X

അസഹിഷ്ണുതയുടെ കലാപ്രകടനങ്ങള്‍

ഇതര മത വിശ്വാസങ്ങളോടും സംസ്‌കാരങ്ങളോടും ഭക്ഷണ-വസ്ത്ര രീതിയോടും മതേതരത്വത്തോടും മാത്രമല്ല, തീവ്രവലതുപക്ഷ വര്‍ഗീയതയുടെ അസഹിഷ്ണുത തികട്ടിവരുന്നത് മനുഷ്യന്റെ സര്‍ഗാത്മകതയോടും കലയോടും സാഹിത്യത്തോടുമൊക്കെയാണെന്ന് തെളിയിക്കുകയാണ് അടുത്തിടെയായി രാജ്യത്താകെ അരങ്ങേറിക്കൊണ്ടിരിക്കുന്ന നാടകീയമായ ചില സംഭവങ്ങള്‍. സര്‍ക്കാരും അതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സംഘ്പരിവാരവും ആശയാവിഷ്‌കാര സ്വാതന്ത്ര്യത്തെ അട്ടിമറിക്കുകയും കലാസൃഷ്ടികളെയും അവയുടെ സ്രഷ്ടാക്കളെയും മോശമായി ചിത്രീകരിക്കുകയും കൊല്ലുമെന്നുവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. പ്രദര്‍ശനാനുമതി നിഷേധിക്കുക, പ്രദര്‍ശനം അനുവദിക്കാതിരിക്കുക അതുമല്ലെങ്കില്‍ നിര്‍മാതാക്കളെയും സംവിധായകരെയും ഭീഷണിപ്പെടുത്തുക, തലയ്ക്ക് വില പറയുക എന്ന നയമാണ് ഏതാനും സിനിമകളുടെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്. ജനങ്ങള്‍ എന്തു ചിന്തിക്കും, ധരിക്കും, പറയും, ഭക്ഷിക്കും എന്നതുപോലെ തന്നെയാണ് അവരെന്ത് കാണണമെന്നും ഏതാനും ചില ആളുകള്‍ സര്‍ക്കാരിന്റെ ഒത്താശയോടെ വീമ്പിളക്കുന്നത്.
ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് കഴിഞ്ഞദിവസം സമാപിച്ച ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ നിന്ന് മലയാളി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ എസ്.ദുര്‍ഗ എന്ന സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കാതെ പുറത്താക്കി എന്നത്. കേന്ദ്ര സര്‍ക്കാരിന് കീഴിലെ സെന്റര്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അഥവാ സെന്‍സര്‍ ബോര്‍ഡ് പരിശോധിച്ച് പ്രദര്‍ശനാനുമതി നല്‍കിയ ചിത്രമാണ് എസ്.ദുര്‍ഗ. സെക്‌സി ദുര്‍ഗ എന്ന ഇതിന്റെ പേരിനെ ചൊല്ലി കോലാഹലം ഉയരുകയും ബോര്‍ഡിന് അതൃപ്തിയുണ്ടായതും കണക്കിലെടുത്ത് പേര് എസ് ദുര്‍ഗയാക്കി മാറ്റാന്‍ അണിയറ പ്രവര്‍ത്തകര്‍ തയ്യാറായി. മത വികാരങ്ങളെ വ്രണപ്പെടുത്തുന്നത് കലയുടെ പേരിലായാലും ശരിയല്ലെന്ന തോന്നലിലായിരിക്കാം അങ്ങനെ ബോര്‍ഡിലെ വിദഗ്ധര്‍ നിര്‍ദേശിക്കാനിടയായതും സംവിധായകനും മറ്റും അതുമായി സഹകരിച്ചതും. എന്നിട്ടും സിനിമ സര്‍ക്കാരിന്റെ മേളയില്‍നിന്ന് പുറത്തായി എന്നത് ഔദ്യോഗിക തലങ്ങളില്‍ കയറിപ്പറ്റിയിരിക്കുന്ന അസഹിഷ്ണുതയുടെയും വര്‍ഗീയതയുടെയും മാറാലയെയാണ് തുറന്നുകാട്ടിയിരിക്കുന്നത്.
സമാനമായ മറ്റൊരു സംഭവമാണ് ചരിത്ര പ്രാധാന്യമുള്ള ഇരുന്നൂറു കോടി ബജറ്റുള്ള ബന്‍സാലിയുടെ ‘പത്മാവതി’ എന്ന ചലച്ചിത്രത്തിനെതിരായ ബി.ജെ.പി -സംഘ്പരിവാര്‍ പക്ഷത്തുനിന്നുണ്ടായ അസഹിഷ്ണുതയുടെയും അട്ടഹാസത്തിന്റെയും തീവ്ര പ്രകടനങ്ങള്‍. മിക്കവാറുമെല്ലാ ബി.ജെ.പി ഭരണസംസ്ഥാന സര്‍ക്കാരുകളും ഈ സിനിമക്കെതിരെ പരസ്യമായിത്തന്നെ രംഗത്തുവരികയും സിനിമ തങ്ങളുടെ സംസ്ഥാനങ്ങളില്‍ പ്രദര്‍ശനത്തിന് അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയുമാണ്. പ്രദര്‍ശിപ്പിച്ചാല്‍ സംവിധായകനെ കൊന്നുകളയുമെന്നാണ് സംഘ്പരിവാര ഭീഷണി. ഇതിനെതിരെ നടപടിയെടുക്കേണ്ട ഉത്തരവാദിത്തപ്പെട്ട സര്‍ക്കാരുകള്‍, വിശേഷിച്ച് കേന്ദ്ര സര്‍ക്കാര്‍ അക്രമികള്‍ക്കനുകൂലമായ നിലപാട് സ്വീകരിച്ചു എന്നതാണ് ഏറെ ആശങ്കയുയര്‍ത്തുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിലെ ഡല്‍ഹി ഭരണാധികാരിയായിരുന്ന അലാവുദ്ദീന്‍ ഖില്‍ജിയോട് പത്മാവതി എന്ന രജപുത്രവനിതക്കോ തിരിച്ചോ തോന്നിയ പ്രണയമാണ് പത്മാവതിയുടെ ഇതിവൃത്തം. സുല്‍ത്താന്‍ മുസ്്‌ലിമും രാജ്യദ്രോഹിയുമാണെന്നും അത്തരമൊരാളെ പ്രണയിക്കാന്‍ ഹിന്ദു സ്ത്രീക്കാവില്ലെന്നുമാണ് ചിലരുടെ ന്യായം. സിനിമയുടെ ചിത്രീകരണം ബീഹാറിലും മറ്റുമായി പൂര്‍ത്തിയായി വരവെയാണ് സിനിമക്കും കലാകാരന്മാര്‍ക്കുമെതിരെ സംഘ്പരിവാരത്തിന്റെ ആക്രോശമുണ്ടായത്. നേരത്തെ നിശ്ചയിച്ചതുപ്രകാരം ഇന്നലെ സിനിമ പുറത്തിറങ്ങേണ്ടിയിരുന്നതാണ്. രജ്പുത് കര്‍ണിസേന അണിയറക്കാരില്‍ നിന്ന് പണം പിടുങ്ങുന്നതിനായി കെട്ടിച്ചമച്ചതാണ് വിവാദമെന്ന് പിന്നീട് വ്യക്തമായെങ്കിലും കാര്യങ്ങള്‍ അവരുടെയും കൈവിട്ടുപോവുകയായിരുന്നു.
ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശമാണ് ഇതില്‍ ഏറെ വിചിത്രമായത്. ചിത്രം ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കുമെന്നതിനാല്‍ പ്രദര്‍ശനാനുമതി നല്‍കരുതെന്നാണ് യോഗി സര്‍ക്കാരിന്റെ കേന്ദ്രത്തിനോടുള്ള ഉപദേശം. രാജസ്ഥാന്‍, മധ്യപ്രദേശ്, പഞ്ചാബ്, ഹരിയാന പോലുള്ള മിക്ക ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും സര്‍ക്കാരുകളുടെ നിലപാട് സമാനം തന്നെ. സംവിധായകന്‍ ബന്‍സാലിക്ക് സുപ്രീംകോടതി തന്നെ ക്ലീന്‍ചിറ്റ് കൊടുത്തിരിക്കെയാണ് ഇതെല്ലാമെന്നത് അതിലേറെ കൗതുകകരമാകുന്നു. നേതാക്കളും മന്ത്രിമാരും പത്മാവതി സിനിമക്കെതിരെ ഒരു വാക്കും പറയരുതെന്ന് വരെ കഴിഞ്ഞദിവസം കോടതി താക്കീത് ചെയ്യാന്‍ ഇടവന്നു. പത്മാവതിയുടെ ചിത്രീകരണം ബഹളങ്ങള്‍ക്കിടയില്‍ പൂര്‍ത്തിയായെങ്കിലും ഇതുവരെയും സെന്‍സര്‍ ബോര്‍ഡിന്റെ പരിഗണനയിലേക്ക് ചിത്രം എത്തിയിട്ടില്ല. രാജ്യത്തെ അറിയപ്പെടുന്ന പ്രഗല്‍ഭ ചലച്ചിത്രകാരനാണ് സഞ്ജയ് ലീല ബന്‍സാലി. നായിക ദീപിക പദുക്കോണിനെതിരെയുമുണ്ടായി അധിക്ഷേപം. എസ്. ദുര്‍ഗക്ക് ടൊറണ്ടോ മേളയിലടക്കം വിലയേറിയ പുരസ്‌കാരങ്ങള്‍ നേടാനായിട്ടുണ്ട്. അടുത്തിടെ തമിഴ്‌നാട്ടില്‍ വിജയ് അഭിനയിച്ച മെര്‍സല്‍ സിനിമക്കെതിരെയും സംഘ്പരിവാര്‍ ശക്തികളില്‍ നിന്ന് ആക്രോശമുണ്ടായത് ഒറ്റപ്പെട്ടതായിരുന്നില്ല. അതാകട്ടെ മതവികാരം വ്രണപ്പെട്ടുവെന്ന് പറഞ്ഞുകൊണ്ടായിരുന്നില്ല. നടന്‍ വിജയ് കേന്ദ്ര സര്‍ക്കാരിന്റെ ചരക്കുസേവന നികുതിയെ വിമര്‍ശിച്ച് ചിത്രത്തില്‍ കഥാപാത്രമായി സംസാരിച്ചുവെന്നാണ് മേല്‍പരിവാരം ഉന്നയിച്ച ആരോപണം. നിരവധി തിയേറ്ററുകള്‍ അണികള്‍ അഗ്നിക്കിരയാക്കുകയും പൊതുരംഗത്ത് കാലുഷ്യം സൃഷ്ടിക്കുകയും ചെയ്തു.
ഇതൊക്ക ഒറ്റപ്പെട്ട സംഭവമായി തള്ളാനാകാത്ത വിധം ആശയപ്രകടനങ്ങള്‍ക്കും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും എതിരായി അസഹിഷ്ണുത രാജ്യത്ത് വര്‍ധിച്ചുവരികയാണ്. ബോളിവുഡിലെ ഷാരൂഖ്ഖാന്‍, സല്‍മാന്‍ഖാന്‍, അമീര്‍ഖാന്‍ ത്രയങ്ങളെ ഇകഴ്ത്തിയും ഭീഷണിപ്പെടുത്തിയും കഴിഞ്ഞവര്‍ഷം ഉണ്ടായ കോലാഹലങ്ങളും മറക്കാറായിട്ടില്ല. ഇതേസമയം തന്നെയാണ് സിനിമാരംഗത്തുനിന്നുതന്നെ പ്രശസ്ത സംവിധായകരായ കമലിനും സാഹിത്യകാരന്‍ എം.ടിക്കുമെതിരെ സംഘ്പരിവാരത്തിന്റെ അപൂര്‍വ ഭാഷ ഉയര്‍ന്നുകേട്ടതും. സിനിമാപ്രവര്‍ത്തകരായ സുരേഷ്‌ഗോപി ഉള്‍പ്പെടെയുള്ളവരാകട്ടെ ഈ ഘട്ടത്തില്‍ മൗനം പാലിക്കുകയോ പരോക്ഷമായി ഇതിനെയൊക്കെ പിന്തുണക്കുകയോ ചെയ്തു. ഇതിന് അവര്‍ക്ക്‌ലഭിച്ച പ്രതിഫലമാണ് എം.പി പദവിയടക്കമുള്ളവ. ഏതായാലും കേരള ചലച്ചിത്ര അക്കാദമി പോലുള്ള ഉന്നത സംവിധാനങ്ങളും അതിലെ കമലിനെപോലുള്ള സിനിമാക്കാരുമൊക്കെ പറഞ്ഞതുപോലെയല്ല കാര്യങ്ങളുടെ പോക്കെന്നാണ് ഗോവ മേളയും തെളിയിച്ചത്. മലയാളിയായ പാര്‍വതിക്ക് ടേക്ക് ഓഫ് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള പുരസ്‌കാരം അപൂര്‍വതയായെങ്കിലും വരുംനാളുകള്‍ സിനിമക്കും കലാസാഹിത്യ മേഖലക്കാകെയും ശുഭവാര്‍ത്തകളല്ല തരുന്നത്.

chandrika: