X

കോടിയേരിമാരുടെ കോടികള്‍ സത്യം പുറത്തുവരട്ടെ

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പുത്രന്‍ ബിനോയ് കോടിയേരി ഒരു യു.എ.ഇ പൗരനില്‍നിന്ന് കോടിക്കണക്കിന് രൂപ വായ്പ വാങ്ങിയ ശേഷം മുങ്ങിയെന്ന ആരോപണത്തില്‍ സി.പി.എം എന്ന പാര്‍ട്ടി കാണിക്കുന്ന നിരുത്തരവാദപരമായ നിലപാട് സ്വയം അപമാനിതരും പരിഹാസ്യരുമാകുന്ന അവസ്ഥയിലേക്ക് ആ പാര്‍ട്ടിക്കാരെയാകെ കൊണ്ടെത്തിച്ചിരിക്കുന്നു. പതിമൂന്നു കോടി രൂപയുടെ ബാധ്യതയാണ് ബിനോയ് കോടിയേരി ദുബായിലെ ജാസ് ടൂറിസം കമ്പനി എം.ഡി ഹസന്‍ ഇസ്മയില്‍ അബ്ദുല്ല അല്‍ മര്‍സൂഖിക്ക് നല്‍കാനുള്ളതെന്നാണ് പുറത്തുവന്ന വിവരങ്ങള്‍. ഇതനുസരിച്ച് മര്‍സൂഖി ഇന്ത്യയില്‍ വന്ന് ബിനോയിയുമായി ബന്ധപ്പെട്ടവരെ കാണാന്‍ നടത്തിയ ശ്രമങ്ങളാണ് ഇത്രയും വലിയൊരു തുകയുടെയും വെട്ടിപ്പിന്റെയും ഉള്ളറ രഹസ്യങ്ങളിലേക്ക് നമ്മെയാകെ കൊണ്ടെത്തിച്ചത്. എന്നാലിപ്പോള്‍ ബിനോയിയും സഹോദരന്‍ ബിനീഷും ഗള്‍ഫില്‍ കോടികളുടെ ഇടപാട് തുടങ്ങിയിട്ട് കൊല്ലങ്ങളായെന്ന വിവരമാണ് പുറത്തുവരുന്നത്. എന്നാല്‍ പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ പങ്കില്ലെന്നും ബാധ്യത വരുത്തിയവര്‍ അത് സ്വയം തീര്‍ക്കട്ടെ എന്നുമാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്. ആദ്യം സംഭവത്തില്‍ കേസൊന്നുമില്ലെന്ന് കോടിയേരി ബാലകൃഷ്ണനും പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയും അവകാശപ്പെട്ടെങ്കിലും ഇപ്പോള്‍ കേസുണ്ടെന്ന് ബിനോയിയുടെ സഹോദരന്‍ ബിനീഷ് കോടിയേരി പരസ്യമായി സമ്മതിച്ചുകഴിഞ്ഞിരിക്കുന്നു. ഫെബ്രുവരി ഒന്നിന് ദുബായില്‍ പൊലീസ് കേസെടുത്തിരിക്കുന്നുവെന്നും അതിന്റെ അടിസ്ഥാനത്തില്‍ ബിനോയിയെ യു.എ.ഇ പൊലീസ് തടഞ്ഞുവെച്ചിരിക്കുന്നുവെന്നുമാണ് വാര്‍ത്തകള്‍. ഇത് ശരിയാണെന്ന് സമ്മതിച്ചിരിക്കെ പിന്നെ അറിയേണ്ടത് എന്തിനാണ് ഇത്രയും വലിയ തുക സി.പി.എം നേതാവിന്റെ മകന്‍ വാങ്ങിയതെന്നും അതുപയോഗിച്ച് ബിനോയിയും കൂടെയുള്ളവരും എന്തു ചെയ്‌തെന്നുമാണ്. കേസ് തീര്‍ക്കുമെന്ന് പറയുന്നവര്‍ക്ക് ആ പണം എവിടുന്നെടുത്ത് കൊടുക്കുമെന്ന് വെളിപ്പെടുത്താനുള്ള ധാര്‍മിക ബാധ്യതയുണ്ട്. നോട്ടുകെട്ടുകള്‍ ഇനിയും മറിയുമെന്നര്‍ത്ഥം.
വാസ്തവത്തില്‍ ഇത്തരമൊരു ആക്ഷേപം പാര്‍ട്ടിയുടെ ഉന്നതനായ നേതാക്കളിലൊരാള്‍ക്കെതിരെ ഉണ്ടായപ്പോള്‍ നാമെല്ലാം പ്രതീക്ഷിച്ചത് പ്രശ്‌നം ഉടന്‍തന്നെ പ്രസ്തുത നേതാവോ പാര്‍ട്ടിയോ ഇടപെട്ട് ഒത്തുതീര്‍പ്പാക്കുമെന്നായിരുന്നു. സി.പി.എമ്മിന്റെ രീതിയുമതുതന്നെ. അത് സംഭവിച്ചില്ലെന്ന് മാത്രമല്ല, കൂടുതല്‍ കൂടുതല്‍ കുരുക്കുകളിലേക്കാണ് പാര്‍ട്ടിയെ ബന്ധപ്പെട്ടവരെല്ലാം ചേര്‍ന്ന് എത്തിച്ചത്. ‘എന്റെ മകന്‍ ദുബായിലാണ്. അറബി എന്തിനാണ് ഇവിടെ കറങ്ങി നടന്ന് ബുദ്ധിമുട്ടുന്നത്’ എന്ന രീതിയിലായിരുന്നു കോടിയേരിയുടെ പ്രതികരണം. ഇത് വിശ്വസിച്ച് പ്രശ്‌നം തീരുമെന്ന് കരുതിയിരിക്കവെയാണ് പൊടുന്നനെ തിങ്കളാഴ്ച രാവിലെ ബിനോയിയെ ദുബായില്‍ പൊലീസ് തടഞ്ഞുവെച്ചിരിക്കുന്നുവെന്ന വാര്‍ത്ത ഇടിത്തീപോലെ വരുന്നത്.
വാസ്തവത്തില്‍ 2007ല്‍ തുടങ്ങിയതാണ് ബിനോയിയും യു.എ.ഇയും തമ്മിലുള്ള ബന്ധം. അന്ന് ഇടതുപക്ഷ സര്‍ക്കാരില്‍ ആഭ്യന്തര, ടൂറിസം, വിജിലന്‍സ് മന്ത്രിയായിരിക്കവെയാണ് കോടിയേരിയുടെ മകന്‍ ബിനോയ് ഗള്‍ഫിലേക്ക് പോകുന്നത്. ചില ജോലികളെല്ലാം ചെയ്‌തെങ്കിലും പച്ച പിടിച്ചില്ലത്രെ. എന്നാല്‍ ദുബായിലെ ചില അറബികളുമായി കേരളത്തിലെ ടൂറിസം രംഗത്ത് മുതല്‍മുടക്കിനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ അന്ന് നടത്തിയതായാണ് വിവരം പുറത്തുവന്നിരിക്കുന്നത്. അവരിലൊരാളായിരുന്നു അബ്ദുല്ല മര്‍സൂഖി. സാധാരണക്കാരായ ലക്ഷക്കണക്കിന് മലയാളികള്‍ പണിയെടുക്കുന്ന യു.എ.ഇയില്‍ അവര്‍ക്കൊന്നും ലഭിക്കാത്ത വന്‍തുക എങ്ങനെയാണ് ബിനോയിക്ക് വായ്പയായി ലഭിച്ചതെന്ന് അന്വേഷിക്കവെയാണ് കോടിയേരി ബാലകൃഷ്ണന്റെ മകനാണെന്ന ആനുകൂല്യം ബിനോയിക്ക് ലഭിച്ചിരുന്നതായി വ്യക്തമാകുന്നത്. കേരളത്തിന്റെ ടൂറിസം മേഖലയില്‍ മുതല്‍മുടക്കാന്‍ ബിനോയിയോ മര്‍സൂഖിയോ തയ്യാറായതായി ഒരു വിവരവുമില്ലാതിരിക്കെ എവിടെയാണ് ഇത്രയും കോടികള്‍ ചെലവഴിച്ചതെന്ന നിര്‍ണായക ചോദ്യം ബാക്കി നില്‍ക്കുകയാണ്. ബിനോയ് വൈസ് പ്രസിഡന്റായിരുന്ന കമ്പനിക്കാണ് കോവളം റീസോര്‍ട്ട് ഇടതുപക്ഷ സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയതെന്ന അറിവും ഞെട്ടലുളവാക്കുന്നുണ്ട്. ഇവയെല്ലാം സി.പി.എം എന്ന തൊഴിലാളി വര്‍ഗ പാര്‍ട്ടിയുടെ അണ്ഡാശയം വരെ കുത്തിനോവിക്കുന്നു.
കൊല്ലം സ്വദേശിയും ഇടതുപക്ഷ എം.എല്‍.എയുമായ വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്തുമായും ഇടപാട് നടന്നതായാണ് വിവരം. വിജയന്‍പിള്ളയുടെ പുത്രന്‍ കഴിഞ്ഞദിവസം മുന്‍സിഫ് കോടതിയില്‍ നല്‍കിയ പരാതിയിന്മേല്‍ കേരള ചരിത്രത്തിലിതാദ്യമായി ഒരു വാര്‍ത്താസമ്മേളനം നടത്തരുതെന്ന് നോട്ടീസ് പതിക്കാന്‍ കരുനാഗപ്പള്ളി മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ഇത്തരമൊരു വിധി വരാനിടയായത് മര്‍സൂഖി തിരുവനന്തപുരം പ്രസ്‌ക്ലബില്‍ തിങ്കളാഴ്ച വാര്‍ത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചതായിരുന്നു. സി.പി.എമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള സമ്മേളനങ്ങള്‍ നടന്നുകൊണ്ടിരിക്കവെ ഇത്തരമൊരു വെളിപ്പെടുത്തലും ആരോപണവും പാര്‍ട്ടിയെയും കേരള നേതൃത്വത്തെയും പ്രതിക്കൂട്ടിലാക്കുകയും അതിന്മേല്‍ സര്‍ക്കാരിന് നിയമ നടപടി ഏറ്റെടുക്കേണ്ടി വരികയും ചെയ്യുമെന്നതാണ് കോടതിയെ ഉപയോഗിച്ച് തികച്ചും ആശാസ്യമല്ലാത്ത വിധി വാങ്ങിച്ചെടുക്കാന്‍ പ്രതികളെ പ്രേരിപ്പിച്ചത്. സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും മാത്രമല്ല, ജുഡീഷ്യറിയുടെയും മീഡിയയുടെയും കേരളത്തിന്റെയാകെയും കറുത്ത ദിനമാണിത്. ഇതേ നിലപാടായിരുന്നോ തട്ടിപ്പുകാരി സരിതയുടെ കാര്യത്തില്‍ സി.പി.എം മുഖ്യമന്ത്രി സ്വീകരിച്ചത്? അധികാരത്തിലെത്തുമ്പോള്‍ ജനത്തെ മറന്ന് പണത്തിന്റെ പിന്നാലെ പോയതാണ് സോവിയറ്റ് റഷ്യ മുതല്‍ കേരള നിയമസഭാ സ്പീക്കറുടെ അര ലക്ഷത്തിന്റെ കണ്ണട വരെ നീളുന്ന നവ യാഥാര്‍ഥ്യങ്ങള്‍.
രാജ്യം വലിയ ഫാസിസ്റ്റ് ഭീഷണി നേരിടുകയാണെന്ന് സമ്മതിക്കുന്നവര്‍ക്കു നേരെയാണ് അതിനെതിരെ ഘോരഘോരം പോരാടേണ്ട ഘട്ടത്തില്‍ ഇത്തരത്തിലൊരു ആരോപണം ഉണ്ടായിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന് ഇതില്‍ പങ്കുണ്ടോ എന്ന സംശയമുയരുന്നുണ്ടെങ്കിലും അമിത്ഷായുടെ പുത്രനെതിരെ കോടികളുടെ അഴിമതി ആരോപണമുണ്ടായപ്പോള്‍ സി.പി.എം നേതാക്കള്‍ എങ്ങനെ പ്രതികരിച്ചിരുന്നുവെന്നതുമതി ആ സംശയം തീരാന്‍. മതേതരത്വത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുള്ള ഒരു പ്രസ്ഥാനം ഇങ്ങനെ ഇടവഴിക്കുവെച്ച് തകരുന്നത് മതേതര ജനാധിപത്യ വിശ്വാസികളെ സംബന്ധിച്ച് ഒട്ടും ആശാവഹമല്ല. പുകമറ നീക്കി ഒരു നിസ്സഹായനായ വിദേശി പൗരന്റെ ബാധ്യത തീര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാരിനും ഭരണപ്പാര്‍ട്ടിക്കും അനിവാര്യമായ കടമയുണ്ട്. മൊത്തം മലയാളികളുടെ അറിയാനുള്ള അവകാശത്തിന്റെയും അഭിമാനത്തിന്റെയും വിശ്വാസ്യതയുടെയും വിഷയം കൂടിയാണത്.

chandrika: