X

ഉയരങ്ങളിലേക്ക് കുതിക്കുന്ന കേരള-ഷാര്‍ജ സഹകരണം

കേരളത്തിലെ നിരവധി കുടുംബങ്ങളുടെ അകത്തളങ്ങളിലെ കണ്ണുനീരിന് ശമനമാകുന്ന ചരിത്രപരമായ പ്രഖ്യാപനമാണ് ചൊവ്വാഴ്ച യു.എ.ഇയിലെ ഷാര്‍ജ ഭരണാധികാരിയില്‍ നിന്ന് നാം ആഹ്ലാദപൂര്‍വം ശ്രവിച്ചത്. അഞ്ചു ദിവസത്തെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി ഞായറാഴ്ച കേരളത്തിലെത്തിയ ഷെയ്ഖ് സുല്‍ത്താന്‍ അല്‍ഖാസിമിയുടെ മഹാമനസ്‌കതയുടെ തെളിവാണ് നൂറ്റമ്പതോളം ഇന്ത്യന്‍ പൗരന്മാരെ ഷാര്‍ജയിലെ വിവിധ തടവറകളില്‍ നിന്ന് നിരുപാധികം വിട്ടയക്കുമെന്ന പ്രഖ്യാപനം. 149 ഇന്ത്യക്കാരാണ് ഷാര്‍ജയിലെ ജയിലുകളില്‍ നിന്ന് ഇതുമൂലം വിമോചിതരാകാന്‍ പോകുന്നത്. ചെക്ക് കേസ് മുതലായ സിവില്‍ കേസുകളില്‍ ലളിതമായ കുറ്റകൃത്യങ്ങള്‍ക്ക് ജയിലിലടക്കപ്പെട്ടവരാണ് ഇവര്‍. ഇതുള്‍പ്പെടെ കേരളത്തിന്റെ വികസനത്തിന് സഹായകമാവുന്ന എട്ടു പദ്ധതികള്‍ കൂടി ഷെയ്ഖ് സുല്‍ത്താന്‍ അല്‍ഖാസിമി സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
സര്‍വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ഷെയ്ഖ് സുല്‍ത്താന്‍ തടവു പുള്ളികളുടെ മോചനത്തെക്കുറിച്ചുള്ള ചരിത്ര പ്രഖ്യാപനം നടത്തിയത്. കാലിക്കറ്റ് സര്‍വകലാശാലയുടെ ഓണററി ഡി.ലിറ്റ് ബിരുദം സ്വീകരിച്ച ശേഷം നടത്തിയ പ്രഭാഷണത്തിലായിരുന്നു ഷെയ്ഖ് സുല്‍ത്താന്റെ പ്രഖ്യാപനം. രണ്ടു കോടി ദിര്‍ഹം വരെ (35.58 കോടി രൂപ) സാമ്പത്തിക ക്രമക്കേടില്‍ ഉള്‍പ്പെട്ടവരെയാണ് മോചിപ്പിക്കുക. മൂന്നു വര്‍ഷമായി ഷാര്‍ജയിലെ ജയിലില്‍ കഴിയുന്ന മലയാളികളെ നാട്ടിലേക്ക് തിരിച്ചയക്കണമെന്നാണ് താന്‍ ഷെയ്ഖ് സുല്‍ത്താനോട് ആവശ്യപ്പെട്ടിരുന്നതെന്നും എന്നാല്‍ മുഴുവന്‍ ഇന്ത്യക്കാരെയും മോചിപ്പിക്കാന്‍ ഷെയ്ഖ് സുല്‍ത്താന്‍ പ്രകടിപ്പിച്ച നല്ല മനസ്സ് അഭിനന്ദനാര്‍ഹമാണെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി. വിട്ടയക്കുന്ന തടവുപുള്ളികള്‍ക്ക് അവരുടെ ഇഷ്ടാനുസരണം യു.എ.ഇയില്‍ തന്നെ ജോലി തുടര്‍ന്നും നിര്‍വഹിക്കുന്നതിനുള്ള രേഖാമൂലമുള്ള സൗകര്യം ചെയ്തുനല്‍കുമെന്നും ഷെയ്ഖ് സുല്‍ത്താന്‍ അറിയിച്ചത് അദ്ദേഹത്തിന്റെ ഇന്ത്യന്‍ സമൂഹത്തോടും വിശിഷ്യാ മലയാളികളോടുള്ള അതീവ താല്‍പര്യത്തെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. സാധാരണഗതിയില്‍, രാജ്യാന്തരതലത്തില്‍ നടക്കുന്ന നിരവധി ഉഭയകക്ഷി ചര്‍ച്ചകളുടെ ഒടുവില്‍ സംഭവിക്കുന്ന കേരളത്തിന്റെ ഒരു നടപടിയാണ് ഒറ്റ അഭ്യര്‍ത്ഥനയിലൂടെ ഷെയ്ഖ് സുല്‍ത്താന്‍ അനുവദിച്ചുതന്നിരിക്കുന്നത്. 149 ഇന്ത്യക്കാരില്‍ പകുതിയോളവും മലയാളികളാണെന്നതാണ് നമ്മെ ആഹ്ലാദിപ്പിക്കുന്നത്. കുടുംബം പുലര്‍ത്താനായി സ്വദേശത്തെയും ഉറ്റവരെയും വിട്ട് മണലരണ്യത്തിലേക്ക് നാടുവിടുന്ന മലയാളി കുടുംബങ്ങളുടെ കദനകഥകള്‍ നമുക്ക് പുത്തരിയല്ല. അതിലുമെത്രയോ ഇരട്ടി വേദനയാണ് അവിടെവെച്ച് നിസ്സാരമായ കുറ്റങ്ങള്‍ക്ക് തടവിലാക്കപ്പെടുന്നത്. അവിചാരിതമായ സാഹചര്യങ്ങളില്‍ കുറ്റകൃത്യത്തിലേര്‍പ്പെടേണ്ടി വരുന്നവരുടെയും വാഹനാപകട മരണങ്ങളുടെയും കാര്യത്തിലും ഇത്തരമൊരു ഔദാര്യം ഷാര്‍ജ ഭരണാധികാരിയില്‍ നിന്ന് ഉണ്ടാകണമെന്നുകൂടിയാണ് നമ്മുടെയൊക്കെ ആഗ്രഹം. ഇക്കാര്യത്തില്‍ കൂടി കേരള സര്‍ക്കാരിന്റെയും ഇന്ത്യാഗവണ്‍മെന്റിന്റെയും ശ്രദ്ധ പതിയേണ്ടതുണ്ട്.
അമ്പതു ലക്ഷത്തോളം മലയാളികളാണ് ഗള്‍ഫ് മേഖലയിലെ വിവിധ രാജ്യങ്ങളിലായി ജോലിയിലേര്‍പ്പെട്ടിരിക്കുന്നത്. ഇവരില്‍ സഊദി അറേബ്യ, ഐക്യഅറബ് എമിറേറ്റ്‌സ് എന്നിവിടങ്ങളിലാണ് മലയാളികളായ ബഹുഭൂരിപക്ഷം പ്രവാസികളും. സഊദിയില്‍ മാത്രം 2046 ഉം യു.എ.ഇയില്‍ 1376ഉം ഇന്ത്യക്കാര്‍ തടവറകളില്‍ കഴിയുന്നുണ്ടെന്നാണ് ഇന്ത്യാസര്‍ക്കാരിന്റെ കണക്ക്. ഈ രണ്ടു രാജ്യങ്ങളിലാണ് ഇന്ത്യന്‍ തടവുകാരുടെ 47 ശതമാനം പേരുമെന്നത് ജോലി ചെയ്യുന്നവരുടെ സംഖ്യക്ക് ആനുപാതികമാണ്. കുവൈത്തില്‍ 506, ഖത്തറില്‍160 എന്നിങ്ങനെയാണ് ഈ മേഖലയിലെ ഇന്ത്യന്‍ തടവുകാരുടെ സംഖ്യ. 7448 ഇന്ത്യന്‍ പൗരന്മാര്‍ വിവിധ വിദേശരാജ്യങ്ങളില്‍ തടവറകളില്‍ കഴിയുന്നുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ഏകദേശ കണക്ക്. കേരളവും അറബ് രാജ്യങ്ങളുമായി സഹസ്രാബ്ദങ്ങളായുള്ള ബന്ധമാണുള്ളത്. മലയാളികള്‍ കൂട്ടത്തോടെ യു.എ.ഇയിലേക്ക് നാടുവിടുന്നത് എണ്ണ സമ്പത്തിന്റെ കണ്ടെത്തലോടെയാണ്. എണ്‍പതുകളില്‍ തുടങ്ങി ഇന്നും അത് അഭംഗുരം തുടരുന്നു. ഒരര്‍ത്ഥത്തില്‍ കേരളത്തിന്റെ ജീവനാഡി കിടക്കുന്നതുതന്നെ അറേബ്യയിലാണ്. സഊദിയിലും മറ്റും അടുത്തകാലത്തായി തൊഴില്‍ മേഖലയിലും തൊഴില്‍ നിയമങ്ങളിലും സംഭവിച്ച മാറ്റങ്ങള്‍ കൂടുതല്‍ പേരെ യു.എ.ഇയിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. കൊച്ചി സ്മാര്‍ട്ട് സിറ്റി പോലുള്ള പദ്ധതികള്‍ യു.എ.ഇയിലെ ദുബൈ സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെയാണ് കേരളം നടപ്പാക്കുന്നത്. ആ രാജ്യത്ത് ഏറ്റവും കൂടുതല്‍ മലയാളികള്‍ ജോലി ചെയ്യുന്നതും ഷാര്‍ജ, ദുബൈ, അബൂദാബി മുതലായ പ്രവിശ്യകളിലാണ്. ഇവരുടെയൊക്കെ സേവനത്തിനും വരുമാനത്തിനും ക്ഷേമത്തിനും ആ രാജ്യത്തെ ഭരണാധികാരികള്‍ വെച്ചുനീട്ടിത്തരുന്ന ഉദാരമായ സമീപനങ്ങളും നടപടികളും കേരളീയര്‍ക്ക് ഒരു കാലത്തും മറക്കാനാവുന്നതല്ല. പതിറ്റാണ്ടുകളായുള്ള ഈ പരസ്പര സഹകരണമാണ് കേരളത്തിലേക്ക് നേരിട്ടുവരാന്‍ ഷാര്‍ജ ഭരണാധികാരിയെ പ്രേരിപ്പിച്ചിരിക്കുക.
സന്ദര്‍ശനം വിജയകരമാണെന്നതിന്റെ തെളിവാണ് ഷാര്‍ജയില്‍ മലയാളി സമൂഹത്തിനായി ഷെയ്ഖ് പ്രഖ്യാപിച്ച സാംസ്‌കാരിക സമുച്ചയം, വിദ്യാഭ്യാസ ഹബ്, ഫാമിലി സിറ്റി, പ്രവാസികള്‍ക്കായുള്ള ടെക്‌നിക്കല്‍ സ്‌കൂള്‍ തുടങ്ങിയവ. വിവരസാങ്കേതിക മേഖലയിലും ആയുര്‍വേദത്തിലും നവകേരള മിഷന്‍ പദ്ധതിയിലും ആതുരരംഗത്തും സഹകരണത്തിനുള്ള പദ്ധതികള്‍ ചര്‍ച്ചാവിഷയമായി. മൊത്തം എട്ടു പദ്ധതികളില്‍ ധാരണ നടന്നുകഴിഞ്ഞു. ഷെയ്ഖ് പ്രഖ്യാപിച്ച കേരളത്തില്‍ അറബ് ഭാഷാപഠന-ഗവേഷണകേന്ദ്രം, പ്രവാസികള്‍ക്ക് അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സിനുള്ള സംവിധാനമൊരുക്കല്‍ തുടങ്ങിയവയും അംഗീകരിക്കപ്പെട്ട നിര്‍ദേശങ്ങളിലുണ്ട്. ഇതിനെല്ലാമായി പ്രത്യേക ഉന്നതസമിതിയെ നിയോഗിക്കാനുള്ള ധാരണയും പ്രതീക്ഷകള്‍ക്ക് ചിറകുമുളപ്പിക്കുന്നു. തിരുവനന്തപുരത്ത് യു.എ.ഇ കോണ്‍സലേറ്റിനായി സ്ഥലം അനുവദിക്കുന്നതിന് മുഖ്യമന്ത്രി സമ്മതിച്ചതും ഇരു സംസ്ഥാനങ്ങളും തമ്മില്‍ ഭാവിയിലും തുടരുന്ന ശോഭാധാവള്യമാര്‍ന്ന പരസ്പരാശ്ലേഷത്തിന്റെ മകുടമായ നിദര്‍ശനങ്ങളാണെന്നതില്‍ സംശയമില്ല. ഇക്കാര്യത്തില്‍ യു.എ.ഇ ഇന്ത്യന്‍ സമൂഹത്തിലെ ഉന്നത വ്യക്തിത്വങ്ങളുടെ മുന്‍കൈകളും ഏറെ പ്രശംസാര്‍ഹമായിരിക്കുന്നു.

chandrika: