X

കുത്തകകള്‍ക്കുവേണ്ടി കുത്തകകളുടെ ഭരണം

ഫാസിസത്തിന്റെ വക്താക്കളും പ്രയോക്താക്കളും ദേശഭക്തിയുടെയും ദേശീയതയുടെയും മുഖംമൂടിഅണിഞ്ഞ് രാജ്യത്തെ വീണ്ടുമൊരു ശൈഥില്യത്തിലേക്ക് കൊണ്ടെത്തിക്കുകയാണെന്ന് വിലപിക്കപ്പെടുമ്പോഴാണ് സാമ്പത്തികമായി നരേന്ദ്രമോദി സര്‍ക്കാരിന്റെ മറ്റൊരു മൂടുപടംകൂടി അഴിഞ്ഞുവീണിരിക്കുന്നത്. അന്താരാഷ്ട്ര അവകാശസംഘടനയായ ഓക്‌സ്ഫാം തിങ്കളാഴ്ച പുറത്തുവിട്ട കണക്കനുസരിച്ച് ഇന്ത്യയിലെ 73 ശതമാനം സമ്പത്ത് ഇന്ത്യയിലെ ഒരുശതമാനംപേരില്‍ കേന്ദ്രീകരിച്ചിരിക്കുന്നുവെന്ന് വെളിപ്പെടുത്തിപ്പെട്ടിരിക്കുന്നു. 2016ല്‍ രാജ്യത്തെ 58 ശതമാനം സമ്പത്താണ് ഒരു ശതമാനം അതിസമ്പന്നരുടെ പക്കലുണ്ടായിരുന്നതെങ്കില്‍ ഒരൊറ്റവര്‍ഷം കൊണ്ട് അത് 73 ശതമാനത്തിലേക്ക് കുത്തനെ കുതിച്ചിരിക്കുന്നു. കുരങ്ങന്റെ കയ്യില്‍ പൂമാലനല്‍കിയ ഗതിയാണ് ഇന്ത്യക്കിപ്പോള്‍ സാമ്പത്തികമേഖലയില്‍ സംഭവിച്ചിരിക്കുന്നത്.
പകുതിയോളം വരുന്ന ദരിദ്രനാരായണ•ാരടങ്ങുന്ന നൂറ്റിമുപ്പതുകോടി വരുന്ന ലോകത്തെ രണ്ടാമത്തെ വലിയ ജനസംഖ്യാരാജ്യമെന്ന നിലക്ക് നമ്മെയെല്ലാം ഞെട്ടിക്കുന്ന വര്‍ത്തമാനം തന്നെയാണിത്. 20.9 ലക്ഷം കോടി രൂപയാണ് 2017ല്‍ മാത്രം രാജ്യത്തെ ഒരുശതമാനം പേര്‍, അതായത് വെറും 1.3 കോടി ജനങ്ങളിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നത്. ഒരുവര്‍ഷത്തെ കേന്ദ്രബജറ്റിനേക്കാള്‍ വലിയ തുകയാണിത്. അതായത് രാജ്യത്തെ സമ്പത്തില്‍നിന്ന് ദിവസമോരോന്നിനും 6000 കോടിയോളംരൂപ ഇന്ത്യന്‍കുത്തകകളുടെ കീശയിലേക്ക് ഒഴുകുന്നു. ഇതേസമയം രാജ്യത്തെ 67 ശതമാനം പേര്‍ക്ക് വര്‍ധിച്ചിരിക്കുന്ന വരുമാനത്തുക വെറും ഒരുശതമാനം മാത്രവും. കഴിഞ്ഞവര്‍ഷം ഇന്ത്യയിലെ ശതകോടീശ്വര•ാരുടെ എണ്ണം 101 ആയി ഉയരുകയുണ്ടായി. അവരില്‍ എല്ലാവരുടെയും വരുമാനം കുത്തനെ ഉയര്‍ന്നു. പത്തുരാജ്യങ്ങളിലെ 1,20,000 പേരില്‍ നടത്തിയ അഭിപ്രായസര്‍വേയിലൂടെയാണ് ഓക്‌സ്ഫാം തങ്ങളുടെ നിഗമനങ്ങളിലെത്തിയത്. ഇവിടെയെല്ലാം സമ്പന്നരുടെ വരുമാനം കുത്തനെ വര്‍ധിക്കുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്.
മോദിയന്‍ സാമ്പത്തികശാസ്ത്രം ഉപയോഗിച്ച് നടപ്പാക്കിയ നോട്ടുനിരോധനം പോലുള്ള സാമ്പത്തികപരിഷ്‌കരണനടപടികള്‍ ഫലത്തില്‍ ആരെയാണ് സഹായിച്ചതെന്ന് വ്യക്തമാക്കുന്ന കണക്കുകളാണ് ഓക്‌സ്ഫാമിന്റെ സര്‍വേയിലൂടെ പുറത്തുചാടിയിരിക്കുന്നത്. നോട്ടുനിരോധനവും ചരക്കുസേവനനികുതിയുംകൊണ്ട് തന്നെ വിലയിരുത്തരുതെന്ന് പ്രധാനമന്ത്രി പറഞ്ഞതിന്റെ തൊട്ടദിവസമാണ് ഇത്തരമൊരു ഞെട്ടിപ്പിക്കുന്ന കണക്ക് വെളിച്ചത്തായിരിക്കുന്നത്. രാജ്യത്തിന്റെ മൊത്ത ആഭ്യന്തരഉല്‍പാദനം ഇരുപതുവര്‍ഷത്തേതില്‍ നിന്ന് മെച്ചപ്പെട്ടുവെന്ന് മോദി അഭിമാനിച്ചതും തൊട്ടടുത്ത ദിവസമായിരുന്നുവെന്ന് ഓര്‍ക്കണം. നോട്ടുനിരോധനവും ചരക്കുസേവനനികുതിയും, സമ്പന്നര്‍ക്കുവേണ്ടി മോദി സര്‍ക്കാര്‍ എഴുതിത്തള്ളിയ ശതകോടികളും വെച്ച് വിലയിരുത്തിയാല്‍ കേന്ദ്രഭരണക്കാര്‍ രാജ്യത്തെ എങ്ങോട്ടാണ് ആട്ടിത്തെളിച്ചുകൊണ്ടുപോകുന്നതെന്ന് വ്യക്തമാകാന്‍ ഒരു പ്രയാസവുമില്ല. 2010 മുതലിങ്ങോട്ട് സമ്പന്നരുടെ വരുമാനത്തില്‍ പത്തുശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് പഠനം പറയുന്നു. രാജ്യത്തെ ജനങ്ങളില്‍ 25 ശതമാനവും ദാരിദ്യരേഖക്ക് താഴെ അരപ്പട്ടിണിയുമായി നരകിക്കുമ്പോഴാണ് അവര്‍ക്ക് അര്‍ഹതപ്പെട്ട സമ്പത്ത് കയ്യൂക്കുള്ളവര്‍ അധികാരികളുടെ ഒത്താശയോടെ പച്ചക്ക് കൊള്ളയടിച്ചുകൊണ്ടിരിക്കുന്നത്. അസംസ്‌കൃതപെട്രോളിയത്തിന്റെ വില ബാരലിന് 120 ഡോളറായിരുന്നപ്പോള്‍ 70 രൂപയുണ്ടായിരുന്ന പെട്രോളിന് ഇന്ന് അതില്‍ പകുതിയായിട്ടും വില കൂടിയതല്ലാതെ കുറയുന്നില്ല എന്നത് രാജ്യഭരണക്കാര്‍ ആരുടെ കൂടെയാണെന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ്. അരിക്കുംപച്ചക്കറിക്കും വാണംപോലെ വിലകുതിക്കുമ്പോള്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില അനുനിമിഷം വര്‍ധിപ്പിക്കാന്‍ കുത്തകകമ്പനികള്‍ക്ക് അനുമതി നല്‍കിയത് സര്‍ക്കാരിന്റെ താല്‍പര്യത്തിനുള്ള തെളിവാണ്.
രാജ്യത്തെ ഗ്രാമീണര്‍ പ്രതിദിനം 32 രൂപ ചെലവാക്കിയാല്‍ അവരെ മധ്യവര്‍ഗക്കാരായി കണക്കാക്കണമെന്ന് ഉപദേശിച്ച റിസര്‍വ ്ബാങ്ക് തലവന്റെ നാടാണിത്. ഈ ഉപദേശമാണ് 2014 മുതല്‍ മോദിസര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. പ്രതിദിനം ഇരുനൂറുരൂപയില്‍ താഴെവരുമാനമുള്ളവരുടെ സംഖ്യ ജനസംഖ്യയുടെ പകുതിയാണ്. കഴിഞ്ഞ മുപ്പതുവര്‍ഷത്തിലാദ്യമായി ഇന്ത്യയുടെ വാര്‍ഷികവളര്‍ച്ച 6.6 ശതമാനമായിരുന്നെങ്കില്‍ ഇതാദ്യമായി അത് 5.7 ശതമാനത്തിലേക്ക് കൂപ്പുകുത്തി. ഇനി അടുത്തവര്‍ഷം വളര്‍ച്ച മെച്ചപ്പെട്ടാല്‍ പോലും മൂന്നുപതിറ്റാണ്ടിലെ ശരാശരിയിലേക്കെത്തില്ല. നോട്ടുനിരോധനവും ചരക്കുസേവനനികുതി തെറ്റായി നടപ്പാക്കിയതുമാണ് ഈ പുറകോട്ടുപോക്കിന് കാരണമെന്ന് യു.പി.എ സര്‍ക്കാരിലെ മുഖ്യസാമ്പത്തികഉപദേഷ്ടാവ് കൗശിക് ബസുവിനെപോലുള്ള സാമ്പത്തികവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.രാജ്യത്തെ 12 പൊതുമേഖലാ വ്യവസായസ്ഥാപനങ്ങള്‍ സ്വകാര്യമേഖലക്ക് തീറെഴുതാന്‍ ഒരുങ്ങുന്ന ബി.ജെ.പി സര്‍ക്കാര്‍ പ്രതിവര്‍ഷം ഒരുകോടി പേര്‍ക്ക് നല്‍കുമെന്ന് പറഞ്ഞ തൊഴില്‍ 40 ലക്ഷംപേരുടെ തൊഴില്‍ നഷ്ടമായി മാറിയത് അറിഞ്ഞമട്ടില്ല. രാജ്യവും ജനതയും ദാരിദ്ര്യം കൊണ്ട് നാള്‍ക്കുനാള്‍ വീര്‍പ്പുമുട്ടുമ്പോള്‍ അതെല്ലാം മറക്കാനും മറയ്ക്കാനുമാണ് ഇസ്്‌ലാമികഫോബിയയും പാക്കിസ്താനുമെല്ലാം മോദിയും കൂട്ടരും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. വിദ്വേഷ-പശു-കൊലപാതകരാഷ്ട്രീയത്തിന്റെ ഇന്ത്യന്‍ പ്രതിരൂപമാണല്ലോ സംഘപരിവാരം. ചാള്‍സ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തം തെറ്റാണെന്നും ഇന്ത്യഹിന്ദുരാഷ്ട്രമാണെന്നും മതേതരത്വം ഭരണഘടനയില്‍ നിന്ന് എടുത്തുമാറ്റണമെന്നും വാദിക്കുന്ന വിഡ്ഢിയാ•ാര്‍ അരങ്ങ് വാഴുമ്പോള്‍ സാധാരണക്കാരനും പാവപ്പെട്ടവനും വീണ്ടും വീണ്ടും അരികുവല്‍കരിക്കപ്പെടുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രിയും മന്ത്രിമാരും വിമാനങ്ങളില്‍ മാത്രമായി ചുരുങ്ങുകയും ദാവോസിലേതുപോലുള്ള സാമ്പത്തികഫോറങ്ങളിലെ ചര്‍ച്ചകള്‍ സമ്പന്നര്‍ക്കുവേണ്ടിയുള്ളതാകുകയും ചെയ്യുന്നത് അങ്ങനെയാണ്. മൗനത്തിന്റെ സൗകര്യത്തിലിരിക്കുകയും തിരഞ്ഞെടുപ്പുവരുമ്പോള്‍ ബുള്ളറ്റ് ട്രെയിനുകളെക്കുറിച്ചും സീപ്ലെയിനുകളെക്കുറിച്ചും വാചാലനാകുകയും ചെയ്യുന്നൊരു ഭരണാധികാരിയില്‍ നിന്ന് ഇതിലപ്പുറം പ്രതീക്ഷിക്കാനാവില്ലതന്നെ.
മുതലാളിത്തസമ്പദ് വ്യവസ്ഥിതിയെ മുറുകെപ്പുണരുമ്പോള്‍ ഇത്തരം അനുഭവങ്ങള്‍ സ്വാഭാവികമാണെങ്കിലും ഇക്കാലത്ത് രാഷ്ട്രഭരണാധികാരികളുടെ ഉത്തരവാദിത്തമെന്നത് ബഹുഭൂരിപക്ഷം വരുന്ന മധ്യവര്‍ഗ-പാവപ്പെട്ട ജനങ്ങളുടെ ക്ഷേമവും പുരോഗതിയും ഉറപ്പുവരുത്തുക എന്നതാണ്. അതാണ് കഴിഞ്ഞ യു.പി.എ സര്‍ക്കാരുകളുടെ ഒരുപതിറ്റാണ്ടുകാലത്തെ ഭരണസമയത്ത് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗിന്റെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയത്. വിലക്കയറ്റം ഉണ്ടായപ്പോള്‍ കൂലിയും ശമ്പളവും അതിനനുസൃതമായി വര്‍ധിച്ചത് ജനങ്ങളുടെ ക്രയവിക്രിയശേഷി വര്‍ധിപ്പിക്കുകയാണ് ചെയ്തത്. യഥാര്‍ത്ഥത്തില്‍ കുത്തകകള്‍ കുത്തകകള്‍ക്കുവേണ്ടി കുത്തകകളാല്‍ ഭരിക്കുന്ന സംവിധാനമായി മാറ്റിയിരിക്കുകയാണ് ഇവര്‍ ഇന്ത്യന്‍ ഭരണകൂടത്തെ. അമ്പതിനായിരം രൂപകൊണ്ട് എണ്‍പതുകോടി രൂപയിലേക്ക് മാന്ത്രികക്കുതിപ്പ് നടത്തിക്കാന്‍ ബി.ജെ.പിയുടെ നേതൃപുത്ര•ാര്‍ക്കും സമാനമായതോതില്‍ അദാനി-അംബാനിമാര്‍ക്കും കഴിയുന്നത് ഈ പുത്തന്‍ മോദിനോമിക്‌സ് കൊണ്ടാണ്.

chandrika: