X

ഇതാ വീണ്ടും മലപ്പുറം മാതൃക

ഇതാദ്യമായാണ് സംസ്ഥാന സ്‌കൂള്‍ കായിക മേളക്ക് മലപ്പുറം ആതിഥേയത്വം വഹിച്ചത്. നാല് ദിവസത്തെ കായികോത്‌സവം അവസാനിച്ചപ്പോള്‍ സമ്പൂര്‍ണ പരാതി രഹിതമായി മേള നടത്തി എല്ലാവരുടെയും കൈയ്യടി നേടിയിരിക്കുന്നു മലപ്പുറത്തെ സംഘാടകര്‍. പതിനാല് ജില്ലകളില്‍ നിന്നായി മൂവായിരത്തോളം കായിക താരങ്ങളും ഒഫീഷ്യലുകളും അധ്യാപകരും മാധ്യമ പ്രവര്‍ത്തകരും. പരിമിതമായ സൗകര്യങ്ങളെ പ്രയോജനപ്പെടുത്താന്‍ ഇവര്‍ക്കാവുമോ എന്നതായിരുന്നു തുടക്കത്തിലെ ആശങ്ക.

 

കൂനിന്മേല്‍ കുരു എന്നത് പോലെ നോട്ട് പ്രതിസന്ധിയും വന്നപ്പോള്‍ സ്‌പോണ്‍സര്‍മാരുടെ പിന്മാറ്റമുണ്ടായി. പക്ഷേ പി. അബ്ദുല്‍ ഹമീദ് എം. എല്‍.എ ചെയര്‍മാനായ സംഘാടക സമിതി പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ തരണം ചെയ്തു. പതിനെട്ട് സബ് കമ്മിറ്റികള്‍-കക്ഷി രാഷ്ട്രീയ ഭേദമന്യേ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചു. കാലിക്കറ്റ് വാഴ്‌സിറ്റിയെന്ന ഇന്ത്യയുടെ കലാശാലാ കായിക ആസ്ഥാനത്തെ സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ സ്‌റ്റേഡിയത്തിലെ പുത്തന്‍ സിന്തറ്റിക് ട്രാക്ക് പ്രയോജനപ്പെടുത്തി എല്ലാവരും ഒന്നിനൊന്ന് കരുത്തരായപ്പോള്‍ എല്ലാം ശുഭമായി അവസാനിച്ചു.

 

ഇന്ത്യന്‍ ട്രാക്കിലെ റാണിയും ഉഷാ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിന്റെ മേധാവിയുമായ ഒളിംപ്യന്‍ പി.ടി ഉഷ, സീനിയര്‍ പരിശീലകര്‍, അനുഭവ സമ്പന്നരായ ആദ്യകാല കായിക താരങ്ങള്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍-എല്ലാവരും കായിക മേള നടത്തിപ്പിന് പൂര്‍ണ മാര്‍ക്ക് നല്‍കിയെങ്കില്‍ അത് മലപ്പുറത്തിന്റെ സന്മനസ്സിനും സ്‌നേഹത്തിനും ആതിഥേയത്വത്തിനുമുള്ള അംഗീകാരമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരൂരില്‍ സ്‌കൂള്‍ കലോത്‌സവം നടന്നപ്പോള്‍ ജനം അത് നെഞ്ചിലേറ്റി വിജയിപ്പിച്ചത് പോലെ കായികോത്‌സവ നാളുകളിലും സ്‌റ്റേഡിയം നിറയെ ജനമായിരുന്നു. എല്ലാ ദിവസങ്ങളിലും അവര്‍ കൂട്ടമായി ഒഴുകിയെത്തി- താരങ്ങളെ പ്രോല്‍സാഹിപ്പിച്ചു.

 

സമാപന ചടങ്ങ് നടക്കാത്തതില്‍ എല്ലാവരേക്കാളും വേദനിപ്പിച്ചത് മലപ്പുറത്തുകാരെയായിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണം കാരണം പ്രഖ്യാപിച്ച ദു:ഖാചരണം കാരണമായിരുന്നു സമാപനചടങ്ങ് മാറ്റിയത്. പക്ഷേ സമാപന ചടങ്ങും ട്രോഫി കൈമാറ്റവും കേമമായി നടത്താനും മലപ്പുറം തീരുമാനിച്ചത് അവരുടെ സ്‌പോര്‍ട്‌സ്മാന്‍ഷിപ്പിന്റെ തെളിവാണ്.
പ്രതിസന്ധികളായിരുന്നു ഇത്തവണ കായികോത്‌സവത്തിന് മുമ്പുള്ള അവസ്ഥ. നോട്ട് പിന്മാറ്റ വിഷയത്തില്‍ സ്‌പോണ്‍സര്‍മാരെ ലഭിക്കുക സാഹസിക ജോലിയായിരുന്നു. സാധാരണ ഗതിയില്‍ കായികോത്‌സവത്തിന് പിന്തുണ നല്‍കാന്‍ കോര്‍പറേറ്റുകള്‍ താല്‍പര്യം പ്രകടിപ്പിക്കാറുണ്ടെങ്കില്‍ ഇത്തവണ ആരും ശക്തമായി മുന്നോട്ട് വന്നില്ല.

 

മേളയെ വരവേല്‍ക്കാനുള്ള കമാനങ്ങളും കവാടങ്ങളും കുറവായിരുന്നു. കുട്ടികള്‍ക്കും മീറ്റിനെത്തുന്നവര്‍ക്കും ഭക്ഷണവും താമസവും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ പ്രതിസന്ധിയായിരുന്നു. പക്ഷേ എല്ലാ കമ്മിറ്റികളും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കൂട്ടായി രംഗത്ത് വന്നു. ഇക്കാര്യത്തില്‍ അധ്യാപക സംഘടനകള്‍ പ്രകടിപ്പിച്ച മല്‍സര വീര്യം എല്ലാവര്‍ക്കും മാതൃകയാണ്. രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടും എല്ലാ സംഘടനകളും പരസ്പരം സഹായിച്ച് രംഗത്ത് വന്നു.

 
കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ സജീവ പിന്തുണയും ശ്ലാഘനീയമാണ്. സ്വന്തം സ്‌റ്റേഡിയത്തില്‍ ഇതാദ്യമായി നടക്കുന്ന കൗമാര പ്രതിഭാ പോരാട്ടത്തിന്റെ വിജയത്തിനായി എല്ലാ സൗകര്യങ്ങളും സര്‍വകലാശാല നല്‍കി. സിന്തറ്റിക് ട്രാക്ക് വന്നതിന് ശേഷം സി.എച്ച് മുഹമ്മദ് കോയ സ്‌റ്റേഡിയത്തില്‍ ദേശീയ യൂത്ത് മീറ്റ് നടന്നിരുന്നു. അതിന് ശേഷം ജില്ലാ കായിക മേളയും സര്‍വകലാശാല തലത്തിലെ ചെറിയ മീറ്റുകളുമാണ് നടന്നിരുന്നത്. ഇതാദ്യമായാണ് വലിയ ഒരു മേള വലിയ ജനക്കൂട്ടത്തെ സാക്ഷ്യപ്പെടുത്തി നടത്തിയത്.

 

ഒരു പോരായ്മ മാത്രമാണ് സ്‌റ്റേഡിയത്തിനുള്ളത്- നല്ല ഗ്യാലറികളും പവലിയനും അനുബന്ധ സൗകര്യങ്ങളും. ആ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ കേരളത്തിലെ ഏറ്റവും മികച്ച സ്‌റ്റേഡിയമായി ഇത് മാറും. ഇതിനായി സര്‍വകലാശാല തന്നെ പലരെയും സമീപിച്ചിട്ടുണ്ട്.
കുട്ടികളുടെ പ്രകടനങ്ങളിലേക്ക് വന്നാല്‍ അവിടെയും മലപ്പുറം മാതൃകയാണ്-ധാരാളം മീറ്റ് റെക്കോര്‍ഡുകള്‍ പിറന്നു. ആണ്‍-പെണ്‍ ഗ്രൂപ്പുകളിലായി നല്ല താരങ്ങളുടെ ഉദയം കണ്ടു. ഇതുവരെ എറണാകുളത്തിന്റെ കുത്തകയായിരുന്നു സ്‌കൂള്‍ കായിക മാമാങ്ക വേദിയെങ്കില്‍ ഇത്തവണ പാലക്കാട് കരുത്ത് കാട്ടി.

 

സ്‌കൂളുകളില്‍ മാര്‍ബേസില്‍ ശക്തി ആവര്‍ത്തിച്ചപ്പോള്‍ പറളിയും കല്ലടി സ്‌കൂളുമെല്ലാം പാലക്കാടിന്റെ കരുത്തായി. മെഡല്‍ പട്ടികയില്‍ എല്ലാ ജില്ലകളുമെത്തി. സ്‌കൂള്‍ മീറ്റ് കഴിഞ്ഞാല്‍ വലിയ പ്രശ്‌നം മീറ്റില്‍ കരുത്ത് തെളിയിച്ചവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നില്ല എന്നതാണ്. ആ പ്രശ്‌നം പരിഹരിക്കാനും കുട്ടികള്‍ക്ക് കൂടുതല്‍ മല്‍സരങ്ങള്‍ ലഭിക്കാനുമായി സ്‌കൂള്‍ അധികൃതരും വിദ്യാഭ്യാസ വകുപ്പും രംഗത്ത് വരണം. ദേശീയ സ്‌കൂള്‍ മീറ്റിനായി ടീമിനെ ഒരുക്കണം. മലപ്പുറത്തിന്റെ കരുത്തിനെയും സംഘാടക മികവിനെയും അംഗീകരിക്കുമ്പോള്‍ കൂടുതല്‍ കായിക മാമാങ്കങ്ങള്‍ ജില്ലയിലേക്ക് നല്‍കാനുള്ള സന്മനസ്സും കായിക സംഘാടകര്‍ കാട്ടണം.

chandrika: