നെയ്യാറ്റിന്‍കര സ്വദേശി ശ്രീജീവ് എന്ന യുവാവ് നാലു വര്‍ഷം മുമ്പ് പൊലീസ് കസ്റ്റഡിയില്‍ കൊല ചെയ്യപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് നടത്തിവന്ന സമരത്തിന് താല്‍ക്കാലിക പരിസമാപ്തിയായിരിക്കുകയാണ്. കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നതായിരുന്നു മാതാവിന്റെയും സഹോദരങ്ങളുടെയും ആവശ്യം. ശ്രീജിത്തിന്റെ സമരം ഇന്നലെ 771-ാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് സി.ബി.ഐ അന്വേഷണം സംബന്ധിച്ച തീരുമാനമുണ്ടാകുന്നത്. 18-ാം തിയതി ഇറങ്ങിയ ഉത്തരവിന്റെ പകര്‍പ്പ്് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇന്നലെ രാവിലെ ലഭിച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജന്‍ രാവിലെ പതിനൊന്നു മണിയോടെ സമരപ്പന്തലിലെത്തി ശ്രീജിത്തിന് ഉത്തരവ് കൈമാറുകയായിരുന്നു. എന്നാല്‍ സി.ബി.ഐ അന്വേഷണം തുടങ്ങിയാല്‍ മാത്രമേ സമരം അവസാനിപ്പിക്കൂവെന്ന നിലപാടിലാണ് ശ്രീജിത്ത്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് സെക്രട്ടറിയേറ്റ് പടിക്കല്‍ കിടപ്പ് തുടങ്ങിയിട്ട് വര്‍ഷം രണ്ടുകഴിഞ്ഞു. ഇക്കാര്യത്തില്‍ കേരള സര്‍ക്കാരിന്റെ അനാസ്ഥയാണ് ഇത്രയും വഷളാകുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചതിനിടയിലാണ് വിജ്ഞാപനമിറങ്ങിയത്.
2014 മേയിലാണ് പാറശാല പൊലീസ് കസ്റ്റഡിയില്‍ യുവാവ് കൊല ചെയ്യപ്പെടുന്നത്. ശ്രീജിത്തും കുടുംബവും നാളുകള്‍ പൊലീസ് അധികാരികള്‍ക്കുമുന്നില്‍ കെഞ്ചിയിട്ടും ഇതുസംബന്ധിച്ച പ്രതികളെ പിടികൂടി ശിക്ഷിക്കാന്‍ അവര്‍ക്കായില്ല. പൊലീസ് കുറ്റക്കാരായ കേസില്‍ സംസ്ഥാനത്തെന്നല്ല ഏത് രാജ്യത്തും ഇത് പതിവാണെന്നിരിക്കെ ഉത്തരവാദപ്പെട്ട വകുപ്പും അതിന്റെ മേലാളന്മാരുമാണ് വേണ്ട നടപടി സ്വീകരിക്കേണ്ടതും ഇരകള്‍ക്ക് നീതി വാങ്ങിക്കൊടുക്കേണ്ടതും. ചോരത്തിളപ്പുള്ള പ്രായത്തിലാണ് ഒരു യുവാവിന് ജീവന്‍ വെടിയേണ്ടിവന്നിരിക്കുന്നത്. അതും നീതിയും നിയമവും നടപ്പാക്കാന്‍ വിധിക്കപ്പെട്ട അന്വേഷണ ഏജന്‍സിയെക്കൊണ്ടുതന്നെ. പൊലീസ് ഉദ്യോഗസ്ഥന്റെ മകളെ പ്രേമിച്ചുവെന്ന കുറ്റത്തിന് ഇല്ലാത്ത മോഷണക്കേസില്‍ കുരുക്കി പൊലീസ് കസ്റ്റഡിയിലെടുത്ത ്‌കൊല ചെയ്യുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ പരാതി. ശ്രീജിത്ത് കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മഴയും വെയിലും തണുപ്പും ഏറ്റ് പാതയോരത്ത് കിടക്കണമെങ്കില്‍ കേരളത്തിലെ പൊലീസിനോട് അദ്ദേഹത്തിനും കുടുംബത്തിനും ഉണ്ടാകേണ്ട വിശ്വാസം ഇല്ലാതായെന്നാണ് സൂചിപ്പിക്കുന്നത്. സി.ബി.ഐ അന്വേഷിച്ചാല്‍ മാത്രമേ കേസ് തെളിയൂ എന്ന ഉത്തമ ബോധ്യമാണ് മുപ്പതുകാരനായ യുവാവിനെ ഈ അത്യപൂര്‍വ സമരത്തിന് നിര്‍ബന്ധിതമാക്കിയത്. അയാളുടെ മന:സ്ഥൈര്യത്തെ പ്രകീര്‍ത്തിക്കുമ്പോള്‍ തന്നെ രാജ്യത്തിന്റെ നീതിന്യായ സംവിധാനത്തില്‍ തന്നെപോലുള്ളൊരു യുവാവിന് ഇനിയും വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല എന്നതു കൂടിയാണ് ഈ സമരത്തിലൂടെ വ്യക്തമായിരിക്കുന്നത്. ആ ആവശ്യം സാധിച്ചുകൊടുത്തില്ലെങ്കില്‍ നമ്മുടെ പാരമ്പര്യവും ജനാധിപത്യവുമൊക്കെ ചില്ലുകൂട്ടില്‍ തരിപ്പണമായിപ്പോകാന്‍ അധികം നേരം വേണ്ടെന്ന് തിരിച്ചറിയാന്‍ സര്‍ക്കാരുകള്‍ക്കും പൊതു സമൂഹത്തിനും കഴിയണം. ജിഷ്ണു കേസില്‍ മാതാവിന് സംഭവിച്ചതുപോലെ പൊലീസിന്റെ നരനായാട്ടും സി.പി.എമ്മുകാരുടെ ആട്ടും അനുഭവിക്കാനും കേള്‍ക്കാനും ഭാഗ്യം കൊണ്ട് ശ്രീജിത്തിന് ഇടയാകാതിരുന്നതിന് കാരണം പൊതുസമൂഹത്തിന്റെ നിതാന്ത ജാഗ്രത തന്നെയാണ്. കേരളീയ പൊതുസമൂഹം വൈകിയെങ്കിലും ശ്രീജിത്തിന്റെയും കുടുംബത്തിന്റെയും കൂടെ ശക്തിദുര്‍ഗമായി നിലയുറപ്പിച്ചു എന്നത് വലിയ കാര്യം തന്നെയാണ്. സമൂഹ മാധ്യമങ്ങളിലൂടെ അവര്‍ അതിന് വലിയ പ്രചാരവും നല്‍കി. ഇതോടെ സര്‍ക്കാരിന് വഴങ്ങാതിരിക്കാന്‍ വയ്യെന്നായി.
ശ്രീജീവിന്റെ കാര്യത്തില്‍ പൊലീസ് ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ട വിഷയമെന്നതാണ് അവരുടെ തനിനിറം കൂടുതല്‍ പ്രകടമാകാന്‍ കാരണമായത്. പൊലീസില്‍ നിന്ന് നീതി ലഭിക്കില്ലെന്ന് വന്നതിനാലാണ് പൊലീസ് പരാതി അതോറിറ്റിയെ സമീപിക്കാന്‍ കുടുംബത്തെ നിര്‍ബന്ധിതമാക്കിയത്. റിട്ട. ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ ഈ അതോറിറ്റിയുടെ നിര്‍ദേശം പാലിക്കാന്‍ ഈ കേസില്‍ പൊലീസ് പതിവുപോലെ തയ്യാറായില്ല. ശ്രീജീവ് മരിച്ചത് വിഷം ഉള്ളില്‍ ചെന്നാണെന്നാണ് അതോറിറ്റി കണ്ടെത്തിയത്. അത് അയാള്‍ സ്വയം കഴിച്ചതാണെന്ന് പൊലീസ് പറയുമ്പോള്‍ അതല്ല വിഷം നിര്‍ബന്ധിപ്പിച്ച് നല്‍കിയതാണെന്നാണ് അതോറിറ്റിയുടെ കണ്ടെത്തല്‍.
ശാസ്ത്രീയ അന്വേഷണത്തിന്റെ ഇക്കാലത്തും കേരള പൊലീസിന്റെ കസ്റ്റഡി മരണങ്ങളെക്കുറിച്ചും മൂന്നാംമുറയെക്കുറിച്ചുമൊക്കെ ഒരുപാട് കേള്‍ക്കേണ്ടിവരുന്നുണ്ട്. ഇവിടെ ലോക്കപ്പ് മര്‍ദനത്തില്‍ മരിച്ചവരുടെ സംഖ്യം ഒന്നും രണ്ടുമല്ല. രാജന്‍ കേസ് മുതല്‍ സമ്പത്ത് വധം വരെ അത് നീണ്ടുനിവര്‍ന്നുകിടക്കുന്നുണ്ട്. തലമുടി നീട്ടിവളര്‍ത്തിയെന്ന് പറഞ്ഞ് പത്തൊമ്പതുകാരനായ വിനായകനെ തൃശൂര്‍ ഏങ്ങണ്ടിയൂരില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചതും തുടര്‍ന്ന് യുവാവിന് ആത്മഹത്യ ചെയ്യേണ്ടിവന്നതും അടുത്ത കാലത്താണ്. പ്രതിവര്‍ഷം നൂറോളം പേരാണ് രാജ്യത്ത് പൊലീസ് കസ്റ്റഡിയില്‍ കൊല ചെയ്യപ്പെടുന്നത് എന്നത് സര്‍ക്കാരിന്റെ തന്നെ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കാണ്. കഴിഞ്ഞ പത്തു വര്‍ഷത്തിനകം ആയിരത്തി ഇരുന്നൂറിലധികം പേരാണ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ആലപ്പുഴയില്‍ അറസ്റ്റ്് ചെയ്യപ്പെട്ടത്. കേരള പൊലീസില്‍ 950 ക്രിമിനലുകളുണ്ടെന്നത് സേന തന്നെ പുറത്തുവിട്ട കണക്കാണ്.
ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം സി.ബി.ഐയെ കൊണ്ട് കേസ് അന്വേഷണം ഏറ്റെടുപ്പിക്കാനാകുമെന്നതാണ് ഇപ്പോഴത്തെ ഏവരുടെയും പ്രതീക്ഷ. അതിനുമുമ്പുതന്നെ സി.ബി.ഐ അത്യപൂര്‍വ കേസല്ല ഇതെന്ന് പറഞ്ഞ് കൈയൊഴിയുന്ന കാഴ്ച ജുഗുപ്‌സാവഹമാണ്. കേരള സര്‍ക്കാരിന് ഇക്കാര്യത്തില്‍ കേന്ദ്രത്തിന് കത്തെഴുതിയതുകൊണ്ടുമാത്രം ഉത്തരവാദിത്തം അവസാനിക്കുന്നില്ല. കേന്ദ്രത്തില്‍ രാഷ്ട്രീയവും ഔദ്യോഗികവുമായ സമ്മര്‍ദം ചെലുത്താന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയണം. ഇതിനകം കേരളത്തില്‍ നിന്നുള്ള രണ്ട് ലോക്‌സഭാംഗങ്ങളായ ശശിതരൂരും കെ.സി വേണുഗോപാലും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങിനെ കണ്ട് സി.ബി.ഐയോട് കേസന്വേഷണം ഏറ്റെടുക്കാനാവശ്യപ്പെടുകയുണ്ടായി. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ്തങ്ങളും ശ്രീജിവിന്റെ മാതാവുമായി ഗവര്‍ണറെ സന്ദര്‍ശിച്ച് നിവേദനം നല്‍കിയിട്ടുണ്ട്. നീതി നിഷേധിക്കുന്നതിന് തുല്യമാണ് നീതി വൈകുന്നത് എന്ന തത്വത്തെ അടിസ്ഥാനപ്പെടുത്തി എത്രയും പെട്ടെന്ന് സി.ബി.ഐ അന്വേഷണം എന്ന ബന്ധുക്കളുടെ ആവശ്യം അംഗീകരിക്കുകയും കുടുംബത്തിന് അത്താണിയാകേണ്ട യുവാവിനെ സമരത്തില്‍ നിന്ന് പിന്തിരിപ്പിച്ച് ആശ്വാസവും സമാധാനവും നേടിക്കൊടുക്കാനും എല്ലാവരും ശ്രമിച്ചേ മതിയാകൂ. ശ്രീജീവ് സ്വയം വിഷം കഴിച്ചതാണെന്ന രീതിയിലുള്ള പൊലീസിന്റെ ആവര്‍ത്തിക്കുന്ന വാദമുഖങ്ങള്‍ സര്‍ക്കാരിന്റെ മുഖം വീണ്ടും വികൃതമാക്കുകയേ ഉള്ളൂ.
- 7 years ago
chandrika
Categories:
Video Stories
ശ്രീജീവന്റെ കുടുംബത്തിന് നീതി ലഭിക്കണം
Tags: Editorisl