X

ഇന്ധനവില വര്‍ധനവിലെ പകല്‍ക്കൊള്ള

ഇന്ധന വിലയിലെ അനിയന്ത്രിതമായ വര്‍ധനവില്‍ പൊറുതിമുട്ടിക്കഴിയുകയാണ് രാജ്യത്തെ പൊതുജനം. പെട്രോള്‍-ഡീസല്‍ വില കുതിച്ചുയരുന്നതിലൂടെ നിത്യോപയോഗ വസ്തുക്കളിലുണ്ടാകുന്ന വിലവര്‍ധനവും ജനജീവിതത്തെ ദുസ്സഹമാക്കിയിട്ടുണ്ട്. എണ്ണക്കമ്പനികള്‍ക്ക് തോന്നിയപോലെ വില നിശ്ചയിക്കാനുള്ള അധികാരത്തില്‍ കൈവെക്കാന്‍ മടിച്ചതിന്റെ തിക്തഫലം തിരിഞ്ഞുകുത്തുന്നതിന്റെ അന്ധാളിപ്പിലാണിപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍. ദിവസവും പുതുക്കുന്ന ഇന്ധനവില നിര്‍ണയം തുടര്‍ന്നാല്‍ പെട്രോള്‍ വില ലിറ്ററിനു വൈകാതെ നൂറു രൂപ കടക്കുമെന്ന വേവലാതിയാണ് സര്‍ക്കാറിനെ ഭയപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ ദിവസേനയുള്ള ഇന്ധനവില നിര്‍ണയം തത്കാലം മരവിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അണിയറയില്‍ നീക്കങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൂടി മുന്നില്‍ കണ്ടുകൊണ്ടാണ് മോദി സര്‍ക്കാര്‍ പുതിയ നീക്കത്തിന് കളമൊരുക്കുന്നതെന്ന് വ്യക്തം. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങിയില്ലെങ്കില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ജനരോഷം ആളിക്കത്തുമെന്ന കാര്യം തീര്‍ച്ചയാണ്. ഇതു മനസിലാക്കിയാണ് ഇന്ധനവില തത്കാലത്തേക്കെങ്കിലും പിടിച്ചുനിര്‍ത്താനുള്ള പോംവഴിയെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ പുനര്‍വിചിന്തനം നടത്തുന്നത്.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വിലവര്‍ധനവാണ് പെട്രോള്‍ ഉത്പനങ്ങളുടെ വിലക്കയറ്റത്തിനു കാരണമെന്നായിരുന്നു ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ വാദമുയര്‍ത്തിയിരുന്നത്. എന്നാല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്തതു മുതല്‍ ക്രമാതീതമായി വര്‍ധിപ്പിച്ച വിവിധ തരത്തിലുള്ള നികുതികളാണ് ഇവ്വിധം വിലവര്‍ധനവിനു കാണമെന്ന് വ്യക്തമായിരിക്കുകയാണ്. എണ്ണക്കമ്പനികളിലുള്ള നിയന്ത്രണാധികാരം നഷ്ടപ്പെടുകയും നികുതി വര്‍ധനവ് ജനങ്ങളുടെ മേല്‍ ദോഷമായി ഭവിക്കുകയും ചെയ്തതോടെ രൂക്ഷമായ പ്രതിസന്ധിയിലാണ് കേന്ദ്ര സര്‍ക്കാര്‍ അകപ്പെട്ടിരിക്കുന്നത്. എണ്ണക്കമ്പനികള്‍ക്ക് ദിനംപ്രതി വിലനിര്‍ണയിക്കാന്‍ അവസരം നല്‍കിയതിലൂടെ അന്താരാഷ്ട്ര വിലക്ക് അനുസൃതമായി രാജ്യത്തെ ഇന്ധന വില നിശ്ചയിക്കപ്പെടും എന്നതായിരുന്നു അന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടത്. യു.പി.എ സര്‍ക്കാര്‍ ഇക്കാര്യം പാലിച്ചുപോരുകയും ചെയ്തിരുന്നു. എന്നാല്‍ അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവിനനുസരിച്ച് മോദി സര്‍ക്കാര്‍ രാജ്യത്ത് നികുതി വര്‍ധിപ്പിച്ചാണ് തീവെട്ടിക്കൊള്ള നടത്തുന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം 11 തവണയാണ് പെട്രോള്‍ ഉത്പന്നങ്ങളുടെ നികുതി വര്‍ധിപ്പിച്ചരിക്കുന്നത്. രാജ്യാന്തര വിപണിയില്‍ എണ്ണ വില കുറഞ്ഞ സമയത്ത് നടത്തിയ നികുതി വര്‍ധനവിലൂടെ ലക്ഷക്കണക്കിന് കോടി രൂപയാണ് കേന്ദ്ര സര്‍ക്കാറിന് അധിക വരുമാനം ലഭിച്ചത്. കേന്ദ്രം നികുതി കുറയ്ക്കുന്നില്ല എന്നു തന്നെയാണ് ഇന്നലെയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കിയത്. സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കട്ടെ എന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. കേരളത്തിലെ ഇടതു സര്‍ക്കാറിന് ഈ നിലപാടിനോട് യോജിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഫലത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ പകല്‍ക്കൊള്ളയില്‍ പൊറുതിമുട്ടിക്കഴിയാന്‍ മാത്രമാണ് പൊതുജനത്തിനു മുമ്പിലെ ഏക മാര്‍ഗം.
ഇന്ധന വില വര്‍ധനവ് മരവിപ്പിക്കുക എന്നതുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് 15 ദിവസത്തിലൊരിക്കല്‍ വില പുനര്‍നിര്‍ണയിക്കുക എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ്. എങ്കില്‍പോലും നിലവില്‍ ഉടലെടുത്ത കടുത്ത പ്രതിസന്ധിക്ക് അയവുണ്ടാകുമെന്നു പ്രതീക്ഷിക്കാനാവില്ല. സാധാരണക്കാരന്റെ പോക്കറ്റ് കൊള്ളയടിച്ച് കോര്‍പറേറ്റുകള്‍ക്ക് കൈമാറുന്ന കൂട്ടിക്കൊടുപ്പുകാരന്റെ റോളാണ് ഇന്ധന വിലയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍വഹിക്കുത്. നേരത്തെ പെട്രോളിന് ഒരു രൂപ വര്‍ധിച്ചാല്‍ പോലും വാര്‍ത്തയായിരുന്ന രാജ്യത്ത് ഇപ്പോള്‍ ഇന്ധന വില റെക്കോര്‍ഡിലേക്ക് കുതിച്ചുയര്‍ന്നിട്ടുപോലും ജനം അറിയാത്ത അവസ്ഥയാണ്. ദിനേന വിലക്കയറ്റമെന്ന ‘സ്ലോ പോയിസനി’ലൂടെയാണ് ഭരണാധികാരികള്‍ ഇത് സാധ്യമാക്കിയത്. ഇന്ധന വിലവര്‍ധനക്കെതിരെ മോട്ടോര്‍ വാഹനം തള്ളിയും ഗ്യാസ് സിലിണ്ടറുമായി തെരുവിലിറങ്ങിയും പ്രതിഷേധിച്ചവരാണ് ഇന്ന് ന്യായീകരണവുമായി രംഗത്തുള്ളത് എന്നത് വിരോധാഭാസം മാത്രം.
ദൈനംദിനം പെട്രോളിയം ഉത്പനങ്ങള്‍ക്ക് വിലവര്‍ധിപ്പിക്കുന്നതില്‍ കമ്പനികളുടെ ഗൂഢ നീക്കങ്ങള്‍ക്കൊപ്പം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നികുതി ഭാരം മുഖ്യകാരണമാകുന്നത് നീതീകരിക്കാനാവില്ല. എണ്ണക്കമ്പനികളെ നിയന്ത്രിക്കേണ്ട കേന്ദ്ര സര്‍ക്കാര്‍ കമ്പനികളെ മുന്നില്‍നിര്‍ത്തി രാജ്യത്തെ പൗരന്മാരെ കൊള്ളയടിക്കുന്നതില്‍ എന്ത് ന്യായമാണുള്ളത്? ക്രൂഡോയില്‍ സൗജന്യമായി ലഭിച്ചാല്‍ പോലും ഇന്ത്യയില്‍ അത് എണ്ണ വിലയില്‍ മാറ്റമുണ്ടാക്കില്ല എന്നതാണ് നിലവിലെ സാഹചര്യം. ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്ധനം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയില്‍ പൗരന്മാരെ ഒന്നടങ്കം പിഴിഞ്ഞെടുത്ത് കൊള്ള ലാഭം കൊയ്‌തെടുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. രാജ്യാന്തര വിപണിയില്‍ ഇന്ധന വിലയിലുണ്ടാകുന്ന വര്‍ധനവ് നിമിഷങ്ങള്‍ക്കകം പ്രതിഫലിക്കുകയും കുറയുമ്പോള്‍ ഇത് അറിയാതിരിക്കുകയും ചചെയ്യുന്ന പ്രവണതയാണ് രാജ്യത്ത് കണ്ടുവരുന്നത്. നിലവില്‍ പെട്രോളിയം ഉത്പനങ്ങളില്‍ നിന്ന് വന്‍തോതില്‍ നികുതി ഈടാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഒരു ലിറ്റര്‍ പെട്രോള്‍ വിലയില്‍ നിന്ന് എക്‌സൈസ് നികുതി ഇനത്തില്‍ ഈടാക്കുന്നത് 21.48 രൂപയാണ്. ഇതിന് പുറമെ ഇറക്കുമതി നികുതി, പെട്രോള്‍ നേരിട്ട് ഇറക്കുമതി ചെയ്യുകയാണെങ്കില്‍ ബേസിക് കസ്റ്റംസ് ഡ്യൂട്ടിയും കൂടി അഡീഷണല്‍ കസ്റ്റംസ്, കൗണ്ടര്‍ വെയിലിങ് ഡ്യൂട്ടിയും കേന്ദ്രം ഈടാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം പെട്രോളിയം ഉത്പനങ്ങളുടെ അധിക നികുതിയില്‍ നിന്ന് കേന്ദ്രം ജനത്തില്‍ നിന്ന് പിഴിഞ്ഞെടുത്തത് 2.73 ലക്ഷം കോടി രൂപയാണ്. സംസ്ഥാനങ്ങള്‍ ഈ ഇനത്തില്‍ 1.89 ലക്ഷം കോടി രൂപയുടെ അധിക വരുമാനം എടുത്തിട്ടുണ്ട്. ഇക്കാലയളവില്‍ ബേസിക് ഡ്യൂട്ടി ലിറ്ററിന് 1.20 രൂപയില്‍ നിന്നു 8.48 രുപയായും അഡീഷണല്‍ എക്‌സൈസ് ഡ്യൂട്ടി ലിറ്ററിന് രണ്ടു രൂപയില്‍ നിന്ന് ആറു രൂപയായും സ്‌പെഷ്യല്‍ അഡീഷണല്‍ ഡ്യൂട്ടി ലിറ്ററിന് ആറു രൂപയില്‍ നിന്ന് ഏഴു രൂപയായും ഉയര്‍ത്തിയതാണ് ഇത്ര വലിയ വില വര്‍ധനവിലേക്ക് നയിച്ചത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണക്ക് വലിയ വില വ്യത്യാസം അനുഭവപ്പെടാതിരുന്ന 2017ലെ അവസാന മാസങ്ങളില്‍ മാത്രം രാജ്യത്തെ പെട്രോള്‍ വിലയില്‍ ആറു രൂപ മുതല്‍ പന്ത്രണ്ടു രൂപ വരെ വില വര്‍ധിച്ചു. ഇതിന്റെ നല്ലൊരു പങ്കും എണ്ണക്കമ്പനികളാണ് കൊയ്‌തെടുത്തതെന്ന് വ്യക്തമാണ്. ഇതുപിടിച്ചുകെട്ടാനായില്ലെങ്കില്‍ രാജ്യം കടുത്ത പ്രതിസന്ധിയിലേക്കു നീങ്ങുമെന്ന കാര്യം ഇനിയെങ്കിലും കേന്ദ്ര സര്‍ക്കര്‍ മനസിലാക്കണം. എണ്ണക്കമ്പനികള്‍ തടിച്ചുകൊഴുക്കുമ്പോള്‍ പൊതുജനം മെലിഞ്ഞുണങ്ങുന്നത് കണ്ണുംപൂട്ടി നോക്കിയിരിക്കുന്ന പൗരബോധമല്ല രാജ്യത്തേതെന്ന് ഭരണകൂടം ഓര്‍ക്കുന്നത് നന്ന്.

chandrika: