X

വിവരാവകാശത്തോട് മുഖം തിരിക്കുന്ന സര്‍ക്കാര്‍

പൗരാവകാശങ്ങളുടെ വിഷയത്തില്‍ പ്രത്യേകതാല്‍പര്യം കാട്ടുന്നവരെന്നാണ് ഇടതുപക്ഷക്കാരുടെയും വിശിഷ്യാ കമ്യൂണിസ്റ്റുകളുടെയും അവകാശവാദം. എന്നാല്‍ ഏട്ടിലെ വാചകക്കസര്‍ത്തുകള്‍ക്കപ്പുറം പ്രായോഗികതലത്തില്‍ ഇതിന്റെ നൂറ്റെണ്‍പത് ഡിഗ്രി ചെരിഞ്ഞ നടപടികളുമാണ് അവരുടെ ഭരണത്തിന്‍കീഴില്‍ ജനങ്ങള്‍ക്ക് അനുഭവപ്പെടാറുള്ളതെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. ഇത്തരമൊരു സംഭവവികാസമാണ് ടീംസോളാര്‍ അഴിമതിയുമായി ബന്ധപ്പെട്ട് ഇടതുപക്ഷഭരണകൂടം സ്വീകരിച്ചിരിക്കുന്ന നിലപാടുവഴി സംസ്ഥാനത്ത് ഉരുത്തിരിഞ്ഞിരിക്കുന്നത്. 2013ല്‍ ആരംഭിച്ച് 47 മാസം നീണ്ട തെളിവെടുപ്പിനും അന്വേഷണത്തിനുമൊടുവില്‍ ഇക്കഴിഞ്ഞ സെപ്തംബര്‍ 26നാണ് ജസ്റ്റിസ് ശിവാരജന്‍കമ്മീഷന്‍ എണ്ണായിരംപേജുവരുന്ന സോളാര്‍ അന്വേഷണറിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായിവിജയനെ നേരിട്ടേല്‍പിച്ചത്. എന്നാല്‍ റിപ്പോര്‍ട്ടിന്മേല്‍ പതിനഞ്ചുദിവസം മൗനംപാലിച്ച സര്‍ക്കാര്‍ വേങ്ങരനിയമസഭാഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പുദിവസമായ ഒക്ടോബര്‍പതിനൊന്നിന് മന്ത്രിസഭായോഗത്തിനുശേഷം റിപ്പോര്‍ട്ടിന്മേല്‍ ചില നിയമനടപടികള്‍ സ്വീകരിക്കുന്നുവെന്ന് വ്യക്തമാക്കുകയായിരുന്നു . മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ മൂന്നുമന്ത്രിസഭാംഗങ്ങളും രാഷ്ട്രീയനേതാക്കളും പൊലീസുദ്യോഗസ്ഥരുമടക്കം 22 പേര്‍ക്കെതിരെ ക്രിമിനല്‍, സിവില്‍ നിയമനടപടികള്‍ സ്വീകരിക്കുന്നുവെന്നാണ് മുഖ്യമന്ത്രി വാര്‍ത്താലേഖകരോട് വെളിപ്പെടുത്തിയത്. എന്നാല്‍ തങ്ങള്‍ക്കെതിരായ പരാതികളെക്കുറിച്ച് പ്രതികള്‍ക്ക് ന്യായമായും ലഭിക്കേണ്ട വിവരങ്ങള്‍ ഇപ്പോഴും സര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുന്നുവെന്നത് ഈ സര്‍ക്കാരിന്റെ രാഷ്ട്രീയദുഷ്ടലാക്കിനെയും നിയമത്തിലെ അജ്ഞതയെയും പൗരാവകാശങ്ങളോടുള്ള നിഷേധാത്മകനയത്തെയുമാണ് വെളിച്ചത്തുകൊണ്ടുവന്നിരിക്കുന്നത്.
ഏതൊരു പ്രതിക്കും സാമാന്യമായി ലഭ്യമാകേണ്ടതാണ് അവര്‍ക്കെതിരെയുള്ള പരാതിസംബന്ധിച്ച വിശദാംശങ്ങള്‍. ക്രിമിനല്‍ നിയമസംവിധാനത്തിന്റെ അടിസ്ഥാനശിലയാണിത്. പൊലീസ് സ്റ്റേഷനുകളില്‍ പ്രഥമവിവരപ്രസ്താവന തയ്യാറാക്കിയയുടന്‍ അത് പ്രതിക്ക് ലഭ്യമാക്കണമെന്നത് സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശമാണ്. എന്നാല്‍ മുന്‍മുഖ്യമന്ത്രിക്കെതിരായ അന്വേഷണത്തിന് ആധാരമെന്ന് സര്‍ക്കാര്‍ പറയുന്ന സോളാര്‍ അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ട് വെളിച്ചത്തുവിടാന്‍ സര്‍ക്കാര്‍ ഇനിയും തയ്യാറാകാത്തത് പൗരാവകാശനിഷേധമല്ലാതെന്താണ്. കൈക്കൂലി, മാനഭംഗം തുടങ്ങിയ കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ തെളിഞ്ഞെന്നും അതിനുവേണ്ടി വീണ്ടുമൊരന്വേഷണം നടത്തുമെന്നുമാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ ജുഡീഷ്യല്‍ റിപ്പോര്‍ട്ടിനായി മുന്‍ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്‍കിയ നിബന്ധനകളും വ്യവസ്ഥകളുമായി ബന്ധപ്പെട്ട കമ്മീഷന്റെ വിലയിരുത്തലിലാണോ കുറ്റം കണ്ടെത്തിയതും അന്വേഷണത്തിന് ശുപാര്‍ശ ചെയ്തതുമെന്ന് ഇനിയും ജനത്തിന് വ്യക്തമായിട്ടില്ല. കമ്മീഷന്റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിക്കും വിവരാവകാശകമ്മീഷണര്‍ക്കും കത്ത് നല്‍കിയിട്ട് ദിവസങ്ങളായിട്ടും നിയമപരമായിതന്നെ നല്‍കാന്‍ ബാധ്യസ്ഥമായ സര്‍ക്കാര്‍ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചിരിക്കുന്നത് വലിയ നിയമപ്രശ്‌നങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.
പരാതിക്കാര്‍ക്കും ആരോപിതര്‍ക്കും മാത്രമല്ല ഏതൊരു ഇന്ത്യന്‍ പൗരനും ഒരു കടലാസ് നല്‍കിയാല്‍ മുപ്പതുദിവസത്തിനകം സര്‍ക്കാര്‍ രേഖകള്‍ കൈമാറണമെന്നാണ് 2005ലെ വിവരാവകാശനിയമം അനുശാസിക്കുന്നത്. രാജ്യസുരക്ഷയെയും ഔദ്യോഗികഅന്വേഷണത്തെയും ബാധിക്കുന്ന വിവരങ്ങള്‍ ഒഴികെയുള്ള സര്‍ക്കാര്‍ രേഖകളുടെ പകര്‍പ്പ് പൗരന് നല്‍കാന്‍ സര്‍ക്കാരിനെ നിയമം അനുശാസിക്കുന്നു. ജനാധിപത്യസംവിധാനത്തെ പുഷ്ടിപ്പെടുത്തുന്ന ലോകത്തെ രണ്ടാമത്തെ വലിയ നിയമമാണിത്. തങ്ങള്‍ പിന്താങ്ങിയപ്പോഴെന്നുപറഞ്ഞാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ കാലത്ത് പ്രസ്തുത നിയമം പാസാക്കിയതും അതില്‍ മേനിനടിക്കുന്നതും. എന്നാല്‍ അതേ സി.പി.എം നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തന്നെയാണ് വിവരാവകാശനിയമത്തെ അട്ടിമറിക്കുന്നതും ആക്ഷേപിക്കുന്നതുമായ നടപടി സ്വീകരിച്ചിരിക്കുന്നത്.
കേരളത്തില്‍ പ്രഥമ ഇ.എം.എസ് മന്ത്രിസഭയുടെ ആന്ധ്ര അരികുംഭകോണം മുതല്‍ കോഴിക്കോട്ടെ മാറാട് കൂട്ടക്കൊലവരെയുള്ള 134 ഓളം കേസുകളില്‍ ജുഡീഷ്യല്‍ അന്വേഷണം നടന്നിട്ടുണ്ടെങ്കിലും ഇന്നുവരെ അവയിലൊന്നിലും ഒരു തുടര്‍നടപടിയും ഒരു സര്‍ക്കാരും സ്വീകരിച്ചിരുന്നില്ല. റിപ്പോര്‍ട്ട് പോലും പലപ്പോഴും ഏറെ നിയമപോരാട്ടങ്ങള്‍ക്ക് ഒടുവിലാണ് പൊതുസമൂഹത്തിന് ലഭ്യമായിട്ടുള്ളതും. എന്നാല്‍ രാഷ്ട്രീയമായ ഗൂഢലക്ഷ്യങ്ങള്‍ വെച്ചുകൊണ്ട് മുന്‍മുഖ്യമന്ത്രിക്കെതിരെ വരെ ഒരു തട്ടിപ്പുകാരിയുടെ പരാതിയിന്മേല്‍ അന്വേഷണവും അറസ്റ്റും നടത്താന്‍ പോകുന്നുവെന്ന് വരുന്നത് ശുദ്ധമണ്ടത്തരമായേ ഗണിക്കാനാകൂ.
സോളാര്‍ റിപ്പോര്‍ട്ട് അനുസരിച്ച് മുന്‍അന്വേഷണസംഘം പ്രതികളെ സഹായിച്ചുവെന്നുകാട്ടി ഡി.ജി.പി ഹേമചന്ദ്രന്‍. എസ്.പിമാര്‍ എന്നിവര്‍ക്കെതിരെയും നടപടി സ്വീകരിച്ചിരിക്കുകയാണ്. എന്നാല്‍ താനാണ് അന്വേഷണോദ്യോഗസ്ഥരെ നിശ്ചയിച്ചതെന്നും അവര്‍ക്കെതിരെ നടപടി വേണ്ടെന്നുമാണ് ഹേമചന്ദ്രന്‍ ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും നല്‍കിയ കത്തുകളില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമപരമായി ആദ്യം പരസ്യപ്പെടുത്തേണ്ടത് സംസ്ഥാനനിയമസഭയിലാണെന്നാണ് സര്‍ക്കാരിന്റെ വാദം. അത് ആറുമാസത്തിനകം ചെയ്യുമെന്നാണ് സര്‍ക്കാര്‍ പറയുന്ന ഔദാര്യം. എന്നാല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചയുടന്‍ അത് ഔദ്യോഗികരേഖയായെന്നും ആയത് പൗരന്‍ ആവശ്യപ്പെട്ടാല്‍ ജീവനെയും സ്വാതന്ത്ര്യത്തെയും ബാധിക്കുന്നവയെങ്കില്‍ നാല്‍പത്തെട്ടുമണിക്കൂറിനകം കൈമാറണമെന്നുമാണ് രാജ്യസഭാഡെപ്യൂട്ടി സ്പീക്കര്‍ പി.ജെ കുര്യനും വിവരാവകാശപ്രവര്‍ത്തകന്‍ അഡ്വ. ഡി.ബി ബിനുവും പൗരാവകാശപ്രവര്‍ത്തകരുമൊക്കെ ചൂണ്ടിക്കാട്ടുന്നത്. അധികാരത്തിലെത്തി ഒന്നരകൊല്ലം കൊണ്ടുതന്നെ സുപ്രീംകോടതിയുടേതടക്കം നിരവധി കേസുകളില്‍ പിണറായി സര്‍ക്കാരിന് കനത്ത പ്രഹരങ്ങളാണ് ഏല്‍ക്കേണ്ടിവന്നിട്ടുള്ളത്. മുന്‍ഡി.ജി.പി സെന്‍കുമാറിന്റെയും വിജിലന്‍സ് സംവിധാനത്തിന്റെയും രാഷ്ട്രീയ-കാമ്പസ് കൊലപാതകങ്ങളുടെയുമൊക്കെ പേരില്‍ കോടതികളില്‍ നിന്ന് സര്‍ക്കാര്‍ വാങ്ങിയ ശിക്ഷാ, താക്കീതുകള്‍ക്ക് പഞ്ഞമില്ല. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വാര്‍ത്താലേഖകര്‍ക്ക് കൈമാറാനാവില്ലെന്ന് പ്രഖ്യാപിച്ച സര്‍ക്കാരാണിത്. സംസ്ഥാനവിവരാവകാശകമ്മീഷന് ഇക്കാര്യത്തില്‍ നേരിട്ട് ഇടപെടേണ്ടിവന്നു. ഇക്കാര്യത്തില്‍ കമ്മീഷനെ നിരായുധരാക്കുന്ന നടപടിയാണ് നിയമമന്ത്രിയടക്കമുളളവര്‍ പരസ്യമായി ചെയ്തുവരുന്നത്. കേരളത്തെ നാണക്കേടിലാക്കിയ സോളാര്‍ കേസിനെ പ്രതിപക്ഷത്തിനെതിരായും അനിഷ്ടരായ ഉദ്യോഗസ്ഥര്‍ക്കെതിരെയുമുള്ള ആയുധമായി ഉപയോഗപ്പെടുത്തുന്ന പിണറായിസര്‍ക്കാറിന് മടിയില്‍ കനമില്ലെങ്കില്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നതിലെന്താണിത്ര വൈമുഖ്യം.

chandrika: