X

അന്‍വറിന്റെ നിയമലംഘനം നടപടി വൈകുന്നതെന്തിന്

നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ നടത്തിയ ഗുരുതരമായ ഒട്ടേറെ നിയമലംഘനങ്ങളെക്കുറിച്ചുള്ള മാധ്യമ വാര്‍ത്തകള്‍ പുറത്തുവന്ന് മാസങ്ങളാകുമ്പോഴും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് തന്‍പിള്ള പൊന്‍പിള്ള എന്ന നിലക്കുള്ള അലസമായ നീക്കങ്ങളാണ് തുടര്‍ന്നുകൊണ്ടിരിക്കുന്നത്. നിയമസഭാസാമാജികന്‍ പോയിട്ട് സാദാപൗരനുപോലും നിരക്കാത്ത രീതിയിലുള്ള നിയമ-ചട്ട ലംഘനങ്ങള്‍ നടത്തിയെന്ന് പകല്‍പോലെ വ്യക്തമായിട്ടും സി.പി.എം പിന്തുണയോടെയുള്ള സാമാജികനെന്ന പരിണനയാണ് ഇപ്പോഴും അന്‍വറിനെ തുണക്കുന്നത്. സംസ്ഥാന മന്ത്രിസഭയിലെ ഒരു മന്ത്രിയെ ഇത്തരത്തില്‍ ആദ്യാവസാനം തുണച്ച സര്‍ക്കാരിനും ഇടതുപക്ഷ മുന്നണിക്കും നില്‍ക്കക്കള്ളിയില്ലാതായ അതേ അവസ്ഥയാണ് അന്‍വറിന്റെ കാര്യത്തിലും ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. എന്നിട്ടും അദ്ദേഹത്തിനെതിരെ നടപടി വൈകുന്നതിലെ അസാംഗത്യം കേരളത്തിന്റെ പുരോഗമനേച്ഛുക്കളായ ജനതയില്‍ വലിയ ചോദ്യചിഹ്നമാണ് ഉയര്‍ത്തിയിരിക്കുന്നത്.
നിലമ്പൂരില്‍ കക്കാടംപൊയിലില്‍ ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്തിന്റെ പരിധിയിലാണ് തുച്ഛ വിലക്ക് ഏക്കര്‍ കണക്കിന് ഭൂമി വാങ്ങിക്കൂട്ടി അന്‍വര്‍ ലാഭോദ്ദേശ്യത്തോടെ വാട്ടര്‍തീം പാര്‍ക്ക് നിര്‍മിച്ചത്. ഹോട്ടല്‍ നിര്‍മാണത്തിന്റെ മറവില്‍ വനഭൂമിയിലെ അമൂല്യമായ പരിസ്ഥിതി നശിപ്പിച്ചായിരുന്നു പാര്‍ക്കും അതിനായുള്ള തടയണ നിര്‍മാണവുമെന്ന് ആരോപണം ഉയര്‍ന്നെങ്കിലും നൂറുകണക്കിനുപേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന ഉറപ്പിലാണ് പ്രാദേശികമായ വികാരത്തെ ഇടതുപക്ഷവും അന്‍വറും തണുപ്പിച്ചു നിര്‍ത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇക്കാര്യം യു.ഡി.എഫ് സര്‍ക്കാരിന്റെയും മറ്റും ശ്രദ്ധയില്‍ പെടുത്തിയെങ്കിലും അതൊന്നും സാരമില്ലെന്ന നിലപാടായിരുന്നു ഇടതുപക്ഷത്തിനും അതിന്റെ ഉന്നതര്‍ക്കും. ഇന്നിതാ പരിസ്ഥിതിയെ മറന്നും നികുതി വെട്ടിച്ചും പുഴയില്‍ ഉരുള്‍പൊട്ടലിന് സാധ്യത വര്‍ധിപ്പിച്ച് അനധികൃത തടയണ കെട്ടിയും അന്‍വര്‍ നടത്തിയ നിയമലംഘനങ്ങള്‍ മാധ്യമങ്ങള്‍ തുടരെത്തുടരെ പുറത്തുകൊണ്ടുവന്നതോടെയാണ് സര്‍ക്കാര്‍ തെല്ലൊന്ന് അനങ്ങിത്തുടങ്ങിയത്. ഗ്രാമ പഞ്ചായത്ത് നടത്തിയ അന്വേഷണത്തില്‍ തടയണ നിര്‍മിച്ചത് പഞ്ചായത്തിന്റെ അനുമതി ഇല്ലാതെയാണെന്നും നിരവധി പേരുടെ ജീവനും കുടിവെള്ളത്തിനും ജലസേചനത്തിനും ഭീഷണിയാകുമെന്നതിനാല്‍ ആയത് പൊളിച്ചുനീക്കണമെന്നും ശിപാര്‍ശ ചെയ്തിരിക്കുകയാണ്.
207.84 ഏക്കര്‍ ഭൂമി കൈവശം വെച്ചിരിക്കുന്നുവെന്നാണ് തെരഞ്ഞെടുപ്പു സത്യവാങ്മൂലത്തില്‍ അന്‍വര്‍ നല്‍കിയ വിവരം. ഇതാകട്ടെ പതിനഞ്ച് ഏക്കറില്‍ കൂടുതല്‍ സ്വകാര്യ വ്യക്തിക്ക് കൈവശം വെക്കാനാവില്ലെന്ന 1957ലെ ഭൂ പരിധി നിയമത്തിന്റെ ലംഘനമാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 2015 ജൂണിലായിരുന്നു ചീങ്കണ്ണിപ്പാലയിലെ തടയണ നിര്‍മാണം. ജില്ലാകലക്ടറായിരുന്ന പി. ഭാസ്‌കരന്‍ തടയണ പൊളിച്ചുനീക്കണമെന്ന് ശിപാര്‍ശ ചെയ്‌തെങ്കിലും സര്‍ക്കാരിന്റെയും മുന്നണിയുടെയും സ്വാധീനം ദുരുപയോഗപ്പെടുത്തി നടപടികള്‍ നിര്‍ത്തിവെപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് നിലവിലിരിക്കെയാണ് കഴിഞ്ഞയാഴ്ച പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. ഇത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണ്. ഇതിന് സര്‍ക്കാരിലെയും ഇടതു മുന്നണിയിലെയും ബന്ധപ്പെട്ടവര്‍ പറയുന്ന ന്യായീകരണം ഗ്രാമ പഞ്ചായത്ത് റിപ്പോര്‍ട്ട് നല്‍കാന്‍ വൈകിയെന്നായിരുന്നു. എന്നാല്‍ പഞ്ചായത്ത് സെക്രട്ടറിയും ഭരണസമിതിയും ഇതിനകം തന്നെ തടയണ നിര്‍മാണത്തിന് തങ്ങള്‍ അനുമതി നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കിയ കാര്യം സര്‍ക്കാര്‍ വൃത്തങ്ങളും അന്‍വറിന്റെ അനുകൂലികളും മറച്ചുവെക്കുകയായിരുന്നു. ജനങ്ങളെ കൊള്ളയടിക്കുകയും ജനാധിപത്യത്തിന്റെ മറവില്‍ അവരുടെയും നാടിന്റെയും വിലപ്പെട്ട സ്വത്തുക്കള്‍ സ്വകാര്യാവശ്യത്തിന് പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന ഈ ശൈലി കമ്യൂണിസ്റ്റുകളുടെയും ഇടതുപക്ഷമെന്ന് അഭിമാനിക്കുന്നവരുടെയും പൊള്ളത്തരം പച്ചക്ക് തുറന്നുകാട്ടുന്നതായെന്നതാണ് വസ്തുത. ഇത് തിരിച്ചറിയാനുള്ള ആര്‍ജവമോ ഇടതുപക്ഷ മനസ്സോ പോലും ഈ നാട് ഭരിക്കുന്നവര്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നുവെന്നാണ് തോമസ് ചാണ്ടിയുടെ കാര്യത്തിലെന്നപോലെ അന്‍വറിന്റെ കാര്യത്തിലും കേരളത്തില്‍ സംഭവിച്ചിരിക്കുന്നത്.
കോണ്‍ഗ്രസിനെയും മുസ്‌ലിംലീഗിനെയും തകര്‍ക്കാനുള്ള എളുപ്പവഴി ജനവിശ്വാസം ആര്‍ജിക്കലല്ലെന്നും കുറുക്കുവഴിയിലൂടെ പണമിറക്കി ജനവിധി നേടുകയാണെന്നും ധരിച്ചുവശായ ഒരു പറ്റം ആധുനിക ഇടതുപക്ഷക്കാരാണ് യഥാര്‍ത്ഥത്തില്‍ ആ മുന്നണിയെയും സി.പി.എമ്മിനെയും ഈ പാതാളത്തില്‍ കൊണ്ട് ചാടിച്ചിരിക്കുന്നത്. പകല്‍കൊള്ളക്ക് രാഷ്ട്രീയത്തെ കൂട്ടുപിടിക്കുന്ന അനീതിയാണ് ഇവിടെയൊക്കെ സംഭവിച്ചത്. കൊടുവള്ളിയില്‍ സി.പി.എം ജാഥക്ക് കോടീശ്വരനായ കള്ളക്കടത്തുകാരന്റെ കാറില്‍ കയറാന്‍ തയ്യാറായ സി.പി.എം സംസ്ഥാന സെക്രട്ടറിയും താനൂരിലും നിലമ്പൂരിലും കൊടുവള്ളിയിലും കോടീശ്വരന്മാര്‍ക്ക് ടിക്കറ്റ് നല്‍കി ജനവിധി സമ്പാദിക്കുകയും ചെയ്ത ഇടതുപക്ഷത്തിനും വിശിഷ്യാ സി.പി.എം നേതൃത്വത്തിനും ഇനിയും ആദര്‍ശത്തെക്കുറിച്ചും അഴിമതി വേരോടെ പിഴുതെറിയുന്നതിനെക്കുറിച്ചും വായിട്ടടിക്കേണ്ടതില്ലെന്നാണ് ജനം ഇവയിലൂടെ തിരിച്ചറിഞ്ഞിരിക്കുന്നത്. റവന്യൂ, വനം, തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, ജലസേചനം, രജിസ്‌ട്രേഷന്‍, ദുരന്ത നിവാരണം, മലിനീകരണ നിയന്ത്രണം തുടങ്ങി സര്‍ക്കാരിനുകീഴിലെ ഏതാണ്ടെല്ലാ വകുപ്പുകളെയും സ്വാധീനിച്ചും അഴിമതി നടത്തിയും ഉണ്ടാക്കിയ അന്‍വറിന്റെ വ്യവസായ സാമ്രാജ്യത്തെ തൊടുന്യായങ്ങള്‍ പറഞ്ഞ് ഇനിയും സംരക്ഷിക്കാനാണ് സര്‍ക്കാരിന്റെയും മുന്നണിയുടെയും ഭാവമെങ്കില്‍ അതവര്‍ക്കുതന്നെ കനത്ത തിരിച്ചടിയാകും. രണ്ടാഴ്ചക്കകം തടയണ പൊളിച്ചുനീക്കാന്‍ ദുരന്തനിവാരണ അതോറിറ്റി ഇറക്കിയ ഉത്തരവുമാത്രം കൊണ്ട് പ്രശ്‌നം തീരുന്നില്ല. നിയമലംഘനത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ജില്ലാകലക്ടറുടെ ശിപാര്‍ശ പൂഴ്ത്തിവെക്കാനാണ് ഇപ്പോള്‍ നടക്കുന്ന ശ്രമം. ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കെതിരായ പരാതി മലപ്പുറം ജില്ലക്കാരനായ തദ്ദേശ സ്വയം ഭരണമന്ത്രിയുടെ മേശയില്‍ അടയിരിക്കുകയാണെന്നാണ് വിവരം.
ഭരണകക്ഷിക്കാരനും നിയമസഭാസാമാജികനുമെന്ന സൗകര്യം ഈ തട്ടിപ്പിന് ഒരുനിലക്കും തുണയാകരുത്. സ്പീക്കറോ സഭാനേതാവായ മുഖ്യമന്ത്രിയോ നേരിട്ടിടപെട്ട് ഇതില്‍ തീര്‍പ്പുകല്‍പിക്കുന്നതോടൊപ്പം പ്രതിക്കെതിരെ സിവില്‍-ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കാനുള്ള ബാധ്യതയും ഉത്തരവാദപ്പെട്ടവര്‍ ഏറ്റെടുത്തേ തീരൂ. പകരം ഇനിയും ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സാമ്പത്തികാനുകൂല്യങ്ങള്‍ സമ്പാദിച്ച് ഇത്രയും കൊടിയ തെറ്റുകള്‍ ഒതുക്കാന്‍ ശ്രമിച്ചാല്‍ അത് നാടിനും നാട്ടാര്‍ക്കും മാത്രമല്ല, കേരളം ഇതുവരെയും ഉയര്‍ത്തിപ്പിടിച്ചുവരുന്ന അഴിമതിക്കെതിരായ പാരമ്പര്യത്തെതന്നെ വെല്ലുവിളിക്കലാകും.

chandrika: