തീവ്രഹിന്ദുത്വത്തിന്റെയും ഹിന്ദുരാഷ്ട്രത്തിന്റെയും വക്താക്കള്‍ കാവിയുടെ ഇരുളടഞ്ഞ ഗോശാലകളില്‍ ഊതിക്കാച്ചിയെടുത്ത പുതുപുത്തന്‍ തീട്ടൂരങ്ങളുമായി രാജ്യത്താകമാനം കാടിളക്കുകയാണിപ്പോള്‍. എതിര് രാഷ്ട്രീയത്തിന്റെ വീഴ്ചകള്‍ മുതലെടുത്ത് മൂന്നിലൊന്നുമാത്രം ജനപിന്തുണയോടെ മൂന്നരകൊല്ലംമുമ്പ് രാജ്യാധികാരം പിടിച്ച ഫാസിസ്റ്റുകള്‍ ഇന്ത്യന്‍ ജനാധിപത്യത്തെയും ബഹുസ്വരതയെയും മതസഹിഷ്ണുതയെയും കടന്നാക്രമിക്കുന്നതിന്റെ ഭാഗമായിവേണം കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ഹിന്ദുജാഗരണ്‍ മഞ്ചിന്റേതായി പുറത്തുവന്ന മുന്നറിയിപ്പ്. വരാനിരിക്കുന്ന ക്രിസ്മസിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ പതിവായി നടക്കാറുള്ള ആഘോഷപരിപാടികളില്‍ നിന്ന് ഹിന്ദു വിദ്യാര്‍ഥികള്‍ വിട്ടുനില്‍ക്കണമെന്നാണ് എച്ച്.ജെ.എമ്മിന്റെ ഭീഷണി. ഇതിന് എതിരുനില്‍ക്കുന്ന വിദ്യാലയ മാനേജ്മെന്റുകള്‍ക്കെതിരെ ആക്രമണം നടത്തുമെന്ന് സംഘടനയുടെ അലിഗഡ് ഘടകം നേതാവ് സോനുസവിതയാണ് കല്പന പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിനെ സംസ്ഥാന സെക്രട്ടറി സഞ്ജുബജാജ് പിന്തുണക്കുകയും ഹിന്ദു ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ സ്കൂളുകളില്‍ ക്രിസ്മസ് ആഘോഷിക്കുന്നതിനെ ശക്തിയായി എതിര്‍ക്കുമെന്നും പ്രഖ്യാപിച്ചിരിക്കുന്നു.
ക്രിസ്മസ് ആഘോഷം കാലങ്ങളായി ലോകത്തും ഇന്ത്യയിലും നടന്നുവരുന്നതാണ്. യേശു ക്രിസ്തുവിന്റെ ജന്മദിനാഘോഷം എന്ന നിലയില്‍ ഇതുമായി ബന്ധപ്പെട്ട പരിപാടികളില്‍ വിദ്യാര്‍ഥികളില്‍ നല്ലൊരുപങ്കും വിശ്വാസഭേദമെന്യേ സംബന്ധിക്കാറുമുണ്ട്. ഓണത്തെയും വിഷുവിനെയും പോലെ ഏതെങ്കിലും തരത്തിലുള്ള ആരാധനകള്‍ക്കപ്പുറമുള്ള പൊതു വിനോദ പരിപാടികളാണ് ഇതിലൂടെ നടത്തപ്പെടാറുള്ളത്. ക്രിസ്മസ് ആഘോഷം ഇതര മത വിശ്വാസത്തിന് ഭംഗം വരുത്തുന്നതാണെന്ന ആരോപണം ഇതുവരെയും ഉയര്‍ന്നിട്ടില്ലെന്നുമാത്രമല്ല, പൊതുസമൂഹത്തിന്റെ ആചാരത്തിന്റെ ഭാഗമായി ഇതിനെ കണക്കാക്കുന്നവരാണ് ഭൂരിപക്ഷം ഇന്ത്യക്കാരും. വിശേഷിച്ച് കുരുന്നുമനസ്സുകളില് അത്തരം സങ്കുചിത മതബോധങ്ങള്‍ കുത്തിച്ചെലുത്താന്‍ രക്ഷിതാക്കളോ മത നേതാക്കളോ ശ്രമിക്കാറുമില്ല.
എന്നാല്‍ സംഘ്പരിവാറിന്റെ ഭാഗമായ ഒരു സംഘടന ബി. ജെ.പി ഭരിക്കുന്ന സംസ്ഥാനത്തുനിന്ന് ഇത്തരമൊരു അന്യമത വിദ്വേഷത്തിന് കാരണമാകുന്ന പ്രസ്താവന നടത്തിയിട്ടും ഇതിനെ അപലപിക്കാനോ നടപടിയെടുക്കാനോ അധികാരികള്‍ രംഗത്തുവന്നിട്ടില്ല എന്നത് രാജ്യത്തിന്റെ ഗമനത്തെക്കുറിച്ച് വ്യക്തമായ ചില സൂചനകള്‍ തരുന്നുണ്ട്. ഏതെങ്കിലും സാമൂഹിക ദ്രോഹികളാണ് ഇതിനു പിന്നിലെന്നതിനേക്കാള്‍, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കീഴിലുള്ള സംഘടനയാണ് എച്ച്.ജെ.എം എന്നതാണ് പ്രശ്നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നത്. സ്വാഭാവികമായും സര്‍ക്കാരിന്റെയും ഉന്നതാധികാരികളുടെയും പിന്തുണ ഇത്തരമൊരു നീക്കത്തിന് പിന്നിലുണ്ടെന്ന് ന്യായമായും സംശയിക്കണം. ക്രിസ്മസ് ആഘോഷത്തിലൂടെ ഹിന്ദുബാലികാബാലന്മാര്‍ ഹിന്ദുമതത്തില്‍ നിന്ന് ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തപ്പെടുമെന്നാണ് സംഘടനയുടെ സ്വയം പ്രഖ്യാപിത വക്താക്കള്‍ പറഞ്ഞുപരത്തുന്നത്. സത്യത്തില്‍ ഇതിലൂടെ സ്വയം അപമാനിതരാകുകയാണ് ഇക്കൂട്ടര്‍. ഇന്ത്യയെപോലെ ഏതുമതത്തിലും വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനും സ്വാതന്ത്ര്യമുള്ളൊരു രാജ്യത്ത് ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്തതുകൊണ്ടുമാത്രം തങ്ങളുടെ കുട്ടികള്‍ ആ മതത്തിലേക്ക് പരിവര്‍ത്തിതരാകുമെന്നു ധരിക്കുന്നതുതന്നെ തികഞ്ഞ മൗഢ്യമല്ലാതെന്താണ്. ഇത്രയും ദുര്‍ബലമായ വിശ്വാസസംഹിതയാണോ സനാതനത്വം ഉദ്ഘോഷിക്കുന്ന ഹിന്ദുമതത്തിന്റേത്. ലോകാസമസ്താ സുഖിനോ ഭവന്തു: എന്നും വസുദൈവകുടുംബകം എന്നുമൊക്കെ മനുഷ്യരെ ഒറ്റക്കെട്ടായി വിശേഷിപ്പിക്കുന്ന ഹിന്ദുമതത്തെയാണോ ഹിന്ദുത്വത്തിന്റെ ഏതാനും നവരാഷ്ട്രീയഅട്ടിപ്പേറുകാര്‍ ഇങ്ങനെ വഷളാക്കുന്നത്? മധ്യപ്രദേശില്‍ കഴിഞ്ഞയാഴ്ചയാണ് ക്രിസ്മസ് കരോള്‍ പരിപാടിയില്‍ പങ്കെടുക്കവെ ഒരു പാതിരിയുടെ കാര്‍ അടിച്ചു തകര്‍ക്കപ്പെടുകയും ക്രിസ്മസ് ആഘോഷത്തെ അലങ്കോലമാക്കുകയും ചെയ്തത്. ഇതിനുപിന്നിലെ ബജ്റംഗ്ദള്‍കാരെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല. എന്നാല്‍ സംഭവത്തില്‍ നാല് വൈദികരെയും 24 വിദ്യാര്‍ത്ഥികളെയും അറസ്റ്റ് ചെയ്യുകയാണ് മധ്യപ്രദേശ് ഭരണകൂടം ചെയ്തത്.
മത ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന വിഭാവനം ചെയ്തുതന്ന അവകാശാനുകൂല്യങ്ങള്‍ തട്ടിത്തെറിപ്പിക്കാന്‍ ഇക്കൂട്ടര്‍ക്ക് കിട്ടിയ നവോര്‍ജം എവിടുന്നാണെന്ന് ചിന്തിക്കുമ്പോഴാണ് ഈ അത്യാവേശത്തിന്റെ പിന്നിലെ ഗുട്ടന്‍സ് പിടികിട്ടുക. അത് മറ്റെവിടെനിന്നുമല്ല, നാട് ഭരിക്കുന്ന സര്‍ക്കാരുകളിലും നേതാക്കളില്‍ നിന്നുമാണെന്നതാണ് ആ നഗ്ന സത്യം. മത ന്യൂനപക്ഷങ്ങളെ ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും ഭാഷയുടെയും പേരിന്റെയുമൊക്കെ പേരില്‍ പട്ടാപ്പകല്‍ മഴുകൊണ്ട് വെട്ടിവീഴ്ത്തുകയും പച്ചക്ക് കത്തിക്കുകയും ചെയ്യുന്ന മതത്തിന്റെ വക്താക്കള്‍ ഉത്തരേന്ത്യയിലെ കാവി രാഷ്ട്രീയക്കാരുടെ അണിയറയിലാണ് അന്തിയുറങ്ങുന്നതെന്ന് തിരിച്ചറിയാന്‍ പാഴൂര്‍പടിപ്പുരയില്‍ പോകേണ്ട കാര്യമില്ല. കഴിഞ്ഞദിവസം പുറത്തുവന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയില്‍ പാക്കിസ്താനെയും പക്വമതിയായ കോണ്‍ഗ്രസ് നേതാവ് അഹമ്മദ്പട്ടേലിനെയും ബാബരി മസ്ജിദിനെയുമൊക്കെ വലിച്ചിഴച്ച് തങ്ങളുടെ വോട്ടുപെട്ടിക്ക് കനംകൂട്ടിയവരില്‍നിന്ന് ഇതിലപ്പുറം പ്രതീക്ഷിക്കുക വയ്യതന്നെ. ഈ സംസ്ഥാനത്ത് ഒറ്റ സീറ്റുപോലും ഒരു മതന്യൂനപക്ഷ സമുദായാംഗത്തിന് നല്കാന് തയ്യാറാകാത്തവര്‍ ഉത്തര്‍പ്രദേശിലും മറ്റും മിയാന്‍മാരുടെ കോലങ്ങള്‍ കൊണ്ട് തങ്ങളുടെ മതേതര പൊയ്മുഖം മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നത് വികൃത കാഴ്ചതന്നെ. ഇവരാണ് തെരഞ്ഞെടുപ്പു ഫലത്തിന് ശേഷം നാടിന്റെ വികസനത്തെക്കുറിച്ച് തൊണ്ടപൊട്ടി ജീതേഗാ വിളിക്കുന്നത്.
ഹിന്ദത്വ രാഷ്ട്രീയത്തിന്റെ ഇത്തരം പടപ്പുറപ്പാടും പങ്കപ്പാടുകളും കണ്ടും കേട്ടും മനംമടുത്തൊരു ജനത ഇതെല്ലാം കടിച്ചിറക്കി കഴിയുകയാണെന്ന ഓര്മ പ്രധാനമന്ത്രി മോദിക്കും അമിത്ഷാക്കുമൊക്കെ ഉണ്ടാകുന്നില്ലെന്ന് കരുതരുത്. അവര്‍ തന്നെയാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും ഭാവി ഹിന്ദു രാഷ്ട്രത്തിന്റെയും പ്രയോക്താക്കളും പ്രണേതാക്കളുമെന്ന് ഇതിനകം തിരിച്ചറിയപ്പെട്ടുകഴിഞ്ഞിരിക്കുന്നു. അതിലേക്കുള്ള ചുവടുവെപ്പാണിവയെല്ലാം. ബാബരി മസ്ജിദ് തകര്‍ക്കലിന്റെ ഇരുപത്തഞ്ചാം വാര്‍ഷിക ദിനത്തില്‍ ശംഭുലാലിന് ഇക്കൂട്ടര്‍ ഒഴിച്ചുകൊടുത്തതാണ് അഫ്രസുല്‍ഖാനെ കത്തിക്കാനുപയോഗിച്ച മതഭ്രാന്തിന്റെ ഇന്ധനം. മാത്രമല്ല, മുഖ്യമന്ത്രി വസുന്ധരരാജെയുടെ തിരുമുഖത്തുനിന്നും പുറപ്പെടുവിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മതേരത്വ വിരുദ്ധതയുടെയും ന്യൂനപക്ഷപീഡനത്തിന്റെയും നിലക്കാത്ത ഉത്തരവുകള്‍ക്ക് കാരണം യു.പിയിലെയും ഗുജറാത്തിലെയും പരീക്ഷണ ശാലകളില്‍ വികസിപ്പിച്ചെടുത്ത കാവി രാഷ്ട്രീയത്തിന്റെ പുത്തന്‍ പതിപ്പുകളുടെ വിളനിലമാണ് അടുത്തവര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാന്. ഇതോടൊപ്പം തെരഞ്ഞെടുപ്പു നടക്കുന്ന കര്‍ണാടകയില്‍ കോണ്‍ഗ്രസില്‍ നിന്ന് ഭരണം പിടിച്ചെടുക്കാന്‍ ഇറക്കിവിട്ടിരിക്കുന്ന കൂലികളാണ് സണ്ണിലിയോണിന്റെയും മറ്റും പേരുപറഞ്ഞ് ബംഗളൂരുവിലും മംഗലാപുരത്തും ഉത്തര കര്‍ണാടകയിലുമൊക്കെ ഇപ്പോള്‍ അരങ്ങുതകര്‍ത്താടുന്നതും.
- 7 years ago
chandrika
Categories:
Video Stories
ക്രിസ്മസ് ആഘോഷത്തിന് വിലക്കേര്‍പെടുത്തുമ്പോള്‍
Tags: editorial
Related Post