X

ഗുജറാത്തില്‍ മഹാസഖ്യം രൂപപ്പെടണം

നിരപരാധികളുടെ കണ്ണീരിനു മുകളില്‍ സ്ഥാപിച്ചെടുത്ത ഗുജറാത്തിലെ ഭരണം ബി.ജെ.പിക്ക് നഷ്ടപ്പെടാന്‍ പോകുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. സംസ്ഥാനത്തു നിന്നും ബി.ജെ.പിയെ കെട്ടുകെട്ടിക്കാനുള്ള നീക്കങ്ങളാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടന്നുവരുന്നത്. അടുത്ത ജനുവരിയില്‍ കാലാവധി തീരുന്ന നിയമസഭയിലേക്ക് ഈ വര്‍ഷം അവസാനത്തോടെ തെരഞ്ഞെടുപ്പ് നടക്കും. ഹിമാചല്‍ പ്രദേശിനൊപ്പമായിരുന്നു ഗുജറാത്തിലെയും തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കാറ് പതിവ്. എന്നാല്‍ ഇത്തവണ ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാറ്റിവച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഏറെ വിവാദമായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ ആനുകൂല്യം മുതലെടുത്ത് ബി.ജെ.പി സര്‍ക്കാര്‍ ഇപ്പോള്‍ വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്.
ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വിശാല സഖ്യത്തിനായി ശ്രമിക്കുന്ന കോണ്‍ഗ്രസിന്റെ നീക്കം രാജ്യത്തെ മതേതര വിശ്വാസികള്‍ വളരെ ആശ്വാസത്തോടെയാണ് വീക്ഷിക്കുന്നത്. റിബല്‍ ജെ.ഡി-യു നേതാവും എം.എല്‍.എയുമായ ചോട്ടുഭായി വാസവയുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ കഴിഞ്ഞ ദിവസം ചര്‍ച്ചതുടങ്ങിവെച്ചിട്ടുണ്ട്. ബി.ജെ.പി വിരുദ്ധ നിലപാട് സ്വീകരിച്ച പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേല്‍, ദലിത് നേതാവ് ജിഗ്‌നേഷ് മേവാനി, ഒ.ബി.സി നേതാവ് അല്‍പേഷ് താക്കൂര്‍ എന്നിവരെ കൂടി ബി.ജെ.പിക്കെതിരായ വിശാല സഖ്യത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ഈ നീക്കം വിജയിക്കുന്നപക്ഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തട്ടകം ബി.ജെ.പിക്ക് കടുത്ത വേദനയായിരിക്കും അടുത്ത തെരഞ്ഞെടുപ്പില്‍ സമ്മാനിക്കുക. അഞ്ചുതവണ എം.എല്‍.എ ആയ വാസവ സംസ്ഥാനത്തെ പ്രധാനപ്പെട്ട ഗോത്രവര്‍ഗ നേതാവു കൂടിയാണ്. ബിഹാറില്‍ ആര്‍.ജെ.ഡി- കോണ്‍ഗ്രസ് സഖ്യമുപേക്ഷിച്ച് നിതീഷ് കുമാര്‍ എന്‍.ഡി.എക്കൊപ്പം പോയതില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയില്‍ നിന്നു വിട്ടുനില്‍ക്കുന്ന ശരത് യാദവ് പക്ഷത്തിനൊപ്പമാണ് ഇപ്പോള്‍ വാസവ. ശരത് യാദവ് പക്ഷം ഈയിടെ വാസവയെ തങ്ങളുടെ പാര്‍ട്ടിയുടെ വര്‍ക്കിങ് പ്രസിഡന്റായി തെരഞ്ഞെടുത്തിരുന്നു. ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വാസവയുടെ നിര്‍ണായക വോട്ടിലാണ് അഹമ്മദ് പട്ടേല്‍ ഇത്തവണ രാജ്യസഭയിലേക്ക് വിജയിച്ചത്.
ഗുജറാത്ത് തെരഞ്ഞെടുപ്പിലെ ജാതി വോട്ട് കണക്കു കൂട്ടലുകളെ തകിടം മറിക്കാന്‍ കരുക്കള്‍ നീക്കുന്നവരാണ് ജിഗ്‌നേഷ് മേവാനി, അല്‍പേഷ് ടാക്കൂര്‍, ഹാര്‍ദിക്ക് പട്ടേല്‍ എന്നീ നേതാക്കള്‍. ഇവര്‍ മൂന്നു പേരുടെയും നേതൃത്വത്തിലുള്ള മുന്നേറ്റങ്ങളാണ് ബി.ജെ.പി നടപ്പിലാക്കുന്ന ജാതി സമവാക്യങ്ങളെ വെല്ലുവിളിക്കുന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നാണ് മൂന്ന് നേതാക്കളുടെയും നിലവിലെ പ്രതികരണം. സംസ്ഥാനത്തെ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ പല സാഹചര്യങ്ങളിലും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുള്ളതിനാല്‍ ബി.ജെ.പിക്ക് കനത്ത വെല്ലുവിളിയായിരിക്കും ഇവര്‍ ഉയര്‍ത്തുക.
2016 ജൂലൈയിലെ ഉന ദലിത് സമരത്തിലൂടെ ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച രാഷ്ട്രീയ ദലിത് അധികാര്‍ മഞ്ച് കണ്‍വീനറാണ് മേവാനി. ഒ.ബി.സി വിഭാഗക്കാരുടെ അവകാശ സംരക്ഷണത്തിന് നേതൃത്വം നല്‍കുന്ന ക്ഷത്രിയ ടാക്കൂര്‍ സേന കണ്‍വീനറാണ് അല്‍പേഷ് ടാക്കൂര്‍. 2015 പകുതി മുതല്‍ ഗുജറാത്തിലെ ശക്തമായ വിഭാഗമായ പട്ടിദാര്‍ സമുദായം തങ്ങള്‍ക്ക് വിദ്യാഭ്യാസത്തിലും സര്‍ക്കാര്‍ തൊഴില്‍ മേഖലയിലും സംവരണം വേണമെന്ന ആവശ്യം ഉന്നയിച്ച് പ്രക്ഷോഭത്തിലാണ്. ഇതിന് നേതൃത്വം നല്‍കുന്ന പട്ടേല്‍ അനാമത് ആന്തോളന്‍ സമിതി കണ്‍വീനറാണ് ഹാര്‍ദിക്ക് പട്ടേല്‍. കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടെ പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ കൂടാതെ ഉയര്‍ന്നുവന്ന് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ചവരാണ് മൂന്നുപേരും. ഇവര്‍ ഒരുമിച്ചാല്‍ രണ്ട് പതിറ്റാണ്ടായി ബി.ജെ.പി തുടരുന്ന ജാതി സമവാക്യങ്ങള്‍ തകരുമെന്നതായിരിക്കും ഫലം. മൂവരും പ്രതിനിധാനം ചെയ്യുന്ന വിഭാഗങ്ങള്‍ ഗുജാറാത്തിലെ മൊത്തം ജനസംഖ്യയുടെ 76 ശതമാനം വരും. അതിനാല്‍ 182 നിയമസഭ സീറ്റുകളില്‍ ഭൂരിഭാഗത്തിന്റെയും ജയപരാജയം നിര്‍ണ്ണയിക്കാന്‍ ഇവര്‍ക്ക് സാധിച്ചേക്കും. ഈ സാഹചര്യം മുതലെടുക്കാന്‍ കോണ്‍ഗ്രസിനായാല്‍ മോദിയുടെ പതനത്തിന്റെ തുടക്കം അവിടെ കുറിക്കപ്പെടും.
ഗുജറാത്തില്‍ ബി.ജെ.പി പരാജയപ്പെട്ടാല്‍ തുടര്‍ന്നുവരാനിരിക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തിസ്ഗഡ് സംസ്ഥാനങ്ങളിലെ ബി.ജെ.പിയുടെ കോട്ടകള്‍ തകരുന്നതായിരിക്കും ഫലം. അത് ബി.ജെ.പിക്ക് വലിയ ദുരന്തമായിരിക്കും വരുത്തിവെക്കുക. ബി.ജെ.പി അധികാരത്തിലുള്ള ഈ സംസ്ഥാനങ്ങളിലെല്ലാം അവര്‍ സ്വാഭാവികമായും ഭരണവിരുദ്ധ വികാരം നേരിടുന്നുണ്ട്. ഇതല്ലൊം സംഭവിച്ചാല്‍ അല്ലെങ്കില്‍ ഭാഗികമായെങ്കിലും യാഥാര്‍ത്ഥ്യമായാല്‍ പിന്നെ, 2019ല്‍ മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പിക്ക് വിജയം ഉറപ്പിക്കാനാവില്ല. ഗുജറാത്തില്‍ ബി.ജെ.പി പരാജയപ്പെട്ടാല്‍ അത് മോദിക്ക് എന്നും കളങ്കമായി നിലകൊള്ളും. ബി.ജെ.പിയില്‍ അടിച്ചമര്‍ത്തിയ പ്രതിസ്വരങ്ങളുടെ അണകള്‍ പൊട്ടി ഒഴുകും. മോദിയെ വെല്ലുവിളിക്കാന്‍ പാര്‍ട്ടിയില്‍ ആരുമില്ലെന്ന ധാരണ തകിടം മറിയും. യശ്വന്ത് സിന്‍ഹമാര്‍ കൂടുതല്‍ ശക്തിയോടെ തലപൊക്കും. മോദി-ഷാ കൂട്ടുകെട്ടിന്റെ ധാര്‍ഷ്ട്യം നിറഞ്ഞ പ്രവര്‍ത്തനരീതികള്‍ക്കെതിരെ പരക്കെയുള്ള നീരസം പൊതുസമൂഹത്തിനിടയില്‍ വെളിപ്പെടും.
ഗുജറാത്തില്‍ ഇപ്പോള്‍ കാര്യങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമാണ്. 2015 ഡിസംമ്പറില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 31 ജില്ലാപഞ്ചായത്തുകളില്‍ 23 ഉം കോണ്‍ഗ്രസാണ് നേടിയത്. 193 താലൂക്ക് പഞ്ചായത്തുകളില്‍ 113 ലും കോണ്‍ഗ്രസ് വിജയിച്ചിരുന്നു. ഇപ്പോള്‍, ഏറെ അനുകൂലമായ മാധ്യമ കവറേജ് ഉണ്ടായിട്ടും വളരെ കുറച്ചു ജനക്കൂട്ടമേ ബി.ജെ.പിയുടെ യോഗങ്ങളെ ആകര്‍ഷിക്കുന്നുള്ളൂ. നയിക്കാന്‍ നേതാവില്ലാത്ത സൈന്യമാണ് നിലവില്‍ ഗുജറാത്തിലെ ബി.ജെ.പി. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയില്‍ പോലും വേണ്ടത്ര ആളുകളുണ്ടായിരുന്നില്ല. പത്തു ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് പറഞ്ഞ പരിപാടിയില്‍ പതിനായിരം പേര്‍ പോലും പങ്കെടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സൂറത്തിലുള്‍പെടെയുള്ള സ്ഥലങ്ങളില്‍ രാഹുല്‍ ഗാന്ധി എത്തിയപ്പോഴുണ്ടായ ജനക്കൂട്ടം ബി.ജെ.പിയെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. സോഷ്യല്‍ മീഡിയകളിലും രാഹുലിനിപ്പോള്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. വരാനിരിക്കുന്നത് രാഹുലിന്റെയും കോണ്‍ഗ്രസിന്റെയും നാളുകളാണെന്ന സൂചനയാണ് ഇവയെല്ലാം നല്‍കുന്നത്.
ഗുജറാത്തില്‍ താമര വാടിയാല്‍ അത് രാജ്യമൊന്നാകെ കൊഴിഞ്ഞുവീഴും. രാജ്യത്തെ പിടികൂടിയ സംഘ്പരിവാര്‍ ഫാസിസം ഇല്ലാതാക്കാന്‍ കോണ്‍ഗ്രസിന്റെ കൈകള്‍ക്ക് കരുത്തുപകരാന്‍ മതേതര വിശ്വാസികള്‍ ഒന്നിക്കുകയേ തരമുള്ളൂ. നല്ല നാളുകള്‍ക്ക് ഗുജറാത്തില്‍ നിന്നു തന്നെ തുടക്കമാകുമെന്ന് പ്രതീക്ഷിക്കാം.

chandrika: