X

ഐ.വി ശശി: മലയാളത്തിന്റെ നഷ്ടം

മലയാള ചലച്ചിത്ര രംഗത്തിന് വേറിട്ട ദിശാബോധം നല്‍കിയ അതുല്യ സര്‍ഗപ്രതിഭയെയാണ് ഐ.വി ശശിയുടെ വിയോഗത്തിലൂടെ അന്യമായിരിക്കുന്നത്. ജനപ്രിയ രീതിയില്‍ സാമൂഹിക വിഷയങ്ങളെ വെള്ളിത്തിരയിലേക്ക് കൈപിടിച്ചുകൊണ്ടുവന്ന ഇരുപ്പംവീട് ശശി എന്ന കോഴിക്കോട്ടുകാരനെ മലയാള സിനിമാസ്വാദകര്‍ക്കും പ്രവര്‍ത്തകര്‍ക്കും മാത്രമല്ല സാഹിത്യകലാ ലോകത്തിനാകെത്തന്നെയും മറക്കാനാവില്ല. ശരാശരിക്ക് മുകളിലുള്ള കലയും സാഹിത്യവും മാത്രമായി ഒതുങ്ങിക്കൂടിയ മലയാള സിനിമയെ വാണിജ്യരംഗത്തേക്കു പിടിച്ചുകെട്ടുമ്പോള്‍ തന്നെ സിനിമ എന്ന ജനപ്രിയ മാധ്യമത്തെ സാധാരണക്കാരിലേക്കും അവരുടെ നീറുന്ന പ്രശ്‌നങ്ങളിലേക്കും ആവാഹിക്കാന്‍കൂടി ശശിയുടെ വരവോടെ സാധ്യമായി. എഴുപതുകളില്‍ കോഴിക്കോട് കേന്ദ്രീകരിച്ച് ഉണ്ടായിരുന്ന സാഹിത്യ സാംസ്‌കാരിക കൂട്ടായ്മയുടെ ഉല്‍പന്നമായിരുന്നു ഐ.വി ശശി. ചില നടന്മാരില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന മലയാള സിനിമയെ സംവിധായകനിലേക്ക് ഇളക്കി പ്രതിഷ്ഠിച്ച കലാകാരനായിരുന്നു ഇദ്ദേഹം. സൂപ്പര്‍ താരങ്ങളുടേതിനേക്കാള്‍ ഐ.വി ശശിയുടെ സിനിമ എന്ന നിലക്കാണ് മലയാളസിനിമ എഴുപതുകള്‍ മുതലുള്ള മൂന്നു പതിറ്റാണ്ടോളം അറിയപ്പെട്ടത്. ചലച്ചിത്ര നിര്‍മാണ രംഗത്തും അദ്ദേഹം തന്റെ കയ്യൊപ്പ് ചാര്‍ത്തി.
പഠനകാലത്തുതന്നെ സാഹിത്യ കലാരംഗത്തോടുള്ള അഭിനിവേശം മൂത്താണ് ചെന്നൈയിലേക്ക് വണ്ടികയറി മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്ന് ചിത്രകലയില്‍ ഡിപ്ലോമ നേടിയത്. ചന്ദ്രിക പത്രാധിപരായിരുന്ന സി.എച്ചുമായും പ്രഥമപത്രാധിപര്‍ പി.എ മുഹമ്മദ്‌കോയയുമായും അടുത്തബന്ധം പുലര്‍ത്തിയ ശശിയുടെ കഥ, കവിതാരചനകളധികവും വെളിച്ചം കണ്ടത് ചന്ദ്രികയിലൂടെയായിരുന്നു. ആലപ്പി ശരീഫുമായുള്ള അടുപ്പം ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ അദ്ദേഹത്തിന്റെ കഥകള്‍ക്ക് ചിത്രം വരക്കുന്നതിലേക്കും പിന്നീട് സിനിമാമേഖലയിലേക്കും ചേക്കേറുന്നതിന് കാരണഭൂതമായി. വൈക്കം മുഹമ്മദ്ബഷീര്‍, എം.ടി മുതലായ സാഹിത്യപുംഗവന്മാരോട് അടുത്തുനിന്ന് വെള്ളിത്തിരയുടെ മായിക ലോകത്തേക്ക് പിച്ചവെച്ച ശശി തന്റേതായ ഇടം മലയാള സിനിമയില്‍ നേടിയെടുത്തത് കഠിനപ്രയത്‌നവും ഉടവുതട്ടാത്ത അറിവും ആത്മാര്‍ത്ഥമായ കലാസപര്യയും കൊണ്ടായിരുന്നു. പരന്ന വായനയായിരുന്നു അദ്ദേഹത്തിന്റെ കലാലോകത്തെ കൈമുതല്‍. കഥാകൃത്ത് ടി. ദാമോദരനുമൊത്താണ് അദ്ദേഹം അധികം സിനിമകളും ചെയ്തത്. 1968ല്‍ കളിയല്ല കല്യാണം എന്ന സിനിമയില്‍ കലാസംവിധായകനായി തുടങ്ങിയ ആ കലായാനം പിന്നീട് മലയാളിയുടെ മനോമുകുരങ്ങളെ കോരിത്തരിപ്പിച്ച നൂറ്റമ്പതോളം സിനിമകളിലേക്ക് വര്‍ണതിരശ്ശീല കണക്കെ ഉയര്‍ന്നുപൊങ്ങി. ആര്‍ട്, വാണിജ്യം എന്നീ സിനിമാവേര്‍തിരിവുകളെ തൃണവല്‍ഗണിക്കുന്നതായിരുന്നു ആരൂഢം, ദേവാസുരം പോലുള്ള ശശിയുടെ കലാകയ്യൊപ്പ് പതിഞ്ഞ സിനിമകള്‍. നിരവധി ദേശീയസംസ്ഥാന ബഹുമതികള്‍ തേടിയെത്തി. എന്നിട്ടും മലയാളി ഈ കലാകാരന് അര്‍ഹമായ അംഗീകാരം നല്‍കിയില്ല എന്ന പരാതി നിലനില്‍ക്കുന്നു. ജീവിതസായാഹ്നത്തില്‍ ഒരു സിനിമ കൂടി എടുക്കണമെന്ന മോഹം സാക്ഷാല്‍കരിക്കപ്പെടാതെയാണ് വിടവാങ്ങേണ്ടിവന്നിരിക്കുന്നത് എന്നത് ഒരിക്കലും അടങ്ങാത്ത അര്‍പ്പിതമനസ്സിനെയാണ് പ്രതിഫലിപ്പിക്കുന്നത്. മലയാള സിനിമയുടെ അപചയത്തെക്കുറിച്ച് വേവലാതിപ്പെടുന്ന ഇക്കാലത്ത് ഐ.വി ശശി എന്ന സകലകലാവല്ലഭന്റെ അനുപമമായ രീതിയും സംഭാവനകളും വെള്ളിത്തിരയിലെന്ന പോലെ തേജസ്സുറ്റതാകുന്നു.

chandrika: