X

സ്വയം തരംതാഴുന്ന പ്രധാനമന്ത്രി

സ്വന്തം ആര്‍ജവവും കാര്യകര്‍മശേഷിയും കൈവിട്ടുവെന്ന് ബോധ്യമാകുമ്പോഴാണ് മറ്റുള്ളവരില്‍ കുറ്റം കണ്ടെത്താനുള്ള മനുഷ്യന്റെ വ്യഗ്രത. ആഭ്യന്തര പ്രതിസന്ധി നേരിടുമ്പോഴൊക്കെ മുസ്‌ലിംകളെയും പാക്കിസ്താനെയും വലിച്ചിഴക്കുന്ന പതിവ് പ്രധാനമന്ത്രിക്കും കൂട്ടര്‍ക്കും പണ്ടേ ഉള്ളതാണ്. ആ രാജ്യത്തിലെ ഭൂരിപക്ഷമതം ഇക്കൂട്ടരുടെ രഹസ്യ അജണ്ടക്ക് സൗകര്യ പ്രദവുമാകുന്നു. 2002ല്‍ മോദിയുടെ കീഴില്‍ ഗുജറാത്തിലാകമാനം അരങ്ങേറ്റിയ മുസ്‌ലിം വംശഹത്യയിലും സംഘ്പരിവാറിന്റെ മൊത്തം പ്രവര്‍ത്തനങ്ങളിലും അത് നാം സ്ഥിരം കാണുന്നതാണ്. ഭൂരിപക്ഷ മത വിഭാഗങ്ങളുടെ കേവല വിശ്വാസത്തെ കരുവാക്കി മുസ്്‌ലിംകളെയും പാക്കിസ്താനെയും ദാവൂദ് ഇബ്രാഹിമിനെ പോലുള്ളവരെയും സാങ്കല്‍പിക ശത്രുക്കളാക്കി വോട്ടുതട്ടുക എന്ന ഹീനതന്ത്രം. ഗുജറാത്തിലെ തന്നെ 2002ലെ തെരഞ്ഞെടുപ്പിലും ബീഹാറിലും യു.പിയിലുമൊക്കെ മോദിയും കൂട്ടരും പാക്കിസ്താനെയും മുസ്്‌ലിംകളെയും അനാവശ്യമായി വലിച്ചിഴച്ചിട്ടുണ്ട്. അതിന്റെ ഭാഗമായിത്തന്നെയാണ് പുതിയ പാക് വിവാദവും മോദിയിലൂടെ പുറത്തുവന്നിരിക്കുന്നത്. ഇതില്‍ പലതിലും വിജയം കണ്ടുവെന്നതാണ് മോദിയെ വീണ്ടും ആ ആയുധ പ്രയോഗത്തിന് പ്രേരിപ്പിച്ചിരിക്കുന്നത്. തന്നെ നീചനെന്ന് വിളിച്ചെന്ന് പരിതപിക്കുന്ന മോദിക്ക് ആത്മ പരിശോധനക്കുള്ള അവസരാണ് വന്നുചേര്‍ന്നിരിക്കുന്നത്.
2019ല്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ സെമിഫൈനലാണ് നാളെ വോട്ടെടുപ്പ് അവസാനിക്കുന്ന ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പ്. പതിനെട്ടിന് ഹിമാചല്‍ പ്രദേശിനൊപ്പം ഗുജറാത്തിലെയും ഫലം പുറത്തുവരുമ്പോള്‍ രാജ്യം ഭരിക്കുന്ന ബി.ജെ.പി പ്രവചിക്കാനാകാത്ത വിധം അനിശ്ചിതത്വത്തിലായിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആദ്യഘട്ടങ്ങളില്‍ നല്ല മേല്‍കൈ നേടിയിരുന്ന സംസ്ഥാന ഭരണകക്ഷികൂടിയായ ബി.ജെ.പിക്ക് പിന്നീടുള്ള സര്‍വേകളനുസരിച്ച് വോട്ടുകള്‍ കുത്തനെ കുറയുന്നതായാണ് വിവരം. ഇത് യഥാര്‍ത്ഥത്തില്‍ പ്രധാനമന്ത്രിയുടെ സംസ്ഥാനവും പാര്‍ട്ടിയും നടുക്കടലില്‍ അകപ്പെട്ടതിന്റെ വ്യക്തമായ സൂചനകളാണെന്ന് ഇതിനകം വിലയിരുത്തപ്പെട്ടുകഴിഞ്ഞു. അപ്പോഴാണ് തന്റെ നിലനില്‍പ്പിനുവേണ്ടി ഏതറ്റംവരെയും പോകാന്‍ തയ്യാറാണെന്ന് നരേന്ദ്രമോദി രാജ്യത്തോടും ലോകത്തോടുതന്നെയും വ്യക്തമാക്കിയിരിക്കുന്നത്. ഇതാകട്ടെ മോദിയുടെ ഇതപര്യന്തമുള്ള ജീവിത വീക്ഷണങ്ങളെയും കപടനാട്യങ്ങളെയും നഗ്നമായി തുറന്നുകാട്ടിയിരിക്കുകയാണ്. ഹിമാചലിനോടൊപ്പം വോട്ടെടുപ്പ് നടക്കേണ്ട ഗുജറാത്തില്‍ തെര.കമ്മീഷനെ സ്വാധീനിച്ച് വോട്ടെടുപ്പ് നീട്ടിവെച്ചായിരുന്നു മോദിയുടെ ആദ്യ ഊഴമെങ്കില്‍ വികസനത്തെക്കുറിച്ച് വാതോരാതെ സംസാരിച്ചായിരുന്നു അദ്ദേഹത്തിന്റെ രണ്ടാംഘട്ട രംഗപ്രവേശം. ഒരു പ്രധാനമന്ത്രിയുടെ പദവിക്ക് ചേരാത്തവിധത്തില്‍ ഒരു ഡസനോളം തെരഞ്ഞെടുപ്പുറാലികളിലാണ് ഗുജറാത്തില്‍ മോദി ഇതിനകം പ്രസംഗിച്ചത്. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഇതിനായി ചെലവിട്ടത് കോടികളും. നര്‍മദ അണക്കെട്ടും കാര്‍ ഉല്‍പാദനവും വൈദ്യുതീകരണവുമൊന്നും തെരഞ്ഞെടുപ്പില്‍ ചെലവാകില്ലെന്നും ജനങ്ങളുടെ നടുവൊടിച്ച നോട്ടുനിരോധനവും ചരക്കുസേവന നികുതിയും വികസന രാഹിത്യവും തന്നെയും പാര്‍ട്ടിയെയും തിരിഞ്ഞുകൊത്തുകയാണെന്നും തിരിച്ചറിഞ്ഞ മോദി അവസാനഘട്ടമായപ്പോഴേക്ക് ഇവ്വിഷയങ്ങളില്‍ നിന്ന് തെന്നിമാറി പച്ചയായ വര്‍ഗീയതയെ കൂട്ടുപിടിക്കുന്ന കാഴ്ചയാണ് കാണുന്നത്.
കഴിഞ്ഞദിവസം ഗുജറാത്തിലെ പാലന്‍പൂരിലെ റാലിയില്‍ പ്രസംഗിക്കവെയാണ് മോദി പാക്കിസ്താനെയും മുന്‍പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങിനെയും മറ്റും തെരഞ്ഞെടുപ്പുഗോദയിലേക്ക് വലിച്ചിഴച്ചത്. ഡോ. മന്‍മോഹന്‍സിങ്, മുന്‍ഉപരാഷ്്്ട്രപതി ഹാമിദ് അന്‍സാരി, മണിശങ്കര്‍അയ്യര്‍, പാക്കിസ്താന്‍ മുന്‍വിദേശകാര്യമന്ത്രി, പാക് ഹൈക്കമ്മീഷണര്‍ എന്നിവര്‍ ന്യൂഡല്‍ഹിയിലെ മണിശങ്കര്‍അയ്യരുടെ വസതിയില്‍ ഒരുമിച്ചിരുന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നായിരുന്നു മോദിയുടെ പ്രസ്താവന. ഇതിനായി രാജ്യത്തെ പ്രധാനമന്ത്രി കൂട്ടുപിടിച്ചതാകട്ടെ മാധ്യമ വാര്‍ത്തകളെയും. അദ്ദേഹത്തിനെതിരെ മന്‍മോഹന്‍സിങും പാക്കിസ്താന്‍ സര്‍ക്കാരുമൊക്കെ കടുത്ത ഭാഷയില്‍ രംഗത്തുവന്നുകഴിഞ്ഞു. മോദി മാപ്പുപറയണമെന്നാണ് മന്‍മോഹന്‍സിങ് തന്റെ മിതമായ ഭാഷയില്‍ ആവശ്യപ്പെട്ടതെങ്കില്‍ പാക്കിസ്താന്‍ വിദേശകാര്യവക്താവ് പറഞ്ഞത് സ്വന്തം കഴിവില്‍ വിജയിക്കാന്‍ ശ്രമിക്കൂവെന്നും തങ്ങളെ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നുമാണ്. ഇതിലധികം നാണക്കേട് രാജ്യത്തിന് സഹിക്കേണ്ടിവന്ന ചരിത്രം മുമ്പുണ്ടായിട്ടുണ്ടാകില്ല. ഇത്രയും തരംതാണ രീതിയില്‍ പ്രസ്താവന നടത്താന്‍ മോദിക്കല്ലാതെ കഴിയില്ല. യോഗത്തിന്റെയും അതിലെ വിഷയത്തിന്റെയും തെളിവുകള്‍ ഹാജരാക്കാന്‍ യഥേഷ്ടം സംവിധാനങ്ങള്‍ മോദിയുടെ വിരല്‍തുമ്പില്‍ ഉണ്ടായിരിക്കെ ഇല്ലാത്ത മാധ്യമ വാര്‍ത്തകളെ ഉദ്ധരിച്ച് മോദി നടത്തിയ പ്രസ്താവന അദ്ദേഹത്തിനുതന്നെ വിനയാകുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. സ്ഥാനമൊഴിയുമ്പോള്‍ ഇനി അന്‍സാരിക്ക് തന്റെ ഇംഗിതം നടപ്പാക്കാമെന്ന് മോദി പറഞ്ഞതും ഇതേ ദുരുദ്ദേശ്യത്തോടെയായിരുന്നു. മോദിയെ പുറത്താക്കേണ്ടത് അനിവാര്യമാണെന്ന അയ്യരുടെ മുന്‍പ്രസ്താവനയെ തന്നെ കൊലപ്പെടുത്തണമെന്നാണ് അയ്യര്‍ പറഞ്ഞതെന്ന് വ്യാഖ്യാനിച്ചതും മോദിയുടെ കുബുദ്ധിയിലുദിച്ച സൂത്രമായിരുന്നു. അയ്യര്‍ തരംതാണവനെന്ന് വിളിച്ചതിനെ തന്നെ താണജാതിക്കാരനെന്ന് വിളിച്ച് അധിക്ഷേപിച്ച് നല്ലപിള്ളചമഞ്ഞതും മോദി തന്നെ. കേന്ദ്ര ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലിയും ബി.ജെ.പി ഹിന്ദുക്കളുടെ പാര്‍ട്ടിയാണെന്ന് പരസ്യമായി പറയാനുള്ള ധൈര്യം കാട്ടിയതും അധികാരം തങ്ങളുടെ കൈകളിലാണെന്ന അഹന്തയുടെ പുറത്താണ്. ബാബരി മസ്ജിദ് കേസില്‍ വിധി 2019 ലേക്ക് നീട്ടിവെക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍സിബല്‍ ആവശ്യപ്പെട്ടുവെന്ന വ്യാജ പ്രചാരണം അഴിച്ചുവിടുകയും കോണ്‍ഗ്രസ് മുസ്‌ലിംകള്‍ക്കൊപ്പമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചതും മോദിയുടെ കുതന്ത്രമായിരുന്നു. കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേലിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റര്‍ ഇറക്കിയതും ഇതേ തന്ത്രത്തിന്റെ ഭാഗമായിരുന്നു. ചങ്ങലക്ക് ഭ്രാന്തുപിടിച്ച അവസ്ഥയാണിത്. മോദിയുടെ വിടുവായിത്തം എന്നതല്ല, ജവഹര്‍ലാല്‍നെഹറുവിനെയും ഇന്ദിരാഗാന്ധിയെയും ഡോ. മന്‍മോഹന്‍സിങിനെയും പോലുള്ള അത്യുന്നതമായ ബഹുമാന്യതയും കാര്യശേഷിയുമാര്‍ന്ന മഹത് വ്യക്തിത്വങ്ങള്‍ ഇരുന്ന കസേരയിലിരുന്നാണ് മോദി തന്റെ തരംതാണ ആര്‍.എസ്.എസ് വേല കളിക്കുന്നത് എന്നതിലാണ് പൗരന്മാരുടെ ഉല്‍കണ്ഠ. രാജ്യത്തെ പിന്നാക്കക്കാരും ദലിതരും പട്ടേല്‍മാരുമടക്കമുള്ള ജനവിഭാഗങ്ങളിലെ തങ്ങളുടെ ഉരുക്കുകോട്ടകള്‍ തകര്‍ന്നുകഴിഞ്ഞുവെന്ന യാഥാര്‍ഥ്യമാണ് മോദി-ഷാ ദ്വയത്തെക്കൊണ്ട് ഇതൊക്കെ പറയിപ്പിക്കുന്നത്. ആ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുകയായിരിക്കും മോദിക്ക് ഇനി കരണീയം.

chandrika: