രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്‍ഷിക മേഖലയുടെ തളര്‍ച്ച ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ഭീതിതമായ ഭാവിയെയാണ് നിരന്തരം ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ അമ്പത്തെട്ടു ശതമാനം വരുമാനവും ഗാന്ധിജി വിഭാവനംചെയ്ത സ്വയം പര്യാപ്തമായ കാര്‍ഷിക ഗ്രാമീണ മേഖലയിലായിരിക്കെ അതിനെ പരിപോഷിപ്പിക്കുന്നതിന് പകരം സര്‍ക്കാരുകള്‍ കാട്ടുന്ന അമിതമായ നഗരവത്കരണ ത്വരയാണ് ഈ പ്രതിസന്ധിക്ക് കാരണം. നോട്ടു നിരോധനത്തിന്റെ ഏതാനും ദിവസത്തിന് ശേഷം 2016 നവംബര്‍ 16ന് കേന്ദ്ര പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എഴുതിത്തള്ളിയത് 63 വന്‍കിട കോര്‍പറേറ്റുകളുടെ 7016 കോടി രൂപയായിരുന്നു. ഇതേ സര്‍ക്കാരാണ് രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകരുടെ വായ്പകളുടെ പലിശയുടെ കാര്യത്തില്‍ ഇടപെടില്ലെന്ന നയം സ്വീകരിച്ചിരിക്കുന്നത് എന്നത് തികച്ചും വൈരുധ്യാത്മകമായിരിക്കുന്നു. കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലി നടത്തിയ പ്രസ്താവന നോക്കുക: കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്ന കാര്യത്തില്‍ സംസ്ഥാനങ്ങളെ സഹായിക്കാന്‍ കേന്ദ്രം ഒരുക്കമല്ല. സര്‍ക്കാരുകള്‍ക്ക് അവരവരുടെ ശേഷിയനുസരിച്ച് അത് ചെയ്യാം. പൊതുമേഖലാ ബാങ്ക് മേധാവികളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് മന്ത്രി ഇങ്ങനെ പറഞ്ഞത് എന്നതില്‍ പലതും ഒളിഞ്ഞുകിടപ്പുണ്ട്.
കഴിഞ്ഞ മാര്‍ച്ചില്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും ഇതേപ്രശ്‌നം ഉന്നയിച്ചതാണ്. പ്രധാനമന്ത്രിയെ കോണ്‍ഗ്രസ് നേതാക്കള്‍ ചെന്നുകണ്ട് അഭ്യര്‍ഥിച്ചിട്ടും ചെറുവിരലനക്കാന്‍ അദ്ദേഹം തയ്യാറായില്ല. മഹാരാഷ്ട്ര, മധ്യപ്രദേശ്, പഞ്ചാബ്, ഹരിയാന, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളാണ് ഇപ്പോള്‍ കര്‍ഷക രോഷത്തിന്റെ എരിതീയില്‍ പെട്ടുഴലുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ മെട്രോക്കും മറ്റും മുടക്കുന്ന കോടികളുടെ ചെറിയ പങ്ക് കാര്‍ഷിക മേഖലക്ക് വേണ്ടി നീക്കിവെച്ചാല്‍ മാത്രംമതി ഈ പ്രതിസന്ധി തല്‍കാലത്തേക്കെങ്കിലും പരിഹരിക്കാന്‍. ഫലമോ ഗ്രാമീണ യുവത സര്‍ക്കാരുകളുടെയും കോര്‍പറേറ്റുകളുടെയും കാടടച്ച നഗരക്കൊതിയുടെ പിന്നാലെ പായുന്നു. മധ്യപ്രദേശില്‍ ജൂണ്‍ ആറിനുണ്ടായ കര്‍ഷക പ്രക്ഷോഭത്തില്‍ കൊലചെയ്യപ്പെട്ടവരില്‍ പത്താംക്ലാസ് പാസായ യുവാവുമുണ്ടായിരുന്നു. സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാരിന് കര്‍ഷകരുടെ നേര്‍ക്ക് വെടിയുതിര്‍ക്കാന്‍ രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല എന്നത് ഞെട്ടിപ്പിക്കുന്നതാണ്. എ.ബി വാജ്‌പേയിയുടെ ‘തിളങ്ങുന്ന ഇന്ത്യ’യുടെ കാലത്ത് വിവിധ വടക്കേന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്ന് കൃഷി ഉപേക്ഷിച്ച് മുംബൈ, ഡല്‍ഹി പോലുള്ള വന്‍നഗരങ്ങളിലേക്ക് കുടിയേറിയ കര്‍ഷക കുടുംബങ്ങളുടെ സംഭവ കഥകള്‍ ഏറെ വായിച്ചറിഞ്ഞവരാണ് നമ്മള്‍. പതിനായിരക്കണക്കിന് കര്‍ഷകരാണ് മഹാരാഷ്ട്രയിലെ വിദര്‍ഭ ഗ്രാമത്തില്‍ മാത്രം ആത്മഹത്യയില്‍ അഭയം പ്രാപിച്ചത്.
കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് തുടര്‍ച്ചയായി ഉണ്ടായ വരള്‍ച്ചയുടെ കെടുതി അനുഭവിച്ചു തീര്‍ക്കുകയായിരുന്നു കര്‍ഷകര്‍. കഴിഞ്ഞ വര്‍ഷം രാജ്യത്ത് പൊതുവെ ലഭിച്ച മഴയാണ് ഇപ്പോഴത്തെ ഉത്പാദന വര്‍ധനവിനും വിലക്കുറവിനും ഇടയാക്കിയിരിക്കുന്നത്. ഇതിന്റെ സൂചനകള്‍ സവാളയുടെ വിലത്തകര്‍ച്ചയുടെ കാര്യത്തില്‍ ഏതാനും മാസം മുമ്പുതന്നെ സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പെട്ടിരുന്നെങ്കിലും ഇന്നും വേണ്ട നടപടി ഉണ്ടായിട്ടില്ല. മഹാരാഷ്ട്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 3500 കോടി രൂപയുടെ പാക്കേജാണ് പ്രതീക്ഷക്കു വകയുള്ളത്. മധ്യപ്രദേശില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാകട്ടെ കര്‍ഷകരെ കളിയാക്കുന്ന രീതിയില്‍ നിരാഹാരം അനുഷ്ഠിച്ചാണ് അവരുടെ ആവശ്യത്തിന് മറുപടി നല്‍കിയിരിക്കുന്നത്. പഞ്ചാബ് ഒഴികെയുള്ള സംസ്ഥാനങ്ങളെല്ലാം ബി.ജെ.പിയാണ് ഭരിക്കുന്നത് എന്നതിനാല്‍ ഇക്കാര്യത്തില്‍ കേന്ദ്രത്തിന് രാഷ്ട്രീയമായിത്തന്നെ ഇടപെട്ട് പരിഹാരം കാണാമെന്നിരിക്കെ പ്രശ്‌നത്തെ സംസ്ഥാനങ്ങളുടെ തലയില്‍വെച്ച് കൈയൊഴിയുന്നത് മാസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന ഗുജറാത്ത് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെയും രണ്ടു കൊല്ലത്തിനകം നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനെയും ബാധിക്കുമെന്ന് മുന്‍കൂട്ടി കാണാന്‍ കഴിയേണ്ടിയിരിക്കുന്നു. ഉത്തര്‍പ്രദേശില്‍ ആദിത്യനാഥ് സര്‍ക്കാര്‍ വാഗ്ദാനം പാലിച്ച് കാര്‍ഷികകടം എഴുതിത്തള്ളിയത് മാതൃകയാണ്. ഈ വര്‍ഷം ആറു ശതമാനം വളര്‍ച്ച പ്രതീക്ഷിച്ചിരുന്ന രാജ്യത്തെ കാര്‍ഷിക വളര്‍ച്ച 4.4 ലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. മോദി സര്‍ക്കാരിന്റെ ഇറക്കുമതി നയം കൂനിന്മേല്‍ കുരുവായി.
വര്‍ധിച്ചുവരുന്ന കടബാധ്യതയാണ് ഇന്ന് ഇന്ത്യന്‍ കര്‍ഷകനെ അലട്ടുന്നത്. കുറഞ്ഞ ജലസേചന സസൗകര്യം, മഴക്കുറവ്, വിലയില്ലായ്മ തുടങ്ങിയവയേക്കാള്‍ കര്‍ഷകന്‍ പ്രയാസപ്പെടുന്നത് ചെലവിന് ആനുപാതികമായി ഉത്പാദനം കൂട്ടാന്‍ കഴിയുന്നില്ല എന്നതാണ്. കേന്ദ്രം ഒരു സംഖ്യ താങ്ങുവില നല്‍കുകയും ബാക്കി സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കുകയും ചെയ്യുക എന്ന രീതി പ്രായോഗികമല്ലാതായിരിക്കുന്നു. കേരളംനെല്ലിന്റെ സംഭരണ വിലയില്‍ ഇരുന്നൂറിലധികം കോടി രൂപയാണ് കര്‍ഷകര്‍ക്ക് കൊടുത്തുതീര്‍ക്കാനുള്ളത്. സംഭരിച്ചയുടന്‍ വില നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ മുന്നണിയാണ് ഭരിക്കുന്നത് എന്നോര്‍ക്കണം. സത്യത്തില്‍ നരേന്ദ്ര മോദിയുടെ തലതിരിഞ്ഞ നോട്ടു നിരോധനമാണ് കര്‍ഷകന്റെ ദുരിതം ഇരട്ടിപ്പിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. 2015ല്‍ 7.1 ശതമാനമായിരുന്ന രാജ്യത്തിന്റെ ആഭ്യന്തര വരള്‍ച്ചാനിരക്ക് ഈ വര്‍ഷമാദ്യം 6.1 ശതമാനമായി കുറഞ്ഞത് മോദിയുടെ നയം മൂലമായിരുന്നുവെന്ന് ഇതിനകം വിലയിരുത്തിക്കഴിഞ്ഞിട്ടുണ്ട്. വിളയിറക്കുന്ന കാലത്താണ് നോട്ടു നിരോധനംമൂലം കര്‍ഷകന് പണത്തിന് നെട്ടോട്ടമോടേണ്ടിവന്നത്.
ലോകത്തെ ഏറ്റവും കൂടുതല്‍ യുവാക്കളുള്ള രാജ്യമെന്നനിലക്ക് (35 വയസ്സിനുതാഴെ 65 ശതമാനം) അപാരമായ ഈ ക്രയശേഷിയെ കാര്‍ഷിക മേഖലയിലേക്ക് തിരിച്ചുവിടുന്നതിന് സര്‍ക്കാരുകള്‍ക്ക് ഇപ്പോഴും പ്രത്യേക നയമൊന്നുമില്ല. കേന്ദ്രമാകട്ടെ കശാപ്പുനിരോധനം പോലുള്ള കൂടുതല്‍ കര്‍ഷകവിരുദ്ധമായ നിലപാടിലേക്ക് തിരിഞ്ഞിരിക്കുന്നു. ഭൂമിയെ തുണ്ടംതുണ്ടമാക്കുന്ന നടപടിയുടെ അശാസ്ത്രീയത തിരിച്ചറിഞ്ഞ് കൂടുതല്‍ പ്രായോഗികവും ഉത്പാദനക്ഷമവുമായ സംവിധാനത്തിലേക്ക് ശ്രദ്ധയൂന്നേണ്ടിയിരിക്കുന്നു. തൊഴിലുറപ്പു പദ്ധതികൊണ്ട് ഉത്പാദന മേഖലയില്‍ എന്തു നേടിയെന്നുകൂടി വിലയിരുത്തണം. ഇടനിലക്കാരെ ഒഴിവാക്കി ഉത്പന്നം വിറ്റഴിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഇപ്പോഴും കടലാസ് പദ്ധതികളായി മാത്രം നില്‍ക്കുന്നത് മാറ്റാന്‍ ആത്മാര്‍ഥമായ നീക്കം നടക്കണം. വിലക്കയറ്റത്തെപോലെ തന്നെ വിലക്കുറവിലും ശ്രദ്ധപതിയുകയും ജനങ്ങളുടെ വാങ്ങല്‍ശേഷി വര്‍ധിപ്പിക്കുകയും വേണം. വ്യവസായികളുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും സാമാജികരുടെയും വരുമാനത്തിലുള്ള താല്‍പര്യമെങ്കിലും സര്‍ക്കാരുകള്‍ അന്നംതരുന്നവരോട് കാട്ടണം.
- 8 years ago
chandrika
Categories:
Video Stories
അന്നം തരുന്നവര്‍ ഓര്‍മിപ്പിക്കുന്നത്
Tags: editorial
Related Post