ ബെഞ്ച് പിണറായി മന്ത്രിസഭയിലെ ഒരംഗത്തിനെതിരെ നടത്തിയ പരാമര്‍ശം ഇതിലുമെത്രയോ കടുപ്പമുള്ളതാണ്. എന്നിട്ടും ഇപ്പോള്‍ പിണറായി വിജയന്‍ തന്റെ ആ പഴയ ആര്‍ജവബോധം മറന്നുകളയുന്നതിലാണ് സാധാരണക്കാരുടെ അത്ഭുതം.
ഗതാഗത വകുപ്പുമന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയില്‍ കുട്ടനാട്ടെ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി നടത്തിയ പൊതുമുതല്‍ കയ്യേറ്റം സംബന്ധിച്ച പരാതിയിലാണ് ഇന്നലെ കോടതി നടത്തിയ പരാമര്‍ശം. ‘മന്ത്രി തോമസ്ചാണ്ടിയുടെ ഭൂമി കയ്യേറ്റത്തെക്കുറിച്ച് അന്വേഷണം എന്തായി. ഇക്കാര്യത്തില്‍ മന്ത്രിക്ക് പ്രത്യേക പരിഗണന നല്‍കുകയാണോ സര്‍ക്കാര്‍. പാവപ്പെട്ടവന്‍ ഭൂമി കയ്യേറിയാല്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഒഴിപ്പിക്കില്ലേ. റോഡരികില്‍ താമസിക്കുന്നവരോട് സര്‍ക്കാരിന് ഇതേ നിലപാടാണോ ഉള്ളത്. എല്ലാവര്‍ക്കും തുല്യനീതി നടപ്പാക്കാനാണ് ഞങ്ങള്‍ ഇവിടെ ഇരിക്കുന്നത്. പൊതുമുതല്‍ കയ്യേറ്റത്തോട് സര്‍ക്കാരിന്റെ നിലപാട് എന്താണ്? ഇക്കാര്യത്തില്‍ മന്ത്രിയെന്നോ സാധാരണക്കാരനെന്നോ എന്ന വ്യത്യാസമില്ല.’ കോടതിയുടെ വാക്കാലുള്ള പരാമര്‍ശങ്ങള്‍ ഇങ്ങനെയായിരുന്നു. ഇത് പുറത്തുവന്നിട്ട് മണിക്കൂറുകള്‍ പിന്നിട്ടിട്ടും സര്‍ക്കാര്‍ അനങ്ങിയില്ലെന്നുമാത്രമല്ല, രാജിവെച്ചൊഴിയേണ്ട മന്ത്രിയുടെ ഓഫീസ് പറയുന്നത്, ഇത് ഗൂഢാലോചനയാണെന്നാണ്. ആരാണ് ഗൂഢാലോചന നടത്തുന്നത്. അത് കോടതിയാണോ. തൃശൂര്‍ വേലുപ്പാടം സ്വദേശി ടി.എന്‍ മുകുന്ദന്‍ എന്നയാളാണ് ഹര്‍ജിക്കാരന്‍. അദ്ദേഹം ഉന്നയിച്ച ആവശ്യം മന്ത്രിയുടെ കമ്പനി കേരള ഭൂ വിനിയോഗ നിയമവും നെല്‍വയല്‍-തണ്ണീര്‍തട സംരക്ഷണ നിയമവും ലംഘിച്ചതിന് കേസെടുത്ത് അന്വേഷിക്കണമെന്നാണ്. എന്നാല്‍ കോടതി അതിലുംകടന്ന് സര്‍ക്കാരിനെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് നടത്തിയിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ രാജിക്ക് തയ്യാറാകാത്ത നിലക്ക് മന്ത്രിയുടെ രാജി ചോദിച്ചുവാങ്ങേണ്ട മുഖ്യമന്ത്രി മൗനവാല്‍മീകത്തിലുമാണ്.
മന്ത്രിയായശേഷം പോലും ഭൂമികയ്യേറ്റം നടന്നുവെന്നത് വ്യക്തമാണ്. മാധ്യമങ്ങള്‍ ഇക്കാര്യത്തിലെ തെളിവുകള്‍ പുറത്തുകൊണ്ടുവന്നിട്ട് മൂന്നുമാസമായി. സമ്മര്‍ദം ശക്തിപ്പെട്ടപ്പോള്‍ റവന്യൂവകുപ്പാണ് അന്വേഷണം നടത്തി കയ്യേറ്റം നടന്നെന്ന് സ്ഥിരീകരിച്ചത്. ജില്ലാകലക്ടര്‍ തന്നെ നേരിട്ടുചെന്ന് അന്വേഷണം നടത്തി സര്‍ക്കാരിനുമുമ്പാകെ റിപ്പോര്‍ട്ട് നല്‍കിയിട്ടും രണ്ടാഴ്ച പിന്നിട്ടിരിക്കുന്നു. കലക്ടറുടെ റിപ്പോര്‍ട്ട് പ്രകാരം വാട്ടര്‍ വേള്‍ഡ് കമ്പനി ഭൂ സംരക്ഷണ നിയമം ലംഘിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്. തണ്ണീര്‍തട-നെല്‍വയല്‍ നിയമമനുസരിച്ച് കലക്ടറാണ് ഇതുസംബന്ധിച്ച പരാതികളില്‍ അന്വേഷണം നടത്തി കേസെടുക്കേണ്ടത്. ജില്ലാസെഷന്‍സ് കോടതിയില്‍ കേസ് സംബന്ധിച്ച റിപ്പോര്‍ട്ട് ഹാജരാക്കി പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാനുള്ള ബാധ്യത കലക്ടറുടേതാണ്. എന്നാല്‍ ഒരു സാധാരണ പൗരനാണ് ഇതൊക്കെ ചെയ്തതെങ്കില്‍ നടക്കുമായിരുന്ന കേസും നടപടികളും മന്ത്രിയുടെ കാര്യത്തില്‍ മാസങ്ങളായിട്ടും ഇല്ലാതെ പോകുന്നു. ലേക് പാലസ് റിസോര്‍ട്ടിന് വേണ്ട പാര്‍ക്കിങിനായി കായലും റോഡിനായി നെല്‍വയലും മണ്ണിട്ടു നികത്തുകയും അതിനുവേണ്ടി എം.പി ഫണ്ടുകളില്‍ നിന്ന ്പതിനഞ്ചു ലക്ഷത്തോളം രൂപ ചെലവഴിക്കുകയും ചെയ്ത മന്ത്രിചാണ്ടി ഏപ്രിലില്‍ അധികാരത്തിലേക്ക് കടന്നുവന്നശേഷവും സമാനമായ ഒട്ടേറെ നിയമലംഘനങ്ങളാണ് നടത്തിയത്. എം.പി ഫണ്ട് ദുരുപയോഗം ചെയ്ത കേസില്‍ കഴിഞ്ഞദിവസമാണ് കോട്ടയം വിജിലന്‍സ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്. അവിടെയും മന്ത്രിക്കനുകൂലമായ നിലപാടെടുത്ത വിജിലന്‍സും സര്‍ക്കാരും ഇന്നലെ ഹൈക്കോടതിയിലും കലക്ടറുടെ അന്തിമറിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നും അന്വേഷണം നടന്നുവരികയാണെന്നുമാണ് കള്ളം പറഞ്ഞത്.
യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ 22ന ്തന്നെ മന്ത്രിയുടെ ഓഫീസിനും റവന്യൂവകുപ്പു സെക്രട്ടറിക്കും കലക്ടര്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കിയതാണ്. ഇതറിയാതെയാവില്ല മന്ത്രിയെ സഹായിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ സോഹന്‍ പ്രത്യേക താല്‍പര്യം കാട്ടി കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചത്. എ.ജിയുടെ കീഴിലുള്ള സ്റ്റേറ്റ് അറ്റോര്‍ണിയാണ് പിണറായിയുടെ അടുത്ത സഹയാത്രികനായ സോഹന്‍ എന്നത് പരസ്യമായ രഹസ്യമാണ്. ഇദ്ദേഹം ഇനിയും മന്ത്രിക്കെതിരായ റിപ്പോര്‍ട്ട് കാത്തിരിക്കുന്നുവെന്ന് കോടതിയെ ധരിപ്പിക്കുന്നത് ആര്‍ക്കുവേണ്ടിയാണെന്നത് പരസ്യമാണ്. പിണറായി മിണ്ടുന്നില്ലെങ്കില്‍ സോഹന്‍ മിണ്ടുന്നത് പിണറായിയുടെ നാവ് കൊണ്ടാണെന്ന് വ്യക്തമായിരിക്കുകയാണ്. കോടതിയുടെ എതിരായ പരാമര്‍ശങ്ങളുണ്ടായപ്പോഴൊക്കെ കെ.പി വിശ്വനാഥനും പി.പി ജോര്‍ജും എം.പി ഗംഗാധരനും ബാലകൃഷ്ണപിള്ളയും മാണിയുമൊക്കെ കാട്ടിയ വഴി ഇടതുമുന്നണിക്ക് എന്തുകൊണ്ട് ബാധകമാകുന്നില്ല.
എന്താണ് ഇത്തരമൊരു രൂക്ഷമായ സാഹചര്യം ഉണ്ടായിട്ടും കോടീശ്വരനായ മന്ത്രിയെ താങ്ങാന്‍ പിണറായിയെ പ്രേരിപ്പിക്കുന്നത്. ഒരു ഘടകക്ഷിയായ മന്ത്രിക്ക് ലഭിക്കുന്ന പരിഗണന സ്വന്തം പാര്‍ട്ടിക്കാരനായ ഇ.പി ജയരാജന് എന്തുകൊണ്ട് ലഭിച്ചിരുന്നില്ല. അപ്പോള്‍ പണംതന്നെയാണ് ഇടതുപക്ഷ സര്‍ക്കാരിനെയും മുന്നണിയെയും നയിക്കുന്നതെന്ന് സുവ്യക്തം. മറ്റൊരു പ്രധാന ഘടകക്ഷിയായ സി.പി.ഐയുടെ മന്ത്രിയും വകുപ്പും ആവശ്യപ്പെട്ടയുടന്‍ അതിന് അനുമതി നല്‍കേണ്ടുന്ന നിയമപരമായ ബാധ്യതയാണ് മുഖ്യമന്ത്രി വാര്‍ത്താലേഖകരോട് ചിരിച്ചുകാട്ടി പരിഹസിക്കാന്‍ നോക്കുന്നത്. ഇത് ചുരുക്കിപ്പറഞ്ഞാല്‍ തികഞ്ഞ സത്യപ്രതിജ്ഞാലംഘനമാണ്. ആരോടും പ്രത്യേക പ്രീതിയോ വിദ്വേഷമോ കൂടാതെ തന്റെ മന്ത്രിയെന്ന നിലയിലുള്ള കര്‍ത്തവ്യം നിറവേറ്റുമെന്ന് മൂന്നുവട്ടം ഊന്നിപ്പറഞ്ഞ് മന്ത്രിക്കസേരയിലേറിയവരാണ് തോമസ് ചാണ്ടിയും പിണറായി വിജയനും. അവര്‍ ഉണ്ണുന്നതും ഉറങ്ങുന്നതും യാത്ര ചെയ്യുന്നതുമെല്ലാം ഇന്നാട്ടിലെ പാവപ്പെട്ടവന്റെ അധ്വാന ഫലം കൊണ്ടാണെന്ന തോന്നല്‍ ഒരു കമ്യൂണിസ്റ്റ് മുഖ്യനെങ്കിലും ഉണ്ടാകേണ്ടതായിരുന്നു. അതുണ്ടാകുന്നില്ല എന്നത് കേരളത്തിന്റെ നാണക്കേടാണ്. നിയമവ്യവസ്ഥയുടെ പച്ചയായ ലംഘനമാണിത്. ഒരു നിമിഷം പോലും താമസിക്കാതെ മന്ത്രിയെ പുറത്താക്കി കേസെടുത്ത് ജയിലിലടയ്ക്കുകയാണ് ആര്‍ജവം ലവലേശമെങ്കിലുമുണ്ടെങ്കില്‍ ഭരണമുന്നണി ചെയ്യേണ്ടത്.

chandrika: