X

ഇറാന്‍ ആണവകരാര്‍ അവിവേകം അപകടം

BUSHEHR, IRAN - AUGUST 21: This handout image supplied by the IIPA (Iran International Photo Agency) shows a view of the reactor building at the Russian-built Bushehr nuclear power plant as the first fuel is loaded, on August 21, 2010 in Bushehr, southern Iran. The Russiian built and operated nuclear power station has taken 35 years to build due to a series of sanctions imposed by the United Nations. The move has satisfied International concerns that Iran were intending to produce a nuclear weapon, but the facility's uranium fuel will fall well below the enrichment level needed for weapons-grade uranium. The plant is likely to begin electrictity production in a month. (Photo by IIPA via Getty Images)

ഇറാനുമായി ആറു രാജ്യങ്ങളോടൊപ്പം അമേരിക്ക ഒപ്പുവെച്ച ആണവ കരാറുമായി മുന്നോട്ടുപോകാനാകില്ലെന്ന പുതിയ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമാണ് വഴിവെച്ചിരിക്കുന്നത്. അമേരിക്കയുടെ സഖ്യത്തിലുള്ളതെന്നു കരുതപ്പെടുന്ന രാജ്യങ്ങളൊക്കെ കരാറുമായി മുന്നോട്ടുപോകുമ്പോള്‍ മൂന്നുമാസത്തിലൊരിക്കല്‍ പുതുക്കേണ്ട കരാറില്‍ ഒപ്പുവെക്കില്ലെന്ന നിലപാടിലാണ് ട്രംപ് ഭരണകൂടം. ഇതിനെതിരെ ആഭ്യന്തര രംഗത്തുനിന്നുതന്നെ ട്രംപിനെതിരെ പ്രതിഷേധം ഉയര്‍ന്നുവരവെ, ഇറാന് കൂടുതല്‍ ആത്മവിശ്വാസം പകര്‍ന്നിരിക്കുന്ന റിപ്പോര്‍ട്ടാണ് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ.എ.ഇ. എ) കഴിഞ്ഞദിവസം പുറത്തുവിട്ടിരിക്കുന്നത്.
ഇറാനുമായി മുന്‍ പ്രസഡിണ്ട് ബറാക് ഒബാമ 2015 മേയില്‍ ഒപ്പുവെച്ച കരാര്‍ ഇപ്പോള്‍ രാജ്യത്തിന്റെ താല്‍പര്യത്തിന് നിരക്കുന്നതല്ലെന്നാണ് ട്രംപിന്റെ കണ്ടെത്തലും ന്യായവും. കഴിഞ്ഞ രണ്ടുതവണയാണ്-ഏപ്രിലിലും ജൂലൈയിലും – ട്രംപിന് കരാറില്‍ മനസ്സില്ലാമനസ്സോടെ ഒപ്പുവെക്കേണ്ടിവന്നത്. അധികാരമേറ്റെടുക്കുമ്പോള്‍ ‘അമേരിക്കയാണ് ആദ്യം’ എന്ന് പ്രതിജ്ഞ ചെയ്ത നേതാവാണ് സത്യാനന്തര കാലത്തെ പുതിയ അവതാരമായ ഡൊണാള്‍ഡ് ട്രംപ്. വെറുപ്പിന്റെ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ഈ ഭരണാധികാരിക്ക് അമേരിക്കയുടെ നാളിതുവരെയുള്ള മേനി പറച്ചിലും അപ്രമാദിത്വവും തന്നെയാണ് കൈമുതലെന്ന് സൂചിപ്പിക്കുന്ന നിരവധി സംഭവവികാസങ്ങളിലൊന്നാണ് ഇറാന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്. ആണവപദ്ധതിയെതുടര്‍ന്ന് ഇറാനെതിരെ മുന്‍ ഭരണകൂടം പ്രഖ്യാപിച്ചിരുന്ന ഉപരോധ നടപടികള്‍ 2015ലെ കരാറിനെതുടര്‍ന്നാണ് പിന്‍വലിക്കപ്പെട്ടത്.
പശ്ചിമേഷ്യയിലെ മികച്ച സൈനിക ശക്തിയാണ് ഇറാനെന്നത് തര്‍ക്കമറ്റ വസ്തുതയാണെന്നിരിക്കെ അവരുമായി മുന്‍ സര്‍ക്കാര്‍ ഒപ്പുവെച്ചതും പിന്തുടര്‍ന്നുവന്നതുമായ നയസമീപനം തുടരുന്നതില്‍ എന്തിനാണ് ട്രംപ് മിഥ്യാഭിമാനം കൊണ്ടുനടക്കുന്നത് എന്നാണ് ലോക സമൂഹം മൂക്കത്തുവിരല്‍ വെച്ച് ചോദിക്കുന്നത്. ഇറാന്റെ ആണവ പദ്ധതിയുമായി മുന്നോട്ടുപോകുന്നത് അമേരിക്കയുടെ സൈനിക താല്‍പര്യങ്ങളെ തൃപ്തിപ്പെടുത്തുന്നില്ലെന്ന് പറയുന്ന ട്രംപ് സ്വന്തം രാജ്യത്തെ മുന്‍ഭരണകൂടം ഈ താല്‍പര്യം കാത്തുസൂക്ഷിച്ചില്ലെന്നാണ് വ്യക്തമാക്കാന്‍ ശ്രമിക്കുന്നത്. ഒക്ടോബര്‍ ആറിന് സൈനിക മേധാവികളും ഭാര്യമാരും ചേര്‍ന്ന് പോസ് ചെയ്ത ഫോട്ടോക്കിടെ ‘കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തത’ ആണിപ്പോഴെന്ന് ട്രംപ് പറഞ്ഞത് ഒട്ടേറെ ഊഹാപോഹങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും വഴിവെച്ചിരുന്നു. അന്താരാഷ്ട്ര തലത്തില്‍ ചൈന പോലുള്ള വന്‍ ശക്തികളോട് പിണക്കമുണ്ടെങ്കിലും സൈനികമായ ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ നീങ്ങിയിട്ടില്ല. എന്നാല്‍ പശ്ചിമേഷ്യയില്‍ പ്രത്യേകിച്ചും സിറിയയുടെ കാര്യത്തില്‍ മറ്റൊരു വന്‍ ശക്തിയായ റഷ്യയുമായി അതല്ല സ്ഥിതി. വടക്കന്‍ കൊറിയന്‍ ഭരണാധികാരി പുറപ്പെടുവിക്കുന്ന അന്ത്യശാസനങ്ങളും സൈനിക സാഹസ നടപടികളും കുറച്ചൊന്നുമല്ല ട്രംപിനെയും അമേരിക്കയെയും അലോസരപ്പെടുത്തുന്നത്. ഇതിനിടെയാണ് ഇറാന്റെ നേരെ അധികാരമേറ്റെടുത്തതു മുതല്‍ ട്രംപ് പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്ന വാക് ശരങ്ങള്‍.
കലുഷിതമായ പശ്ചിമേഷ്യന്‍ സാഹചര്യത്തില്‍ ഇന്ന് അടിയന്തിരമായി പതിയേണ്ട ശ്രദ്ധയിലൊന്നാണ് സിറിയയിലെയും ഇറാഖിലെയും കൂട്ടക്കുരുതികളും ആഭ്യന്തര കലാപങ്ങളും. ഇതിനിടെ ഇറാനുമേല്‍ കൂടി സമ്മര്‍ദം ചെലുത്തി അവരെ വിറപ്പിച്ച് വരുതിയിലാക്കാന്‍ ശ്രമിക്കുന്നത് അവിവേകവും അതിസാഹസികതയുമായേ വിലയിരുത്തപ്പെടൂ. ഇറാന്‍ മേഖലയില്‍ ഭീകരവാദത്തെയും ഐ.എസിനെയും പിന്തുണക്കുകയും സഹായിക്കുകയും ചെയ്യുന്നുവെന്നാണ് ട്രംപ് പറയുന്ന വെറുപ്പിന്റെ ന്യായം. ‘ഇറാനെക്കുറിച്ച് നിങ്ങള്‍ വൈകാതെ കേള്‍ക്കും’ എന്നാണ് സൈനിക മേധാവികളുടെ യോഗത്തില്‍ ട്രംപ് നല്‍കിയ ഭീഷണില്‍ പൊതിഞ്ഞുള്ള താക്കീത്. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ സൗഹൃദ രാജ്യങ്ങള്‍ക്കുപുറമെ ട്രംപിന്റെ തന്നെ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മെക്മാസ്റ്റര്‍ തുടങ്ങിയവരും ട്രംപിന് അതിസാഹസികതയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. റഷ്യയും ചൈനയുമാണ് കരാറിലൊപ്പിട്ട മറ്റുരാജ്യങ്ങള്‍. ബ്രിട്ടനെ സംബന്ധിച്ച് അവരുടെ പ്രമുഖ അന്താരാഷ്ട്ര കമ്പനികളാണ് അമേരിക്കയിലും ഇറാനിലുമായി പ്രവര്‍ത്തിച്ചുവരുന്നത്. ഒരു യുദ്ധമുണ്ടായാല്‍ തങ്ങളെയാണ് ഏറ്റവുമധികം പ്രതികൂലമായി ബാധിക്കുകയെന്ന് അവര്‍ കണക്കുകൂട്ടുന്നു. പശ്ചിമേഷ്യയിലെ ഇസ്രാഈല്‍-അറബ് തര്‍ക്കവും യൂറോപ്പിന് മറ്റൊരു തലവേദനയാണ്. മുമ്പ് ഇറാഖിനുമേല്‍ കെട്ടിപ്പൊക്കിയ നുണക്കഥകള്‍ വിഴുങ്ങിയതുപോലെ ഇത്തവണ സാധ്യമല്ലെന്നാണ് യൂറോപ്യന്‍ സമൂഹം നല്‍കുന്ന മുന്നറിയിപ്പ്. അമേരിക്കയും ട്രംപും കരാറില്‍ നിന്ന്് പിന്മാറാനാണ് ഭാവമെങ്കില്‍ അത് ഇറാനെതിരായ സാമ്പത്തിക ഉപരോധങ്ങള്‍ക്കും പശ്ചിമേഷ്യയില്‍ മറ്റൊരു അസ്വസ്ഥതക്കും വഴിവെച്ചേക്കും. ഇറാനുമായി സഊദി പോലുള്ള രാജ്യങ്ങള്‍ക്ക് നയതന്ത്ര ബന്ധങ്ങളില്ലെങ്കിലും സിറിയയിലെയും തുര്‍ക്കിയിലെയും ഭരണകൂടങ്ങളുമായി നല്ല ബന്ധമാണുള്ളത്. അടുത്തിടെ ഖത്തറുമായും മികച്ച നയതന്ത്ര-വ്യാപാര ബന്ധം സ്ഥാപിക്കാന്‍ ഇറാനിലെ റൂഹാനി സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. മിസൈല്‍ നിര്‍മാണം മുതലായ സ്വയം രക്ഷക്കായുള്ള ആയുധപദ്ധതികളുമായി മുന്നോട്ടുപോകുമെന്നുതന്നെയാണ് ഞായറാഴ്ച പ്രസിഡണ്ട് ഹസ്സന്‍ റൂഹാനി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഇത് ലോക സമൂഹത്തോട് എന്നതിനേക്കാള്‍ ഡൊണാള്‍ഡ് ട്രംപിനോടുള്ള താക്കീതാണ്.
അന്താരാഷ്ട്ര ആണവ ഏജന്‍സി കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലും ഇറാന്‍ കരാര്‍ ലംഘിക്കുന്ന വിധത്തിലുള്ള യാതൊന്നും നടത്തിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇതും ട്രംപിനുള്ള തിരിച്ചടിയാണ്. പഴയതുപോലെ ഇറാനെ ഉപരോധത്തിന്റെ പേരില്‍ വരിഞ്ഞുമുറുക്കാനാവില്ലെന്നു തന്നെയാണ് ട്രംപ് തിരിച്ചറിയേണ്ടത്. യുനെസ്‌കോയില്‍ നിന്നും പാരിസ് ഉടമ്പടിയില്‍ നിന്നും മറ്റും അമേരിക്കയെ പിന്‍വലിക്കുന്ന ട്രംപ് പൗര സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വഴികാട്ടിയ ആ മഹത്തായ ഒരു രാജ്യത്തെയാണ് പിറകോട്ട് കൊണ്ടുപോകുന്നത്. തങ്ങളുടെ ഇച്ഛക്കൊത്ത് തുള്ളാത്തവരെയൊക്കെ കാലാകാലങ്ങളില്‍ വിരട്ടിയും പാട്ടിലാക്കിയും വേണ്ടിവന്നാല്‍ ആക്രമിച്ച് നിലപരിശാക്കുകയും ചെയ്യുന്ന സമീപനത്തില്‍ നിന്ന് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലെങ്കിലും അമേരിക്കന്‍ ഭരണകൂടം പിന്തിരിയുമെന്ന് തന്നെയാണ് ലോകം പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നത്. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ എല്ലാ അവിവേകമതികളായ ഭരണാധികാരികളെയും പോലെ ട്രംപും കാലത്തിന്റെ ചരിത്ര പുസ്തകത്തിലെ കറുത്ത ഏടായി ഒതുക്കപ്പെടും.

chandrika: