X

രാജ്യസ്‌നേഹിയുടെ കുമ്പസാരം

രാജ്യദ്രോഹം. ഇപ്പഴെങ്കിലും സംസാരിച്ചില്ലെങ്കില്‍ രാജ്യദ്രോഹമാകുമെന്നാണ്, ലോകത്തെ മുച്ചൂടും ബാധിച്ച സാമ്പത്തിക മാന്ദ്യ കാലത്തു പോലും തലയുയര്‍ത്തി നിന്ന ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ മന്ദബുദ്ധിത്തരവും കെടുകാര്യസ്ഥതയും കൊണ്ട് മാത്രം തകര്‍ച്ചയിലേക്ക് മുതലക്കൂപ്പ് നടത്തുമ്പോള്‍ തുറന്നുപറയാനുള്ള കാരണമായി മുന്‍ ധന വിദേശകാര്യ വകുപ്പ് മന്ത്രിയും മുതിര്‍ന്ന ബി.ജെ.പിനേതാവുമായ യശ്വന്ത് സിന്‍ഹ പറഞ്ഞത്. വിമര്‍ശനത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് മകന്‍ ജയന്ത് സിന്‍ഹ കൂടി അംഗമായ കേന്ദ്ര മന്ത്രിസഭയാണെന്നത് സിന്‍ഹ പരിഗണിച്ചില്ല. നരേന്ദ്രമോദിയുടെ വരവോടെ അഗണ്യകോടിയില്‍ തള്ളപ്പെട്ട മുതിര്‍ന്ന നേതാക്കളിലൊരാളുടെ കൊതിക്കെറുവല്ല ഇതിന് പിന്നില്‍.
ഇന്നത്തെ സാമ്പത്തിക തകര്‍ച്ചയെ പറ്റി വ്യക്തമായ മുന്നറിയിപ്പ് സമ്പദ് വ്യവസ്ഥയെ അറിയുന്നവരത്രയും നല്‍കിയിരുന്നു. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, ധനകാര്യ മന്ത്രി, പ്രധാനമന്ത്രി എന്നീ നിലകളിലെല്ലാം രാഷ്ട്ര സേവനം ചെയ്ത ഡോ. മന്‍മോഹന്‍ സിങ് തന്നെ. വിനിമയത്തിന്റെ 86 ശതമാനം വരുന്ന നോട്ടുകള്‍ ഒറ്റയടിക്ക് പിന്‍വലിച്ചത് രാജ്യത്തോട് ചെയ്യുന്ന അക്ഷന്തവ്യമായ അപരാധമാണെന്നും ഇത് സംഘടിതമായ കൊള്ളയാണെന്നും പറഞ്ഞ മന്‍മോഹന്‍ വന്‍ തകര്‍ച്ചയെക്കുറിച്ച്് മുന്നറിയിപ്പ് നല്‍കുകയും ചെയ്തല്ലോ. സാമ്പത്തിക ശാസ്ത്രത്തിലെ നോബല്‍ സമ്മാന ജേതാവ് അമര്‍ത്യാസെന്നും മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജനും സമാനരീതിയില്‍ പ്രതികരിച്ചു. അധ്വാനിച്ചുണ്ടാക്കിയ പണവുമായി ജനം ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുന്നില്‍ യുദ്ധകാലത്തെന്ന പോലെ വരിനില്‍ക്കുകയും പൊലീസുകാരുടെയും മറ്റും അടി വാങ്ങുകയും കുഴഞ്ഞു വീണു മരിക്കുകയും ചെയ്തു. എല്ലാം രാജ്യത്തിന്റെ നന്മക്ക് വേണ്ടിയാണല്ലോ, കള്ളപ്പണം പിടിക്കാനാണല്ലോ, സാമ്പത്തിക രംഗത്തിന് പുതിയ ഊര്‍ജം പകരാനാണല്ലോ അമ്പത് ദിവസം ക്ഷമിക്കൂ എല്ലാം നേരെയായില്ലെങ്കില്‍ എന്നെ തൂക്കിലേറ്റൂ എന്നെല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തോട് സംസാരിക്കുന്നത് കേട്ട് അനുസരിച്ചു. ആശങ്ക അറിയിച്ചവരെ രാജ്യദ്രോഹികളെന്ന് സംഘ്പരിവാര്‍ വായാടികള്‍ വിളിച്ചുവെങ്കില്‍ ഇപ്പഴിതാ വാജ്‌പേയി മന്ത്രിസഭയിലെ ധനകാര്യമന്ത്രി യശ്വന്ത് സിന്‍ഹ പറയുന്നു, മോദി സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയെ വിമര്‍ശിക്കാതിരിക്കുന്നതാണ് രാജ്യദ്രോഹമെന്ന്.
ഹിന്ദുത്വ രാഷ്ട്രീയത്തെ മോദിയും കോര്‍പറേറ്റ് ബുദ്ധിജീവികളും ഹൈജാക്ക് ചെയ്തതോടെ തൊഴില്‍ നഷ്ടപ്പെട്ട മുതിര്‍ന്ന നേതാക്കളിലൊരാള്‍ മാത്രമല്ല യശ്വന്ത് സിന്‍ഹ. എണ്‍പതുകാരന്‍ തൊഴിലന്വേഷകന്‍ എന്ന അരുണ്‍ ജയ്റ്റ്‌ലിയുടെ കളിയാക്കലില്‍ ഈ വാസ്തവമുണ്ട്. അച്ഛന് മകനെക്കൊണ്ട് മറുപടി പറയിക്കുന്നുവെന്ന് ഭാവിച്ചാല്‍ പോരല്ലോ, സീനിയര്‍ സിന്‍ഹ പറയുന്നത് അവാസ്തവമല്ലല്ലോ. പെട്രോളിന് വില കൂട്ടുന്നത് കക്കൂസുണ്ടാക്കാനെന്ന യുക്തിയില്‍ തൃപ്തരാകാന്‍ ഇന്ത്യയിലുള്ളവരത്രയും മലയാളികളല്ലല്ലോ. സാമ്പത്തിക വിദഗ്ധനും പാര്‍ലിമെന്റംഗവുമായ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയും ഏറ്റു പറയുന്നുണ്ടല്ലോ. തൊഴിലാളി സംഘടനയായ ബി.എം.എസ് പറയുന്നതും മറ്റൊന്നല്ല. ബി.ജെ.പിയുടെ ദേശീയ നേതൃയോഗം അടിയന്തിരമായി വിളിച്ച് സാമ്പത്തിക രംഗത്തെ താങ്ങിനിര്‍ത്തുന്നതിനുള്ള പദ്ധതികള്‍ ആലോചിക്കാന്‍ ചിലരെ നിയോഗിക്കേണ്ടിവന്നുവല്ലോ.
2017 നവമ്പര്‍ ആറിന് എണ്‍പതാം പിറന്നാളാഘോഷിക്കുന്ന യശ്വന്ത് സിന്‍ഹയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കളഞ്ഞുപോയിട്ടില്ല. പഠിച്ച കൊല്ലവും സ്ഥാപനവും മാത്രമല്ല, കല്യാണം കഴിച്ച ഭാര്യയെയും അറിയാം. ബീഹാറിന്റെ തലസ്ഥാനമായ ബിഹാറില്‍ ജനിച്ച യശ്വന്ത് സിന്‍ഹയുടെ ബിരുദം രാഷ്ട്രമീമാംസയിലാണ്. പാറ്റ്‌ന യൂണിവേഴ്‌സിറ്റയില്‍ അധ്യാപകനായി ജോലി നോക്കവെയാണ് സിവില്‍ സര്‍വീസ് നേടുന്നത്. സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് മുതല്‍ കേന്ദ്ര സംസ്ഥാന ഭരണ മന്ത്രാലയങ്ങളിലെ വകുപ്പ് സെക്രട്ടറി വരെ ഐ.എ.എസ് സേവനം 24 വര്‍ഷത്തിന് ശേഷം മതിയാക്കി രാഷ്ട്രീയക്കാരനാവുകയായിരുന്നു. ജനതാപാര്‍ട്ടിയിലായിരുന്നു ആദ്യം. യുവതുര്‍ക്കി ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ കേന്ദ്ര ധനവകുപ്പ് മന്ത്രിയായി. 1998 മുതല്‍ 2002 വരെ വാജ്‌പേയിയുടെ മന്ത്രിസഭയില്‍ ആദ്യത്തെ രണ്ടു വര്‍ഷം ധനവകുപ്പെങ്കില്‍ അടുത്ത രണ്ടു വര്‍ഷം വിദേശകാര്യവകുപ്പ്. ജനതാപാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്ന അദ്ദേഹം ബി.ജെ.പിയില്‍ ദേശീയ വക്താവും അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായി. രാജ്യസഭയായിരുന്നു ആദ്യ താവളമെങ്കിലും ഝാര്‍ഖണ്ടിലെ ഹസാരിബാഗില്‍ നിന്ന് മത്സരിച്ച നാലില്‍ മൂന്നിലും ജയിക്കാനായി. 1998ലും 1999ലും ജയിച്ച അദ്ദേഹം കേന്ദ്രമന്ത്രിയെന്ന പ്രതിഛായയിലാണ് 2004ല്‍ ജനവിധി തേടിയത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഭുപനേശ്വര്‍ പ്രസാദ് മേത്തയായിരുന്നു അന്നത്തെ വിജയി. 2009ല്‍ മണ്ഡലം തിരിച്ചു പിടിച്ചത് സിന്‍ഹക്ക് മോദിയുടെ പട്ടികയില്‍ ഇടം കിട്ടിയില്ല. മകന് പകരം സീറ്റ് നല്‍കാനൊത്തുവെന്നത് അച്ഛനെന്ന നിലയില്‍ കൃതാര്‍ഥതയുണ്ടാക്കിയേക്കാം. ഇന്ന് വാസ്തവം പറയുമ്പോള്‍ ആ വാത്സല്യവും അദ്ദേഹം മാറ്റിവെക്കുന്നു. ഭാര്യ നീലിമ സിന്‍ഹയും മകള്‍ ശര്‍മിളയും എഴുത്തുകാരാണ്. ‘കണ്‍ഫഷന്‍സ് ഓഫ് എ സ്വദേശി റിഫോര്‍മര്‍’ എന്ന പുസ്തകം ധനമന്ത്രിയെന്ന നിലയിലെ നയനിലപാടുകളുടെ കൂടി നേര്‍ചിത്രമാണ്.
നോട്ട് നിരോധനവും ധൃതി പിടിച്ച്, ഒട്ടും ഗൃഹപാഠം ചെയ്യാതെ നടപ്പാക്കിയ ജി.എസ്.ടിയും സമ്പദ് വ്യവസ്ഥക്ക് കടുത്ത ആഘാതം ഏല്‍പിച്ചുവെന്നും അരുണ്‍ ജയ്റ്റ്‌ലി തികഞ്ഞ പരാജയമാണെന്നും യശ്വന്ത് സിന്‍ഹ പറയുമ്പോള്‍ അതില്‍ പ്രമുഖ ബി.ജെ.പി നേതാക്കള്‍ക്ക് തന്നെ വാസ്തവം കേള്‍ക്കുന്നതിന്റെ റിലാക്‌സേഷന്‍. ഇതൊന്നും ചാനലില്‍ വരില്ലല്ലോ അല്ലേ എന്ന് മാത്രമാണ് അവര്‍ ചോദിക്കുന്നത്.

chandrika: