വിട്ടൊഴിയാത്ത വിവാദങ്ങളും വെറുപ്പൊഴിയാത്ത വിഴുപ്പലക്കലുകളും കാരണം സംസ്ഥാനത്ത് ഭരണ സ്തംഭനം തുടരുന്നതില്‍ പൊറുതിമുട്ടുകയാണ് പൊതുജനം. സെക്രട്ടറിയേറ്റു മുതല്‍ വില്ലേജ് ഓഫീസ് വരെയുള്ള ജനസേവന സംവിധാനങ്ങളത്രയും നിശ്ചലമായിട്ട് മാസങ്ങളായി. കയ്യേറ്റങ്ങളുടെയും ക്രമക്കേടുകളുടെയും കുരുക്കുകള്‍ ഒന്നിനു മീതെ മറ്റൊന്നായി സര്‍ക്കാറിന്റെ കഴുത്തില്‍ മുറുകിക്കൊണ്ടിരിക്കുകയാണ്. കേസും വഴക്കും തീര്‍ക്കാനല്ലാതെ നേരാംവണ്ണം ഭരണം നടത്താന്‍ കഴിയാതെ നാണക്കേടിന്റെ ആഴക്കയത്തിലാണ് ഇടതു സര്‍ക്കാര്‍. സുതാര്യ കേരളം, ജനക്ഷേമ ഭരണം തുടങ്ങിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പട്ടില്‍ പൊതിഞ്ഞ പാഷാണമായിരുന്നുവെന്ന് പൊതുജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. മോന്തായം വളഞ്ഞാല്‍ അറുപത്തിനാലും വളയുമെന്ന ആപ്തവാക്യവും അന്വര്‍ത്ഥമായിക്കഴിഞ്ഞു. മുഖ്യമന്ത്രിയും വകുപ്പു മന്ത്രിമാരും ഒരുപോലെ നിഷ്‌ക്രിയമായ ഒരു സര്‍ക്കാര്‍ ഇതിനു മുമ്പ് കേരളം കണ്ടിട്ടില്ല. അധികാരത്തിന്റെ നിര്‍മാമാത്മക സൗന്ദര്യം പ്രതിഫലിക്കേണ്ട ജനാധിപത്യ വ്യവസ്ഥയെ നശീകരണത്തിന്റെ ശവപ്പറമ്പാക്കി മാറ്റുകയാണ് ഇടതുപക്ഷം. സ്വപ്‌ന പദ്ധതികളിലൂടെ കേരളത്തെ വികസന വിഹായസിലേക്ക് കൈപ്പിടിച്ചുയര്‍ത്തുകയായിരുന്നു യു.ഡി.എഫ് സര്‍ക്കാറെങ്കില്‍, ഇടതുപക്ഷം അധികാരത്തിലേറിയതു മുതല്‍ കേരളം മുരടിപ്പിന്റെ മാറാപ്പുഭാണ്ഡം പേറുകയാണ്. രണ്ടുവര്‍ഷത്തോടടുക്കുന്ന ഒരു ഭരണകൂടത്തില്‍ നിന്ന് പ്രതീക്ഷിച്ചതൊന്നും പൊതുജനത്തിന് ലഭിച്ചില്ലെന്നു മാത്രമല്ല, സമസ്ത മേഖലകളിലും ദുരിതത്തിന്റെ വേവലാതികളാണ് ഉയര്‍ന്നുവരുന്നത്.
സംസ്ഥാനത്ത് ഐ.എ.എസ് ഓഫീസര്‍മാര്‍ മുതല്‍ എല്‍.ഡി ക്ലാര്‍ക്ക് വരെ മനംമടുത്താണ് കൃത്യനിര്‍വഹണം നടത്തുന്നത്. സര്‍ക്കാറിന്റെ സ്വേച്ഛാധിപത്യ സമീപനങ്ങളും ഫയലുകളുടെ മെല്ലെപ്പോക്കുമെല്ലാം ഉദ്യോഗസ്ഥരുടെ മന:സാമീപ്യത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്.
ചീഫ് സെക്രട്ടറി ഉള്‍പ്പെടെ ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥര്‍ പക്ഷം ചേര്‍ന്ന് പ്രവര്‍ത്തിച്ചകാലം ഇതിനു മുമ്പ് കേരളം കണ്ടിട്ടില്ല. പരസ്പരം പാരവെയ്ക്കാനും പകപോക്കാനും ചേരിതിരിയുന്ന ഇത്തരക്കാരെ പിടിച്ചുകെട്ടാന്‍ മുഖ്യമന്ത്രിക്കൊ വകുപ്പ് മന്ത്രിമാര്‍ക്കൊ കഴിയുന്നില്ല എന്നതും പരിതാപകരം തന്നെ. സര്‍വീസിലിരിക്കെ സര്‍ക്കാറിനെയും സഹപ്രവര്‍ത്തകരെയും പരിഹസിച്ച് ഖണ്ഡശ്ശ എഴുതി സമയം കളയുന്നവരെ മഹത്വവത്കരിച്ചിരുന്ന പിണറായിക്ക് ഇപ്പോഴാണ് തിക്തഫലം തിരിച്ചടിയായി കരണത്തേല്‍ക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ മൂക്കിനു നേരെ മുഷ്ടിചുരുട്ടി ഇച്ഛയ്‌കൊത്ത് തങ്ങളുടെ രാഷ്ട്രീയ വാലില്‍ ചുരുട്ടിക്കെട്ടാമെന്ന വ്യാമോഹം ഒടുവില്‍ വിനയായി മാറി.
മേക്കാനറിയാത്ത ഇടയനെ പോലെ ഓടിത്തളര്‍ന്ന പിണറായിയെ ഓര്‍ത്ത് കേരള ജനത ലജ്ജിച്ചു തലതാഴ്ത്തുകയാണ്. തൊട്ടതെല്ലാം പിഴക്കുന്ന മന്ത്രിപ്പടയെ മെരുക്കിയെടുക്കാനുള്ള ഭരണപാടവമില്ലാത്ത മുഖ്യമന്ത്രിയില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും പ്രബുദ്ധ കേരളം പ്രതീക്ഷിക്കുന്നില്ല. വലിയ വായയില്‍ വിടുവായിത്തവും വീരവാദവും വീമ്പുപറച്ചിലും കൊണ്ട് ഭരണവൈകല്യങ്ങളെ മൂടിവെയ്ക്കാമെന്ന വ്യാമോഹമാണ് നാള്‍ക്കുനാള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുന്നത്. സ്വന്തം പാര്‍ട്ടിയിലെയും മുന്നണിയിലെ മറ്റു ഘടകകക്ഷികളിലെയും പുഴുക്കുത്തുകള്‍ വലിയ വൃണങ്ങളായി വളര്‍ച്ച പ്രാപിക്കുന്നത് പ്രതിരോധിക്കുന്നതില്‍ ഇനിയും പരാജയം ആവര്‍ത്തിച്ചാല്‍ ടീം പിണറായി കാലാവധി പൂര്‍ത്തിയാക്കില്ലെന്ന് നിസ്സംശയം പറയാം. രണ്ടു വര്‍ഷത്തിനിടെ മൂന്നു മന്ത്രിമാര്‍ നാണംകെട്ട് രാജിവച്ചൊഴിഞ്ഞതിന്റെ അനുഭവപാഠങ്ങള്‍ ഇതിന് ഉത്തമ സാക്ഷ്യമാണ്.
29 വകുപ്പുകള്‍ കയ്യടിക്കവച്ച മുഖ്യമന്ത്രി തന്നെയാണ് ഭരണ സ്തംഭനത്തിന്റെ ഒന്നാം പ്രതി. നേരത്തെ കൈവശം വച്ചിരുന്ന 26 വകുപ്പുകള്‍ക്ക് പുറമെ തോമസ് ചാണ്ടി കൈകാര്യം ചെയ്തിരുന്ന മൂന്ന് പ്രധാന വകുപ്പുകള്‍ കൂടി പിണറായി വിജയന്‍ ഏറ്റെടുത്തിരിക്കുകയാണ്. പൊതുവെ വണ്‍ മാന്‍ ഷോ എന്ന് വ്യാഖ്യാനിക്കുന്ന മന്ത്രിസഭയില്‍ സുപ്രധാന വകുപ്പുകള്‍ കൈപ്പിടിയിലടക്കിപ്പിടിച്ചാണ് മുഖ്യമന്ത്രി മേനി നടിക്കുന്നതെന്നു സാരം. ഏറെ ശ്രദ്ധയും കരുതലും ആവശ്യമായ ആഭ്യന്തര വകുപ്പിനു പുറമെ ജയില്‍, വിജിലന്‍സ്, പരിസ്ഥിതി, ഐ.ടി, എയര്‍പോര്‍ട്ട്, സയന്‍സ് ആന്റ് ടെക്‌നോളജി, മെട്രോ റെയില്‍ തുടങ്ങിയ പ്രധാന വകുപ്പുകളാണ് മുഖ്യമന്ത്രി അധീനതയില്‍ വച്ചിട്ടുള്ളത്.
കഴിഞ്ഞ രണ്ട് മുഖ്യമന്ത്രിമാരും ഇതിനു പകുതി പോലും വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നില്ലെന്ന കാര്യം ഗൗരവമായി കാണേണ്ടതാണ്. 11 വകുപ്പുകള്‍ മാത്രം കൈകാര്യം ചെയ്തിരുന്ന ഉമ്മന്‍ ചാണ്ടിയും 13 വകുപ്പുകള്‍ കൈകാര്യം വി.എസ് അച്യുതാനന്ദനും കാബിനറ്റിലെ മറ്റു മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ വീതിച്ചു നല്‍കി ഭരണ മേല്‍നോട്ടത്തെ ശാസ്ത്രീയവത്കരിക്കുകയാണ് ചെയ്തത്. മുഖ്യമന്ത്രിയും മന്ത്രിമാരും സ്വാതന്ത്ര്യത്തോടെ ഭരണചക്രം തിരിക്കുന്നതിന്റെ സാധ്യതയെയാണ് പിണറായിയുടെ ഏകാധിപത്യ മനോഭാവം കരിച്ചുകളഞ്ഞത്. അതിനാല്‍ സര്‍വ വകുപ്പുകളും കുത്തഴിഞ്ഞു കിടക്കുകയും മറ്റു വകുപ്പുകള്‍ക്ക് തുണയാകേണ്ട ധനവകുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിലേക്ക് ആപതിക്കുകയും ചെയ്യുന്ന ദയനീയ കാഴ്ച കേരളം കാണുന്നു. നോട്ട് നിരോധത്തിന്റെയും ജി.എസ്.ടിയുടെയും പരിക്കില്‍ നിന്ന് കേരളത്തെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, സംസ്ഥാനത്തിന്റെ ധനസ്ഥിതി അതീവ അപകാവസ്ഥയിലേക്ക് തള്ളിവിടുകയും ചെയ്തിരിക്കുകയാണ്.
സെക്രട്ടറിയേറ്റില്‍ വകുപ്പ് സെക്രട്ടറിമാരുടെ മുമ്പില്‍ ഫയലുകള്‍ കുന്നുകൂടിക്കിടക്കുന്നത് തന്നെ ഭരണ സ്തംഭനത്തിന്റെ നേര്‍ക്കാഴ്ചയാണ്. ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതും ഒരു സെക്രട്ടറി തന്നെ വിവിധ വകുപ്പുകളുടെ കൈകാര്യ കര്‍ത്താവാകുന്നതുമാണ് ഇതിന്റെ പ്രധാന കാരണം. കലക്ടറേറ്റുകളിലും താലൂക്ക്-മുനിസിപ്പല്‍-പഞ്ചായത്ത്-വില്ലേജ് ഓഫീസുകളിലും സ്ഥിതി തഥൈവ. സെക്രട്ടറിയേറ്റില്‍ ഒരു ഐ.ഐ.എസ് ഓഫീസര്‍ അഞ്ചും ആറും വകുപ്പുകള്‍ കൈകര്യം ചെയ്യുന്നതുപോലെ താഴെ തലങ്ങളിലും ഉദ്യോഗസ്ഥര്‍ അമിതഭാരം വഹിക്കുകയാണ്.
111 ഐ.എ.എസ് ഉദ്യോഗസ്ഥരും അതിലേറെ തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥരും കുറവുള്ള സംസ്ഥാനത്ത് സര്‍ക്കാര്‍കൂടി നിഷ്‌ക്രിയമായതാണ് പൊതുജനത്തെ പൊറുതികേടിന്റെ പടുകുഴിയിലെത്തിച്ചത്. തര്‍ക്കങ്ങളില്‍ അഭിരമിക്കുന്ന പിണറായിയും കൂട്ടരും ഇനിയും ജനദ്രോഹം തുടര്‍ന്നാല്‍ പൊതുജനം പൊറുക്കില്ലെന്ന് ഓര്‍ക്കുന്നത് നന്ന്.
- 7 years ago
chandrika
Categories:
Video Stories
ഭരണ സ്തംഭനത്തില്‍ പൊറുതിമുട്ടുന്ന ജനം
Tags: editorial