ന്യൂഡല്‍ഹി: പുതിയ മുഖമാണ് ഇന്ത്യയുടെ ടി-20 സംഘത്തിന്… ആ മുഖമാണ് ശ്രീലങ്കയുടെ പ്രതീക്ഷയും. അയല്‍ക്കാര്‍ തമ്മിലുള്ള കുട്ടി ക്രിക്കറ്റ് പരമ്പര ഇന്നാംരഭിക്കുമ്പോള്‍ തിസാര പെരേര നയിക്കുന്ന സന്ദര്‍ശകര്‍ക്ക് പ്രതീക്ഷയേറെയാണ്. ഇന്ത്യയുടെ ശക്തനായ നായകന്‍ വിരാത് കോലിയില്ല, ഓപ്പണര്‍ ശിഖര്‍ ധവാനില്ല, പേസില്‍ പുതിയ കരുത്തായ ഭുവനേശ്വറുമില്ല. പകരം കൊച്ചിക്കാരന്‍ ബേസില്‍ തമ്പി, ഹൈദരാബാദുകാരന്‍ മുഹമ്മദ് സിറാജ്, ചെന്നൈക്കാരന്‍ വാഷിംഗ്ടണ്‍ സുന്ദര്‍ തുടങ്ങിയവരെല്ലാമാണ് കളിക്കുന്നത്. പുത്തന്‍ താരങ്ങളെ സമ്മര്‍ദ്ദത്തിലാക്കി മല്‍സരവും പരമ്പരയും സ്വന്തമാക്കാമെന്ന വിശ്വാസത്തിലാണ് ലങ്കയെങ്കില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ പറയുന്നത് യുവ വെടിക്കെട്ടില്‍ ഇന്ത്യ കരുത്ത് പ്രകടിപ്പിക്കുമെന്നാണ്.
പക്ഷേ ടി 20 റെക്കോര്‍ഡ് ഇന്ത്യക്ക് അത്ര അനുകൂലമല്ല. 2017 ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് മികച്ച വര്‍ഷമാണെങ്കില്‍ ടി-20 യിലേക്ക് വന്നാല്‍ വര്‍ഷത്തിലെ ഇന്ത്യന്‍ വിജയ റെക്കോര്‍ഡ് 6-4 എന്ന ക്രമത്തിലാണ്. അതായത് ആര്‍ക്കെതിരെയും ഇന്ത്യ ജയിക്കും, ആരോടും തോല്‍ക്കുകയും ചെയ്യും. ക്രിക്കറ്റ് പരമ്പരകളുടെ കാര്യത്തില്‍ കോലിയുടെ സംഘത്തിന് ഒന്നും നഷ്ടമായിട്ടില്ല. പക്ഷേ ടി-20 യിലേക്ക് വരുമ്പോള്‍ വിന്‍ഡീസിനെതിരായ ഏക മല്‍സര പരമ്പരയില്‍ ഇന്ത്യ കിംഗ്സ്റ്റണില്‍ തകര്‍ന്നടിഞ്ഞിരുന്നു. ഇവാന്‍ ലൂയിസ് സെഞ്ച്വറിയുമായി തകര്‍ത്താടിയ ദിനത്തില്‍ കോലിയുടെ സംഘത്തിന് മറുപടിയുണ്ടായിരുന്നില്ല. അത്തരത്തിലൊരു ആഞ്ഞടിക്കലാണ് ഇന്ന് ലങ്കന്‍ ലക്ഷ്യം.
ബാറ്റിംഗ് ഇന്ത്യക്ക് തലവേദനയാവില്ലെന്നാണ് കരുതപ്പെടുന്നത്. നായകന്‍ രോഹിതിനൊപ്പം ഇന്നിംഗ്‌സിന് തുടക്കമിടുക സ്വാഭാവികമായിട്ടും ടീമിലേക്ക് തിരിച്ചെത്തിയ കെ.എല്‍ രാഹുലായിരിക്കും. പുതിയ താരം ശ്രേയാസ് അയ്യര്‍ക്ക് ടീമില്‍ ഇടം ഉറപ്പിക്കാനുള്ള അവസരമാണിത്. ദിനേശ് കാര്‍ത്തിക്, മനീഷ് പാണ്ഡെ എന്നിവരാണ് മറ്റ് ബാറ്റിംഗ് വിലാസക്കാര്‍. മഹേന്ദ്രസിംഗ് ധോണിയിലെ അനുഭവസമ്പന്നനെ ഏത് സമയത്തും രംഗത്തിറക്കാം. ഹാര്‍ദിക് പാണ്ഡ്യ എന്ന ഓള്‍റൗണ്ടറുടെ കരുത്തും രോഹിത് ഉപയോഗപ്പെടുത്തും.
ലങ്കന്‍ സംഘത്തിന് പ്രശ്‌നം ടെസ്റ്റ്-ഏകദിന പരമ്പരയില്‍ മിന്നിയ പേസര്‍ സുരംഗ ലക്മലിന്റെ അഭാവമാണ്. ദുഷ്മന്ത ചമീര, വിശ്വ ഫെര്‍ണാണ്ടോ, നുവാന്‍ പ്രദീപ് എന്നിവരാണ് പുതിയ പേസര്‍മാര്‍. ബാറ്റിംഗില്‍ നായകന്‍ തിസാരക്ക് പുറമെ ഉപുല്‍ തംരഗ, ധനുഷ്‌ക്ക ഗുണതിലകെ, എയ്ഞ്ചലോ മാത്യൂസ് തുടങ്ങിയവരുണ്ട്.കട്ടക്കിലെ ബാരാബതി സ്‌റ്റേഡിയത്തില്‍ ഇതിന് മുമ്പ് 2015 ല്‍ ഒരു ടി-20 നടന്നിരുന്നു. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍. ആ മല്‍സരത്തില്‍ ഇന്ത്യയെ 92 റണ്‍സിന് പുറത്താക്കിയ ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റിന് എളുപ്പത്തില്‍ ജയിച്ചിരുന്നു. അന്ന് പേസ് പിച്ചായിരുന്നെങ്കില്‍ അതിന് ശേഷം നടന്ന ഏകദിനങ്ങളില്‍ 350 റണ്‍സിലധികം നേടി ഇന്ത്യ ശ്രീലങ്കയെയും ഇംഗ്ലണ്ടിനെയും പരാജയപ്പെടുത്തിയിരുന്നു.