X

സിന്‍ഹ സംസാരിക്കേണ്ട സമയം വൈകി

‘എനിക്കിപ്പോള്‍ സംസാരിക്കേണ്ടതുണ്ട്’ എന്ന തലക്കെട്ടില്‍ മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ യശ്വന്ത് സിന്‍ഹയുടെ വെളിപ്പെടുത്തല്‍ പാര്‍ട്ടിയെ മാത്രമല്ല, രാജ്യത്തെപ്പോലും ആകുലപ്പെടുത്തുന്നതാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണെന്നും ഇതിന്റെ പരിപൂര്‍ണ ഉത്തരവാദിത്വം പ്രധാനമന്ത്രിക്കാണെന്നും തുറന്നെഴുതിയ സിന്‍ഹയുടെ വിമര്‍ശം പുതിയ ചര്‍ച്ചകള്‍ക്കും പൊട്ടിത്തെറികള്‍ക്കും വഴിമരുന്നായിട്ടുണ്ട്. എന്‍.ഡി.എ സര്‍ക്കാറിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ പൊള്ളത്തരങ്ങള്‍ പങ്കുവെക്കാന്‍ പ്രധാനമന്ത്രിയോട് സമയം ചോദിച്ചെങ്കിലും നിരസിച്ച നരേന്ദ്രമോദിയുടെ നിലപാടിലെ വൈകൃതം രാജ്യത്തെ ദുരിതക്കയത്തിലേക്ക് തള്ളിയിട്ടുവെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് മൂക്കുകുത്തുകയാണെന്ന് എസ്.ബി. ഐ റിസര്‍ച്ച് റിപ്പോര്‍ട്ട് പുറത്തുവന്നതിന് കൃത്യം ഒരാഴ്ച തികയുമ്പോഴാണ് യശ്വന്ത് സിന്‍ഹയുടെ ഏറ്റുപറച്ചില്‍ എന്നത് ഏറെ ശ്രദ്ധേയമാണ്. സമ്പദ്ഘടനയില്‍ മാന്ദ്യമല്ല, മരവിപ്പാണ് സംഭവിച്ചിരിക്കുന്നത് എന്ന സിന്‍ഹയുടെ കണ്ടെത്തല്‍ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാണെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ്.
മുന്‍ ധനകാര്യ മന്ത്രി എന്ന നിലയില്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകിടംമറിച്ച കാര്യം ഉറക്കെ വിളിച്ചുപറഞ്ഞില്ലെങ്കില്‍ അത് രാജ്യത്തോടുള്ള തന്റെ കടമ നിര്‍വഹിക്കുന്നതിലെ വീഴ്ചയായിരിക്കുമെന്നാണ് കഴിഞ്ഞ ദിവസം ഒരു പ്രമുഖ പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ സിന്‍ഹ വ്യക്തമാക്കുന്നത്. മോദിയുടെ സാമ്പത്തിക പരിഷ്‌കാരം വരുത്തിവച്ച വിനയെ പല ബി.ജെ.പി നേതാക്കളും ഗൗരവത്തോടെയാണ് കാണുന്നതെന്ന് സിന്‍ഹ പറയുന്നു. എല്ലാം മോദിയില്‍ കേന്ദ്രീകരിച്ചതിനു ശേഷം പാര്‍ട്ടിയില്‍ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതായിരിക്കുന്നുവെന്ന മുതിര്‍ന്ന നേതാക്കളുടെ ആക്ഷേപം സാധൂകരിക്കുന്നതാണ് സിന്‍ഹയുടെ ലേഖനത്തിന്റെ സംക്ഷിപ്തം. ‘ബി.ജെ.പിയില്‍ കാര്യങ്ങള്‍ തുറന്നുപറയാനുള്ള വേദിയില്ല. മോദിക്കുമേല്‍ അഭിപ്രായ പ്രകടനത്തിന് നേതാക്കള്‍ക്കു ഭയമാണ്. പലരും പേടിച്ച് മിണ്ടാതിരിക്കുകയാണ്’- സിന്‍ഹയുടെ ഈ നിരീക്ഷണങ്ങള്‍ വള്ളിപുള്ളി വ്യത്യാസമില്ലാതെ അംഗീകരിക്കുന്നവരാണ് ബഹുഭൂരിപക്ഷം ബി.ജെ.പി നേതാക്കളും അരുണ്‍ ഷൂരിയും ശത്രുഘ്‌നന്‍ സിന്‍ഹയും അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ സിന്‍ഹക്ക് പിന്തുണയുമായി കടന്നുവരുന്നത് ഇതിന്റെ പ്രത്യക്ഷമായ അടയാളമാണ്. ഇതോടെ കാര്യമായ ആലോചനകളില്ലാതെ, ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിക്കുകയും വേണ്ടത്ര മുന്നൊരുക്കമില്ലാതെ ജി.എസ്.ടി നടപ്പാക്കുകയും ചെയ്ത കേന്ദ്ര സര്‍ക്കാറിന്റെ നടപടിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറി തുടങ്ങിയിരിക്കുകയാണ്.
നോട്ട് നിരോധവും ജി.എസ്.ടിയും രാജ്യത്തെ ചെറുകിട വ്യാപാര മേഖലയെ പൂര്‍ണമായും തകര്‍ത്തിട്ടുണ്ട്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടില്‍ ഒരിക്കല്‍പോലും കാണാത്തത്ര സ്വകാര്യ നിക്ഷേപത്തില്‍ ഇടിവ് രൂപപ്പെട്ടിരിക്കുകയാണ്. കാര്‍ഷിക, വ്യവസായ, ഉത്പാദന, നിര്‍മാണ മേഖലകളുടെ നട്ടെല്ല് പാടെ തകര്‍ന്നു. ഒരിക്കലും ശമിക്കാത്ത സാമ്പത്തിക ദുരന്തമാണ് നോട്ട് നിരോധത്തിലൂടെ രാജ്യം അഭിമുഖീകരിച്ചത്. മോശമായി ആവിഷ്‌കരിക്കുകയും വികലമായി നടപ്പാക്കുകയും ചെയ്ത ജി.എസ്.ടി ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തിവച്ചത്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം 7.6 എന്ന നിലയില്‍ നിന്ന് 5.7ലേക്ക് താഴ്ന്നിറങ്ങി. ആഭ്യന്തര ഉത്പാദനം കണക്കാക്കുന്ന രീതി 2015ല്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തിയത് പ്രകാരമാണെങ്കില്‍ മൊത്തം ഉത്പാദനം 3.7ലും താഴെയായിരിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ ഭാഷ്യം. പുതിയ പരിഷ്‌കാരങ്ങളിലൂടെ കയറ്റുമതി കുറഞ്ഞത് സാമ്പത്തിക മേഖലയുടെ ശക്തമായ നിലനില്‍പ്പിനെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഉള്‍പ്പെടെയുള്ള സാമ്പത്തിക വിദഗ്ധര്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ട വസ്തുതകളാണ് ബി.ജെ.പിയെ തിരുത്താന്‍ യശ്വന്ത് സിന്‍ഹക്ക് തുറന്നെഴുതേണ്ടി വന്നതെന്ന് മാത്രം.
സാമ്പത്തിക മാന്ദ്യം സാങ്കേതികമല്ലെന്നും, യാഥാര്‍ഥ്യമാണെന്നുമുള്ള എസ്.ബി.ഐ റിസര്‍ച്ച് റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാറിനെ തെല്ലൊന്നുമല്ല ആഘാതമേല്‍പിച്ചത്. മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കിലാണ് രാജ്യം എത്തിനില്‍ക്കുന്നത് എന്ന് സ്ഥാപിക്കുന്നതായിരുന്നു റിസര്‍ച്ച് റിപ്പോര്‍ട്ട്. രാജ്യം ഉയര്‍ച്ചയിലേക്ക് കുതിക്കുകയാണെന്ന് പ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയും വീമ്പുപറഞ്ഞ് നാവെടുക്കും മുമ്പായിരുന്നു റിപ്പോര്‍ട്ട് പുറത്തുവന്നത്. എന്നാല്‍ ഈ വാദങ്ങള്‍ സത്യം മൂടിവെക്കുന്നതും ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതുമാണെന്ന് റിപ്പോര്‍ട്ട് തെളിയിച്ചു. യശ്വന്ത് സിന്‍ഹയുടെ നിരീക്ഷണവും ഇതില്‍ നിന്നു വ്യത്യസ്തമല്ല എന്നത് ബി.ജെ.പിയെ വരുംനാളുകളില്‍ വെള്ളം കുടിപ്പിക്കുമെന്ന കാര്യം തീര്‍ച്ച. രാജ്യത്തെ സാമ്പത്തികമായി തകര്‍ത്തതിന്റെ പാപക്കറ കഴുകിക്കളയാന്‍ നരേന്ദ്ര മോദിക്കും അരുണ്‍ ജെയ്റ്റിലിക്കും അമിത് ഷാക്കും കഴിയില്ലെന്ന് ആണയിട്ടു പറയുന്നുണ്ട് സിന്‍ഹ. മാന്ദ്യം താത്കാലികമോ സാങ്കേതികമോ അല്ല, മറിച്ച് കഠിനമായ യാഥാര്‍ഥ്യമാണെന്ന് കണക്കുകള്‍ മുന്‍നിര്‍ത്തി ഈ മൂന്നു പേരെയും കണക്കറ്റു വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട് സിന്‍ഹയുടെ ലേഖനം.
തൊഴില്‍ മേഖലയില്‍ അവസരങ്ങളുടെ വാതായനങ്ങള്‍ കൊട്ടിയടക്കപ്പെടുകയും ലക്ഷക്കണക്കിന് ആളുകള്‍ വഴിയാധാരമാവുകയും രൂക്ഷമായ സാമ്പത്തിക അരാജകത്വത്തിന് അരങ്ങുണരുകയും ചെയ്ത നരേന്ദ്ര മോദിയുടെ പരിഷ്‌കാരങ്ങള്‍ക്ക് പാര്‍ട്ടിയില്‍ നിന്നു തന്നെ എതിര്‍ ശബ്ദമുയര്‍ന്നത് ശുഭസൂചനയാണ്. വലിയ വായയില്‍ വിടുവായത്തം പറയുകയും തലതിരിഞ്ഞ നയങ്ങള്‍ നടപ്പില്‍ വരുത്തുകയും ചെയ്യുന്ന പ്രധാനമന്ത്രിയെ തളക്കാന്‍ പാര്‍ട്ടി തന്നെ മൂക്കുകയറിടുകയല്ലാതെ മറ്റു വഴികളൊന്നുമില്ല. എല്ലാ നെറികേടുകള്‍ക്കും പിന്തുണ പ്രഖ്യാപിച്ചു പിരിഞ്ഞ് മണിക്കൂറുകള്‍ക്കകം മുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്തുവന്നത് ഇനിയും മൗനം തുടരാനാകില്ല എന്ന മന:സാക്ഷിക്കുത്തു കൊണ്ടാണ്. ഈ താത്വിക പ്രതിസന്ധി പാര്‍ട്ടിയെ എത്രമേല്‍ പിടിച്ചുകുലുക്കുമെന്ന് കാത്തിരുന്നു കാണാം.

chandrika: